കോണ്‍ക്ലേവ്

കോണ്‍ക്ലേവ്
Published on
പുതുതായി ഒരു മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. മാര്‍പാപ്പയുടെ മരണത്തിലൂടെയാണ് പൊതുവേ പുതിയ പാപ്പയെ തിരഞ്ഞെടുക്കുവാന്‍ സഭ നിര്‍ബന്ധിതരാകുന്നത്. കൂടാതെ രാജി എന്ന സാധ്യതയും മാര്‍പാപ്പയുടെ മുന്നിലുണ്ട്. സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു വ്യക്തിക്ക്, തക്കതായ കാരണം ബോധിപ്പിച്ചു കൊണ്ട്, സഭാപരമായ ഉദ്യോഗം (പാപ്പ സ്ഥാനം) രാജി വയ്ക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ കര്‍ദിനാള്‍സംഘം ഒന്നിച്ചുകൂടി നടത്തുന്ന പ്രത്യേക തിരഞ്ഞെടുപ്പിനെ പറയുന്ന പേരാണ് 'കോണ്‍ക്ലേവ്'.
ഈ തിരഞ്ഞെടുപ്പ്, അനിയന്ത്രിതമായി നീണ്ടു പോകാതിരിക്കാന്‍, തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കര്‍ദിനാള്‍ ഇലക്ടര്‍മാരെ പുറത്തുപോകാന്‍ അനുവദിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് അടച്ചിടുന്ന സമ്പ്രദായത്തില്‍ നിന്നു വന്ന വാക്കാണ് ഇത്. കോണ്‍ക്ലേവ് എന്ന വാക്കിന്റെ ഉല്‍ഭവം 'താക്കോലോടൊപ്പം' എന്ന അര്‍ഥമുള്ള cum clave എന്നീ ലത്തീന്‍ വാക്കുകളാണ്.
  • ജനറല്‍ കോണ്‍ഗ്രിഗേഷനുകള്‍

എല്ലാ കര്‍ദിനാള്‍മാരും കൂടുന്ന ആദ്യ ഘട്ട യോഗത്തെ ജനറല്‍ കോണ്‍ഗ്രിഗേഷനുകള്‍ എന്ന് വിളിക്കുന്നു. അപ്പസ്‌തോലിക സിംഹാസനത്തിന്റെ ഒഴിവിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍, നിയമപരമായി തടസ്സമില്ലാത്ത എല്ലാ കര്‍ദിനാള്‍മാരും (കര്‍ദിനാള്‍ ബിഷപ്‌സ്, കര്‍ദിനാള്‍ പ്രിസ്റ്റസ്, കര്‍ദിനാള്‍ ഡീക്കന്‍സ്), ജനറല്‍ കോണ്‍ഗ്രിഗേഷനുകളില്‍ പങ്കെടുക്കാന്‍ ഹാജരാകണം. എണ്‍പത് വയസ്സു തികഞ്ഞ കര്‍ദിനാള്‍മാര്‍ ജനറല്‍ കോണ്‍ഗ്രിഗേഷനുകളില്‍ പങ്കെടുക്കണം എന്നത് നിര്‍ബന്ധമല്ല.

  • ഇലക്ഷൻ

80 വയസ്സിന് താഴെയുള്ള കര്‍ദിനാള്‍മാര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അവകാശമുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് യോഗങ്ങളെയാണു കൃത്യമായ അര്‍ഥത്തില്‍ കോണ്‍ക്ലേവ് എന്നു വിളിക്കാവുന്നത്.

പാപ്പ ഒഴിവായ ദിവസം മുതല്‍ 15 ദിവസം വരെ കോണ്‍ക്ലേവ് ആരംഭിക്കാന്‍ കാത്തിരിക്കാം.

  • കോൺക്ലേവിന്റെ പൊതു മാനദണ്ഡങ്ങൾ

കോണ്‍ക്ലേവിന് അധ്യക്ഷത വഹിക്കുന്നത് ഡീന്‍ ഓഫ് കാര്‍ഡിനലാണ്. കോണ്‍ക്ലേവ് അപ്പസ്‌തോലിക കൊട്ടാരത്തിലുള്ള സിസ്‌റ്റൈന്‍ ചാപ്പലില്‍ വച്ചാണ് നടക്കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവരുടെ താമസം വത്തിക്കാന്‍ സിറ്റിയുടെ അതിര്‍ത്തിക്കുള്ളിലുള്ള സെന്റ് മര്‍ത്താസ് ഹൗസില്‍ (Domus Sanctae Marthae) ആണ്.

കോണ്‍ക്ലേവിന്റെ ദിവസങ്ങളില്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ പ്രവേശനം വിലക്കിയിരിക്കുന്നു. ഇലക്ടര്‍മാര്‍ക്ക് പുറത്തുള്ളവരുമായി സംവേദിക്കാനും സാധിക്കുന്നതല്ല.

  • തിരഞ്ഞെടുപ്പിന്റെ ആരംഭം

കോണ്‍ക്ലേവ് ആരംഭ ദിവസം രാവിലെ, ഇലക്ടര്‍മാര്‍, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഒരുമിച്ചു കൂടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

അന്ന് ഉച്ച കഴിഞ്ഞു, പൗളീന്‍ ചാപ്പലില്‍ ഒരുമിച്ചു കൂടി, സകല വിശുദ്ധന്മാരുടെയും ലുത്തീനിയ ചൊല്ലി, പ്രദക്ഷിണമായി സിസ്‌റ്റൈന്‍ ചാപ്പലിലേക്ക് എത്തിച്ചേരുന്നു. ജൂനിയര്‍ കര്‍ദിനാള്‍ ഡീക്കന്‍ സിസ്‌റ്റൈന്‍ ചാപ്പലിന്റെ വാതില്‍ പൂട്ടുന്നു.

മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ഇപ്പോള്‍ അംഗീകൃതമായ ഒരേയൊരു മാര്‍ഗം രഹസ്യ ബാലറ്റ് മാത്രമാണ്.

ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്ക പ്പെടണമെങ്കില്‍ ഇലക്ടര്‍മാരുടെ എണ്ണത്തിന്റെ, കുറഞ്ഞത് മൂന്നില്‍ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും ആവശ്യമാണ്.

ഒന്നാം ഘട്ടം: പ്രീ-സ്‌ക്രൂട്ടിനി

റോമാ മെത്രാനായുള്ള ഇലക്ഷന്‍ ആരംഭിക്കുന്നു. ഓരോ ഇലക്ടറും, രഹസ്യമായി, വോട്ട് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടെ പേര്, കഴിയുന്നത്ര വ്യക്തമായി, പക്ഷെ കൈയക്ഷരം മനസ്സിലാകാത്ത വിധത്തില്‍, ബാലറ്റില്‍ എഴുതി രണ്ടായി മടക്കി കൈയില്‍ തന്നെ വയ്ക്കുന്നു. ഇത്രയുമാണ് ആദ്യ ഘട്ടം.

രണ്ടാം ഘട്ടം: സ്‌ക്രൂട്ടിനീര്‍ പ്രോപ്പര്‍

ഓരോ ഇലക്ടറും, മടക്കിവച്ച ബാലറ്റ് പേപ്പര്‍ കാണാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ത്തിപ്പിടിച്ച് സ്‌ക്രൂട്ടിനീര്‍മാര്‍ നില്‍ക്കുന്ന അള്‍ത്താരയിലേക്ക് കൊണ്ടുപോകുന്നു. പീലാസ കൊണ്ട് മൂടിയ ഒരു വലിയ കാസ ബാലറ്റുകള്‍ സ്വീകരിക്കുന്നതിനായി അള്‍ത്താരയില്‍ വച്ചിട്ടുണ്ട്. ഇലക്ടര്‍മാര്‍ താഴെ പറയുന്ന സത്യപ്രതിജ്ഞ ഉറക്കെ ചൊല്ലുന്നു: 'എന്റെ ന്യായാധിപനായ ക്രിസ്തുവിനെ എന്റെ സാക്ഷിയായി ഞാന്‍ വിളിക്കുന്നു, എന്റെ വോട്ട് ദൈവമുമ്പാകെ തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാന്‍ കരുതുന്നയാള്‍ക്ക് നല്‍കപ്പെടുന്നു.' തുടര്‍ന്ന് അദ്ദേഹം ബാലറ്റ് പീലാസയില്‍ വയ്ക്കുകയും പീലാസ മറിച്ച് ബാലറ്റ് കാസയിലേക്ക് ഇടുകയും ചെയ്യുന്നു.

മുറികളില്‍ രോഗികളായി കഴിയുന്നവരായ ഇലക്ടര്‍മാര്‍ ഉണ്ടെങ്കില്‍, അവരുടെ ബാലറ്റുകള്‍ സ്വീകരിക്കാന്‍ മൂന്ന് ഇന്‍ഫര്‍മാരികള്‍ മുകളില്‍ ദ്വാരമുള്ള ഒരു പെട്ടിയുമായി അവരുടെ അടുത്തേക്ക് പോകുന്നു. രോഗിയായ ഇലക്ടര്‍, രഹസ്യമായി തന്റെ വോട്ട് രേഖപ്പെടുത്തി, ബാലറ്റ് പേപ്പര്‍ മടക്കി, മുകളില്‍ സൂചിപ്പിച്ച സത്യപ്രതിജ്ഞ ചൊല്ലിയതിനുശേഷം, അത് പെട്ടിയിലെ ദ്വാരത്തിലൂടെ ഇടുന്നു.

എല്ലാ ഇലക്ടര്‍മാരുടെയും ബാലറ്റുകള്‍ കാസയില്‍ ഇട്ടതിനുശേഷം, സ്‌ക്രൂട്ടിനീര്‍ ബാലറ്റുകള്‍ കൂട്ടികലര്‍ത്തുന്നു. കാസ പലതവണ കുലുക്കുന്നു. ബാലറ്റുകള്‍ തുറക്കുന്നതിലേക്ക് കടക്കുന്നു.

ഈ ബാലറ്റ് പരിശോധിക്കുന്നത് കര്‍ദിനാള്‍മാരായ മൂന്ന് പരിശോധകരാണ് (സ്‌ക്രൂട്ടിനീര്‍മാര്‍). അള്‍ത്താരയ്ക്കു മുന്നില്‍ ഇരിക്കുന്ന സ്‌ക്രൂട്ടിനീര്‍മാര്‍ ഓരോ ബാലറ്റും തുറന്ന് അതിലെ പേര് മൂന്നുപേരും എഴുതുന്നു. ശേഷം മൂന്നാമത്തെ സ്‌ക്രൂട്ടിനീര്‍ അവ ഉച്ചത്തിലും വ്യക്തമായും വായിക്കുന്നു.

എല്ലാ ഇലക്ടര്‍മാരും തങ്ങളുടെ കൈയിലെ കടലാസിലും അതെഴുതുന്നു. ശേഷം മൂന്നാമത്തെ സ്‌ക്രൂട്ടിനീര്‍ ബാലറ്റുകള്‍ ഓരോന്നിനെയും സൂചി ഉപയോഗിച്ച് ഒരു നൂലില്‍ കോര്‍ക്കുന്നു. ഒടുവില്‍ നൂലിന്റെ അറ്റങ്ങള്‍ കെട്ടി ഒരു പാത്രത്തില്‍ വയ്ക്കുന്നു. ഇവിടെ രണ്ടാം ഘട്ടം അവസാനിക്കുന്നു.

മൂന്നാം ഘട്ടം : പോസ്റ്റ് സ്‌ക്രൂട്ടിനി

ഒരു റൗണ്ടിലെ എല്ലാ ബാലറ്റുകളും തുറന്ന ശേഷം, ഒരാള്‍ക്ക് കുറഞ്ഞത് മൂന്നില്‍ രണ്ട് വോട്ടുകളെങ്കിലും ലഭിച്ചിട്ടു ണ്ടെന്ന് തെളിഞ്ഞാല്‍, പുതിയ മാര്‍പാപ്പ യുടെ തിരഞ്ഞെ ടുപ്പ് നടന്ന തായി കണ ക്കാക്കും.

  • സിമോണി

സിമോണി (അപ്പ. പ്രവ. 8:9-24) എന്ന കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍, അതില്‍ കുറ്റക്കാരായ എല്ലാവരും മഹറോന്‍ ശിക്ഷയ്ക്ക് വിധേയരാകും. സഭാപദവികള്‍ കൈക്കൂലി വാങ്ങി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെയാണ് സിമോണി എന്നറിയപ്പെടുന്നത്. സിമോണിയുടെ ഫലമായി ലഭിച്ച ഒരു സഭാപദവി നിയമം മൂലം തന്നെ അസാധുവാണ്.

  • പുക

ബാലറ്റ് പേപ്പറുകള്‍ കത്തിക്കുമ്പോള്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുന്ന കറുത്ത പുക ആര്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയില്ലെന്നത് സൂചിപ്പിക്കുന്നു. കെമിക്കല്‍ സഹായത്തോടെ വരുന്ന വെളുത്ത പുക തിരഞ്ഞെടുപ്പ് നടന്നതിനെയും സൂചിപ്പിക്കുന്നു. സെന്റ് പീറ്റേര്‍സ് ബസിലിക്കായില്‍ നിന്നും തുടരെ തുടരെ മുഴങ്ങുന്ന മണിനാദം കേള്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് വിജയകരമായി സമാപിച്ചു എന്നു കാത്തു നില്‍ക്കുന്ന ജനത്തിന് മനസ്സിലാകും.

  • തിരഞ്ഞെടുപ്പ് സ്വീകരിക്കൽ

മുഴുവന്‍ ഇലക്ടര്‍മാരുടെയും പേരില്‍, അധ്യക്ഷന്‍, തിരഞ്ഞെടുക്ക പ്പെട്ടയാളുടെ സമ്മതം ചോദിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ആളിന് തിരഞ്ഞെടുപ്പ് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. സമ്മതം ചോദിച്ചതിനുശേഷം എട്ട് ദിവസം വരെ തീരുമാനം അറിയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആള്‍ക്ക് സമയമുണ്ട്. സമ്മതം ലഭിച്ച ഉടനെ അദ്ദേഹത്തോട് അധ്യക്ഷന്‍ ഇങ്ങനെ ചോദിക്കുന്നു: 'അങ്ങ് ഏത് പേരില്‍ മാര്‍പാപ്പയായി വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു?'

പുതിയ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇലക്ടര്‍മാര്‍ പങ്കുചേരുന്ന നന്ദി പ്രകാശന പ്രാര്‍ഥനയോടെ കോണ്‍ക്ലേവ് സമാപിക്കുന്നു.

  • കോൺക്ലേവിനു ശേഷമുള്ള നടപടികൾ

സിസ്‌റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയുടെ ഇടതുവശത്താണ് Room of Tears എന്നറിയപ്പെടുന്ന മുറി സ്ഥിതി ചെയ്യുന്നത്. പുതിയ പോപ്പിന് ധരിക്കാന്‍ മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള പേപ്പല്‍ വസ്ത്രങ്ങളും ഷൂസും അവിടെ ഒരുക്കിയിട്ടുണ്ടാവും.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യത്തിലുള്ള ബാല്‍ക്കണിയില്‍ (Central Loggia, ക്രിസ്തു വിശുദ്ധ പത്രോസിന് താക്കോലുകള്‍ സമ്മാനിക്കുന്ന ശില്പമാണ് താഴെ) നിന്നും പുതിയ മാര്‍പാപ്പയുടെ നാമം ജനങ്ങളുടെ മുമ്പാകെ പരസ്യമായി പ്രഖ്യാപിക്കുന്നു ('Habemus Papum').

പുതിയ മാര്‍പാപ്പ അതേ സ്ഥലത്തു നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുകയും റോമാ നഗരത്തിനും ലോകത്തിനുമുള്ള ശ്ലൈഹിക ആശീര്‍വാദം (Urbi et Orbi) നല്കുകയും ചെയ്യുന്നു.

നിശ്ചയിക്കപ്പെട്ട ദിവസം, ദിവ്യബലിയോടെ, മാര്‍പാപ്പ സ്ഥാനം ഏറ്റെടുക്കുന്നു. അതിനുശേഷം, നിശ്ചയിക്കപ്പെട്ട സമയത്ത്, മാര്‍പാപ്പ, റോമാ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കായിലെത്തി, താന്‍ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തതിന്റെ പ്രതീകമായി, അവിടുത്തെ സിംഹാസനത്തിലിരിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org