അരിയുണ്ടാക്കുന്നവരും അരിക്കുണ്ടാക്കുന്നവരും

അരിയുണ്ടാക്കുന്നവരും അരിക്കുണ്ടാക്കുന്നവരും

-അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

തീരപ്രദേശത്ത് ഒരു പാവപ്പെട്ട മുക്കുവന്‍ കുടില്‍ കെട്ടാനൊരുങ്ങിയാല്‍ പരിസ്ഥിതി ആഘാതം! കിഴക്കന്‍ മേഖലയില്‍ ഒരു പാവപ്പെട്ട കൃഷിക്കാരന്‍ മണ്ണിളക്കി കൃഷിപ്പണി ചെയ്താല്‍ പരിസ്ഥിതി ലോലമേഖലയുടെ തകര്‍ച്ച! റോഡരുകില്‍ വേരു ചീഞ്ഞു നില്ക്കുന്ന ഒരു മരം മുറിച്ചു മാറ്റിയാല്‍ പരിസ്ഥിതിയുടെ സര്‍വനാശം! ഇങ്ങനെയൊക്കെ ആക്രോശിക്കുന്ന ഇവര്‍, ബഹുരാഷ്ട്ര മുതലാളിമാര്‍ ചെയ്യുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചു വാ തുറക്കാറില്ല.

ലോകത്തുള്ള അദ്ധ്വാനവര്‍ഗത്തെ നമുക്കു രണ്ടായി തിരിക്കാം. അരി (ഭക്ഷണം) ഉണ്ടാക്കുന്നവരും അരിക്ക് (ഭക്ഷണത്തിന്) വേണ്ടി അദ്ധ്വാനിക്കുന്നവരും. അതായതു കൃഷിയും അതിനോടനുബന്ധമായതോ അതിന് ഉപയുക്തമായതോ ആയ തൊഴിലുകള്‍ ചെയ്യുന്നവരും കൃഷിയുമായി ബന്ധമില്ലാത്ത തൊഴിലുകള്‍ ചെയ്യുന്നവരും. എങ്കിലും ചില തൊഴിലുകള്‍ പരസ്പരം ബന്ധപ്പെട്ടുമിരിക്കും. സേവന, വിനോദ, മാധ്യമ, ട്രേഡ് യൂണിയന്‍ രാഷ്ട്രീയമേഖലകള്‍ രണ്ടാമത്തെ ഗണത്തില്‍പെടുന്നവയാണ്.

കാര്‍ഷികമേഖലയുടെ പ്രാധാന്യം
വരമ്പുയര്‍ന്നാല്‍ ജലമുയരും ജലമുയര്‍ന്നാല്‍ ഞാറുയരും ഞാറുയര്‍ന്നാല്‍ വിളവുയരും വിളവുയര്‍ന്നാല്‍ നാടുയരും.
കാര്‍ഷിക സംസ്കൃതിയുടെ മുദ്രാവാക്യമായി പല നാടുകളിലും വിളങ്ങിനിന്നിരുന്ന ഒരു കവിതാശകലമാണു മേലുദ്ധരിച്ചത്. നാടിന്‍റെ സമൃദ്ധി കൃഷിയെ ആശ്രയിച്ചിരുന്ന കാലം. ലോകമെങ്ങും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തില്‍ കാര്‍ഷികവൃത്തി വളരെ പ്രാധാന്യമുള്ള ഒ ന്നായിരുന്നു. പോസ്റ്റ് ഗ്രാജുവേഷന്‍ ഡിഗ്രിയുള്ളവര്‍പോലും പാടത്തു കാള പൂട്ടുന്നത് എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കൃഷി ചെയ്യുന്നത് അന്തസ്സായും കുടുംബച്ചെലവിനുള്ള അരി സ്വന്തം പാടത്തുനിന്നും ലഭിക്കുമെന്നു പറയുന്നത് അഭിമാനമായും കരുതിയിരുന്ന ഒരു തലമുറ അന്നുണ്ടായിരുന്നു. കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു സാമാന്യം ന്യായമായ വിലയും ലഭിച്ചിരുന്നു. കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ലാണെന്ന് എല്ലാവരും അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

കാര്‍ഷികമേഖലയുടെ അപചയം:
എന്നാല്‍ കഴിഞ്ഞകുറേ ദശാബ്ദങ്ങളായി കാര്‍ഷികമേഖലയില്‍ നിന്നും ജനങ്ങള്‍ അകറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. "നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ" എന്നു പാടിയവരും ട്രാക്ടറുകള്‍ പോലുള്ള യന്ത്രങ്ങള്‍ ഉപ്പിട്ടു തകര്‍ത്തവരുമൊക്കെ സൃഷ്ടിച്ച പുതിയ സംസ്കാരങ്ങളും അനിയന്ത്രിതമായതും ഉത്പന്ന വിലയുമായി യാതൊരു പൊരുത്തമില്ലാത്തതുമായ കൂലിച്ചെലവുകളും കാര്‍ഷികോത്പന്നങ്ങള്‍ക്കു കാലോചിതമായ വില ഇല്ലാതായതും ജനങ്ങളെ കാര്‍ഷികമേഖലയില്‍ നിന്നും അകറ്റി. എത്ര കൂലി കൊടുത്താലും കൃഷിപ്പണിക്കുമാത്രം ആളെ കിട്ടാനില്ലാത്ത അവസ്ഥയും കൃഷി ഏറ്റവും മോശമാണെന്ന രീതിയിലുള്ള രാഷ്ട്രീയക്കാരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ കൃഷികള്‍ ഒന്നൊന്നായി നാടുനീങ്ങി. രണ്ടു മക്കള്‍ ഉണ്ടായാല്‍ വളര്‍ത്തി എങ്ങനെയും വിദേശത്തേയ്ക്കു കയറ്റി അയയ്ക്കുക എന്നുള്ളത് ഏക രക്ഷാമാര്‍ഗമായി. "പണം ദുബായീന്ന്, അരി ആന്ധ്രയില്‍ നിന്ന്, പച്ചക്കറി പൊള്ളാച്ചിയില്‍ നിന്ന്, പാലു പോത്തന്നൂരില്‍ നിന്ന്. പിന്നെ നമുക്കെന്തിനു പുഞ്ചപ്പാടം" എന്നുള്ള പ്രസിദ്ധമായ വരികള്‍ കവി എഴുതാനിടയായത് അതുകൊണ്ടാണല്ലോ. ഇതിന്‍റെയെല്ലാം ഫലമായി കേരളീയര്‍ സുഖസൗകര്യങ്ങളുടെ നടുവില്‍ വിയര്‍പ്പൊഴുക്കാതെ മടിയന്മാരായി മാറി. അരിക്ക് ഉണ്ടാക്കുന്നവര്‍ അരിയുണ്ടാക്കുന്നവരുടെ മേല്‍ അധീശത്വം നേടി എന്നുള്ളതാണു നമ്മുടെ കാലത്തു കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം. ചെപ്പടിവിദ്യകള്‍കൊണ്ടു സമ്പാദിക്കുന്നവര്‍ സമൂഹത്തിന്‍റെയും അധികാരത്തിന്‍റെയും തലപ്പത്തു വന്നു. പക്ഷേ, ഇതിന്‍റെയെല്ലാം ബോണസ്സായി ഇന്നു കാന്‍സറും മറ്റു മാരകരോഗങ്ങളും മാറാരോഗങ്ങളും കേരളത്തെ കീഴടക്കിക്കഴിഞ്ഞു.

ഇന്നത്തെ അവസ്ഥ
a) അന്യസംസ്ഥാന തൊഴിലാളികള്‍: നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിന്നും ലോകത്തിലുള്ള ഏതാണ്ട് 200-ലധികം രാജ്യങ്ങളിലേക്കും അതുപോലെ വിശാലമായ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും എല്ലാംകൂടി ജോലി തേടിപോയിരിക്കുന്നവര്‍ ഏതാണ്ട് 35 ലക്ഷമെന്നാണു കണക്ക്. എന്നാല്‍ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി ഈ കൊച്ചു സംസ്ഥാനത്തേയ്ക്കു വന്നിരിക്കുന്നവരും ഏതാണ്ട് 35 ലക്ഷംതന്നെയാണ്. ഈ ഒരൊറ്റക്കാര്യം മാത്രം മതി നമ്മുടെ നാട് അഭിമുഖീകരിക്കാന്‍ പോകുന്ന സാമൂഹ്യപ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാന്‍. മാത്രവുമല്ല കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ ജ്ജനം ചെയ്ത പല മഹാവ്യാധികളും ഇവരിലൂടെ കേരളത്തിലേക്കു തിരിച്ചുവരുന്നുവെന്നതും ഗുരുതരപ്രശ്നം തന്നെയാണ്.
b) ആഹാരം: എന്തെങ്കിലും ഒരു ഭക്ഷണസാധനം ഇന്നു മായമില്ലാത്തതായി നമുക്കു ലഭിക്കുന്നില്ല. അരിയില്‍ അനുവദനീയമായതിന്‍റെ ആയിരം ഇരട്ടിയും ഗോതമ്പില്‍ ആയിരത്തഞ്ഞൂറ് ഇരട്ടിയും കീടനാശിനികള്‍ കലര്‍ന്നിട്ടുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കു വരുന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയിലെ കീടനാശിനികളുടെ അളവ് അതിഭീകരമാണ്. രാസവളങ്ങള്‍ നല്കി കൊഴുപ്പിച്ച്, കീടനാശിനികളില്‍ മുക്കി, കാണാന്‍ ചന്തത്തില്‍ കടകളില്‍ വച്ചിരിക്കുന്ന ഈ ആഹാരസാധനങ്ങള്‍ അത് ഏതു തരത്തിലുള്ളതാണെന്നു (കേരള സ്പെഷ്യല്‍) അറിഞ്ഞുകൊണ്ടുതന്നെ അലസനായ മലയാളി വാങ്ങിക്കഴിക്കുന്നു.
c) പരിസ്ഥിതി തീവ്രവാദികളും പരിസ്ഥിതി ഉന്മൂലനവാദികളും: ഏതൊരു നല്ല കര്‍ഷകനും നല്ല ഒരു പരിസ്ഥിതി സംരക്ഷനുമായിരിക്കും. എന്നാല്‍ കേരളത്തിലെ കര്‍ഷകരെ മേല്പറഞ്ഞ രണ്ടു വിഭാഗം ചൂഷകരും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ കുന്നുകളും മലകളും ഇടിച്ചു തീര പ്രദേശങ്ങളിലെ വയലേലകളും നീര്‍ത്തടങ്ങളും നികത്തി നിരത്തി നമ്മുടെ നാടിന്‍റെ ഭൂപ്രകൃതിയും ആവാസവ്യവസ്ഥകളും തകര്‍ത്തു തരിപ്പണമാക്കി പണക്കാര്‍ക്കുവേണ്ടി മണിമാളികകളും വിനോദകേന്ദ്രങ്ങളും സുഖവാസ കേന്ദ്രങ്ങളും കെട്ടിപ്പൊക്കുകയും ഭൂമിയുടെ അന്തര്‍ഭാഗം വരെ തുരന്നു കരിങ്കല്ലും മണലും മറ്റും കവരുകയും ചെയ്യുന്ന പരിസ്ഥിതി ഉന്മൂലനവാദികള്‍ കേരളത്തിന്‍റെ കാര്‍ഷികമേഖലയ്ക്ക് ഏല്പിക്കുന്ന ആഘാതം വര്‍ണനാതീതമാണ്. എന്നാല്‍ മറുവശത്തു മറ്റൊരു കൂട്ടര്‍ വിദേശഫണ്ടില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ടു കേരളജനതയെ വിശേഷിച്ചു കര്‍ഷകജനതയെ ശ്വാസം മുട്ടിക്കുന്നു. പരിസ്ഥിതിവാദികള്‍ എന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിശേഷിപ്പിച്ച ഇവരെ 'പോക്കറ്റ് പരിസ്ഥിതിക്കാര്‍' എന്നു വേണമെങ്കില്‍ നമുക്കു വിശേഷിപ്പിക്കാം. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുക മാത്രമേ അവര്‍ക്കു ലക്ഷ്യമുള്ളൂ. തീരപ്രദേശത്ത് ഒരു പാവപ്പെട്ട മുക്കുവന്‍ കുടില്‍ കെട്ടാനൊരുങ്ങിയാല്‍ പരിസ്ഥിതി ആഘാതം! കിഴക്കന്‍ മേഖലയില്‍ ഒരു പാവപ്പെട്ട കൃഷിക്കാരന്‍ മണ്ണിളക്കി കൃഷിപ്പണി ചെയ്താല്‍ പരിസ്ഥിതി ലോലമേഖലയുടെ തകര്‍ച്ച! റോഡരുകില്‍ വേരു ചീഞ്ഞു നില്ക്കുന്ന ഒരു മരം മുറിച്ചു മാറ്റിയാല്‍ പരിസ്ഥിതിയുടെ സര്‍വനാശം! ഇങ്ങനെയൊക്കെ ആക്രോശിക്കുന്ന ഇവര്‍, ബഹുരാഷ്ട്ര മുതലാളിമാര്‍ ചെയ്യുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചു വാതുറക്കാറില്ല. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. കിഴക്കന്‍ മലയോര മേഖലകളിലെ ജനങ്ങളെ പരിസ്ഥിതിയുടെ മറവില്‍ ഗാഡ്ഗിലിന്‍റെയും കസ്തൂരിരംഗന്‍റെയും ലേബലില്‍ വന്യമൃഗങ്ങളെ ഉപയോഗിച്ചു നിഷ്കാസനം ചെയ്യാനും അവിടം ബഹുരാഷ്ട്ര മുതലാളിമാര്‍ക്ക് ഏല്പിച്ചു സഹായിക്കാനുമുള്ള ഗൂഢപദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ 'പോക്കറ്റ് പരിസ്ഥിതിക്കാര്‍' മദ്ധ്യകേരളത്തിന്‍റെ പരിസ്ഥിതിയും ജനജീവിതവും ആകെ തകിടം മറിക്കാന്‍ പോന്ന പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജനത്തെപ്പറ്റി ഒരക്ഷരംപോലും പറഞ്ഞു കേള്‍ക്കുന്നില്ല. ബഹുമാനപ്പെട്ട റെന്നി പരുത്തിക്കാട്ടില്‍ സിഎസ്ടി എഴുതിയ ലേഖനം നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ് (സത്യദീപം, പുസ്തകം 89, ലക്കം 40, മേയ് 19-26).
d) ആരോഗ്യരംഗം: കേരളത്തിലെ ന്യൂ ജനറേഷന്‍ തലമുറ ഇപ്പോള്‍ പിഎച്ച്ഡിക്കാര്‍ ആയിരിക്കുന്നുവെന്നു ചിലര്‍ തമാശ പറയുന്നതു കേള്‍ക്കുന്നുണ്ട് (P = പ്രഷര്‍, H = ഹാര്‍ട്ട്, D = ഡയബറ്റിക്സ്). ഇതു കൂടാതെ കേരളത്തില്‍ ജനിച്ചാല്‍ പതിനഞ്ചോ ഇരുപതോ ഭിന്നശേഷിക്കാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1000 കുട്ടികളില്‍ 58 പേര്‍ ഭിന്നശേഷിക്കാര്‍ എന്ന ഭീതിദമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴകി ചീഞ്ഞ മാംസവും അമോണിയ, ക്ലോറിന്‍, ഫോര്‍മലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ചു സൂക്ഷിക്കുന്ന പുരാതന മത്സ്യങ്ങളുമൊക്കെയാണു കേരളത്തില്‍ വിറ്റഴിക്കുന്നത്. ശുദ്ധമായ മരുന്നുകള്‍ ചേര്‍ന്ന ആയുര്‍വേദ മരുന്നുകള്‍ പോലും ലഭ്യമല്ല. അതിഭീമമായ ചികിത്സാചെലവുകൊണ്ടു ദരിദ്രരാകുന്നവര്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ 6.3 കോടി കുടുംബങ്ങള്‍ ഈ വിധത്തില്‍ ദരിദ്രരായിയെന്നു കേന്ദ്രമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചിരിക്കുന്നു. വിദേശത്തു പോയി ദശാബ്ദങ്ങളോളം അദ്ധ്വാനിച്ചുണ്ടാക്കിയത് ഒറ്റത്തവണ ആശുപത്രി ചികിത്സകൊണ്ടു തീരുന്ന അനുഭവങ്ങള്‍ വിരളമല്ല. വിദേശത്തു ജോലി തേടിപ്പോകുന്നവരില്‍ ധാരാളം പേര്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നതിലുള്ള ദുരഭിമാനം മൂലം അന്യനാട്ടില്‍ 'ആടുജീവിതം' നയിക്കാന്‍ പോകുന്നവരുമാണ്.
എന്താണു പ്രതിവിധി?
സാദ്ധ്യമായ എല്ലാവരും കൃഷിയിലേക്കു മടങ്ങുകയും കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുകയും ചെയ്യുക എന്നതാണു ശരിയായ പ്രതിവിധി. ദൈവം മനുഷ്യനെ ഏല്പിച്ച ജോലി കൃഷി ചെയ്യുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു (ഉത്പ. 2:15). എന്നാല്‍ മനുഷ്യന്‍ ചെയ്തത് എന്താണ്? 'ആ വൃക്ഷത്തിന്‍റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്നു കണ്ടപ്പോള്‍ (ഉത്പ. 3:16) മനുഷ്യന്‍ ദൈവകല്പന മറന്നു. അതായത് ആസ്വാദ്യവും കൗതുകകരവും അഭികാമ്യവും എന്നു കാണുന്നതിന്‍റെ പിന്നാലെ കേരളീയര്‍ പോയതുകൊണ്ട് ഇന്നു നമ്മുടെ ഓരോ ഗ്രാമത്തിലും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അത്യാവശ്യമാണെന്ന അവസ്ഥ സംജാതമായിരിക്കുന്നു. പറുദീസയില്‍ നിന്നു പുറത്താക്കിയപ്പോള്‍പോലും മനുഷ്യന്‍റെ ആരോഗ്യം നിലനില്ക്കണമെന്നു ദൈവം ആഗ്രഹിച്ചു. "നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും" (ഉത്പ. 3:19) എന്നു ദൈവം കല്പിച്ചു. എപ്പോഴാണു നെറ്റി വിയര്‍ക്കുന്നത്? നന്നായി അദ്ധ്വാനിക്കുമ്പോള്‍. അപ്പോള്‍ എന്തു സംഭവിക്കും? നമ്മുടെ പേശികളിലും രക്തത്തിലുമുള്ള അനാവശ്യമായ ലവണങ്ങളും മറ്റു മാലിന്യങ്ങളും പുറത്തു പോകും. ശരീരം ആരോഗ്യമുള്ളതാകും. അതിനല്ലേ കളികള്‍ എന്നു ചോദിക്കുന്നവരുണ്ടാകാം. കളിക്കുമ്പോള്‍ ശരീരം വിയര്‍ക്കില്ലേ? പക്ഷേ, കൃഷിപ്പണികള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും മറ്റൊന്നിനും പകരം വയ്ക്കാന്‍ കഴിയുന്നതല്ല. പേരക്കിടാവിനെ വാത്സല്യത്തോടെ ലാളിക്കുന്ന മുത്തച്ഛനും മുത്തശ്ശിക്കും ലഭിക്കുന്ന നിര്‍വൃതിപോലെയാണു സ്വന്തം തൊടിയില്‍ നില്ക്കുന്ന വിളകളെ പരിപാലിക്കുകയെന്നുള്ളത്. ആരോഗ്യവും ആദായവും പ്രതിഫലമാ യി ലഭിക്കുന്നു.
കാര്‍ഷിക കേരളം നേരിടുന്ന വെല്ലുവിളികള്‍: ഇക്കാലത്തു കൃഷിയിലേക്കിറങ്ങിയാല്‍ വെല്ലുവിളികള്‍ ഏറെയാണ്. ജോലിക്കാരെ കിട്ടാനില്ല; കൂലി കൂടുതല്‍, കൃഷിക്കു രോഗങ്ങള്‍, കീടങ്ങള്‍, ഉത്പന്നങ്ങള്‍ക്കു വിലയില്ല, നല്ല വിത്തുകള്‍ കിട്ടാനില്ല, വളങ്ങള്‍, കീടനാശിനികള്‍ എന്നിവ ലഭിക്കാതിരിക്കുക. ഇങ്ങനെ ധാരാളം പ്രശ്നങ്ങള്‍. ഇതിനെല്ലാമുപരിയായി വികസനമെന്ന ചോക്ലേറ്റ് മിഠായി കാണിച്ച് ഇന്നു കേരളത്തിലെ കര്‍ഷകരുടെ ഭൂമിയെല്ലാം ബഹുരാഷ്ട്രകുത്തകള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. അതിനാല്‍ സഭാനേതൃത്വം ശരിയായ വഴി കാണിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
കൃഷി ലാഭകരമാക്കുവാന്‍:
1. പ്രധാനമായും സ്വന്തമായി അദ്ധ്വാനിക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകണം. ഇടത്തരം, നാമമാത്ര കര്‍ഷകര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ജോലിക്കാരെ കിട്ടാനില്ല എന്ന പ്രശ്നം കുറേയേറെ പരിഹരിക്കാം. മുന്‍കാലങ്ങളില്‍ കുറച്ചു കൃഷിക്കാര്‍ സഹകരണാടിസ്ഥാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പണി ചെയ്തു തീര്‍ക്കുന്ന രീതിയുണ്ടായിരുന്നു. അതു തുടരുക.
2. ആധുനിക സാങ്കേതിക വിദ്യകളും ശാസ്ത്രീയ അറിവുകളും കൃഷിയില്‍ ആവുന്നത്ര ഉപയോഗിക്കുക. ഒരു എളിയ അഭിപ്രായം – ഇപ്പോള്‍ ആഘോഷങ്ങള്‍ക്കു ഫോട്ടോയെടുക്കാന്‍ ഉപയോഗിക്കുന്ന ഹെലിക്യാം എന്ന ഡ്രോണ്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തിയാല്‍ കൃഷിയിടങ്ങളില്‍ മരുന്നും മറ്റും തളിക്കാന്‍ ഉപയോഗിക്കാമല്ലോ. ഇത് ഒരു ഉദാഹരണമായി പറഞ്ഞുവെന്നു മാത്രം.
3. ഇന്നു സര്‍ക്കാരിന്‍റെ കൃഷിവകുപ്പില്‍ നിന്നു ലഭിക്കുന്ന വിത്തുകളും തൈകളും മിക്കപ്പോഴും പ്രയോജനരഹിതമാണ്. നല്ല വിശ്വാസ്യതയും ഉത്തരവാദിത്വവുമുള്ള നടീല്‍വസ്തുക്കള്‍ ലഭ്യമാക്കാന്‍ സഭ മുന്‍കയ്യെടുക്കണം.
4. വിലയിടിവു തടയുക. കര്‍ഷകരെ സര്‍ക്കാരും കച്ചവടക്കാരും ഏറ്റവും കൂടുതല്‍ വഞ്ചിക്കുന്നത് ഉത്പന്നങ്ങള്‍ക്കു ന്യായവില ലഭ്യമാക്കാതിരിക്കുക എന്നതിലൂടെയാണ്. അതിനുള്ള പരിഹാരം കാര്‍ഷികവിളകള്‍കൊണ്ടു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്. കേരളത്തിലെ ഓരോ തരി മണ്ണും അമൂല്യമാണ് എന്ന 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിട്ടുള്ളതു നമ്മള്‍ മനസ്സിലാക്കണം. ഇവിടത്തെ മണ്ണില്‍ വിളയുന്നവ ഏറ്റവും ഗുണമേന്മയുള്ളവയാണ് – പ്രയോജനപ്രദമാണ്. അത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മള്‍ വഴികള്‍ കണ്ടുപിടിക്കണം. കപ്പയും വാഴക്കയും ചക്കയും മാങ്ങയും പൈനാപ്പിളും കൊക്കോയും ഏലവും ജാതിക്കയും വാനിലയും ഗ്രാമ്പൂവുമൊക്കെ ധാരാളം വിളയുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ചു ചോക്ലേറ്റ്, ബിസ്കറ്റ് തുടങ്ങിയവയൊന്നും നമ്മള്‍ കാര്യമായി ഉണ്ടാക്കുന്നില്ല. വെളിച്ചെണ്ണയില്‍ നല്ലപോലെ ഉണക്കിയെടുത്ത അല്പം റബര്‍ ഷീറ്റ് ലയിപ്പിച്ചുചേര്‍ത്താല്‍ മോട്ടോര്‍ വാഹനങ്ങളില്‍ എന്‍ജിന്‍ ഓയിലായി ഉപയോഗിക്കാമല്ലോ. റബറിനും വെളിച്ചെണ്ണയ്ക്കും വിപണിയായി. വെളിച്ചെണ്ണയും സൂര്യകാന്തിയെണ്ണയും നല്ലപോലെ ഉണങ്ങിയ റബറും ശരിയായ അനുപാതത്തില്‍ ചേര്‍ത്തെടുത്താല്‍ ജൈവഡീസല്‍ ലഭിക്കുമോയെന്നു പരീക്ഷിക്കേണ്ടതാണ്. അതുതന്നെ ഡിസ്റ്റില്‍ ചെയ്തെടുത്താല്‍ പെട്രോള്‍ ലഭിക്കുമോയെന്നും ശ്രമിക്കേണ്ടതാണ് വാഴയിലയും അതുപോലെ ഉപയോഗയോഗ്യമായ ഇലകളും ഏലയ്ക്കാ ഉണക്കുന്ന രീതിയില്‍ ഉണക്കി പേപ്പറില്‍ ഒട്ടിച്ചു മോള്‍ഡ് ചെയ്തെടുത്താല്‍ സദ്യയ്ക്കും മറ്റും ഉപയോഗിക്കാമല്ലോ. നാട്ടില്‍ സുലഭമായ പാളയും തെങ്ങിന്‍റെ ഓല മെടഞ്ഞതും ഉള്ളിച്ചാക്കും ഉപയോഗിച്ചു നല്ല ജൈവ ഗ്രോ ബാഗുകള്‍ ഉണ്ടാക്കാമല്ലോ. വീട്ടിലുണ്ടാകുന്ന മാലിന്യത്തില്‍ മണ്ണിരകളെ വളര്‍ത്തിയെടുത്താല്‍ സസ്യങ്ങള്‍ക്കു നല്ല വളവും മീന്‍കുളത്തിലെ മീനുകള്‍ക്ക് ഒന്നാന്തരം ഭക്ഷണവുമാകും. നല്ല മത്സ്യങ്ങളെ നമുക്ക് ആഹാരമാക്കാമല്ലോ. ഇങ്ങനെ നോക്കിയാല്‍ എണ്ണിയാലൊടുങ്ങാത്ത മാര്‍ഗങ്ങള്‍ കൃഷി ലാഭകരമാക്കാന്‍ നമുക്കു കണ്ടുപിടിക്കാം.
കര്‍ഷകരെ ബഹുമാനിക്കുക:

നമ്മുടെ രാജ്യത്തു ധാരാളം ബഹുമതികള്‍ ഉണ്ടെങ്കിലും കര്‍ഷകരെ ശരിയായ വിധത്തില്‍ ആദരിക്കുന്നതും 'പത്മ'പോലെയുള്ള ഉന്നത ബഹുമതികള്‍ യഥാര്‍ത്ഥത്തില്‍ നല്കേണ്ടതും കര്‍ഷകര്‍ക്കാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കളക്ടര്‍മാരുടെ മുമ്പില്‍ നേരിട്ട് അവതരിപ്പിക്കാനും പരിഹാരം നേടുവാനും സൗകര്യം ഉണ്ടാക്കണം. വാര്‍ദ്ധക്യത്തില്‍ സ്വന്തം കാലില്‍ നില്ക്കുവാനുള്ള പെന്‍ഷന്‍ നല്കാന്‍ നടപടിയുണ്ടാകണം.
കൃഷിഭൂമികള്‍ സംരക്ഷിക്കാന്‍ പോരാടുക:

ഇന്നു നമ്മുടെ നാട്ടില്‍ കൃഷിഭൂമികള്‍ ഓരോരോ പേരുകള്‍ പറഞ്ഞു തട്ടിയെടുക്കുകയും പിന്നീട് ഒരിക്കലും കൃഷിഭൂമിയാക്കാന്‍ പറ്റാത്ത വിധത്തില്‍ വലിയ നിര്‍മിതികള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണിവ. കേരളത്തില്‍ ദേശീയപാത നാലുവരിയായിട്ടുള്ളതു തൃശൂര്‍ മുതല്‍ ചേര്‍ത്തല വരെ മാത്രമാണ് (കേവലം 149 കി.മീറ്റര്‍). ഈ ദേശീയപാത തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നാലുവരിയാക്കുകയോ നിലവിലുള്ള റെയില്‍വേ ലൈന്‍ ഇരിട്ടിപ്പിച്ചു ഗതാ ഗതം സുഗമമാക്കുകയോ ചെയ്യാതെയാണു കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ പുതിയ അതിവേഗ റെയില്‍പ്പാതയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്.
സഭയ്ക്കു ചെയ്യാവുന്നത്
കുടുംബ യൂണിറ്റുകള്‍ വഴി കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കുകയും ഇടവകതലത്തില്‍ കാര്‍ഷിക പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുകയും ഓരോ പ്രദേശത്തിനും പറ്റിയ പ്രതിവിധികള്‍ കണ്ടുപിടിക്കുകയും ചെയ്യണം. പ്രാദേശികമായിട്ടുണ്ടാകുന്ന വിളവുകള്‍ എന്തൊക്കെയെന്നു മനസ്സിലാക്കി അവ ഓരോന്നും കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഏതൊക്കെയെന്നും കൂട്ടായി ചര്‍ച്ച ചെയ്തു കണ്ടുപിടിക്കണം. കര്‍ഷകരെ അതിനു പ്രോത്സാഹിപ്പിക്കണം. സര്‍ക്കാരിലേക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും നോക്കിയിരുന്നാല്‍ നിരാശയായിരിക്കും ഫലമെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം.
അഭി. റെമീജിയോസ് പിതാവിന്‍റെയും ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെയും ബഹുമാനപ്പെട്ട പീലിയാനിക്കല്‍ അച്ചന്‍റെയും റെന്നി പരുത്തിക്കാട്ടില്‍ സിഎസ്ടിയുടെയും മറ്റും ശബ്ദങ്ങളെ ഏകോപിപ്പിച്ചു കര്‍ഷകരെ രക്ഷിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം കര്‍ഷകര്‍ (അരിയുണ്ടാക്കുന്നവര്‍) എന്നുള്ള ജനവിഭാഗം ഈ നാട്ടില്‍നിന്നും തുടച്ചുനീക്കപ്പെടുമെന്നു മാത്രമല്ല ഈ കേരളം അധികം താമസിയാതെ മരുഭൂമിയായി മാറുകയും ചെയ്യും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org