

മാർപാപ്പ ഭരണാധികാരിയായിരുന്ന പേപ്പൽ സ്റ്റേറ്റിനെക്കുറിച്ച് നാം കഴിഞ്ഞ ലക്കങ്ങളിൽ പഠിച്ചതോർക്കുന്നുണ്ടല്ലോ. എങ്ങനെയാണ് പേപ്പൽ സ്റ്റേറ്റ് ഇല്ലാതായത്? വത്തിക്കാൻ രാഷ്ട്രം രൂപീകൃതമായത് എങ്ങനെ? പേപ്പൽ സ്റ്റേറ്റ് ഇല്ലാതായിട്ടും മാർപാപ്പയ്ക്ക് രാഷ്ട്രീയാധികാരം ലഭിച്ചതെങ്ങനെ?
ഈ ചോദ്യങ്ങൾക്ക് ഈ ലക്കത്തിൽ നമുക്ക് ഉത്തരം കണ്ടെത്താം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഏകീകൃത രാജ്യത്തിനുവേണ്ടി ഇറ്റലിയിൽ എങ്ങും പ്രക്ഷോഭങ്ങൾ ആരംഭിച്ചു. മാർപാപ്പയുടെയും വിവിധ രാജാക്കന്മാരുടെയും കീഴിലായിരുന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ച് ഒരു രാഷ്ട്രമാക്കുക എന്നുള്ളതായിരുന്നു അവരുടെ ആഗ്രഹം. യൂറോപ്പിൽ എങ്ങും രാഷ്ട്രബോധം വളരുകയും രാജ്യങ്ങളുടെ ഏകീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാർപാപ്പയുടെ നേതൃത്വത്തിൽ ഇറ്റലിയെ ഏകീകരിക്കുക എന്നുള്ളതായിരുന്നു ആദ്യ ശ്രമം. എന്നാൽ അത് പരാജയപ്പെട്ടതോടെ പിയേഡ്മൗണ്ട് - സർദീനിയ രാജാവ് വിക്ടർ ഇമ്മാനുവേൽ രണ്ടാമന്റെ നേതൃത്വത്തിൽ ഏകീകരണ ശ്രമങ്ങൾ ആരംഭിച്ചു.
പിയേഡ്മൗണ്ട് പ്രധാനമന്ത്രിയായിരുന്ന കമീല്ലോ കപൂർ ആയിരുന്നു വിവിധ ഇറ്റാലിയൻ സ്റ്റേറ്റുകളെ തങ്ങളുടെ രാഷ്ട്രത്തോട് ഒന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ രൂപീകരിച്ചിരുന്നത്. രാഷ്ട്രത്തെ സഭയിൽ നിന്ന് വേർതിരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റേത്. പാർമ, മോദന, ടസ്കനി തുടങ്ങിയ പ്രദേശങ്ങളും പേപ്പൽ സ്റ്റേറ്റിന്റെ ചില ഭാഗങ്ങളും ഏകീകൃതരാഷ്ട്ര പരിശ്രമങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇവർക്കെതിരെയുള്ള മാർപാപ്പയുടെ എക്സ് കമ്മ്യൂണിക്കേഷൻ നടപടികൾക്കൊന്നും ഫലമുണ്ടായില്ല. ഈ പ്രദേശങ്ങളിൽ രൂപംകൊണ്ട സ്കൂളുകളിൽ മതപഠനം നിരോധിച്ചു. ജ്യൂസെപ്പെ ഗാരിബാൾഡിയുടെ സൈനിക പരിശ്രമങ്ങളിൽ സിചിലിയും നേപ്പിൾസും കീഴടങ്ങി. ഇറ്റലിയുടെ മറ്റ് പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് 1861 മാർച്ചിൽ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ ഇറ്റലിയുടെ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.
റോമും അതിനോടു ചേർന്നുള്ള അനുബന്ധ പ്രദേശങ്ങളും മാത്രമായിരുന്നു തുടർന്ന് മാർപാപ്പയുടെ ഭരണത്തിൽ ഉണ്ടായിരുന്നത്. ദേശീയവാദി കൾ റോമിനെ ഇറ്റലിയുടെ തലസ്ഥാനമാക്കാൻ ആഗ്രഹിച്ചു. വിക്ടര്‍ ഇമ്മാനുവൽ രാജാവ് മാർപാപ്പയുമായി സംസാരിക്കാൻ തന്റെ ദൂതനെ അയച്ചു. എന്നാൽ മാർപാപ്പ ചർച്ചയ്ക്ക് വിസമ്മതിച്ചു. 1870 സെപ്തംബർ രണ്ടാം തീയതി റോമും വത്തിക്കാനും പിടിച്ചടക്കപ്പെട്ടു. മാർപാപ്പയുടെ എതിർപ്പുകൾ ഫലം കണ്ടില്ല. 1871-ൽ റോം ഏകീകൃത ഇറ്റലിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. മാർപാപ്പയുമായി നടത്തിയ വിലപേശലകൾ വിജയിച്ചില്ല. രാജാവ് നൽകിയ ഔദാര്യങ്ങൾ മാർപാപ്പ സ്വീകരിച്ചില്ല. അങ്ങനെ മാർപാപ്പ ‘വത്തിക്കാനിലെ തടവുകാരനായി’ കഴിഞ്ഞുകൂടി.
മാർപാപ്പയുടെ അധികാരങ്ങളും വത്തിക്കാൻ രാഷ്ട്രത്തിന്റെ രൂപീകരണവുമെല്ലാം ഔദ്യോഗികമായി സാധ്യമായത് 1929 ഫെബ്രുവരി 11-നാണ്. ഇറ്റലിയിലെ ഫാസിസ്റ്റ് ഗവൺമെന്റും പതിനൊന്നാം പിയൂസ് മാർപാപ്പയുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിൽ ലാറ്ററൻ ഉടമ്പടിയിലൂടെ 108 ഏക്കർ അടങ്ങുന്ന വത്തിക്കാനും വത്തിക്കാന്റ പുറത്തുള്ള മേജർ ബസിലിക്കകളും കാര്യാലയങ്ങളുടെ ഓഫീസുകളും വേനൽക്കാല വസതിയായ കാസ്റ്റൽ ഗൊണ്ടോൾഫോയും മാർപാപ്പയ്ക്ക് സ്വതന്ത്ര അധികാരത്തിനായി നൽകി.
വത്തിക്കാൻ ഔദ്യോഗിക രാഷ്ട്രമാവുകയും മാർപാപ്പയുടെ പരമാധികാരം ഇറ്റലി അംഗീകരിക്കുകയും ചെയ്തു. അങ്ങനെ പേപ്പൽ സ്റ്റേറ്റിൽ നിന്ന് ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാനിലേക്ക് മാർപാപ്പയുടെ രാഷ്ട്രീയാധികാരം ചുരുക്കപ്പെട്ടു. ഇന്ന് മാർപാപ്പ വത്തിക്കാന്റെ രാഷ്ട്രീയ ഭരണാധികാരിയായും ലോകമെങ്ങുമുള്ള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായും ശുശ്രൂഷ ചെയ്യുന്നു.