
സി. ടെര്‍സീന എഫ് സി സി
ചുരുക്കം ചില കാര്യങ്ങള്‍ മാത്രമേ വി. യൗസേപ്പിനെപ്പറ്റി ബൈബിളില്‍ പറയുന്നുള്ളൂ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ''അവന്‍ നീതിമാനായിരുന്നു'' എന്നത്. നീതി എന്നത് വെറും ഒരു വാക്കു മാത്രമല്ല.
ദൈവമാണ് എല്ലാറ്റിന്റേയും സ്രഷ്ടാവ്. എല്ലാറ്റിന്റേയും കാവല്‍ക്കാരനും, ദൈവമാണ്. സ്രഷ്ടാവും നീതിമാനുമായ ദൈവത്തിന്റെ മണവാട്ടിയായ സഭയുടെ കാവല്‍ക്കാരനായും മധ്യസ്ഥനായും യൗസേപ്പിതാവിനെ നിയമിച്ചു.
പരസ്പര ബന്ധത്തില്‍ നിലനില്‍ക്കേണ്ട ഒരു സവിശേഷതയാണ് നീതി. നീതിമാന് സൗമ്യതയോടെ, നിശ്ശബ്ദമായി നീതിബോധത്തോടെ നീതി നടപ്പിലാക്കാന്‍ സാധിക്കും. മാതാവിന്റേയും ഈശോയുടെയും സംരക്ഷകനായി ഈ നീതിമാനായ മനുഷ്യനെ ദൈവം തിരഞ്ഞെടുത്തു.
ആവശ്യസമയത്ത് നിയമാനുസൃതം കാര്യങ്ങള്‍ ചെയ്യുവാനും ചില കാര്യങ്ങളില്‍ നീതിയുക്തമായ തീരുമാനങ്ങള്‍ എടുക്കാനും ആ തീരുമാനങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടു തിരുക്കുടുംബത്തെ സംരക്ഷിക്കുവാനും വി. യൗസേപ്പിനെ സഹായിച്ചത് അദ്ദേഹത്തിന്റെ നീതിബോധമാണ്.
അതുകൊണ്ടാണ് തിരുവചനം പറയുന്നത്, ''അവന്‍ നീതിമാനായിരുന്നു'' വെന്ന്. നാമും നീതിബോധമുള്ളവരായി ജീവിക്കണം. ഈ പിതാവിന്റെ മാദ്ധ്യസ്ഥം നമുക്കു യാചിക്കാം.
9-ാം പീയൂസ് മാര്‍പാപ്പയാണ് 1870-ല്‍ വി. യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ മധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചത്. വി. യൗസേപ്പിതാവിന്റെ മാധ്യസ്ഥവും, സംരക്ഷണവും നമുക്കും ശക്തി നല്കും - നീതിയോടെ തീരുമാനങ്ങള്‍ എടുക്കാന്‍, നീതിബോധമുള്ളവരായി ജീവിക്കാന്‍.