മാർപാപ്പയും പേപ്പൽ സ്റ്റേറ്റും 

ചരിത്രത്തിലെ സഭ
മാർപാപ്പയും പേപ്പൽ സ്റ്റേറ്റും 
Published on

കൂട്ടുകാർ വത്തിക്കാൻ രാഷ്ട്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. മാർപാപ്പ കത്തോലിക്കാസഭയുടെ ഭരണാധികാരിയും തലവനും എന്നതുപോലെ, വത്തിക്കാൻ എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ ഭരണാധികാരി കൂടിയാണ്. എങ്ങനെയാണ് മാർപാപ്പ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായി മാറിയത്? ഇത് മനസ്സിലാക്കണമെങ്കിൽ എട്ടാം നൂറ്റാണ്ടു മുതലുള്ള പേപ്പൽ സ്റ്റേറ്റിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. 

എ.ഡി. 754 നാണ് പേപ്പൽ സ്റ്റേറ്റ് രൂപീകൃതമാകുന്നത്. എന്നാൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലഘട്ടം മുതൽ ഇതിന്റെ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ സഭയ്ക്ക് ഭൂസ്വത്തുക്കൾ കൈവശം വയ്ക്കാനുള്ള അനുവാദവും നൽകിയിരുന്നു. റോമിലെ സമ്പന്നരായ ക്രിസ്ത്യാനികളും സഭയ്ക്ക് സ്വത്തുക്കൾ ദാനമായി നൽകി. മാർപാപ്പ ഈ പ്രദേശങ്ങളിൽ നിന്ന് സഭാഭരണത്തിന് പണം കണ്ടെത്തുന്നതിനായി നികുതികൾ പിരിച്ചിരുന്നു.

നാം നേരത്തെ പഠിച്ചിട്ടുള്ള ജർമ്മാനിക്ക് രാജവംശങ്ങളുടെ ഇറ്റാലിയൻ അധിനിവേശങ്ങളും പിന്നീട് മാർപാപ്പയുടെ പ്രവർത്തനത്താൽ ഈ രാജവംശങ്ങൾ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനികൾ ആയതുമെല്ലാം പേപ്പൽ സ്റ്റേറ്റിന്റെ രൂപീകരണത്തിന് സഹായിച്ചിട്ടുണ്ട്. 563 ലാണ് ലൊമ്പാടുകൾ ആദ്യമായി റോമിനെ ആക്രമിക്കുന്നത്. റോം ആസ്ഥാനമാക്കിയുള്ള പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ പതനം ലൊമ്പാടുകളുടെ ആക്രമണം എളുപ്പമുള്ളതാക്കി. പിന്നീട് റോമിന് സംരക്ഷണം നൽകിയിരുന്നത് കിഴക്കൻ റോമാസാമ്രാജ്യമാണ്. കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കിയുള്ള കിഴക്കൻ

റോമാ സാമ്രാജ്യത്തിന് യുദ്ധങ്ങളിൽ നിന്ന് അധികകാലം റോമിനെ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന്റെ കാരണങ്ങൾ നിരവധിയാണ്.  ഏഴാം നൂറ്റാണ്ടിൽ പിറവിയെടുത്ത ഇസ്ലാം മതം ഒരു സാമ്രാജ്യമായി രൂപീകരിക്കപ്പെട്ടതോടെ കിഴക്കൻ റോമാ സാമ്രാജ്യത്തിന് അവരുമായി യുദ്ധം ചെയ്യേണ്ടി വന്നു. അതോടൊപ്പം റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിലുള്ള ദൂരവും ഭാഷ-സംസ്കാര വ്യത്യാസങ്ങളും റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിലുള്ള ഭരണപരമായ ബന്ധം ഇല്ലാതാകാൻ കാരണമായി. ഈ അവസരം മുതലെടുത്തുകൊണ്ടാണ് ലോമ്പാടുകൾ റോമിനെ 563-ൽ ആദ്യമായി ആക്രമിച്ചത്. ഈ സമയം ജനങ്ങൾ മാർപാപ്പയെ രക്ഷയ്ക്കായി സമീപിക്കുകയും മാർപാപ്പ ലൊമ്പാടുകളോട് സന്ധി ചെയ്യുകയും ചെയ്തു. അങ്ങനെ മാർപാപ്പയുടെ ഭരണപരമായ നേതൃത്വം റോമിൽ അംഗീകരിക്കപ്പെട്ടു.

പിന്നീടും ലൊമ്പാടുകൾ ഇറ്റലിയെയും റോമിനെയും അധിനിവേശപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ മാർപാപ്പമാർക്ക് രക്ഷകരായത് ഫ്രാങ്ക്ഷ് ചക്രവർത്തിമാരാണ്. പേപ്പൽ സ്റ്റേറ്റിന്റെ രൂപീകരണത്തിന് ഫ്രാങ്ക്ഷ് ചക്രവർത്തിമാരുടെ സ്വാധീനം നമുക്ക് അടുത്ത ലക്കത്തിൽ പഠിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org