പേപ്പൽ സ്റ്റേറ്റിന്റെ രൂപീകരണവും ഫ്രാങ്കിഷ് രാജവംശങ്ങളുടെ സംഭാവനകളും

പേപ്പൽ സ്റ്റേറ്റിന്റെ രൂപീകരണവും ഫ്രാങ്കിഷ്  രാജവംശങ്ങളുടെ സംഭാവനകളും
Published on

ലൊമ്പാടുകൾ പലപ്പോഴായി റോമിനെ ആക്രമിക്കുകയും കിഴക്കൻ റോമാ സാമ്രാജ്യം മാർപാപ്പയെയും മാർപാപ്പയുടെ സ്വത്തുക്കളെയും സംരക്ഷിക്കുവാൻ പരാജയപ്പെടുകയും ചെയ്തപ്പോൾ ഗ്രിഗറി മൂന്നാമൻ മാർപാപ്പയാണ് ആദ്യമായി ഫ്രാങ്കിഷ് രാജവംശങ്ങളുടെ സഹായം തേടിയത്. ഫ്രാങ്കിഷ് രാജാവായ ചാൾസ് മാർട്ടെലും പിന്നീട് പെപ്പിനും ലൊബാടുകളുടെ ആക്രമണങ്ങളിൽ നിന്ന് മാർപാപ്പയ്ക്ക് സംരക്ഷണം നൽകി.

സ്റ്റീഫൻ മൂന്നാമൻ മാർപാപ്പ ആൽപ്സ് പർവത നിരകളിലൂടെ സഞ്ചരിച്ച് ഗൗളിലെത്തി പെപ്പിൻ രാജാവിനെ സന്ദർശിച്ചു. പെപ്പിനെ മാർപാപ്പ രാജാവായി വീണ്ടും അഭിഷേകം ചെയ്യുകയും പെപ്പിൻ്റെ കുടുംബത്തിൽ നിന്നല്ലാതെ മറ്റാരെയെങ്കിലും രാജാവായി സ്വീകരിച്ചാൽ അവരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പും നൽകി.

തത്ഫലമായി കിഴക്കൻ റോമാ സാമ്രാജ്യത്തിൽ നിന്ന് ലൊമ്പാടുകൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പെപ്പിൻ തിരിച്ചുപിടിക്കുകയും അവയെ മാർപാപ്പയുടെ ഭരണത്തിനായി ഏൽപ്പിക്കുകയും ചെയ്തു. പെപ്പിനും ലൊമ്പാടുകളും തമ്മിലുള്ള അവസാന പോരാട്ടം നടന്നത് 756-ലാണ്. ഈ സമയത്ത് ഔദ്യോഗികമായ ഒരു രേഖ തയ്യാറാക്ക പ്പെടുകയും ഏതൊക്കെ പ്രദേശങ്ങളാണ് മാർപാപ്പയുടെ ഭരണത്തിൽ വരുന്നതെന്ന് എഴുതപ്പെടുകയും ചെയ്തു. ഈ രേഖയെ ഡോണേഷൻ ഓഫ് പെപ്പിൻ എന്ന് വിളിക്കുന്നു.

അങ്ങനെ റോമും റവേന്നയുമെല്ലാം ഉൾപ്പെടുന്ന പേപ്പൽ സ്റ്റേറ്റ് രൂപീകൃതമായി. ഈ പ്രദേശങ്ങളിലെല്ലാം നിലവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ മാർപാപ്പയുടെ മുമ്പിൽ പ്രതിജ്ഞ ചെയ്യുകയും മാർപാപ്പയുടെ നിയന്ത്രണത്തിലുള്ള ഭരണ നേതൃത്വം രൂപപ്പെടുകയും ചെയ്തു. അന്നുമുതൽ ഇറ്റലിയിലെ കുറച്ച് ഭൂപ്രദേശങ്ങൾ മാർപാപ്പയുടെ ഭരണത്തിന് കീഴിലായി. ഇത് 1860-ൽ ഇറ്റാലിയൻ ഏകീകരണം സംഭവിക്കു ന്നതുവരെ തുടർന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയമായതിനാൽ അടുത്ത ലക്കത്തിൽ പേപ്പൽ സ്റ്റേറ്റിന്റെ അവസാനത്തെകുറിച്ചും വത്തിക്കാൻ രാഷ്ട്രത്തിന്റെ ഉദയത്തെക്കുറിച്ചും പഠിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org