ഒരുനാള്‍ ഞാനും യേശുവിനെപ്പോലെ വളരും വലുതാകും

ഒരുനാള്‍ ഞാനും യേശുവിനെപ്പോലെ വളരും വലുതാകും
  • ഫാ. ആന്റണി നടുവത്തുശ്ശേരി

  • അസി. ഡയറക്ടര്‍, കാറ്റക്കിസം ഡിപ്പാര്‍ട്ട്‌മെന്റ്,

  • എറണാകുളം അങ്കമാലി അതിരൂപത

'പ്രാര്‍ത്ഥനയില്‍ വളരാം' എന്ന ആപ്തവാക്യവുമായി 2024-2025 വിശ്വാസപരിശീലന വര്‍ഷം ആരംഭിക്കുമ്പോള്‍ 'നിന്റെ ഓരോ പ്രവര്‍ത്തിയും ദൈവവിചാരത്തോടെ ആയിരിക്കട്ടെ' എന്ന ദൈവവചനം നമ്മെ ഉത്തേജിപ്പിക്കട്ടെ. ഈശോയുമായി ഒരു Intimate Relationship വളര്‍ത്തിയെടുക്കാന്‍ നമുക്കായാല്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍/ഭാഗ്യവതി നമ്മളായിരിക്കും. ഈ ബന്ധം സ്ഥാപിക്കാന്‍ പ്രാര്‍ത്ഥനയിലുള്ള വളര്‍ച്ച നമ്മെ സഹായിക്കും. അതിലുപരി ക്രിസ്തു സഭയിലൂടെ നമുക്ക് നല്‍കിയിരിക്കുന്ന കൂദാശകള്‍ നമുക്ക് ദൈവത്തിനെ സ്വന്തമാക്കാനുളള പ്രധാന ഉപാധികളാണ്. വിശ്വാസപരിശീലന വര്‍ഷം 2024-2025 ലെ ലോഗോയും അതിലെ പ്രതീകങ്ങളും ഇവ നമ്മെ കൂടുതല്‍ ബോധ്യപ്പടുവാന്‍ സഹായിക്കുന്നു.

  • 2024-2025 വിശ്വാസപരിശീലന വര്‍ഷ ആപ്തവാക്യം: പ്രാര്‍ത്ഥനയില്‍ വളരാം

ലോഗോയിലെ പ്രതീകങ്ങളുടെ വിശദീകരണം

വി. ഗ്രന്ഥം: വിശുദ്ധഗ്രന്ഥത്തിലൂടെ ദൈവം മനുഷ്യരോട് സംസാരിക്കുന്നു. വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ദൈവവചനം പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമാണ്.

വിരിച്ചുപിടിച്ച കൈകള്‍: ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയിലൂടെ എന്റെ കൈകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി നിരന്തരം ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് എനിക്ക് ദൈവത്തെയും സഹോദരങ്ങളെയും സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

ഗോതമ്പ് കതിരും മുന്തിരിയും തിരുശരീരവും തിരുരക്തവും: ഇവ നാലും പ്രാര്‍ത്ഥനകളിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വി. കുര്‍ബാനയെ സൂചിപ്പിക്കുന്നു. ജീവിതത്തിലെ സന്തോഷസന്താപങ്ങളാകുന്ന ഗോതമ്പ് കതിരുകളും മുന്തിരിയും വിശ്വാസത്തോടെ ഈശോയുടെ കുരിശിലെ ബലിയോട് അനുദിനം ചേര്‍ത്തുവയ്ക്കുമ്പോള്‍ തിരുശരീരവും തിരുരക്തവുമായി മാറുന്നു.

4 ആള്‍രൂപങ്ങള്‍: പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന വ്യത്യസ്ത നിറത്തിലുളള ആളുകള്‍ ലോകത്തിലെ നാലു ദിക്കുകളിലുമുള്ള മനുഷ്യവംശത്തിന്റെ ഐക്യത്തെയും സാഹോദര്യത്തെയും സൂചിപ്പിക്കുന്നു.

വി. കുരിശ്: മുന്നില്‍ നില്ക്കുന്ന ആള്‍രൂപം കുരിശിനെ ആശ്ലേഷിക്കുന്നത് വിശ്വാസത്തെ മാത്രമല്ല പ്രത്യാശയെയും ചൂണ്ടിക്കാണിക്കുന്നു. ആള്‍രൂപങ്ങളിലേക്ക് ചാഞ്ഞു നില്ക്കുന്ന കുരിശ് മനുഷ്യകുലത്തിന്റെ സംരക്ഷണം ഓര്‍മ്മപ്പെടുത്തുന്നു.

തിരമാലകള്‍: ആള്‍രൂപങ്ങളുടെ താഴെയുള്ള തിരമാലകള്‍ മനുഷ്യജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.

നങ്കൂരം: വി. കുരിശിനോടു ചേര്‍ന്നു താഴെ കാണുന്ന നങ്കൂരം പ്രതികൂലസാഹചര്യങ്ങളാകുന്ന തിരമാലകളില്‍ മനുഷ്യജിവിതത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ദൈവത്തിലുള്ള പ്രത്യാശയുടെ അടയാളമാകുന്നു.

പ്രകാശരശ്മികള്‍: പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ജീവന്റെ സമൃദ്ധിയാണത്. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ജ്വലിക്കുന്നവരായി മാറുവാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുമെന്ന സന്ദേശവും നല്‍കുന്നു.

നമ്മുടെ ഭൂതകാലം ദൈവത്തിന്റെ കരുണയ്ക്ക് വിട്ടുകൊടുക്കാം! നമ്മുടെ ഭാവികാലത്തെ ദൈവത്തിന്റെ കരുതലിന് ഭരമേല്പിക്കാം! നമ്മുടെ കയ്യിലുള്ളത് വര്‍ത്തമാനകാലം മാത്രമാണ്. നമ്മുടെ ഈ വര്‍ത്തമാനകാലത്തിലെ ഓരോ നിമിഷവും പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിച്ചു കൊണ്ട് ദൈവേഷ്ട പ്രകാരം പ്രാര്‍ത്ഥനയില്‍ വളരാനും ജീവിക്കാനും പരിശ്രമിക്കാം... 'എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ അലയടിയാണ് പ്രാര്‍ത്ഥന, സ്വര്‍ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം; പരീക്ഷണത്തിന്റേയും സന്തോഷത്തിന്റേയുമിടയില്‍ നന്ദിയുടേയും സ്‌നേഹത്തിന്റേയും നിലവിളിയാണത്.' വി. കൊച്ചുത്രേസ്യയ്ക്ക് പ്രാര്‍ത്ഥനയോടുള്ള ഈ മനോഭാവം നമ്മെയും പ്രാര്‍ത്ഥനയില്‍ വളരാന്‍ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org