സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയും ചില കൊച്ചു കാര്യങ്ങളും

സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയും ചില കൊച്ചു കാര്യങ്ങളും

ടെക്‌സസ്സില്‍ വന്നതിനു ശേഷം ഇംഗ്ലീഷ് കുര്‍ബാനയാണ് കണ്ടുകൊണ്ടിരുന്നത്. അത് ലത്തീന്‍ റീത്തിലുള്ളതാണ്. അതാണ് അടുത്ത പള്ളി. മലയാളം പള്ളി ഗാര്‍ലാണ്ടില്‍ ആണ്. അവിടെയെത്താന്‍ അര മണിക്കൂര്‍ യാത്രയുണ്ട്. ഒരു ഞായറാഴ്ച ആദ്യമായി അങ്ങോട്ടു പോയി. ചെല്ലുമ്പോള്‍ കുര്‍ബാന ആരംഭിച്ചിരുന്നു. അത് അങ്ങനെയാണല്ലോ. മറ്റെല്ലാ പരിപാടികള്‍ക്കും സമയത്തിനും അതിനും മുമ്പും പോകുന്ന നമ്മള്‍ ദൈവത്തിനെ കാണാന്‍ മാത്രം നമ്മുടെ സമയത്താണല്ലോ പോകുന്നത്.

അവിടെ മുന്തിയ കാറുകളില്‍ ആളുകള്‍ വന്നു ഇറങ്ങുന്നുണ്ടായിരുന്നു. പക്ഷെ വളരെ ലളിതമായ വസ്ത്രധാരണം. സാരിയും, ചുരിദാറും, മുണ്ടും വേഷങ്ങള്‍. കുട്ടികള്‍ പോലും ചുരിദാര്‍ ആയിരുന്നു. പിന്നെ മലയാളത്തില്‍ വാതോരാതെ സംഭാഷണം. മൂന്നു മാസങ്ങള്‍ക്കുശേഷമാണ് ഇപ്രകാരം കേള്‍ക്കുന്നത്. സ്വന്തം ഇടവക പള്ളിയില്‍ എത്തിയ പ്രതീതി. കുര്‍ബാനയും, പ്രസംഗവുമെല്ലാം മലയാളത്തില്‍. ധാരാളം കുട്ടികളും ചെറുപ്പക്കാരും ഉണ്ടായിരുന്നു. കുര്‍ബാനയ്ക്ക് കുട്ടികളുമായി വരുന്നവര്‍ക്കു വേണ്ടി പുറകിലായി രണ്ടു വശത്തും ഗ്ലാസ്സിട്ട മുറികള്‍ ഉണ്ട്. അപ്പോള്‍ അവരുടെ കരച്ചിലും ബഹളവുമൊന്നും മറ്റുള്ളവര്‍ക്ക് ശല്യമാകില്ല.

കുര്‍ബാന കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പള്ളിവക കാപ്പിയും ബിസ്‌ക്കറ്റും. അത് ഒരു നല്ല കാര്യമായി തോന്നി. കാസര്‍ഗോഡുകാരനായ വികാരി ഫാ. ജെയിംസ് നിരപ്പേല്‍, അതിലെ വന്നു. ഞങ്ങളെ കണ്ടപ്പോള്‍ സ്‌നേഹപൂര്‍വം സംസാരിക്കുകയും, വിവരങ്ങള്‍ ചോദിക്കുകയും, മകളോട് മകനെ വെക്കേഷന്‍ ബൈബിള്‍ കോഴ്‌സിന് വിടുന്ന കാര്യങ്ങള്‍ ഓഫീസില്‍ ചോദിക്കാനും പറഞ്ഞു. അവിടെ മണിമലക്കാരനായ ട്രസ്റ്റി വന്നു കാര്യങ്ങള്‍ ചെയ്തു. സീറോ മലബാര്‍ സഭയുടെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പള്ളിയാണ് ഇത്. ചിക്കാഗോ രൂപതയുടെ കീഴില്‍ ഇത് സ്ഥാപിതമായത് 1992-ലാണ്.

രജിസ്റ്റര്‍ ചെയ്ത ഏകദേശം 400 ഓളം കുടുംബങ്ങള്‍ ഇവിടെ ഉണ്ട്. സഭയുടെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും പ്രവര്‍ത്തിക്കുന്നു. പുറത്തിറങ്ങുമ്പോള്‍, അടുത്ത കുര്‍ബാനയ്ക്കുള്ള ആളുകള്‍ വന്നു തുടങ്ങി. ആദ്യത്തെ കുര്‍ബാനയുടെ ആളുകള്‍ പരസ്പരം സംസാരിക്കുകയായിരുന്നു. കാരണം ആളുകളുടെ സൗഹാര്‍ദ കേന്ദ്രം പള്ളിയാണ്.

അതിനുശേഷമായിരുന്നു സണ്‍ഡേ സ്‌കൂള്‍ ആരംഭം. അതിനെ അവിടെ പറയുന്നത് CCD (Confraterntiy of Christian Do-ctrine) എന്നാണ്. ഉദ്ഘാടനം ഗംഭീരമായിരുന്നു. ഞങ്ങളുടെ കൊച്ചുമോനും ഒന്നാം ക്ലാസില്‍ ചേര്‍ന്നു. കുട്ടികള്‍ എല്ലാവരും ക്ലാസിനുശേഷമുള്ള കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് നിര്‍ ബന്ധമാണ്. മാതാപിതാക്കള്‍ അത് ഒരു വലിയ നിയോഗമായിട്ടാണ് കണക്കാക്കുന്നത്. ക്ലാസ്സ് കഴിയുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും ലഘുഭക്ഷണവും വെള്ളവും കൊടുക്കുന്നു. എല്ലാ കുട്ടികളുടെയും മാതാപിതാക്കളും, ചെറുപ്പക്കാരായ അധ്യാപകരും ചേര്‍ന്ന whatsapp ഗ്രൂപ്പിലൂടെ എല്ലാം ഭംഗിയായി നടത്തുന്നു.

അതിനുശേഷം അവിടെ നാട്ടിലെപ്പോലെയുള്ള ചില മലയാളി കടകളില്‍ കയറി. ബീഫ് ഉലര്‍ത്തിയത്, പോട്ടി, ചിക്കന്‍ ഫ്രൈ, ചക്കവച്ചത്, കപ്പവച്ചത് മുതലായവ വാങ്ങി. ഒരു അങ്കമാലിക്കാരിയാണ് അത് നടത്തുന്നത്. പിന്നീട് ഒരു കറുകച്ചാലുകാരന്റെ കടയില്‍ കയറി. അവിടെ ഇറച്ചി, മീന്‍ തുടങ്ങി കേരളത്തിലെ ഒരു കടയിലുള്ള എല്ലാ സാധനങ്ങളും രീതികളും കണ്ടു. ശരിക്കും കേരളത്തില്‍ നില്‍ക്കുന്ന അവസ്ഥ. ഒന്നും മോശമല്ലായിരുന്നു. അപ്പോഴാണ് അവിടെ ചക്ക ഇരിക്കുന്നത് കണ്ടത്. അത് മെക്‌സിക്കോയില്‍ നിന്നുള്ളതാണ്. മുഴുവന്‍ വേണ്ടെന്നു തോന്നി. അയാള്‍ ആവശ്യത്തിന് മുറിച്ചു തന്നു.

ഉണ്ട തേങ്ങ വില്‍ക്കാന്‍ വച്ചിരിക്കുന്ന സ്ഥലത്തു ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട് Coconut: No Return, No Refund. മറ്റു ഇന്ത്യന്‍ കടകളിലും ഇതുപോലെ എഴുതിയിട്ടുണ്ട്. കാരണം നമുക്ക് അറിയാവുന്നതുതന്നെ.

ഇന്ത്യയ്ക്കു പുറത്ത് പോയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ആ നാട്ടിലെ മഴ കാണണം. കപ്പ, ചക്ക കഴിക്കണം, ഒരു പ്രാവശ്യം മലയാളം കുര്‍ബാന കാണണം. അതുകൊണ്ടാണ് ചക്ക വാങ്ങിയത്. നല്ല വിലയുമുണ്ട്. ചക്ക മുറിക്കാന്‍ ഇരുന്നു. നന്നായി പഴുത്തിട്ടുണ്ട്, ചുവപ്പു നിറം, നല്ല മധുരം. പറിക്കാന്‍ വലിയ പ്രയാസം. ഞാന്‍ ചക്കയോട് ചോദിക്കുകയായിരുന്നു, ഹൃദയം പോലും ഇത്രമാത്രം ശ്രദ്ധയോടും, സൂക്ഷമതയോടും കൂടി വച്ചിട്ടില്ലല്ലോ പിന്നെന്തിനാണ് മനുഷ്യന് കഴിക്കാനുള്ള ചക്കചുള ഇത്ര മാത്രം ശ്രദ്ധയില്‍ വച്ചിരിക്കുന്നത് എന്ന്.

അതിന് ഒരാള്‍ പറഞ്ഞ മറുപടി: പ്ലാവ് ചക്ക ഉല്‍പ്പാദിപ്പിക്കുന്നത് മനുഷ്യന് തിന്നാന്‍വേണ്ടിയല്ല, മറിച്ച് അതിന്റെ കുരുവിനെ സംരക്ഷിച്ച് കൂടുതല്‍ മരങ്ങള്‍ ഉണ്ടാക്കുന്നതിനാണ്. വളരെ ശരിയാണ്. ശിഖരം കുത്തിയാല്‍ മുളക്കാത്ത എല്ലാ മരങ്ങളും അവയുടെ കുരുവിനെ സംരക്ഷിക്കുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org