വിശ്വാസം @ നെക്സ്റ്റ് ലെവൽ: പുതിയ തുടക്കം, പുത്തൻ ചുവടുകൾ

വിശ്വാസപരിശീലനം 2026-2027
വിശ്വാസം @ നെക്സ്റ്റ് ലെവൽ: പുതിയ തുടക്കം, പുത്തൻ ചുവടുകൾ
Published on
പുതിയ വിശ്വാസ പരിശീലന വർഷം ആരംഭിക്കുകയാണല്ലോ. വി. കുർബാനയിലും ക്ലാസുകളിലും പങ്കെടുക്കുന്ന കുട്ടികൾക്ക് അതിൽനിന്ന് ഫലങ്ങൾ സ്വീകരിക്കാൻ അവർ എങ്ങനെ വിശ്വാസ പരിശീലനത്തെ സമീപിക്കണമെന്ന് കുട്ടികൾ തന്നെ പങ്കുവച്ച ആശയങ്ങളും കുറുക്കുവഴികളും....

വചനവഴിയിലെ നല്ല ശീലങ്ങൾ

  • ലിവിയ ജോഷി പാലമറ്റം

    സെൻ്റ് ആൻ്റണീസ് പള്ളി, എളവൂർ

കുർബാനയിലും വിശ്വാസ പരിശീലന ക്ലാസുകളിലും സജീവമായി പങ്കെടുക്കുകയും, അവയിൽ കേൾക്കുന്ന ദൈവവചനങ്ങളും പഠനങ്ങളും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഓരോ ക്ലാസിനും മുൻപായി ചെറിയൊരു പ്രാർത്ഥനയോടെ മനസ്സിനെ ഒരുക്കുകയും, പഠിക്കുന്ന കാര്യങ്ങൾ അനുദിന ജീവിതത്തിൽ വിശ്വസ്തതയോടെ പാലിക്കാൻ ശ്രദ്ധിക്കുകയും വേണം.

ഓരോ ക്ലാസിൽ നിന്നും ലഭിക്കുന്ന വിലയേറിയ മൂല്യങ്ങൾ ഒരു ചെറിയ നോട്ടുബുക്കിൽ എഴുതി സൂക്ഷിക്കുക. ആ നല്ല മൂല്യങ്ങൾ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റാൻ നിരന്തരം ശ്രമിക്കുക.

വിശ്വാസ വളർച്ചയ്ക്കുള്ള അഞ്ച് ടിപ്സ്

  • ആൽഫ്രഡ് ദേവസ്സിക്കുട്ടി പാലമറ്റം

    ഹോളി ക്രോസ് ഫൊറോന പള്ളി, മഞ്ഞപ്ര

ഹൃദയം തുറക്കുക: കുർബാനയിലും ക്ലാസിലും “എന്നോട് ദൈവം എന്താണ് സംസാരിക്കുന്നത്” എന്ന് കാതോർക്കുക; അതിൽ നിന്നും ലഭിക്കുന്ന ചെറിയൊരു ചിന്തയെങ്കിലും മനസ്സിൽ കുറിച്ചിടാൻ ശ്രമിക്കുക.

ജീവിതത്തിൽ പരീക്ഷിക്കുക: ക്ലാസിൽ നിന്ന് പഠിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരൊറ്റ നല്ല കാര്യമെങ്കിലും ആഴ്ചയിൽ ഒന്നുചെയ്തു നോക്കുക. (ഉദാഹരണത്തിന്: വീട്ടിൽ മാതാപിതാക്കളെ സഹായിക്കുക, സുഹൃത്തിനോട് ക്ഷമിക്കുക, etc.,).

ചോദ്യങ്ങൾ ചോദിക്കുക: മനസ്സിലാകാത്ത കാര്യങ്ങൾ ടീച്ചറോടോ വികാരിയച്ചനോടോ ധൈര്യമായി ചോദിക്കുക. സംശയങ്ങൾ മാറി ബോധ്യം വരുമ്പോഴാണ് നമ്മുടെ വിശ്വാസം കൂടുതൽ വളരുന്നത്.

കൂട്ടുകാരോട് പങ്കുവെക്കുക: ക്ലാസിൽ കേട്ട നല്ലൊരു കഥയോ ദൈവവചനമോ വീട്ടിൽ അമ്മയോടോ കൂട്ടുകാരോടോ പറയുക. മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് നമ്മുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയും.

പ്രാർത്ഥനയോടെ തുടക്കം: “യേശുവേ, ഇന്ന് ഞാൻ പഠിക്കുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ പകർത്താൻ എന്നെ സഹായിക്കണേ” എന്നൊരു ചെറിയ പ്രാർത്ഥനയോടെ വേണം ഓരോ ക്ലാസിലും ഇരിക്കാൻ.

ഈശോ - നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ

  • ദിയ ജോസ് കോട്ടയ്ക്കൽ

    സെൻ്റ് ജോർജ് ബസിലിക്ക, അങ്കമാലി

ഈശോയെ ചങ്കായി കാണുക: നമ്മുടെ ഒരു സുഹൃത്തിന്റെ കാര്യങ്ങളിൽ കാണിക്കുന്ന അതേ താല്പര്യം ഈശോയുടെ കാര്യത്തിലും ഉണ്ടാകണം. ഈശോയെ ഒരു നല്ല കൂട്ടുകാരനായി കരുതുമ്പോൾ കുർബാനയിലും ക്ലാസുകളിലും കൂടുതൽ ഊർജ്ജത്തോടെ പങ്കെടുക്കാൻ നമുക്ക് സാധിക്കും.

ജീവിതവുമായി ബന്ധപ്പെടുത്തുക: കാറ്റിക്കിസം ക്ലാസിലെ പഠനം വെറുതെ മാർക്കിന് വേണ്ടി മാത്രമാകരുത്. പഠിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമേ നമ്മളിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.

ഈശോയോട് സംസാരിക്കാം, നന്ദി പറയാം: ഓരോ ഞായറാഴ്ചയും ആ ആഴ്ചയിലെ നമ്മുടെ സങ്കടങ്ങളും ആഗ്രഹങ്ങളും ഈശോയോട് പങ്കുവെക്കണം. ഒപ്പം, ദൈവം നൽകിയ നന്മകൾക്ക് നന്ദി പറയാനും മടിക്കരുത്.

കുട്ടികളുടെ ഭക്തിജീവിതം വളരുന്നതിൽ മാതാപിതാക്കളുടെ പിന്തുണ വളരെ വലുതാണ്. കുട്ടികളെ കൃത്യമായി കുർബാനയ്ക്കും ക്ലാസുകൾക്കും വിട്ടുകൊണ്ട് മാതാപിതാക്കൾ അവർക്ക് വഴിവിളക്കാകണം.

കുർബാനയും ക്ലാസുകളും - ഈശോയിലേക്കുള്ള വഴി

  • ജോസ് പവിൻ മിറ്റത്താനിക്കൽ

    സെന്റ് ഡൊമിനിക് പള്ളി, ആലുവ

​കുർബാനയിലെ സജീവ പങ്കാളിത്തം: വിശുദ്ധ കുർബാനയിൽ ഈശോ തന്നെയാണ് സന്നിഹിതനായിരിക്കുന്നതെന്ന് മനസ്സിലാക്കി, കുട്ടികളുടെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തം (Active participation) ഉണ്ടായിരിക്കണം. ഒട്ടും അലസതയില്ലാതെ, കൂടുതൽ ഭക്തിയോടെ കുർബാനയിൽ പങ്കുചേരുന്നത് കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് ഏറെ നല്ലതാണ്.

ക്ലാസുകളിൽ കൃത്യത പുലർത്തുക: കാറ്റക്കിസം ക്ലാസുകളിലും മറ്റ് പഠനക്ലാസുകളിലും പരമാവധി അവധി എടുക്കാതെ പങ്കെടുക്കാൻ കുട്ടികൾ ശ്രദ്ധിക്കണം. ഒരു പുതിയ ആഴ്ച തുടങ്ങുമ്പോൾ, അതിന്റെ ആദ്യ മണിക്കൂറുകൾ മടിപിടിച്ചിരിക്കാതെ നമ്മുടെ ഈശോയെ കൂടുതൽ അറിയാനായി മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറും.

ഈശോയോടൊപ്പം... നന്മയുടെ വഴിയിൽ

  • അൽന വർഗീസ് വട്ടത്തറയിൽ

    സെൻ്റ് ജോർജ് പള്ളി, തലയോലപ്പറമ്പ്

തുറന്ന മനസ്സോടെ ക്ലാസുകളിൽ പങ്കുചേരുകയും, അവിടെനിന്ന് പഠിക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും വേണം.

വിശുദ്ധ കുർബാനയെ ഈശോയോട് കൂടുതൽ അടുത്തുവരാനുള്ള ഏറ്റവും വലിയ അവസരമായി കുട്ടികൾ കാണണം.

വിശ്വാസപരിശീലനത്തെ കേവലം ഒരു പഠനവിഷയം മാത്രമായി കാണാതെ, നല്ലൊരു മനുഷ്യനായി വളരാനുള്ള വഴിയായി വേണം കാണാൻ. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ നമ്മൾ പഠിക്കുന്ന കാര്യ ങ്ങൾക്ക് ജീവിതത്തിൽ യഥാർത്ഥ അർത്ഥമുണ്ടാകുകയുള്ളൂ.

യേശുവിനൊപ്പം നല്ല മനുഷ്യരായി വളരാൻ

  • അൽന ഫിനിൻ പുത്തനങ്ങാടി

    സെന്റ് ജോർജ് പള്ളി, പുത്തൻപള്ളി

വിശ്വാസപരിശീലനം കേവലം മാർക്ക് നേടാൻ മാത്രമുള്ള തല്ല; മറിച്ച്, നല്ല മനുഷ്യരായി വളരാനും ഈശോയോട് കൂടുതൽ അടുക്കാനുമുള്ള വഴികളാണെന്ന് കുട്ടികൾ തിരിച്ചറിയണം.

കേൾക്കുന്ന കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഓരോ ദിവസവും ദൈവവചനത്തില ധിഷ്ഠിതമായ ഒരൊറ്റ നല്ല പ്രവൃത്തിയെങ്കിലും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുട്ടികൾ ശ്രമിക്കണം.

ക്ലാസുകൾ ശ്രദ്ധയോടെ കേൾക്കാനും, മനസ്സിലുള്ള സംശയങ്ങൾ അധ്യാപകരോടോ അച്ചനോടോ തുറന്നു ചോദിക്കാനും കുട്ടികൾ മടിക്കരുത്. പലപ്പോഴും ഉള്ളിൽ അവശേഷിക്കുന്ന ചില സംശയങ്ങളാണ് നമ്മെ ഈശോയിൽ നിന്ന് അകറ്റിക്കളയുന്നത്.

സ്വന്തം തെറ്റുകൾ തിരുത്താനും, കൂടുതൽ നല്ല മനുഷ്യരായി രൂപപ്പെടാനും സഹായിക്കുന്ന വലിയൊരു അവസരമായി വേണം കുട്ടികൾ വിശ്വാസപരിശീലനത്തെ കാണാൻ.

ക്ലാസുകളിൽ നിന്ന് പഠിക്കുന്ന നല്ല കാര്യങ്ങൾ വീട്ടിലും സ്കൂളിലും സുഹൃത്തുക്കളോടുമുള്ള പെരുമാറ്റത്തിലും സംസാരത്തിലും എപ്പോഴും പ്രകടമാകണം.

ഈശോയോടൊപ്പം ഒരു പുതിയ വർഷം!

  • കാതറിൻ ജോബി കാട്ടുപറമ്പിൽ

    സെൻ്റ് മേരീസ് ഫൊറോന പള്ളി, തൃപ്പൂണിത്തുറ

​ഭക്തിയോടെയുള്ള കുർബാനാനുഭവം: വിശുദ്ധ കുർബാന വെറുമൊരു ചടങ്ങല്ല; ദൈവവുമായുള്ള വിശുദ്ധ കൂടിക്കാഴ്ചയാണ്. ദൈവവചനം ശ്രദ്ധയോടെ കേൾക്കാനും, പ്രാർത്ഥനകളിലും ഗാനങ്ങളിലും ആത്മാർത്ഥമായി പങ്കുചേരാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.

​ക്ലാസുകളിലെ സ്ഥിരമായ പങ്കാളിത്തം: കാറ്റക്കിസം എന്നത് കേവലം മാർക്കിനും ഹാജറിനും വേണ്ടിയുള്ളതല്ല. അത് നല്ല മൂല്യങ്ങളും ക്രിസ്തീയ ജീവിതശൈലിയും പകർന്നുതരുന്ന ഇടമാണ്.

ക്ലാസുകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നത് നമ്മുടെ ആത്മീയ-മാനസിക വളർച്ചയ്ക്ക് സഹായിക്കും.

വചനം ജീവിതത്തിൽ പകർത്തുക: കാറ്റിക്കിസത്തിന്റെ യഥാർത്ഥ സൗന്ദര്യം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലാണ്. വീട്ടിലും സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും സ്നേഹം, ക്ഷമ, സത്യസന്ധത എന്നിവ കാണിക്കാനും, മാതാപിതാക്കളെ അനുസരിക്കാനും മറ്റുള്ളവരെ സഹായിക്കാനും കുട്ടികൾക്ക് സാധിക്കണം.

​ഇടവക പ്രവർത്തനങ്ങളിൽ സജീവമാകുക: ഗാനശുശ്രൂഷ, ബൈബിൾ വായന, വിവിധ ഭക്തസംഘടനകൾ, സേവന പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കാളികളാകുക. ഇത് ദൈവാലയത്തോടും വിശ്വാസസമൂഹത്തോടും ഒപ്പം വളരാനും നമ്മുടെ കഴിവുകളെ തിരിച്ചറിയാനും സഹായിക്കും.

ഈശോയ്ക്കൊപ്പം ആക്ടീവാകാം!

  • അലോന ആൻസ് ജിബി കണിയോടിക്കൽ

    സെൻ്റ് ജോസഫ്സ് പള്ളി, ചുണങ്ങംവേലി

കാറ്റിക്കിസം ക്ലാസുകളെ കേവലം ഒരു പഠനവേദിയായി കാണാതെ, പരസ്പരം കാര്യങ്ങൾ പങ്കുവെക്കാനും സംവദിക്കാനുമുള്ള ഒരു നല്ല അവസരമായി (Interactive session) കാണാൻ ശ്രമിക്കുക.

ക്ലാസുകളിൽ പരമാവധി കൃത്യമായി പങ്കെടുക്കുകയും, അവിടെ നടക്കുന്ന ചർച്ചകളിലും പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.

എല്ലാറ്റിനുമുപരിയായി, വിശുദ്ധ കുർബാനയിൽ പൂർണ്ണമായ ശ്രദ്ധയോടും ഭക്തി യോടും കൂടി പങ്കുചേരുക.

ഹൃദയപൂർവ്വം ദൈവത്തിലേക്ക്...

  • അൽഗ തെരേസ സോജൻ ചക്കാലയ്ക്കൽ

    സെൻ്റ് മേരീസ് ഫൊറോന പള്ളി കാഞ്ഞൂർ

കേവലം കാഴ്ചക്കാരാകാതെ സജീവമായി പങ്കുചേരുക; കുർബാനയിലെ പ്രാർത്ഥനകളും ഗാനങ്ങളും പൂർണ്ണമനസ്സോടെ ഏറ്റുചൊല്ലുക.

ക്ലാസുകളിൽ നിന്നും ദൈവവചനത്തിൽ നിന്നും പഠിക്കുന്ന നല്ല മൂല്യങ്ങളിൽ ഒന്നെങ്കിലും ആ ആഴ്ചയിൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുക.

മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി, ഓരോ നിമിഷവും ദൈവം തനിക്കായി നൽകുന്ന സന്ദേശമാണെന്ന ബോധ്യത്തോടെ ശ്രദ്ധിക്കുക.

അന്ന് ചിന്തിപ്പിച്ചതോ പഠിച്ചതോ ആയ ഒരു നല്ല കാര്യം വീട്ടിലെത്തിയ ശേഷം മാതാപിതാക്കളുമായോ സുഹൃത്തുക്കളു മായോ പങ്കുവയ്ക്കുക. കാറ്റിക്കിസം ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, “ദൈവമേ, ഇന്നത്തെ ക്ലാസിലൂടെ നല്ലൊരു വ്യക്തിയായി വളരാൻ എന്നെ സഹായിക്കണമേ” എന്ന് ഒരു നിമിഷം പ്രാർത്ഥിച്ച് മാനസികമായി ഒരുങ്ങുക.

ഹൃദയത്തിൽ കുർബാന, ജീവിതത്തിൽ വിശ്വാസം!

  • തെരേസാ മേരി പി. ജോമി അരിംമ്പൂൽ പുത്തൻപറമ്പ്

    സെന്റ് മേരീസ് ഫൊറോന പള്ളി മുട്ടം

വിശ്വാസപരിശീലന ക്ലാസ്സുകളിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കുന്ന കുട്ടികൾക്ക് അതിൻ്റെ പൂർണ്ണമായ ഫലം ലഭിക്കണമെങ്കിൽ, അവർ പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കണം.

വിശ്വാസപരിശീലനത്തിലൂടെ പഠിച്ചെടുക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കണം.

വിശ്വാസവഴിയിൽ വളരാൻ

  • ഫെമി ആൻ സിറിൽ ഇല്ലിക്കൽ

    ചെറുപുഷ്‌പം പള്ളി എളംകുളം

വി. കുർബാനയിൽ പ്രാർത്ഥനകളും പാട്ടുകളും ഏറ്റുചൊല്ലുക; കൃത്യസമയത്ത് എത്തുക. ഒരുക്കത്തോടെ കുമ്പസാരിച്ച് ഈശോയെ സ്വീകരിക്കുകയും, അടക്കവും ചിട്ടയുമുള്ള വസ്ത്രധാരണം ശീലമാക്കുകയും ചെയ്യുക.

വചനാധിഷ്ഠിതമായ ജീവിതം നയിക്കുക. ഓരോ ആഴ്ചയും പഠിക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുക.

ക്ലാസുകളിൽ പഠിപ്പിക്കുന്ന പ്രധാന കാര്യങ്ങൾ നോട്ട് ബുക്കിൽ എഴുതി പഠിക്കുക. വി. കുർബാനയിലെ പ്രസംഗസമയത്ത് വൈദികൻ പറയുന്ന നല്ല ചിന്തകളും വചനങ്ങളും കുറിച്ചുവെക്കുക.

വിശ്വാസ പരിശീലന ക്ലാസുകളിൽ ഒന്നുപോലും മുടങ്ങാതെ നിരന്തരമായി പങ്കെടുക്കുക.

logo
Sathyadeepam Online
www.sathyadeepam.org