നിഖ്യ സൂനഹദോസ്

നിഖ്യ സൂനഹദോസ്
Published on
  • സേവി പടിക്കപ്പറമ്പില്‍

AD 325 മെയ് മാസത്തില്‍ ആരംഭിച്ച് എതാണ്ട് മൂന്ന് മാസത്തോളം നിഖ്യയില്‍ വച്ച് നടന്ന മെത്രാന്മാരുടെ സമ്മേളനമാണ് നിഖ്യ സൂനഹദോസ്. ആദ്യത്തെ എക്യൂമെനിക്കല്‍ സൂനഹദോസാണിത്. 318 മെത്രാന്മാര്‍ ഇതില്‍ സംബന്ധിച്ചു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ സൂനഹദോസ് വിളിച്ചു കൂട്ടിയത്. ചക്രവര്‍ത്തി സൂനഹദോസില്‍ പങ്കെടുക്കുകയും അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ഏഴ് മെത്രാന്മാര്‍ മാത്രമാണ് സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സംബന്ധിച്ചത്. അന്നത്തെ മാര്‍പാപ്പയായിരുന്ന സില്‍വെസ്റ്റര്‍ പാപ്പ ഇതില്‍ സംബന്ധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയായി രണ്ട് മെത്രാന്മാര്‍ പങ്കെടുത്തു. ആരിയനിസത്തിന്റെ പേരില്‍ സഭയില്‍ ഉണ്ടായ വിഭജനത്തെ പരിഹരിക്കുക എന്നതായിരുന്നു സൂനഹദോസിന്റെ പ്രധാന ലക്ഷ്യം.

എന്താണ് ആരിയനിസം? യേശുവിന്റെ സ്വഭാവം, അവന്റെ ഉത്ഭവം, പിതാവായ ദൈവവുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ആശയ വ്യത്യാസമാണ് ആരിയനിസത്തിലേക്ക് നയിച്ചത്. പിതാവ് മാത്രമാണ് ശാശ്വതമെന്നും പുത്രന്‍ പിതാവിനാല്‍ സൃഷ്ടിക്കപ്പെട്ടവനാണെന്നും പുത്രന്‍ പിതാവിന് കീഴ്‌പ്പെട്ടവനാണെന്നും ആരിയൂസ് വാദിച്ചു.

എന്നാല്‍ സൂനഹദോസ് രൂപപ്പെടുത്തിയ വിശ്വാസപ്രമാണം ക്രിസ്തു ദൈവപുത്രനാണെന്നും അവന്‍ സര്‍വലോകങ്ങള്‍ക്കും സൃഷ്ടികള്‍ക്കും മുമ്പേ പിതാവില്‍ നിന്ന് ജനിക്കപ്പെട്ടവനാണെന്നും ഉണ്ടാക്കപ്പെട്ടവനോ കീഴ്‌പ്പെട്ടവനോ അല്ലെന്നും പ്രഖ്യാപിച്ചു.

സൂനഹദോസ് സമാപിച്ചുവെങ്കിലും വിഭജനം ഒഴിവാക്കാന്‍ സാധിച്ചില്ല. ആരിയന്‍ ക്രിസ്ത്യാനികള്‍ എന്നും നൈസയന്‍ ക്രിസ്ത്യാനികള്‍ എന്നും രണ്ട് വിഭാഗമായി തുടര്‍ന്നു. റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യത്യാസങ്ങളും ഈ വിഭജനത്തിന് ആക്കം കൂട്ടി. കോണ്‍സ്റ്റന്റൈനുശേഷം രണ്ട് വിഭാഗങ്ങള്‍ക്കും മാറി മാറി ചക്രവര്‍ത്തിമാരുടെ പിന്തുണ ലഭിച്ചു. എ ഡി 380 ല്‍ തിയഡോഷ്യസ് ചക്രവര്‍ത്തി നൈസയന്‍ ക്രിസ്തുമതം സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org