എന്റെ ജനത്തെ സ്‌നേഹിക്കാനും ആശ്വസിപ്പിക്കാനും

എന്റെ ജനത്തെ സ്‌നേഹിക്കാനും ആശ്വസിപ്പിക്കാനും
കോട്ടപ്പുറം രൂപതയുടെ പുതിയ അധ്യക്ഷനായി നിയമിതനായിരിക്കുന്ന ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലു മായി സത്യദീപത്തിനുവേണ്ടി ഫാ. റോക്കി റോബി കളത്തില്‍ (പി ആര്‍ ഒ, കോട്ടപ്പുറം രൂപത) നടത്തിയ അഭിമുഖ സംഭാഷണം.
Q

മെത്രാന്‍ ആകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്?

A

'എന്റെ ജനത്തെ സ്‌നേഹിക്കാനും ആശ്വസി പ്പിക്കാനും' എന്ന ആപ്തവാക്യമാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഏശയ്യ പ്രവാചകന്റെ പുസ്തകം 40:1 ആണ് അതിന് ആധാരം. അജപാലന അനുഭവങ്ങളില്‍ ആശ്വാസം തേടിയെത്തുന്ന ഒരുപാടു പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേ ന്ദ്രത്തില്‍ സേവനം ചെയ്യുമ്പോള്‍. എല്ലാ ദിവസവും രോഗവും, കടബാധ്യതയും ഒക്കെയായി നിസ്സഹായാവസ്ഥയില്‍ ആയിരിക്കുന്ന വളരെയധികം പേരെ കാണാനും സംസാരിക്കാനുമെല്ലാം സാധിച്ചിട്ടുണ്ട്. അതൊക്കെയാണ് ആശ്വസിപ്പിക്കാനുള്ള ദൗത്യത്തെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ ഉദിപ്പിച്ചത്. അതുപോലെ എന്റെ ആത്മീയ പിതാവ് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച അവസരത്തില്‍ ഒരു വിശറി കാണുന്നതിനെക്കുറിച്ച് പറയുകയുണ്ടായി. അതും ആശ്വസിപ്പിക്കാനുള്ള ദൗത്യം എന്റെ മനസ്സില്‍ ഉറപ്പിച്ചു. ഭൗതികമായി ഒന്നും കൊടുത്തില്ലെങ്കില്‍ പോലും കേള്‍ക്കാനുള്ള മനസ്സുണ്ടെങ്കില്‍ അത് വലിയ ആശ്വാസം നല്‍കുമെന്ന് പലപ്പോഴും അനുഭവം പഠിപ്പിച്ചിട്ടുണ്ട്.

Q

മെത്രാന്‍ സ്ഥാനത്തേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യത്തെ പ്രതികരണം ?

A

പലരും പലപ്പോഴും അതെക്കുറിച്ച് പറഞ്ഞി ട്ടുണ്ട്. എങ്കിലും ഒരിക്കലും മെത്രാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വത്തിക്കാന്‍ കാര്യാലയ ത്തില്‍ നിന്ന് മെത്രാനാകാനുള്ള സന്നദ്ധ അന്വേ ഷിച്ചപ്പോള്‍ വലിയ ആകുലതയായിരുന്നു. പല പ്പോഴും വലിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് യോന പ്രവാചകനെപ്പോലെ ഓടിയൊളിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഡോക്ടറേറ്റ് ചെയ്യാന്‍ പറഞ്ഞപ്പോഴും സെമിനാരിയിലേക്ക് അധ്യാപകനായി പോകാന്‍ പറഞ്ഞ പ്പോഴുമെല്ലാം ഈ ഒരു മനോഭാവമാ യിരുന്നു. ഞാന്‍ ഒരു ബാലനാണ്, എനി ക്ക് അതിന് അര്‍ഹതയുണ്ടോ എന്നൊ ക്കെയുള്ള ചിന്തകളായിരുന്നു ആദ്യം ഉണ്ടായത്. എന്നാല്‍ തമ്പുരാന്‍ വഴി നട ത്തും എന്ന പ്രത്യാശ നിര്‍ഭരമായ അനുഭവ ത്തിലേക്ക് അവിടുന്നു തന്നെ എന്നെ വഴി നടത്തുകയായിരുന്നു.

Q

പിതാവിന്റെ പൗരോഹിത്യത്തിലേക്കു ള്ള ദൈവവിളി എപ്രകാരമായിരുന്നു? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്ന ങ്ങള്‍, ലക്ഷ്യങ്ങള്‍?

A

നന്നെ ചെറുപ്പം മുതല്‍ വൈദികന്‍ ആകണമെന്ന ആഗ്രഹം ഉണ്ടായിരു ന്നു. ഇടവകയിലെ വൈദികരുടെ ജീ വിതവും അമ്മയുടെ പ്രാര്‍ത്ഥനാനിര്‍ ഭരമായ അനുഭവവുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തിയതു മുതല്‍ അള്‍ത്താര ബാലനായി സേവനം ചെയ്യാന്‍ തുടങ്ങി. അധ്യാപകരുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം പ്രാര്‍ത്ഥനയോടെ കൂടെ നിന്നു. സെമിനാരിയില്‍ ചേരുമ്പോള്‍ വിശുദ്ധന്‍ ആകണമെന്ന ചിന്ത യായിരുന്നു മനസ്സില്‍ മുഴുവന്‍.

Q

പുരോഹിതന്‍ എന്ന നിലയിലുള്ള സേവനകാലത്തെ ഏറ്റവും മറക്കാനാവാത്ത അനുഭവം / അനുഭവങ്ങള്‍ എന്താണ് ?

A

മറക്കാനാകാത്ത പ്രത്യേക അനുഭവം പറയാനില്ല. എങ്കിലും എല്ലാ യിടത്തും എല്ലാവരുടെയും സ്വന്ത മെന്നപോലെ സേവനം ചെയ്യാന്‍ കഴിയുക അത് വലിയ സന്തോഷ കരമായ അനുഭവമായിരുന്നു. ജെ ബി ഹെന്റി ലക്കോഡയര്‍ പുരോ ഹിതനെക്കുറിച്ച് പറയുന്നതു പോ ലെ ഓരോ കുടുംബത്തിന്റെയും അംഗമായി ജീവിക്കുക എന്നാല്‍ ഒരാളുടെയും സ്വന്തമാകാതിരിക്കുക. ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനര്‍പ്പിക്കുക. ദൈവത്തില്‍ നിന്ന് മാപ്പും പ്രതീക്ഷയും ജനങ്ങളിലെത്തിക്കുക. ഇത് വൈദീക ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. എവിടെയായിരുന്നാലും ജനങ്ങളോടൊപ്പം ആയിരിക്കുന്നതില്‍ ഒരു പ്രത്യേക സന്തോഷം തോന്നിയിട്ടുണ്ട്. ആരുടെയും സ്വന്തമാകാതെ എല്ലാവരുടെയും സ്വന്തമായി ഏത് ഭവനത്തിലും കയറിച്ചെല്ലാന്‍ കഴിയുന്ന സ്‌നേഹവും സൗഹൃദവുമെല്ലാം പൗരോഹിത്യ ജീവിതത്തില്‍ അനുഭവിച്ചിട്ടുമുണ്ട്.

Q

മിസിയോളജി ആണല്ലോ പിതാവു പഠിച്ചത്. കേരളസഭയെ മിഷണറി സഭ എന്ന് വിളിക്കാറുണ്ട്. മിഷണറിമാര്‍ കേരള സഭയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു. ഇപ്പോള്‍ കേരള മിഷണറിമാര്‍ ലോകമെങ്ങും സഭയെ സേവിക്കുന്നു. കേരള സഭയുടെ മിഷന്‍ അവബോധത്തെ എങ്ങനെ വിലയിരുത്തുന്നു?

A

കേരള സഭയ്ക്ക് തീര്‍ച്ചയായും നല്ല മിഷന്‍ അവബോധം ഉണ്ട്. കേരളത്തില്‍ നിന്ന് എത്രയോ മിഷനറിമാരാണ് ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സേവന നിരതരായിരിക്കുന്നത്. മിഷന്‍ എന്നാല്‍, കേരളത്തെ കൊണ്ടുപോയി മിഷന്‍ പ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കല്‍ അല്ല. അവിടെയുള്ള മനുഷ്യരില്‍ ഒരാളായി അവരുടെ കൂടെ ആയിരിക്കുന്നതാണ്; അവരുടെ സാഹചര്യങ്ങളോട് താദാത്മ്യപ്പെടുന്നതാണ്. യൂറോപ്പില്‍ നിന്ന് മിഷനറിമാര്‍ നമ്മുടെ രാജ്യത്ത് എത്തിയപ്പോള്‍ നമ്മുടെ സാഹചര്യങ്ങളോട് ചേര്‍ന്ന് ജീവിക്കുകയാണ് അവര്‍ ചെയ്തത്. ഭക്ഷണത്തിലും വസ്ത്രത്തിലും പോലും നമ്മോട് താദാത്മ്യപ്പെടാന്‍ അവര്‍ പരിശ്രമിച്ചു. ആ ഒരു മനോഭാവമാണ് ഇന്ന് നമുക്കും ഉണ്ടാകേണ്ടത്.

Q

കേരളസഭ ധാരാളം മിഷനറിമാരെ പുറത്തേക്ക് അയച്ചിട്ടുണ്ട്. ആളുകളെ നല്‍കിയിട്ടുണ്ട്. എന്നാല്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ടോ? കേരളസഭയുടെ വളര്‍ച്ചയ്ക്ക് യോജിച്ച തരത്തില്‍ നമ്മള്‍ മിഷനെ ധനവും മറ്റുകാര്യങ്ങളും നല്‍കി സഹായിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ ഇനി കേരളസഭയ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും ?

A

കേരളസഭ തീര്‍ച്ചയായും ആളും അര്‍ത്ഥവും നല്‍കി മിഷനെ സഹായിച്ചിട്ടുണ്ട്; സഹായിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. കേരളസഭയ്ക്ക് യോജിച്ച തരത്തില്‍ അത് ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കുറച്ചുകൂടെ ഔദാര്യം ആകാം എന്ന് പറയേണ്ടിവരും. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും ഇനിയും മിഷനെ, മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. ധാരാളം ചെറുപ്പക്കാര്‍ ക്രിസ്തുവിന്റെ ദൗത്യം തുടരാന്‍ മുന്നോട്ടുവരണം. മാതാപിതാക്കള്‍ അതിനായി പ്രോത്സാഹനം നല്‍കണം. ഒരുപാട് അല്മായര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടത്തുന്നുണ്ട് എന്നുള്ളത് സന്തോഷകരമായ കാര്യമാണ്. സഭ അവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യണം.

Q

ഏറെക്കാലം വൈദീക പരിശീലന രംഗത്ത് അങ്ങ് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. ഇന്നത്തെ വൈദീക പരിശീലനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ? വൈദീക പരിശീലനം മെച്ചപ്പെട്ടതാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും?

A

വൈദീക പരിശീലനത്തിലും പൗരോഹിത്യ ജീവിതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. മാറ്റാന്‍ പറ്റാത്ത, എന്നും മാറാതെ നിലനില്‍ക്കേണ്ട പൗരോഹിത്യത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ ഉണ്ടെന്ന് അനുസ്മരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഇന്നത്തെ തത്വശാസ്ത്ര ദൈവ ശാസ്ത്ര പഠനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ അജപാലന കാര്യങ്ങളില്‍ കൂടുതല്‍ പ്രായോഗികമായ പരിശീലനം നല്‍കുക തന്നെ വേണം. പഠനം പ്രധാനപ്പെട്ടത് തന്നെ പക്ഷേ വൈദീക ജീവിതത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങള്‍ പരിശീലന കാലത്ത് കൊടുക്കാന്‍ ആകണം. ഫ്രാന്‍സിസ് പാപ്പയുടെ മനസ്സുപോലെ ആടുകളുടെ മണമുള്ള, കരുണയുള്ള, കരുതലുള്ള ഇടയന്മാര്‍ രൂപപ്പെടേണ്ടിയിരിക്കുന്നു.

Q

വൈദീക ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? ദൈവവിളി പ്രോത്സാഹനത്തിനായി എന്തുചെയ്യാന്‍ കഴിയും ?

A

വൈദീക ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ കുറയുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നു എന്നത് പ്രധാന കാരണമാണ്. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം സഭയെക്കുറിച്ചും വൈദീകരെക്കുറിച്ചും ഭവനങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുക എന്നുള്ളതാണ്. നെഗറ്റീവായ സംഭാഷണം ഒഴിവാക്കണം. അത് പുതുതലമുറയെ സ്വാധീനിക്കും. ജീവിതത്തെ പ്രചോദിപ്പിക്കുന്ന വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ജീവിതം അവര്‍ക്ക് പരിചയപ്പെടുത്തണം. വിശ്വാസ കാര്യങ്ങളില്‍ മക്കളെ പ്രോത്സാഹിപ്പിക്കണം. മതബോധന ക്ലാസുകളും ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാക്കി മാറ്റണം. കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികളെ അള്‍ത്താര ശുശ്രൂഷയ്ക്ക് മാതാപിതാക്കള്‍ പറഞ്ഞുവിടണം. അത് വൈദീക ജീവിതത്തോടുള്ള മമത കുട്ടികളില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

Q

സിസ്റ്റേഴ്‌സ് ആകാനുള്ള ദൈവവിളികള്‍ ആശങ്കാജനകമായ വിധത്തില്‍ കുറയുന്നതായിട്ടാണ് പറയുന്നത്. എന്തൊക്കെയാണ് അതിനുള്ള കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്ത് ചെയ്യാന്‍ കഴിയും?

A

സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് യുവജനങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സഭയെക്കുറിച്ചും വിശ്വാസ ജീവിതത്തെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ അതിലൂടെ അവര്‍ മനസ്സിലാക്കുന്നുണ്ട്. സഭയോടും സന്യാസ ജീവിതത്തോടുമെല്ലാം ഒരു വൈമുഖ്യത്തിന് അത് കാരണമാകുകയും ചെയ്യുന്നുണ്ട്. പലപ്പോഴും സഭയുടെയും വൈദീകരുടെയും സന്യസ്തരുടെയും കുറവുകള്‍ പര്‍വതീകരിച്ച് കാണിക്കുന്നതിനാണ് മുഖ്യധാരമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം ശ്രമിക്കുന്നത്. മറ്റൊരു കാര്യം ക്രിസ്തു പഠിപ്പിച്ചത് പോലെ കുരിശെടുക്കാനുള്ള തീക്ഷ്ണത വിശ്വാസ ജീവിതത്തില്‍ നമുക്കെല്ലാം കൈമോശം വരുന്നുണ്ട് എന്നുള്ളതാണ്. നല്ല മാതൃകകള്‍ കുറഞ്ഞുപോകുന്നു എന്നതും ഈ കാലഘട്ടത്തില്‍ വിചിന്തന വിഷയം ആകേണ്ടത് തന്നെയാണ്.

Q

കോട്ടപ്പുറം രൂപതയെ കുറിച്ചുള്ള പിതാവിന്റെ സ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്?

A

സ്വപ്‌നങ്ങള്‍ രൂപപ്പെട്ടു വരുന്നതേയുള്ളൂ. ഒരുപാട് വലിയ സ്ഥാപനങ്ങള്‍ മറ്റ് രൂപതകളില്‍ ഉള്ളതുപോലെ കോട്ടപ്പുറം രൂപതയ്ക്ക് ഇല്ലെങ്കിലും നല്ല കഴിവും പ്രാഗത്ഭ്യവും ഉള്ള വൈദീകരും നേതൃത്വ പാടവമുള്ള ധാരാളം അല് മായരും കോട്ടപ്പുറത്ത് ഉണ്ട്. അവരാണ് രൂപതയുടെ ബലം. അവരെ ചേര്‍ത്തുപിടിച്ച് ആത്മീയവും ഭൗതികവുമായ ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വൈദീക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായിരിക്കും പ്രഥമ പരിഗണന. കൂടാതെ എന്റെ മുന്‍ഗാമികളായ അഭിവന്ദ്യ ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവും അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവും തെളിച്ചുതന്ന വികസനത്തിന്റെയും ആത്മീയതയുടെയും സുന്ദരമായ പാത എന്റെ മുന്‍പിലുണ്ട്.

Q

മെത്രാനെന്ന നിലയില്‍ പിതാവ് ഭാരത സഭയുടെയും കേരള സഭയുടെയും നേതൃനിരയിലേക്ക് വരികയാണ്. ഭാരതസഭ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ. അതിനെ എങ്ങനെ കാണുന്നു?

A

സഭ എക്കാലത്തും വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ആ വെല്ലുവിളികളെ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. വെല്ലുവിളികള്‍ സഭയെ കരുത്തയാക്കി കൊണ്ടിരിക്കുന്നു. നമ്മള്‍ ഇന്ന് പരിശോധിക്കേണ്ടത് ഭാരതത്തില്‍ ഒരു പുളിമാവാകാന്‍ സഭയ്ക്ക് സാധിക്കുന്നുണ്ടോ എന്നാണ്. ക്രൈസ്തവര്‍ക്ക് തമ്മില്‍ ഐക്യമില്ലാത്ത അവസ്ഥ. ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രേഷിത പ്രവര്‍ത്തനത്തിന് നമുക്ക് സാധിക്കുന്നില്ല. ഇതോടൊപ്പം പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ പാസാക്കി കൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്. ഇതെല്ലാം, വാക്കിലൂടെയല്ല ജീവിതത്തിലൂടെ സുവിശേഷ പ്രഘോഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Q

ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ഗ്രസിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലുവിളികളോട് പ്രതികരിക്കേണ്ടത് ?

A

ഭാവിയെക്കുറിച്ച് മാനുഷികമായി ആശങ്കകള്‍ ഉണ്ടാകാമെങ്കിലും 'ചെറിയ അജഗണമേ ഭയപ്പെടേണ്ട' എന്ന ക്രിസ്തുനാഥന്റെ വാക്കുകള്‍ നമുക്ക് പ്രത്യാശ പകരണം; ശക്തിപ്പെടുത്തണം. 'ഈശോയുടെ സ്‌നേഹത്തില്‍ നിന്ന്ആരും നമ്മെ വേര്‍പ്പെടുത്തും' എന്ന ചോദ്യം പൗലോസ് അപ്പസ്‌തോലനോടൊപ്പം നമ്മളും ചോദിക്കണം. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി നിലകൊള്ളാന്‍ നമുക്ക് സാധിക്കണം. പ്രകാശമണഞ്ഞു പോകാതെയും ഉപ്പിന്റെ ഉറ കെട്ടു പോകാതെയും നിലനില്ക്കുക എന്നത് എളുപ്പമായ കാര്യമല്ല. കര്‍ത്താവ് പറഞ്ഞതുപോലെ പ്രാവിനെപ്പോലെ നിഷ്‌കളങ്കതയും സര്‍പ്പത്തെപോലെ വിവേകവും കാത്തുസൂക്ഷിച്ച് സുവിശേഷ വെളിച്ചത്തില്‍ മുന്നേറുകയും പ്രതികരിക്കുകയുമാണ് നാം ചെയ്യേണ്ടത്.

Q

കേരള ക്രൈസ്തവരില്‍ വര്‍ഗീയ ചിന്ത വര്‍ധിക്കുന്നതായി വിമര്‍ശനമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയോട് ക്രൈസ്തവരില്‍ ചിലര്‍ പക്ഷം ചേരുന്നതായി ആരോപണമുണ്ട്. ഈ വിമര്‍ശനങ്ങളോട് അങ്ങ് അങ്ങനെ പ്രതികരിക്കുന്നു?

A

എല്ലാ സമൂഹങ്ങളിലും ഒരു കമ്മ്യൂണിറ്റിയായി ഐഡന്റിഫൈ ചെയ്യാന്‍ പ്രേരണയുണ്ട്. കമ്മ്യൂണിറ്റി ഫീലിംഗ് ഇന്ന് വര്‍ധിക്കുന്നു. അത് ഒരു തരത്തില്‍ നല്ലതുമാണ്. എങ്കിലും മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ ആകാത്ത, പുറത്താക്കി കൊണ്ടുള്ള ഒരു മനോഭാവം, അതാര്‍ക്കും ഭൂഷണമല്ല. ഭൂരിപക്ഷ വര്‍ഗീയതയോട് ക്രൈസ്തവരില്‍ ചിലര്‍ പക്ഷം ചേരുന്നു എന്നത് എത്രമാത്രം ശരിയാണെന്നറിയില്ല. ഇനി ആരെങ്കിലും ഇതിന് ശ്രമിച്ചാല്‍ അത് സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടാണ്. അത് ക്രിസ്തുവിന്റെ വഴിയുമല്ല.

Q

ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങള്‍ നേരിടുന്ന വെല്ലുവിളികളോട് കേരളസഭ നിസംഗത പുലര്‍ത്തുന്നുണ്ടോ? എന്തായിരിക്കണം കേരളത്തിന് പുറത്തെ ക്രൈസ്തവരുടെ സഹനത്തോടുള്ള നമ്മുടെ മനോഭാവം?

A

ഒരിക്കലും കേരളസഭ നിസ്സംഗത പുലര്‍ത്തുന്നു എന്ന് പറയാന്‍ കഴിയില്ല. സമീപകാലത്ത് കേരളത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ തന്നെ അതിന് സാക്ഷ്യങ്ങളാണ്. നമുക്കുള്ളത് നിസ്സംഗതയല്ല നിസ്സഹായതയാണ്. സഹിക്കുന്നവരോട് പക്ഷം ചേരുക നമ്മുടെ കടമയാണ്. പ്രത്യേകിച്ച് ദൈവസന്നിധിയില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുടെ കരങ്ങള്‍ ഉയര്‍ത്തുക എന്നത്. ഒരു സഹനവും വ്യഥാവിലല്ല. ഒരു കാലത്ത് ഇതെല്ലാം നമുക്കും വന്നുചേരാം എന്നുള്ളതും വിസ്മരിച്ചു കൂടാ. ഇതൊരു മുന്നറിയിപ്പിന്റെ രൂപത്തില്‍ മനസ്സിലുണ്ടാകണം.

Q

പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനാരീതികള്‍ എന്തൊക്കെയാണ് ? എന്തിനുവേണ്ടിയാണ് പിതാവ് പ്രത്യേകമായി പ്രാര്‍ത്ഥിക്കുക പതിവ് ?

A

തീര്‍ച്ചയായും സഭ എന്നെ ഭരമേല്‍പ്പിച്ച ഔദ്യോഗിക യാമ പ്രാര്‍ത്ഥനകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുപോലെ വിശുദ്ധ ബലിക്കുശേഷമുള്ള കൃതജ്ഞത പ്രാര്‍ത്ഥന വളരെയധികം ഇഷ്ടപ്പെടുന്നു. ഇടവകയില്‍ ആയിരുന്നപ്പോള്‍ ഈ സമയം ഇടവകയുടെ വിശുദ്ധീകരണത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിച്ചിരുന്നത്. ഇപ്പോള്‍ അതു രൂപതയുടെ വിശുദ്ധീകരണത്തിനുവേണ്ടിയായി. കുറെ നാളുകളായി 'പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യണമേ' എന്നുള്ള പ്രാര്‍ത്ഥന ഒരു ഉള്‍പ്രേരണയാല്‍ കൂടെ കൂടെ ചൊല്ലുമായിരുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള പരിശുദ്ധ ജപമാല വൈദീകജീവിതത്തിന്റെ കരുത്താണ്. കരുണയുടെ ജപമാലയും എനിക്ക് വളരെ ഇഷ്ടമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org