കേരളസഭയുടെ അജപാലനം: മാറാത്തതും മാറേണ്ടതും

കേരളസഭയുടെ അജപാലനം: മാറാത്തതും മാറേണ്ടതും

സിജോ പൈനാടത്ത്

പരിശോധിക്കപ്പെടാത്ത ജീവിതം മനുഷ്യനു ജീവിതയോഗ്യമല്ലെന്നു പറഞ്ഞതു ചിന്തകനായ സോക്രട്ടീസ്. നമ്മുടെ വഴികളെ നാം പരിശോധിക്കുക തന്നെ വേണം. ആത്മപരിശോധനകളും ആത്മശുദ്ധീകരണവും അനിവാര്യമാകുന്നു സഭയ്ക്കും. അവലോകനങ്ങള്‍ ഒരിക്ക ലും കുറ്റപത്രം തയാറാക്കലല്ലല്ലോ.
ആത്മീയതീക്ഷ്ണ വും വൈവിധ്യപൂര്‍ണവും വിസ്മയനീയവും വിശാലവുമാണു കേരളസഭയുടെ ചരിത്രവും വര്‍ത്തമാനവും. ദൈവത്തിനും ദൈവജനത്തിനും പൊതുസമൂഹത്തിനും വേണ്ടി മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുന്ന കേരളസഭയുടെ അജപാലനശൈലികള്‍ക്കു കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകളെ വായിച്ചെടുക്കുന്നതില്‍ വീഴ്ചയുണ്ടാവുന്നോ എന്ന ചോദ്യം സഭ യ്ക്കകത്തും പുറത്തും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു സഭയുടെ വര്‍ത്തമാനവഴികളുടെ ലളിതമായ അവലോകനത്തിനു പ്രസകതി.
അഭിമാനത്തോടെ
ക്രിസ്തുസ്നേഹത്തിലും സുവിശേഷമൂല്യങ്ങളിലും സാമൂഹ്യപ്രതിബദ്ധതയിലും വിത്തുപാകപ്പെട്ട കേരളസഭയുടെ ഇന്നലെകള്‍ക്ക് അഭിമാനത്തിന്‍റെ തിളക്കമുണ്ട്. ആത്മീയോത്കര്‍ഷത്തിന്‍റെ ചൈതന്യമുണ്ട്. തീക്ഷ്ണമായ വിശ്വാസപാരമ്പര്യങ്ങളും ആചാരങ്ങളും കൂട്ടായ്മകളും സഭയെ അതിന്‍റെ തികവിലും കെട്ടുറപ്പിലും വളരാന്‍ സഹായിക്കുന്നു. വ്യക്തി, കുടുംബ, സമൂഹ തലങ്ങളില്‍ സഭ നല്‍കുന്ന ആത്മീയപാഠങ്ങള്‍ നല്ല നിലത്തു വീണ വിത്തുകളായി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിന്‍റെ ചരിത്രമാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളത്. റീത്തുകളുടെ വൈവിധ്യങ്ങളിലും കേരളസഭാമക്കള്‍ക്കു കൂട്ടായ ചിന്തകളു ണ്ട്, കൂട്ടായ പ്രാര്‍ഥനയുണ്ട്, കൂട്ടായ കുതിപ്പുണ്ട്. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വിശ്വാസജീവിതം നയിക്കാനും രൂപത, ഇടവക സംവിധാനങ്ങളുടെ ഭാഗമായി നിന്നുകൊണ്ടു സഭാ കൂട്ടായ്മയില്‍ വളരാനും സാധ്യതകള്‍ ഏറെ. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയും മലനാട്ടിലും ഇടനാട്ടിലും തീരദേശങ്ങളിലും വിശ്വാസി സമൂഹത്തിന് അജപാലകരുടെയും ദേവാലയങ്ങളുടെയും അനുബന്ധ സഭാസംവിധാനങ്ങളുടെയും നിയതമായ ശുശ്രൂഷ നിരന്തരം ലഭിക്കുന്നതിനു ദൈവത്തിനു നന്ദിയര്‍പ്പിക്കണം. വിശ്വാസജീവിതത്തെയും പ്രഘോഷണങ്ങളെയും, പ്രതിസന്ധികളും പരിമിതികളും വേട്ടയാടുന്നതിന്‍റെ നൊമ്പരവുമായി കഴിയുന്ന ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തന്നെയുള്ള ദൈവജനവുമായി താരതമ്യം ചെയ്യുമ്പോള്‍ നാം എത്ര ഭാഗ്യവാന്മാര്‍. അവര്‍ണനീയമായ ദാനത്തിന് ദൈവമേ അങ്ങേയ്ക്കു സ്തുതി.
സാക്ഷ്യങ്ങള്‍
കേരളസഭയുടെ വളര്‍ച്ചാ വഴികളിലെ വിശുദ്ധതാരകങ്ങള്‍ – വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യാമ്മ – നമുക്കു മുമ്പില്‍ വലിയ വിളക്കുമരങ്ങള്‍ കൂടിയാണ്. ക്രിസ്തുസാക്ഷ്യത്തിന്‍റെ പ്രകാശനങ്ങളാണ്. വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസരും നമുക്കുണ്ട്.
അപരനു ക്രിസ്തുവിനെ കൊടുക്കാന്‍ ഹൃദയമൊരുക്കിയവര്‍ ഇന്നുമുണ്ട് കേരളസഭയില്‍. മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്മായപ്രേഷിതര്‍. വൃക്കകളിലൊന്ന് പകുത്തു നല്‍കിയ ബിഷപ് മാര്‍ ജേക്കബ് മുരിക്കനും ചിറമേലച്ചന്‍ ഉള്‍പ്പടെ നിരവധി വൈദികരും, സിസ്റ്റര്‍ ലിറ്റില്‍ തെരേസ് ഉള്‍പ്പടെ നിരവധി സമര്‍പ്പിതരും കൊ ച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ നിരവധി അല്മായരും കേരളസഭയ്ക്കു സാക്ഷ്യത്തിന്‍റെ മുഖങ്ങളാണ്.
നവകേരളത്തിന്‍റെ നിര്‍മിതിയില്‍ നിര്‍ണായക പങ്കുവഹിച്ച സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ സഭയ്ക്കെന്നപോലെ സമൂഹത്തിനും അഭിമാനമാണെന്നതില്‍ തര്‍ക്കമില്ല. ദീര്‍ഘവീക്ഷണത്തോടെ ഈ ശുശ്രൂഷയെ നെഞ്ചേറ്റിയ ക്രാന്തദര്‍ശികള്‍ക്കു മുമ്പില്‍ നാം നമിക്ക ണം.
കരുണ തേടുന്നവന്‍റെ മുഖം നോക്കാതെ ക്രിസ്തീയ ദൗത്യം നിര്‍വഹിക്കുന്ന കുറ്റിക്കലച്ചന്മാ രും മാവുരൂസ് ബ്രദര്‍മാരും നവജീവന്‍ പോലുള്ള സംരംഭങ്ങളും നമുക്ക് ആവേശമാണ്. കറന്‍സി ക്ഷാമകാലത്തു നേര്‍ച്ചപ്പെട്ടി തുറന്നിട്ട തേവയ്ക്കല്‍ പള്ളിയും കാരുണ്യവര്‍ഷത്തില്‍ അളവില്ലാത്ത കാരുണ്യസംരംഭങ്ങള്‍ക്കു നേതൃ ത്വം നല്‍കിയ പള്ളികളും പ്രസ്ഥാനങ്ങളുമെല്ലാം നമുക്കു കരുത്താണ്. തിരുനാള്‍ ആഘോഷങ്ങള്‍ ലളിതമാക്കാനുള്ള ഇടയസ്വരത്തി ന്‍റെ സാരമറിഞ്ഞ്, ആര്‍ഭാടത്തിന്‍റെ കെട്ടുകാഴ്ചകളില്‍ നിന്നു കാരുണ്യവഴികളിലേക്കു തിരുനാളുകളെ തിരുത്തിയെഴുതിയ ദേവാലയങ്ങള്‍ക്കും നല്ല നമസ്കാരം. സാക്ഷ്യങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.
കാഴ്ച കാഴ്ചപ്പാട്
കെട്ടിലും മട്ടിലും കേരളസഭ എന്നും മികവു പുലര്‍ത്താന്‍ ശ്രമിച്ചുവന്നിട്ടുണ്ട്. നമ്മുടെ പള്ളികള്‍ കൃത്യസമയങ്ങളില്‍ നാം പുതുക്കിനിര്‍മിച്ചു. പള്ളി പണിയുടെ പിടിയരിക്കാലം ഇന്ന് ഓര്‍മയാണ്. കോടികളില്‍ നിര്‍മിച്ചതും നിര്‍മാണം നടക്കുന്നതുമായ പള്ളികളുടെ എണ്ണം കേരളത്തില്‍ മൂന്നക്കത്തിനു മുകളിലെത്തിയോ എന്നന്വേഷിച്ചാല്‍ മതിയാകും. പള്ളിമുറ്റങ്ങളില്‍ ടൈല്‍സ് വിരിച്ചും പള്ളിയകങ്ങളില്‍ ഇറക്കുമതി ചെയ്ത ഗ്രാനൈറ്റു പാകിയും നമ്മുടെ മുഖം നാം മിനുക്കി. ശീതീകരിച്ച പള്ളികളുമുണ്ട് നമുക്കു സ്വസ്ഥമായി പ്രാര്‍ഥിക്കാന്‍. പള്ളിമേടകള്‍ക്കുമുണ്ട് കാലത്തിനൊത്ത പുതുമോടി. കൂറ്റന്‍ വീടുകള്‍ പണിതുയര്‍ത്തുന്നത് അഭിമാനപ്രശ്നമായ ശരാശരി മലയാളിക്കു തങ്ങള്‍ പോകുന്ന പള്ളിയും അതിനൊത്തു കേമമായില്ലെങ്കില്‍ വല്ലാത്ത കുറവാണെന്ന ചിന്ത അഭിമാനമോ, അപകടമോ?
സഭയുടെ സ്ഥാപനങ്ങളും പ്രൗഢിയില്‍ പിന്നിലായിട്ടില്ല. വമ്പന്‍ സ്കൂളുകളും വമ്പന്‍ ആശുപത്രികളും സഭാസ്ഥാപനങ്ങളുടെ പട്ടികയില്‍ പുതിയ ഇടങ്ങള്‍ സ്വന്തമാക്കുമ്പോള്‍, കേരളസഭയുടെ ചരിത്രവഴികളില്‍, രണ്ടു വാക്കുകള്‍ വിതുമ്പുന്നുണ്ട്. ഒന്ന് പള്ളിക്കൂടം, മറ്റൊന്ന് പള്ളിയാശുപത്രി. എല്ലാവരെയും കൈനീട്ടി വിളിച്ചു പള്ളിക്കൂടങ്ങളും പള്ളിയാശുപത്രികളും. ഈ പേരുകളുടെ പിന്തുടര്‍ച്ചാവകാശം ഇടയ്ക്കെങ്കി ലും അലങ്കാരമാക്കുന്ന സ്ഥാപനങ്ങള്‍ കൈനീട്ടി വിളിക്കുന്നതാരെ, കൈതട്ടിയകറ്റുന്നതാരെ എന്ന ചിന്ത നമ്മെ അസ്വസ്ഥരാക്കുമോ?
കോടികള്‍ പൊടിച്ചു കെട്ടിയുയര്‍ത്തിയ പള്ളിയിലിരുന്നു വിധവയുടെ കൊച്ചുകാശിനെക്കുറി ച്ചും ലാളിത്യത്തിന്‍റെ സുവിശേഷത്തെക്കുറിച്ചും പ്രസംഗിക്കുന്നതി ലും കേള്‍ക്കുന്നതിലുമുള്ള പൊരുത്തക്കേട് ക്രിസ്തീയമായൊരു വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. തൊട്ടപ്പുറത്തെ വലിയ പള്ളിമേടക്കുമുമ്പില്‍ ജീവകാരുണ്യനിധിയില്‍ നിന്നു വീടു നിര്‍മിക്കാന്‍ സഹായം തേടിയെത്തുന്നവരുടെ നിര കാണാം. നോട്ടുമാറാന്‍ ബാങ്കുകള്‍ക്കു മുമ്പില്‍ കണ്ടതോളം വരും ആ നിര!
തങ്ങള്‍ക്കൊരു പള്ളിയെന്ന സ്വപ്നം പതിറ്റാണ്ടുകളായി നെഞ്ചിലിട്ടോമനിക്കുന്ന തീക്ഷ്ണവിശ്വാസി സമൂഹങ്ങളെ, നമ്മുടെ നാട്ടില്‍നിന്നു യാത്രയാരംഭിക്കുന്ന കേരള എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെത്തുംവരെയുള്ള വഴികള്‍ക്കിരുവശവും നിരവധി കാണാം. നമ്മുടെ ശീതീകരിച്ച പള്ളിയകങ്ങളിലെ അടച്ചിട്ട വാതിലുകള്‍ അവിടേക്കു നമ്മുടെ കണ്ണുകളെയോ ചിന്തകളെപ്പോലുമോ എത്തിക്കുന്നില്ല. സഹോദരങ്ങളെ പരിഗണിക്കാതെ നടത്തുന്ന എല്ലാ ആഘോഷങ്ങളും ആര്‍ഭാടങ്ങളും സുവിശേഷത്തിന്‍റെ എതിര്‍സാക്ഷ്യങ്ങളാണ്. കൈത്താങ്ങും സത്രവും തേടിയുള്ള യാത്രയില്‍ വഴിയില്‍ വീണുപോകുന്ന തിരുവോസ്തികളെ തിരിച്ചറിയാന്‍ ഭൂതക്കണ്ണാടി വേണ്ട, ജീവിതപരിസരങ്ങളിലേക്കെത്തുന്ന നഗ്നനേത്രങ്ങള്‍ മതിയാവും.
ഫ്രാന്‍സിസ് പാപ്പ ലാളിത്യത്തിനു നല്‍കുന്ന വിശദീകരണങ്ങളില്‍ രണ്ടു വാചകങ്ങള്‍ ഇങ്ങനെ: ആവശ്യത്തില്‍ കൂടുതലുള്ളതെല്ലാം അനാവശ്യങ്ങളാണ്. അനാവശ്യങ്ങള്‍ അടിമത്തങ്ങളാണ്.
നമ്മുടെ കൂറ്റന്‍ പള്ളികളിലേക്കു നോക്കി നമ്മുടെ പാപ്പയുടെ ലാളിത്യചിന്തയോടു ചേര്‍ത്ത് ആവശ്യങ്ങളെയും അനാവശ്യങ്ങളെയും അടിമത്തങ്ങളെയും നമുക്കൊന്നു മാര്‍ക്കിട്ടാലോ?
സഭയുടെ കെട്ടിലും മട്ടിലുമുള്ള ആര്‍ഭാടപ്പെരുമയ്ക്കു അല്മായ സമൂഹവും ആമേന്‍ പറഞ്ഞിട്ടുണ്ടെന്നതു സമ്മതിക്കാതെ വയ്യ. വ്യക്തി, കുടുംബജീവിതത്തില്‍ ലാളിത്യത്തിനു ഇടം നല്‍കാന്‍ ഇന്നും മടിക്കുന്നവര്‍ക്കു സഭാജീവിതത്തിലെ ആഘോഷപ്പകര്‍ച്ചകളെ എങ്ങനെ വിമര്‍ശിക്കാനാവും. കല്യാണങ്ങള്‍ക്കും ജൂബിലികള്‍ക്കും ജന്മദിനങ്ങള്‍ക്കും ഞാന്‍ ഒട്ടും കുറച്ചില്ല. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ…! എങ്കി ലും നമ്മുടെ നിര്‍മാണക്കൊതിക്കെറുവിനൊരു കടിഞ്ഞാണ്‍ വേ ണ്ടേ? അത് ആരു നല്‍കും? അഥവാ പൂച്ചയ്ക്കാരു മണികെട്ടും?
അജപാലനം
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു (1962 ഒക്ടോബര്‍ 11) വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ നടത്തിയ വിഖ്യാത പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെ: സഭ അധികാരത്തിന്‍റെയും ബ്യൂറോക്രസിയുടെയും നൈയാമികതയുടെയും ഉപകരണങ്ങള്‍ ഉപേക്ഷിച്ചു ജനങ്ങള്‍ക്കു നടുവിലേക്കു യാത്ര ചെയ്യണം. സഭയുടെ മാതൃത്വം ജനങ്ങള്‍ അനുഭവിക്കട്ടെ. അകല്‍ച്ചയുടെ കോട്ടകള്‍ തകര്‍ത്ത് അടുപ്പത്തിന്‍റെ പാലങ്ങള്‍ നാം നിര്‍മിക്കണം… ജനങ്ങളുടെ പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും പരിഹാരമായി സഭ ഇറങ്ങിവരണം. സഭയുടെ മനോഭാവവും ശൈലിയും സുവിശേഷത്തിലെ സ്നേഹത്തിന്‍റെയും ആര്‍ദ്രതയുടെയും സാക്ഷ്യമാകട്ടെ.
കൗണ്‍സില്‍ സമാപിപ്പിച്ചപ്പോള്‍ പോള്‍ ആറാമന്‍ പാപ്പ (1965 ഡിസംബര്‍ 12) സമാനമായ ആശയം ആവര്‍ത്തിച്ചു. അര നൂറ്റാണ്ടിനിപ്പുറം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല. കേരളസഭ അടിവരയിട്ടു മനപാഠം പഠിക്കുകയും ഹൃദയത്തിലേറ്റി പരിശീലിക്കുകയും ചെയ്യണം മാര്‍പാപ്പമാരുടെ ഈ ഓര്‍മപ്പെടുത്തലെന്നാണ് എന്‍റെ എളിയ വിചാരം.
നല്ല അഡ്മിനിസ്ട്രേറ്റര്‍മാരും നല്ല മാനേജര്‍മാരും ആകേണ്ടവരാണോ അജപാലകര്‍? ക്രിസ്തു പഠിപ്പിച്ച അജപാലന ശൈലിയില്‍ നിന്നു നമ്മുടെ മാനേജ്മെന്‍റ് മികവിലേക്കെത്രയാണു ദൂരം? അഡ്മിനിസ്ട്രേഷനും അജപാലനവും ചേരുംപടി ചേരാത്തതിലുള്ള കണ്‍ഫ്യൂഷന്‍ ഇന്നു നമുക്കിടയിലില്ലേ? നിയതമായ സംവിധാനങ്ങളോടെ ആളുകളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങളായി നമ്മുടെ പള്ളികള്‍ മാറുന്നത് ആശാവഹമാവില്ല. ആളുകളിലിറങ്ങുന്ന അജപാലനമാണു കാലഘട്ടത്തിന്‍റെ ആവശ്യം.
അരനൂറ്റാണ്ടു മുമ്പുവരെയും കേരളത്തിലെ ചില പള്ളികളുടെ നടത്തിപ്പില്‍ ഫ്യൂഡലിസ്റ്റ് സ്വഭാവമുണ്ടായിരുന്നുവെന്നും പള്ളി നടത്തിപ്പുകാര്‍ക്കു ബൂര്‍ഷ്വാ സ്വഭാവമുണ്ടായിരുന്നെന്നുമുള്ള നീരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള സഭാ ചരിത്രകാരന്മാരുണ്ട്. ഇതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും പുതിയ കാലത്തെ അജപാലനം ആ പഴി കേള്‍ക്കരുതെന്നാണു പ്രാര്‍ഥന.
ഒരു വികാരി നല്ല വികാരിയാവുന്നത്, കോടികള്‍ മുടക്കി വലിയ പള്ളി പണിതുയര്‍ത്തുന്നതിനു ചുക്കാന്‍ പിടിക്കുന്നതിലാണോ? മാര്‍പാപ്പ പറയുന്നതു പോലെ പ്രേഷിതോന്മുഖമാവട്ടെ നമ്മുടെ അജപാലന ശൈലി. വൈകുന്നേരങ്ങളില്‍ കാലന്‍കുടയുമായി കുഞ്ഞുങ്ങളോടും കൂട്ടുകാരോടും വഴിയോരക്കാഴ്ചകളോടും കുശലം പറഞ്ഞു ഇടവകയിലെ ഇടവഴികളിലൂടെ നടന്നു നീങ്ങുന്ന വികാരിയച്ചനെ കൊതിക്കുന്ന അല്മായരുണ്ടിവിടെ. പിരിവിനുവേണ്ടിയല്ലാതെയും കുടുംബങ്ങളിലേക്കു സ്നേഹിതനായും സാന്ത്വനമായും കടന്നുവന്നു കട്ടന്‍ചായ കുടിക്കാന്‍ മനസുള്ള വികാരിയച്ചന്മാര്‍ക്കു ജനങ്ങളുടെ ഹൃദയത്തിലാണ് ഇടം. ഈ ഗണത്തില്‍പ്പെടുത്താവുന്ന മെത്രാന്മാരും വൈദികരും സന്യസ്തരും കേരളസഭയില്‍ ഏറെയുണ്ടെന്നത് അഭിമാനകരമാണ്.
കുടുംബം
വലിയ പള്ളികളും ഇടവകയുടെ ആഘോഷങ്ങളും കേമമായപ്പോള്‍, കുടുംബങ്ങളിലേക്കിറങ്ങാന്‍ നമ്മുടെ അജപാലനപദ്ധതികള്‍ മറന്നുപോകുന്നുണ്ടോ? കുടുംബങ്ങള്‍ക്കു വേണ്ടി 2014- ലും 2015-ലും മാര്‍പാപ്പ ആഗോള സിനഡുകള്‍ വിളിച്ചുചേര്‍ത്തു. നാടൊട്ടുക്കു പഠനപരമ്പരകള്‍ തന്നെയുണ്ടായി. ഈ വര്‍ഷം നടന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ മുഖ്യചിന്താവിഷയവും കുടുംബങ്ങളുടെ സാക്ഷ്യം എന്നതായിരുന്നു. ഗാര്‍ഹികസഭയായ കുടുംബങ്ങളുടെ വര്‍ത്തമാനവും ഭാവിയും സഭ അത്രമേല്‍ ഗൗരവമായി പഠനവിധേയമാക്കുന്നുവെന്നതിന്‍റെ സൂചനകളാണിത്. കുടുംബങ്ങളില്ലാതെ സഭയില്ലെന്നു വത്തിക്കാന്‍ പ്രബോധനങ്ങളും മാര്‍പാപ്പമാരും നിരന്തരം ഓര്‍മപ്പെടുത്തുമ്പോഴും, ഇക്കാര്യത്തില്‍ കൃത്യമായ ചുവടുവയ്പുകള്‍ നടത്തേണ്ട പ്രാദേശികസഭകള്‍ അര്‍ഹിക്കുന്ന ഗൗരവം അതിനു നല്‍കിയിട്ടുണ്ടോ?
കാരുണ്യവര്‍ഷത്തിന്‍റെ ഔ ദ്യോഗിക സമാപനദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച കരുണയും ദുരവസ്ഥയും! (ങശലെൃശരീൃറശമ ലേ ങശലെൃമ) എന്ന അപ്പസ് തോലിക ലേഖനത്തിലും കുടുംബകേന്ദ്രീകൃതമായ അജപാലന ശുശ്രൂഷയെക്കുറിച്ചു പറയുന്നു. കുടുംബത്തെ ശക്തിപ്പെടുത്തുന്നതിലും ഒരു കരുണാവേദിയാക്കി വളര്‍ത്തിയെടുക്കുന്നതിലും വൈ ദികരുടെ ഉത്തരവാദിത്വം വലുതാണ്. ഒരാളെപ്പോലും ഒഴിവാക്കാ തെ ഓരോരുത്തരെയും, ദൈവജനകൂട്ടായ്മയില്‍ ഉള്‍ച്ചേര്‍ക്കാനുതകുന്ന ആത്മീയശ്രദ്ധയും ജാഗ്രത യും വിവേചനവും അവര്‍ പുലര്‍ ത്തണം. സാന്നിധ്യത്തിന്‍റെ നിശബ്ദതപോലും സൗഖ്യദായകമാണെന്നും മാര്‍പാപ്പ വിശദീകരിക്കു ന്നു. കാരുണ്യവര്‍ഷത്തിന്‍റെ കൊടിയിറക്കി, കരുണയുടെ വാതിലുകള്‍ അടച്ചു, ജയ് ജയ് ക്രിസ്തുരാജന്‍ വിളിച്ച് കാര്യങ്ങളെല്ലാം ശുഭമാക്കിയ നമ്മോടു, കാരുണ്യത്തോടകന്നു വീണ്ടും കഠിനഹൃദയരാവരുതെന്നുകൂടി മാര്‍പാപ്പയുടെ വാക്കുകളില്‍ വായിക്കാം.
സഭയുടെ കുടുംബപ്രേഷിത ശുശ്രൂഷകളില്‍ ആവശ്യമായ പരിശീലനങ്ങളോടെ അല്മായരെ ഉള്‍പ്പെടുത്തുന്നത് ഉചിതമാകും. കുടുംബങ്ങളെ അനുധാവനം ചെയ്യാനുള്ള ശുശ്രൂഷയ്ക്ക് പ്രായോഗികജീവിതത്തിന്‍റെ ഉള്ളും ഉള്ളതും അറിഞ്ഞവര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകുമെന്നതിന് നല്ല ഉദാഹരണങ്ങളുമുണ്ട്. സഭയോടു സ്നേഹവും മിഷനറി മനോഭാവവും ഉള്ളിലുറച്ച അല്മായരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും നാം വൈകുന്നതെന്തിന്? അല്മായരെ രണ്ടാമത്തെയോ മൂന്നാമത്തെയോ അതിനൊക്കെ പിന്നിലെയോ നിരകളിലേക്കു മാറ്റിനിര്‍ത്തേണ്ട കാലം കഴിഞ്ഞു. തികഞ്ഞ വിശ്വസ്തതയോടെ അവരുടെ കരങ്ങളില്‍ കേരളസഭയ്ക്കു മുറുകെപ്പിടിക്കാം.
പൊതുബോധം
പിറവിയുടെ 60 ആഘോഷിക്കുന്ന വര്‍ത്തമാനകാല കേരളത്തില്‍ കേരളസഭ എന്ന വിശാല മായ വേദിക്ക്, അതിന്‍റെ പൂര്‍ണ മായ അര്‍ഥത്തില്‍ ഒരിടം അടയാളപ്പെടുത്താന്‍ സാധിക്കുന്നുവോ എന്ന ആശങ്കയും അസ്ഥാനത്ത ല്ല. കുടുംബവിചാരവും ഇടവകവികാരവും നമുക്കുണ്ട്, രൂപതാ കൂട്ടായ്മയിലും നാം മോശമല്ല. റീത്തുകളുടെ വൃത്തങ്ങള്‍ക്കുള്ളി ലും നാം ഉറക്കെ ശബ്ദം മുഴക്കുന്നു. അതിനപ്പുറത്തു കേരളസഭയുടെ പൊതുവികാരമായി നാം ഇന്നു കേരളത്തിനു മുന്നില്‍ വയ്ക്കുന്നതെന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ നമുക്ക് ഉത്തരം മുട്ടുമോ? ഭിന്നിപ്പിച്ചു ഭരിക്കുന്നവരുടെ പിന്മുറക്കാര്‍ രാജ്യത്തിന്‍റെ അധികാരസോപനങ്ങളിലെന്നുമുണ്ടാകും. സമുദായദിനാചരണങ്ങളും പ്രശ്നാധിഷ്ടിതമായ ഇടപെടലുകളും നടത്തി നാം നമ്മുടെ വലിയ സാധ്യതകളുടെ അതിരുകള്‍ ചുരുക്കുന്നുണ്ടോ? കെസിബിസിയുടെ ആസ്ഥാനമായ പിഒസിയുടെ മതില്‍ക്കെട്ടിനു പുറത്തും കേരളസഭയുടെ സംഗീതം ഒരേ താളത്തില്‍ ഉറക്കെ ആലപിക്കപ്പെടട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org