സയൻസും ദൈവവും തമ്മിൽ ‘അടി’ തുടങ്ങിയത് എപ്പോഴാ?

ഗലീലിയോയും ന്യൂട്ടനും സീൻ മാറ്റിയ കഥ!
സയൻസും ദൈവവും തമ്മിൽ
‘അടി’ തുടങ്ങിയത് എപ്പോഴാ?
Published on

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

ഹായ് ഫ്രണ്ട്‌സ്!

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ സയന്‍സും നമ്മുടെ വിശ്വാസവും എപ്പോഴും ഒരു ടോം & ജെറി കളിപോലെയാണല്ലോ എന്ന്? സയന്‍സ് ഒന്ന് പറയും, വിശ്വാസം മറ്റൊന്ന് പറയും. എവിടെയാണ് ഇതിന്റെ തുടക്കം? ഏകദേശം 17 ഉം 18 ഉം നൂറ്റാണ്ടുകളിലേക്ക് നമുക്കൊന്ന് യാത്ര പോകാം. യൂറോപ്പില്‍ അന്ന് 'ബോധോദയ കാലഘട്ടം' (Enlightenment Period) എന്നറിയപ്പെടുന്ന ഒരു സമയം. അറിവിന്റെ ഒരു വിപ്ലവം നടക്കുന്ന കാലം!

അന്നത്തെ രണ്ട് സൂപ്പര്‍സ്റ്റാറുകളായിരുന്നു ഗലീലിയോയും ന്യൂട്ടനും. അവരുടെ കണ്ടുപിടുത്തങ്ങള്‍ ലോകത്തെ മാറ്റിമറിച്ചു. അതോടെ, സയന്‍സും വിശ്വാസവും തമ്മിലുള്ള ബന്ധത്തിലും ഒരു വലിയ മാറ്റം വന്നു.

ദൈവത്തിന്റെ 'റോള്‍' മാറിയപ്പോള്‍ ഗലീലിയോയുടെയും ന്യൂട്ടന്റെയുമൊക്കെ കാലത്തിന് മുമ്പ്, ആളുകള്‍ ദൈവത്തെ കണ്ടിരുന്നത് നമ്മളെ സ്‌നേഹിക്കുന്ന, നമ്മുടെ കാര്യങ്ങള്‍ നോക്കുന്ന, ഒരു 'സുപ്രീം ഗുഡ്' ആയാണ്. എന്നാല്‍, സയന്‍സ് വളര്‍ന്നപ്പോള്‍ ഈ കാഴ്ചപ്പാട് പതുക്കെ മാറി.

ദൈവം എന്നുപറഞ്ഞാല്‍ ഈ പ്രപഞ്ചം അങ്ങ് 'സ്റ്റാര്‍ട്ട്' ചെയ്ത് കൊടുത്ത ആള്‍ മാത്രമാണെന്നൊരു ചിന്ത വന്നു. അതായത്, ഒരു വലിയ ക്ലോക്ക് ഉണ്ടാക്കി, അതിന് 'കീ' കൊടുത്ത്, പിന്നെ അതിന്റെ പാട്ടിന് വിടുന്ന ഒരാളെപ്പോലെ. ദൈവം വെറുമൊരു 'First Cause' (ആദ്യ കാരണം) ആയി മാറി.

പ്രത്യേകിച്ച്, ന്യൂട്ടന്റെ മെക്കാനിക്‌സ് വന്നപ്പോള്‍ സംഭവം മൊത്തം മാറി. ഈ പ്രപഞ്ചത്തിലെ എന്തിനെയും - ഗ്രഹങ്ങളെയും ആപ്പിളിനെയുമൊക്കെ - ചില നിയമങ്ങള്‍ (matter, motion, force) വച്ച് വിശദീകരിക്കാമെന്ന് വന്നു. അതോടെ, 'എല്ലാം വിശദീകരിക്കാന്‍ സയന്‍സ് മതിയെങ്കില്‍, പിന്നെ ഇവിടെ ദൈവത്തിന് എന്ത് റോള്‍?' എന്ന ചോദ്യം ഉയര്‍ന്നു. സയന്‍സും വിശ്വാസവും തമ്മിലുള്ള ദൂരം കൂടി.

'കൗണ്ടര്‍' അടിക്കാന്‍ നോക്കിയ തിയോളജിയന്‍സ് സയന്‍സിന്റെ ഈ വളര്‍ച്ച കണ്ടപ്പോള്‍ അക്കാലത്തെ ദൈവശാസ്ത്രജ്ഞര്‍ക്കും അച്ചന്മാര്‍ക്കും (Theologians) ചെറിയൊരു പേടി തോന്നി. ആളുകളുടെ ചോദ്യങ്ങളെ നേരിടാന്‍ പറ്റുന്ന, നല്ല 'റാഷണല്‍' ആയ ഒരു വിശ്വാസം വേണമെന്ന് അവര്‍ക്ക് തോന്നി.

അങ്ങനെ അവര്‍ ഒരു പണി തുടങ്ങി: സയന്‍സ് ഉപയോഗിച്ച് തന്നെ ദൈവത്തെ പ്രൂവ് ചെയ്യാന്‍! പ്രകൃതിയിലെ അദ്ഭുതങ്ങള്‍ ചൂണ്ടിക്കാണിച്ച്, 'ഇത്രയും പെര്‍ഫെക്റ്റായി ഇതെല്ലാം ഉണ്ടാക്കിയത് ഒരു സൂപ്പര്‍ ഡിസൈനര്‍ ആയ ദൈവം തന്നെയല്ലേ?' എന്നവര്‍ വാദിച്ചു.

പക്ഷേ, അവിടെയൊരു പ്രശ്‌നം പറ്റി. വ്യക്തിപരമായ, നമ്മളെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ (Personal God), യാതൊരു വികാരങ്ങളുമില്ലാത്ത പ്രകൃതി നിയമങ്ങള്‍ (Impersonal Nature) വച്ച് പ്രൂവ് ചെയ്യാന്‍ നോക്കിയതുപോലെയായി അത്.

സംഭവം 'പാളി'പ്പോയോ?

ഈ ശ്രമത്തിന്റെ ഫലം എന്തായെന്നോ? ആളുകള്‍ ദൈവത്തെ ഒരു സൂപ്പര്‍ ക്രാഫ്റ്റ്‌സ്മാന്‍, ഗംഭീര ആര്‍ക്കിടെക്റ്റ്, അല്ലെങ്കില്‍ ഒരു കോസ്മിക് മാത്തമാറ്റീഷ്യന്‍ ആയി കാണാന്‍ തുടങ്ങി. പ്രപഞ്ചം ഉണ്ടാക്കിയ ഒരു എന്‍ജിനീയര്‍!

എന്നാല്‍, ഈ ബഹളത്തിനിടയില്‍ അവര്‍ ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഖം മറന്നുപോയി - ദൈവം ഒരു രക്ഷകനാണ് (God the Redeemer) എന്ന സത്യം. നമ്മളെ തെറ്റുകളില്‍ നിന്ന് രക്ഷിക്കുന്ന, നമ്മോടൊപ്പം യാത്ര ചെയ്യുന്ന, യേശു നമുക്ക് കാണിച്ചുതന്ന സ്‌നേഹനിധിയായ ദൈവം.

ഈ സമയത്താണ് ആന്റണി കോളിന്‍സ് എന്നൊരു ചിന്തകന്‍ ഒരു തമാശ പറഞ്ഞത്.

അത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ട്രോളായിരുന്നു:

'ദൈവമുണ്ട് എന്ന് പ്രൂവ് ചെയ്യാന്‍ പള്ളിയിലുള്ളവര്‍ ഇത്ര കഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍, ഒരുപക്ഷേ ആരും ദൈവമുണ്ടോ എന്ന് സംശയിക്കുക പോലും ഇല്ലായിരുന്നു!'

അവരുടെ അതിബുദ്ധി കാരണം ആളുകള്‍ക്ക് സംശയം കൂടിയെന്നര്‍ഥം!

അപ്പൊ എന്താ നമ്മള്‍ പഠിക്കേണ്ടത്?

ഈ കഥയില്‍ നിന്ന് ഒരു കാര്യമുണ്ട്. പ്രപഞ്ചം 'എങ്ങനെ' (How) പ്രവര്‍ത്തിക്കുന്നു എന്ന് സയന്‍സ് നമുക്ക് പറഞ്ഞുതരും. എന്നാല്‍ 'എന്തിന്' (Why) എന്ന് പറഞ്ഞുതരുന്നത്

നമ്മുടെ വിശ്വാസമാണ്. രണ്ടും രണ്ടാണ്, രണ്ടിനും അതിന്റെ സ്ഥാനമുണ്ട്.

ദൈവം ഒരു കണക്കോ ഫോര്‍മുലയോ അല്ല, അതൊരു ബന്ധമാണ്. അതുകൊണ്ട്, സയന്‍സും വിശ്വാസവും തമ്മില്‍ എപ്പോഴും 'അടി' കൂടണമെന്നില്ല. രണ്ടും ഒരേ ലോകത്തെക്കുറിച്ച് രണ്ട് തരം ചോദ്യങ്ങള്‍ ചോദിക്കുന്ന കൂട്ടുകാരാണെന്ന് കരുതിയാല്‍ മതി!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org