എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ റോമാസാമ്രാജ്യത്തില്‍ പീഡിപ്പിക്കപ്പെട്ടത്?

ചരിത്രത്തിലെ സഭ - മൂന്നാം നൂറ്റാണ്ട്
എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ റോമാസാമ്രാജ്യത്തില്‍ പീഡിപ്പിക്കപ്പെട്ടത്?
Published on
  • ഫാ. സേവി പടിക്കപ്പറമ്പില്‍

സഭയുടെ ആദിമ നൂറ്റാണ്ടുകള്‍ അറിയപ്പെടുന്നത് രക്തസാക്ഷി കളുടെ കാലഘട്ടം എന്നാണ്. ആദ്യ മൂന്ന് നൂറ്റാണ്ടിലെ മതമര്‍ദനങ്ങളില്‍ വിശാലമായ റോമാ സാമ്രാജ്യത്തില്‍ ആകമാനം ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കാന്‍ ചരിത്ര കാരന്മാര്‍ക്ക് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരോടൊപ്പം തന്നെ നാടുകടത്ത പ്പെട്ടവരും പലായനം ചെയ്യേണ്ടിവന്നവരും കുടുംബബന്ധങ്ങള്‍ നഷ്ടപ്പെട്ടവരും ശാരീരിക പീഡനങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടവരുമെല്ലാം മതമര്‍ദനങ്ങളുടെ ഇരകളാണ്.

റോമാ സാമ്രാജ്യം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ റോമുമായി അതിനെ താരതമ്യം ചെയ്യരുത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളുടെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതിബൃഹത്തായ സാമ്രാജ്യമായിരുന്നു റോമാ സാമ്രാജ്യം. എല്ലാ റോമാ ചക്രവര്‍ത്തിമാരും മതമര്‍ദകരായിരുന്നില്ല. അതുപോലെ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ കാലഘട്ട ങ്ങളിലും പീഡനങ്ങള്‍ ഉണ്ടായിരുന്നില്ല. ചില പ്രദേശങ്ങളില്‍ ചില കാലഘട്ടങ്ങളിലാണ് മതമര്‍ദനങ്ങള്‍ സംഭവിച്ചിട്ടുള്ളത്.

നീറോ ചക്രവര്‍ത്തി മുതല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വരെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ വ്യത്യസ്തങ്ങളായ കാരണങ്ങളാണ് കണ്ടെത്തിയത്. അനേകം പിഴവുകളോടു കൂടിയ അപൂര്‍ണ്ണവും അപര്യാപ്തവും വികലവുമായ റോമന്‍ ക്രിമിനല്‍ നിയമങ്ങളാണ് മതമര്‍ദനങ്ങള്‍ നടത്താന്‍ ചക്രവര്‍ത്തിമാര്‍ക്ക് സഹായകരമായതെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്.

തികച്ചും രാഷ്ട്രീയ പ്രേരിതമായ ഘടകങ്ങളാണ് എപ്പോഴും മതമര്‍ദനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ക്രിസ്ത്യാനികള്‍ സാമ്രാജ്യത്തില്‍ ഭൂരിപക്ഷ മതവിഭാഗമായിരുന്നില്ലെങ്കിലും ഈ ചക്രവര്‍ത്തിമാര്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളെ ശത്രുക്കളായി വിദ്വേഷത്തോടെയാണ് കണ്ടിരുന്നത്. പലപ്പോഴും തങ്ങളുടെ അധികാര സംരക്ഷണത്തിന് വേണ്ടിയാണ് മതമര്‍ദനങ്ങള്‍ നടത്തിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ രൂപങ്ങളോ ചിത്രങ്ങളോ ഉപയോഗിക്കാതിരുന്നതിനാല്‍ വിജാതീയര്‍ ക്രിസ്ത്യാനികളെ നിരീശ്വരവാദികളായി കണക്കാക്കി.

ക്രിസ്ത്യാനികള്‍ കുടുംബത്തിലും സമൂഹത്തിലും ധാര്‍മ്മിക പ്രമാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് അനേകര്‍ക്ക് അവരോട് ശത്രുത ഉളവാകാന്‍ കാരണമായി. റോമാ ചക്രവര്‍ത്തിമാര്‍ ആഘോഷപൂര്‍വം സംഘടിപ്പിച്ചിരുന്ന ദ്വന്ദയുദ്ധ ങ്ങളിലും സര്‍ക്കസുകളിലും നടന്നിരുന്ന ക്രൂരതകളെ ക്രിസ്ത്യാനികള്‍ പിന്തുണച്ചിരുന്നില്ല. ദേശീയ ദൈവങ്ങളെ ആരാധിക്കാന്‍ ക്രിസ്ത്യാനികള്‍ വിമുഖത കാണിച്ചതിനാല്‍ വിജാതീയ ദൈവങ്ങളുടെ കോപം സാമ്രാജ്യത്തിനുമേല്‍ ഉണ്ടാകുമെന്നും, റോമില്‍ ഉണ്ടാകുന്ന കലാപങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ എല്ലാ ദുരിതങ്ങള്‍ക്കും ക്രിസ്ത്യാനികളാണ് കാരണമെന്നും ആരോപിക്കപ്പെട്ടു.

ക്രിസ്ത്യാനികള്‍ തങ്ങളുടെ ദൈവാരാധന രഹസ്യമായി നടത്തിയിരുന്നതിനാല്‍ മാംസഭോജികള്‍, കുട്ടികളെ ബലി കഴിക്കുന്നവര്‍, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ക്രിസ്ത്യാനങ്ങളെക്കുറിച്ചും ക്രിസ്തീയ കൂട്ടായ്മകളെകുറിച്ചും രൂപപ്പെട്ടു. ഈ എതിര്‍പ്പുകള്‍ക്കെല്ലാം ഇടയിലാണ് സഭ വളര്‍ന്നു പന്തലിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org