
താടിക്കാരന്‍
ഗയ്‌സ്!
അങ്ങനെ UCL ഫൈനലോടെ ക്ലബ് ഫുട്‌ബോളിന്റെ കൊട്ടിക്കലാശവും അരങ്ങേറി. എന്നാല്‍ കളിയിലെ ജയപരാജയങ്ങള്‍ക്കപ്പുറം നെഞ്ചില്‍ തൊടുന്ന ഒരു കാഴ്ചയായിരുന്നു പി എസ് ജി (PSG) കോച്ച് ലൂയിസ് എന്റിക്കെയുടെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകള്‍ ഷാന(തമിമ)യുടെയും കഥ.
കളിയില്‍ പി എസ് ജി ജയിച്ചുകയറിയപ്പോള്‍, ഗാലറിയില്‍ ഉയര്‍ന്ന ആ വലിയ ബാനര്‍ ഒരു നിമിഷം എല്ലാവരുടെയും ഹൃദയമിടിപ്പ് കൂട്ടി. അതില്‍ എന്റിക്കെ യുടെ മാലാഖക്കുഞ്ഞ് ഷാനയുടെ ചിത്രമായിരുന്നു. ഒമ്പതാം വയസ്സില്‍ ബോണ്‍ ക്യാന്‍സര്‍ എന്ന വില്ലനോട് നന്നായി പൊരുതി ഈ ലോകത്തോടു വിട പറഞ്ഞ
ആ കുഞ്ഞോമനയുടെ ഓര്‍മ്മയ്ക്കായി ആരാധകര്‍ ഒരുക്കിയ ആ കാഴ്ച എന്റിക്കെയുടെ കണ്ണുനിറച്ചു. 'എനിക്കും എന്റെ കുടുംബത്തിനും ഇത് വളരെ സ്‌പെഷ്യല്‍ ദിവസമാണ്. ഈ വിജയം ഞാന്‍ എന്റെ മകള്‍ ഷാനയ്ക്ക് സമര്‍പ്പിക്കുന്നു. അവള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ കാണുന്നുണ്ടാവും, ഞങ്ങള്‍ക്ക് ജയിക്കാനുള്ള ശക്തി തന്നതും അവളായിരിക്കും.'
പക്ഷേ, ഈ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഇതൊന്നുമല്ല. ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശരിക്കും നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. 'എന്റെ മകളെ ഓര്‍ക്കാന്‍ എനിക്ക് ചാമ്പ്യന്‍സ് ലീഗ് വിജയം ആവശ്യമില്ല. അവള്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്, പ്രത്യേകിച്ച് ഞങ്ങള്‍ തോല്‍ക്കുമ്പോള്‍.'
'നിങ്ങളുടെ മകള്‍ 9-ാം വയസ്സില്‍ മരിച്ചില്ലേ?' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'അല്ല, എന്റെ മകള്‍ 9 മനോഹരമായ വര്‍ഷങ്ങള്‍ ഞങ്ങളോടൊപ്പം ജീവിച്ചു. ആയിരക്കണക്കിന് ഓര്‍മ്മകള്‍, അവളുടെ വീഡിയോകള്‍, ചിരികള്‍... അതൊക്കെയാണ് ഞങ്ങളുടെ ശക്തി.'
'അവള്‍ മരിച്ചിട്ടില്ല. അവള്‍ ഫിസിക്കല്‍ ലോകത്ത് ഇല്ലെന്നേയുള്ളൂ, പക്ഷെ സ്പിരിച്വല്‍ ലോകത്തുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും അവളെക്കുറിച്ച് സംസാരിക്കും, അവളെ ഓര്‍ത്ത് ചിരിക്കും. അവള്‍ ഇപ്പോഴും ഞങ്ങളെ കാണുന്നുണ്ട്.'
ഓര്‍മ്മ വരുന്നത് പൗലോസ് ശ്ലീഹായുടെ ആ ഗോള്‍ഡന്‍ ഡയലോഗാണ്. 'സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല.' (1 കോറി. 13:78) മരണത്തിനുപോലും മായ്ക്കാന്‍ കഴിയാത്തതാണ് സ്‌നേഹമെന്ന്.
ഒരു കല്ലറയ്ക്കും തോല്‍പ്പിച്ചു കുഴിച്ചുമൂടാന്‍ പറ്റാത്ത ദൈവികശക്തിയാണ് സ്‌നേഹമെന്ന്.
ഷാനാ ഇപ്പോള്‍ എന്റിക്കെയുടെ ഓര്‍മ്മ മാത്രമല്ല, ആ കുടുംബത്തിനുവേണ്ടി ദൈവത്തോട് മാധ്യസ്ഥ്യം വഹിക്കുന്ന അവരുടെ സ്വന്തം മാലാഖക്കുഞ്ഞാണ്; സ്വര്‍ഗത്തിലിരുന്ന് കളികാണുകയും, തന്റെ അച്ഛന്റെ തോളില്‍ത്തട്ടി ശക്തികൊടുക്കുകയും ചെയ്യുന്ന ഒരു റിയല്‍ സാന്നിധ്യമാണ്. അതുകൊണ്ടാണ് എന്റിക്കെക്ക് അവളെ ഇപ്പോഴും 'ഫീല്‍' ചെയ്യാന്‍ കഴിയുന്നത്. കാരണം ഭൗതികമായി അകലെയാണെങ്കിലും, ക്രിസ്തുവാകുന്ന ഒരേ മുന്തിരിച്ചെടിയുടെ രണ്ട് ശാഖകളായി അവര്‍ എന്നത്തേക്കാളും അടുത്താണ്.
ലൂയിയുടെയും ഷാനയുടെയും ലവ് സ്‌റ്റോറിക്ക് ഒരു ഫുള്‍സ്‌റ്റോപ്പ് ഇല്ലാത്തതും അതുകൊണ്ടാണ്. കാരണം, ദൈവത്തില്‍ - സ്‌നേഹത്തില്‍ - എത്തിയ ഒന്നും മരിക്കുന്നില്ല... അത് കൂടുതല്‍ വലിയ, മഹത്വമുള്ള മറ്റൊന്നായി രൂപാന്തരപ്പെടുകയേയുള്ളൂ.
കാരണം, ലവ് ഈസ് എവര്‍ലാസ്റ്റിംഗ്!