ആദിമസഭയിലെ അല്മായ പങ്കാളിത്തം

ചരിത്രത്തിലെ സഭ
ആദിമസഭയിലെ അല്മായ പങ്കാളിത്തം
Published on
  • സേവി പടിക്കപ്പറമ്പിൽ

ക്രിസ്തു ഭരമേൽപ്പിച്ച പ്രേഷിത ദൗത്യത്തിന്റെ അടിസ്ഥാനത്തിൽ അപ്പസ്തോലന്മാരാണ് സഭയുടെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ചത്. ഒരു സമൂഹമായി മുന്നേറിയ ക്രൈസ്തവ സഭയ്ക്ക് നേതൃത്വം നൽകിയിരുന്നത് അപ്പസ്തോലന്മാർ തന്നെയാണ്. അപ്പസ്തോലന്മാരെ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി ഡീക്കന്മാരെ നിയമിച്ചു. പിന്നീട് അപ്പസ്തോലന്മാരുടെ പിൻഗാമികളായി മെത്രാന്മാർ നിയമിക്കപ്പെട്ടു. നഗരങ്ങളിൽ നിന്ന് മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ക്രിസ്തുമതം വ്യാപിക്കപ്പെട്ടതോടുകൂടി മെത്രാന്മാരുടെ പകരക്കാരായി പുരോഹിതന്മാർ വികാരിമാരായി നിയമിക്കപ്പെട്ടു. മത മർദ്ദനങ്ങൾക്കു ശേഷം വിശുദ്ധമായ ക്രിസ്തീയ ജീവിതം തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സന്യാസം ആരംഭിച്ചതോടെ സന്യാസ വൈദികരും സന്യാസിനികളും സഭയുടെ ഭാഗമായി.

ആദിമ നൂറ്റാണ്ടുകളിൽ ഇവയെല്ലാം വ്യത്യസ്ത ശുശ്രൂഷകളായി മാത്രമാണ് കണക്കാക്കിയിരുന്നത്. ഒരിക്കലും ശുശ്രൂഷാസ്ഥാനങ്ങൾ അടിസ്ഥാനപ്പെടുത്തി വലിപ്പച്ചെറുപ്പങ്ങളുടെ തലത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേപോലെ അവരുടെ ശുശ്രൂഷകളിൽ ഏർപ്പെട്ടു. പക്ഷേ പിന്നീട് അപ്പസ്തോലന്മാരുടെ പിൻഗാമികളായും വിവിധ പ്രദേശങ്ങളിലെ സഭാ നേതാക്കന്മാരായും മെത്രാന്മാരെ സ്വീകരിക്കുകയും അവർക്ക് ആ സ്ഥാനത്തിന്റെ ഉന്നതമായ ബഹുമാനം നൽകുകയും ചെയ്തു. ഇതേ ബഹുമാനം പിന്നീട് വൈദികർക്കും സന്യാസികൾക്കും ലഭിച്ചു. അങ്ങനെ ശുശ്രൂഷാ ദൗത്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഹയരാർക്കി സഭയിൽ രൂപപ്പെട്ടു. മതസ്വാതന്ത്ര്യം ലഭിച്ചശേഷം റോമാ സാമ്രാജ്യത്തിന്റെ അതിർത്തികളും അധികാരങ്ങളും സ്വീകരിക്കുന്നതോടുകൂടി സഭയിൽ ഹയരാർക്കി വ്യവസ്ഥ ശക്തിപ്പെട്ടു.

ഹയരാർക്കി സമ്പ്രദായം നിലനിന്നിരുന്നെങ്കിലും ആദിമ നൂറ്റാണ്ടുകളിൽ അല്മായർ സഭയിൽ ഒരിക്കലും അവഗണിക്കപ്പെട്ടിരുന്നില്ല. ക്രിസ്തുമതം സ്വീകരിക്കാൻ വരുന്നവരെ പരിശീലിപ്പിക്കുക, പഠിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങൾ അല്മായർ നിർവഹിച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ മാമ്മോദീസ നൽകുവാനും അൽമായ പുരുഷന്മാർക്ക് അധികാരം നൽകിയിരുന്നു. അൽമായ സ്ത്രീകളിൽ കന്യകകൾക്കും വിധവകൾക്കും കൂടുതൽ ബഹുമാനവും സ്ഥാനങ്ങളും നൽകിയിരുന്നു. തങ്ങളുടെ മെത്രാന്മാരെ നിശ്ചയിക്കുന്നതിന് അൽമായർക്ക് അധികാരം ഉണ്ടായിരുന്നു. ഉദാഹരണമായി നാലാം നൂറ്റാണ്ടിൽ മിലാനിലെ മെത്രാനായി വിശുദ്ധ അംബ്രോസ് തിരഞ്ഞെടുക്കപ്പെടുന്നത് ജനങ്ങളുടെ ശക്തമായ നിർബന്ധത്തെ തുടർന്നാണ് എന്ന് ജീവചരിത്രം വ്യക്തമാക്കുന്നു. ഒരു ബാലനാണ് അംബ്രോസിന്റെ പേര് ഉറക്കെ വിളിച്ചു പറയുന്നത് എന്നാണ് പാരമ്പര്യം. പക്ഷേ പിന്നീട് മെത്രാൻ നിയമനം രാജാവിന്റെ അധികാരമാകുന്നതോടുകൂടി അല്മായരുടെ പങ്ക് മെത്രാനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് അപ്രത്യക്ഷമായി. 

അൽമായ ദൈവ ശാസ്ത്രജ്ഞന്മാരും ചരിത്രകാരൻമാരും സഭയിൽ ഉണ്ടായിരുന്നു. പാവങ്ങളെ സഹായിക്കുക, സഭയുടെ സ്വത്തുക്കൾ പരിപാലിക്കുക തുടങ്ങിയവയും അൽമായർ നിർവഹിച്ചിരുന്നു. വടക്കൻ ആഫ്രിക്കയിൽ മുതിർന്ന അല്മായ നേതാക്കന്മാരെ ഉൾപ്പെടുത്തി സഭ കൗൺസിൽ പോലും ആ കാലഘട്ടങ്ങളിൽ നിലനിന്നിരുന്നു. സഭയിലെ അല്മായ ദൗത്യത്തിന്റെ അടിസ്ഥാനമായി ആ കാലഘട്ടത്തിലും കണക്കാക്കിയിരുന്നത് മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവരും സ്വന്തമാക്കുന്ന ക്രിസ്തുവിന്റെ പൊതു പൗരോഹിത്യമാണ്. 

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org