

സേവി പടിക്കപ്പറന്പിൽ
ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവസഭയെ പിടിച്ചുകുലുക്കിയ ചില പാഷണ്ഡ സിദ്ധാന്തങ്ങൾ ഉണ്ട്. ദൈവശാസ്ത്ര വിഷയങ്ങളിലെ അഭിപ്രായ ഭിന്നതകളാണ് പലപ്പോഴും ഈ പാഷണ്ഡതകളുടെ രൂപീകരണത്തിന് കാരണമായത്. ഏക കത്തോലിക്കാ സഭയുടെ വിഭജനത്തിനും പുതിയ അകത്തോലിക്കാസഭകളുടെ ആരംഭത്തിനും ഈ പാഷണ്ഡതകൾ കാരണമായിട്ടുണ്ട്. പ്രബലമായ പാഷണ്ഡതകളാണ് ആര്യനിസം, മനിക്കേയനിസം, നെസ്തോറിയനിസം തുടങ്ങിയവ. ഈ ലക്കത്തിൽ നമുക്ക് നെസ്തോറിയനിസത്തെ പരിചയപ്പെടാം. മാർത്തോമാ ക്രിസ്ത്യാനികളുടെ സഭാ ചരിത്ര പഠനത്തിനും ഭാരത സഭാ ചരിത്ര പഠനത്തിനും നെസ്തോറിയനിസത്തെക്കുറിച്ചുള്ള അറിവുകൾ നമ്മെ സഹായിക്കും.
അഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഉത്ഭവിക്കുകയും പിന്നീട് പേർഷ്യയിൽ ശക്തി പ്രാപിക്കുകയും ചെയ്ത പാഷണ്ഡതയാണ് നെസ്തോറിയനിസം. നെസ്തോറിയസ് എന്ന കോൺസ്റ്റാന്റിനോപ്പിൾ പാട്രിയാർക്കിന്റെ ദൈവശാസ്ത്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പാഷണ്ഡത രൂപപ്പെട്ടത്. ക്രിസ്തുവിന്റെ ദൈവ - മനുഷ്യ സ്വഭാവങ്ങളാണ് ഈ പാഷണ്ഡതയുടെ അടിസ്ഥാന വിഷയം.
ക്രിസ്തു ഒരേസമയം പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും ആയിരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദൈവ അസ്തിത്വത്തെയും മനുഷ്യ അസ്ഥിത്വത്തെയും വേർതിരിച്ചുകണ്ട് ഓരോന്നിനും പ്രാധാന്യം നൽകിയിരുന്ന തെറ്റായ ദൈവശാസ്ത്ര പഠനങ്ങൾ ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ മറിയത്തെ ദൈവമാതാവ് (Theotokos) എന്ന് വിളിക്കുന്നത് തെറ്റാണ് എന്ന് നെസ്തോറിയസ് പഠിപ്പിച്ചു; പകരം മറിയത്തെ ക്രിസ്തുവിന്റെ മാതാവ് (Christotokos) എന്ന് വിളിച്ചു. അലക്സാണ്ടറിയയിലെ മെത്രാനായിരുന്ന സിറിൽ ക്രിസ്തുവിന്റെ മാതാവ് എന്ന അഭിസംബോധനയെ എതിർത്തു. റോമും മാർപാപ്പയും നെസ്‌തോറിയസിന് എതിരായി.
എന്താണ് ദൈവമാതാവും ക്രിസ്തുവിന്റെ മാതാവും എന്ന അഭിസംബോധനകളുടെ വ്യത്യാസം? ക്രിസ്തു പൂർണ്ണ ദൈവമാണെന്നും അതിനാൽ മറിയം ദൈവത്തിന്റെ മാതാവാണ് എന്നുമായിരുന്നു സിറിലും കൂട്ടരും പഠിപ്പിച്ചിരുന്നത്. ഇത് റോം അംഗീകരിക്കുകയും ചെയ്തു. മറിയം ക്രിസ്തുവിന്റെ മാത്രം മാതാവാണ് എന്നു പറഞ്ഞാൽ അത് ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ നിഷേധം ആണെന്നും ഇവർ പഠിപ്പിച്ചു. എന്നാൽ മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചാൽ ത്രിത്വൈക ദൈവത്തിന്റെ മാതാവാണ് മറിയമെന്ന് മനസ്സിലാക്കപ്പെടുമെന്നും മനുഷ്യനായി അവതരിച്ച ക്രിസ്തുവിന്റെ മാത്രം മാതാവാണ് മറിയമെന്നും നെസ്തോറിയസ് പഠിപ്പിച്ചു. യഥാർഥത്തിൽ ഈ രണ്ട് പഠനങ്ങളും ശരിയാണ്. രണ്ടു പഠനങ്ങളും ഒന്നുതന്നെയാണ്. രണ്ടും യഥാർഥത്തിൽ ക്രിസ്തുവിന്റെ ദൈവമനുഷ്യ സ്വഭാവങ്ങളെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് നെസ്തോറിയസ് ഒരു നെസ്തോറിയൻ അല്ല എന്ന് ഇന്ന് ചരിത്രം മനസ്സിലാക്കുന്നത്.
എന്നാൽ തുറന്ന സംഭാഷണങ്ങളുടെ കുറവും അലക്സാണ്ടറിയൻ സ്കൂളിന്റെ മേൽക്കോയ്മയും അന്ന് നെസ്തോറിയസിനെ പൂർണമായി മനസ്സിലാക്കുന്നതിന് തടസ്സമായി. 430 ൽ സെലസ്റ്റിൻ മാർപാപ്പയും 431 ൽ എഫേസൂസ് കൗൺസിലും നെസ്തോറിയസിന്റെ പഠനങ്ങളെ അപലപിക്കുകയും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി പുറത്താക്കുകയും ചെയ്തു. ഈജിപ്തിലെ മരുഭൂമിയിൽ വച്ച് 450 ൽ അദ്ദേഹം മരണമടഞ്ഞു. എന്നാൽ ക്രിസ്തുവിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും വേർതിരിച്ചു കാണുന്ന പഠനങ്ങൾ നെസ്തോറിയസിന്റെ പേരിൽ അറിയപ്പെടുകയും സഭയിൽ വിഭജനം ഉണ്ടാവുകയും നെസ്തോറിയനിസം പേർഷ്യയിലേക്ക് വ്യാപിക്കുകയും ചെയ്തു.