ലിറ്റില്‍ ന്യൂ ഇയര്‍

ലിറ്റില്‍ ന്യൂ ഇയര്‍
Published on
  • എലന്‍ റൊബെന്ന ഫീല്‍ഡ്

പുറത്തു മഞ്ഞിങ്ങനെ ശക്തിയായി പെയ്തുകൊണ്ടിരി ക്കുന്ന നേരത്താണ് മൗറിസ് സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണരുന്നത്. ജനാലയിലാരോ ശക്തിയായി മുട്ടിയതുപോലെ അവനു തോന്നി. ഉറക്ക ചടവോടെ എഴുന്നേറ്റ് മഞ്ഞുമൂടിയ ജനല്‍ തള്ളിത്തുറന്ന്, മൗറിസ് ചോദിച്ചു,

'ആരാ അവിടെ?'

'ഞാനാ...' പുറത്തുനിന്നും ഒരു കുട്ടിയുടേത് പോലുള്ള ശബ്ദം. 'ഞാന്‍ ലിറ്റില്‍ ന്യൂ ഇയര്‍, പുതുവത്സരത്തില്‍ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നാല്‍ ഞാന്‍ കുഞ്ഞു കുട്ടിയായതുകൊണ്ട് എനിക്ക് നിങ്ങളുടെ സഹായം വേണം. ദയവുചെയ്ത് പുറത്തുവന്ന് എന്നെ സഹായിക്കാമോ?'

'പുറത്തു നല്ല തണുപ്പാണ്. ഞാന്‍ തിരികെ പോയി പുതച്ചുമൂടി കിടക്കാന്‍ പോകുകയാണ്.'

എന്നാല്‍ ലിറ്റില്‍ ന്യൂ ഇയര്‍ പറഞ്ഞു: 'അങ്ങനെ പറയാതെ, ഞാന്‍ വരുന്നതും കാത്ത് ഒത്തിരിപേര്‍ ഇരിപ്പുണ്ട്. എന്നെ ഒന്ന് സഹായിക്കൂ.'

മൗറിസ് ഉടനെത്തന്നെ ഉടുപ്പുമിട്ട് താഴെ ചെന്നു. അവിടെ അവന്‍ തന്നെക്കാളും ചെറിയ ഒരു കുട്ടിയെ കണ്ടു. ലിറ്റില്‍ ന്യൂ ഇയര്‍ അവന്റെ കുതിരവണ്ടിയില്‍ ഇരിക്കുകയായിരുന്നു. വണ്ടിയുടെ ഒരു വശത്തു 'love' എന്നും മറുവശത്തു 'kindness' എന്നും എഴുതിയിട്ടുണ്ടായിരുന്നു. ലിറ്റില്‍ ന്യൂ ഇയര്‍ മൗറിസിനെ കണ്ടതും വണ്ടിയില്‍ കയറാന്‍ ആംഗ്യം കാണിച്ചു. അങ്ങനെ രണ്ടാളും യാത്ര ആരംഭിച്ചു. കുന്നുകളും, തോട്ടങ്ങളും, പുഴയുമെല്ലാം കടന്ന് വണ്ടി ഒരു കുടിലിനു മുന്നില്‍ എത്തി. ലിറ്റില്‍ ന്യൂ ഇയര്‍ പറഞ്ഞു ഇതാണ് ആദ്യത്തെ സ്ഥലം. ഉടനെ മൗറിസ് പറഞ്ഞു, 'ഇവിടെ ഞങ്ങളുടെ പണിക്കാരനായ ഓള്‍ഡ് ജോ ആണ് താമസിക്കുന്നത്, അതും തനിച്ച്. അയാള്‍ക്ക് കുട്ടികളും ഇല്ല. പിന്നെ ആര്‍ക്കാണ് സമ്മാനം?' ലിറ്റില്‍ ന്യൂ ഇയര്‍ മറുപടിയായി പറഞ്ഞു, 'ഇദ്ദേഹത്തിന് എന്റെ സഹായം വേണം, കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവരെയും നമ്മള്‍ പുതുവത്സരത്തില്‍ ഓര്‍ക്കണം.' ലിറ്റില്‍ ന്യൂ ഇയര്‍ തന്റെ വണ്ടിയില്‍ നിന്നും കമ്പിളിയും, നല്ല ചൂട് സൂപ്പും, ബ്രെഡും എടുത്തു പുറത്തു വച്ചു. പുറത്തു ശബ്ദം കേട്ട ജോ വെളിയില്‍ വന്നു നോക്കി, ഉടനെ ലിറ്റില്‍ ന്യൂയറും മൗറിസും മറഞ്ഞുനിന്നു. ജോ പുറത്തു വന്ന് നിറകണ്ണുകളോടെ ആ സമ്മാനങ്ങളുമായി ദൈവത്തിനു നന്ദി പറഞ്ഞ് ഉള്ളിലേക്ക് പോയി. ഓള്‍ഡ് ജോയുടെ സന്തോഷം കണ്ട് മതിമറന്നു നിന്നിരുന്ന മൗറിസിനോട് ന്യൂ ഇയര്‍ പറഞ്ഞു: 'അടുത്ത സ്ഥലത്തേക്ക് പോയാലോ?'

അവരുടെ യാത്ര ചെന്നു നിന്ന അടുത്ത വീടും മൗറിസിന് മനസിലായി. അവന്‍ ചോദിച്ചു: 'ഇത് ഞങ്ങളുടെ തുണികള്‍ തുന്നുന്ന വിധവയായ ബെസ്സിയുടെ വീടല്ലേ?' ലിറ്റില്‍ ന്യൂ ഇയര്‍ മറുപടി പറഞ്ഞു: 'അതെ, അവള്‍ ഇപ്പോള്‍ രോഗിയായി ഇരിക്കുകയാണ്. ഈ പൂക്കള്‍ അവള്‍ക്ക് ഇത്തിരി സന്തോഷം നല്‍കും.' സങ്കടത്തോടെ മൗറിസ് പറഞ്ഞു, 'അവര്‍ രോഗിയാണെന്ന വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല.' ബെസ്സിയുടെ അടുക്കല്‍ നിന്നും അവര്‍ വേറെയും വീടുകളില്‍ പോയി. പോകും വഴിയില്‍ മൗറിസ് ശ്രദ്ധിച്ചു, 'മിസ്റ്റര്‍ ലിറ്റില്‍ ന്യൂ ഇയര്‍, നിങ്ങളുടെ വണ്ടിയിലെ സമ്മാനങ്ങള്‍ ഒരിക്കലും തീരുന്നില്ലല്ലോ, അവ എടുക്കുംതോറും വീണ്ടും നിറഞ്ഞുകൊണ്ടിരിക്കുന്നല്ലോ?.' പുഞ്ചിരിച്ചുകൊണ്ട് ലിറ്റില്‍ ന്യൂ ഇയര്‍ പറഞ്ഞു: 'love'നും 'kindness'നും അവസാനമില്ല. അവ ആവശ്യമായുള്ളവര്‍ ഉള്ളിടത്തോളം എന്റെ കയ്യിലുള്ള സമ്മാനങ്ങള്‍ തീരത്തുമില്ല.'

'ഹാപ്പി ന്യൂ ഇയര്‍', അനിയത്തി തന്നെ വിഷ് ചെയ്ത ശബ്ദം കേട്ട് സ്വപ്നത്തില്‍ നിന്നും കണ്ണ് തുറന്നതും മൗറിസ് കിടക്കയില്‍ നിന്നും എഴുന്നേറ്റു. അവന്‍ ഉടന്നെ ചോദിച്ചു. 'ലിറ്റില്‍ ന്യൂ ഇയര്‍ എവിടെ?' അനിയത്തി ഒട്ടും സംശയിക്കാതെ പറഞ്ഞു, 'അവന്‍ കൊണ്ടുവന്ന സമ്മാനം വന്ന് കാണു.' അവര്‍ അമ്മയുടെ മുറിയില്‍ കയറി. അവിടെ തന്റെ കുഞ്ഞനുജനെ കിടത്തിയിരിക്കുന്ന വെളുത്ത തൊട്ടില്‍ കണ്ടു. അത് എവിടുന്നാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. മൗറിസും അനിയത്തിയും പരസ്പരം നോക്കി ചിരിച്ചു. അവര്‍ ഓള്‍ഡ് ജോയ്ക്കും ബെസ്സിക്കും ഉള്ള സമ്മാനങ്ങള്‍ എത്തി എന്ന് ഉറപ്പുവരുത്തി. കാരണം അവന്‍ കണ്ട സപ്നം യാഥാര്‍ഥ്യമാകാന്‍ അവന്‍ പൂര്‍ണ്ണമായി ശ്രമിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org