

സേവി പടിക്കപ്പെറമ്പിൽ
റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം ക്രിസ്തുമതത്തെ ഏറ്റവും അധികമായി സ്വാധീനിക്കുന്നതും സഹായിക്കുന്നതും ജർമ്മൻ രാജവംശങ്ങളാണ്. വേഗം മതവിശ്വാസം പുലർത്തിയിരുന്ന ഈ രാജവംശങ്ങൾ നാലാം നൂറ്റാണ്ടോടുകൂടിയാണ് ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നത്. അപരിഷ്കൃതർ എന്ന് ഇവരെ റോമാക്കാർ വിളിച്ചിരുന്നെങ്കിലും നീതിബോധവും സ്വാതന്ത്ര്യത്തോടുള്ള സ്നേഹവും വംശത്തോടും കുടുംബത്തോടുമുള്ള സമർപ്പണവും ഇവർ പുലർത്തിയിരുന്നു. ക്രിസ്തുമതത്തിന്റെ ധാർമിക മൂല്യങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് പകർത്തുവാൻ ഇവർക്ക് എളുപ്പവുമായിരുന്നു.
വിസിഗോത്സ് വംശമാണ് ആദ്യമായി ജർമൻ രാജവംശങ്ങളിൽ ക്രിസ്തുമതം സ്വീകരിക്കുന്നത്. ആര്യൻ ക്രിസ്തുമതം (ആര്യനിസം) പിന്തുടർന്നിരുന്ന ബിഷപ്പ് ഉൾഫിലയുടെ ഏതാണ്ട് 40 വർഷം വരുന്ന പ്രവർത്തനമാണ് ഇവരെ ആര്യൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിച്ചത്. അതിനാൽ തന്നെ ഇവർ ആര്യനിസമാണ് പിന്തുടർന്നിരുന്നത്. ഈ സഭയ്ക്ക് ഒരു ട്രൈബൽ സ്വഭാവമാണ് ഉണ്ടായിരുന്നത്.
ട്രൈബിന്റെ തലവനാണ് സഭയെയും നയിച്ചിരുന്നത്. മെത്രാന്മാരുടെയും വൈദികരുടെയും നിയമനം, സിനഡുകൾ വിളിച്ചു ചേർക്കുന്നത് തുടങ്ങിയവയെല്ലാം ട്രൈബിന്റെ അധിപനായ രാജാവാണ് നിർവഹിച്ചിരുന്നത്. ചില കാലഘട്ടങ്ങളിൽ ആര്യൻ ക്രിസ്തുമത വിശ്വാസം പുലർത്തിയിരുന്ന വിസിഗോത്ത് രാജാക്കന്മാർ റോമൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടുണ്ട്.
റെക്കാർഡ് (King Recared) എന്ന വിസിഗോത്തിക് രാജാവ് 587 ൽ ആര്യനിസത്തിൽ നിന്ന് ഔദ്യോഗിക ക്രിസ്തുമതം സ്വീകരിക്കുന്നതോടെ ജർമൻ രാജാക്കന്മാർ മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ക്രിസ്തുമതത്തിലെ അംഗങ്ങളായി. സ്പെയിനിലെ സെവില്ലേയുടെ മെത്രാൻ ലിയാണ്ടറിന്റെ പരിശ്രമങ്ങളാണ് ഇതിന് സഹായിച്ചത്. രാജാവ് ഔദ്യോഗിക ക്രിസ്തുമതം സ്വീകരിച്ചതോടെ മെത്രാന്മാരും പ്രഭുക്കന്മാരും ജനങ്ങളും എല്ലാം അതേ മതം സ്വീകരിച്ചു.
രാജ്യവും സഭയും സഹകരണത്തോടുകൂടിയാണ് ആദ്യം, മുന്നോട്ടുപോയെതെങ്കിലും ഔദ്യോഗിക സഭാ നേതൃത്വത്തേക്കാൾ രാജ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു 'നാഷണൽ ചർച്ച്' താല്പര്യത്തിലാണ് ഇവരുടെ സഭാ കാഴ്ചപ്പാട് വളർന്നിരുന്നത്. ഇവരുടെ സഭാ കാര്യങ്ങളിൽ ഇടപെടാൻ റോം മടിച്ചിരുന്നു. ലിയാൻഡറിന്റെ സഹോദരനും സെവില്ലെയുടെ പിന്തുടർച്ചകാരനായ മെത്രാനുമായ ഇസിദോർ ഇവരുടെ ഇടയിൽ പ്രസിദ്ധനായ വ്യക്തിയാണ്.