
ആദിമസഭയിലെ വിശുദ്ധരുടെ തിരുനാളുകള്‍ പരിശുദ്ധ അമ്മയ്ക്കാണ് ആദിമ സഭ ശ്രേഷ്ഠമായ വണക്കം നല്‍കിയിരുന്നത്.
പരിശുദ്ധ അമ്മയുടെ തിരുനാളുകള്‍ ആദിമസഭ യുടെ കാലം മുതലേ ആചരിച്ചു പോന്നിരുന്നു. റോമിലെ കാറ്റകൊമ്പിലും ഏതാനും ചുവര്‍ ചിത്രങ്ങളിലും പരിശുദ്ധ അമ്മയുടെ ചിത്രങ്ങള്‍ കാണാവുന്നതാണ്. 431 ലെ എഫേസോസ് കൗണ്‍സിലിനുശേഷം മറിയത്തിന്റെ ദൈവമാതൃത്വം ഔദ്യോഗികമായി അംഗീകരിക്ക പ്പെടുകയും തിരുനാള്‍ റോമന്‍ സഭയില്‍ ആരംഭിക്കുകയും ചെയ്തു.
മറിയത്തിന്റെ പ്രധാന തിരുനാളുകളെല്ലാം ഗ്രീക്ക് സഭയിലാണ് ആദ്യ ആരംഭിച്ചത്. ഏഴാം നൂറ്റാണ്ടു മുതല്‍ എല്ലാ സഭകളും മറിയത്തിന്റെ പ്രധാന തിരുനാളുകള്‍ ആഘോഷിക്കുവാന്‍ ആരംഭിച്ചു. മറിയത്തിന്റെ അമലോത്ഭവം, സ്വര്‍ഗാരോപണം തുടങ്ങിയവ വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടത് പിന്നീടാണെങ്കിലും ഈ തിരുനാളുകളെല്ലാം പണ്ടു മുതലേ ആചരിച്ചു പോന്നിരുന്നു.
ആദിമസഭ രക്തസാക്ഷികളെയാണ് ആദ്യം വിശുദ്ധരായി പരിഗണിച്ചിരുന്നത്. ഓരോ പ്രദേശത്തെയും രക്തസാക്ഷികളുടെ കബറിടം പരിപാവനമായി സൂക്ഷിക്കുകയും അവരുടെ തിരുശേഷിപ്പുകള്‍ വിശുദ്ധമായി കണക്കാക്കു കയും ചെയ്തു. രക്തസാക്ഷികളുടെ രക്തസാക്ഷിത്വ ദിനമാണ് അവരുടെ തിരുനാളു കളായി ആദിമസഭ ആചരിച്ചിരുന്നത്. മതമര്‍ദനകാലത്ത് ഇപ്രകാരം കബറിടം സൂക്ഷിക്കുക എളുപ്പമായിരുന്നില്ല.
എങ്കിലും രക്തസാക്ഷിക ളുടെ തിരുശേഷിപ്പുകള്‍ അവര്‍ രഹസ്യമായി സൂക്ഷിച്ചു പോന്നിരുന്നു. പ്രാദേശിക സഭക ളാണ് അവരുടെ ഇടയിലെ രക്തസാക്ഷികളുടെ തിരുനാളുകള്‍ ആഘോഷിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ സഭ മുഴുവന്‍ എല്ലാ വിശുദ്ധരു ടെയും തിരുനാളുകള്‍ ആഘോഷിച്ചിരുന്നില്ല.
പിന്നീട് ഓരോ പ്രാദേശിക സഭയിലെയും രക്തസാക്ഷികളുടെ തിരുനാള്‍ ദിവസങ്ങള്‍ ക്രോഡീകരിക്കപ്പെടുകയും ഈ ലിസ്റ്റ് അനുസരിച്ച് മറ്റു സഭകളും രക്തസാക്ഷികളുടെ തിരുനാള്‍ ആഘോഷിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട ലിസ്റ്റിനെയാണ് മര്‍ത്തീരിയോളജി (list of martyers) എന്ന് വിളിക്കുന്നത്. Martyrologium Hieronymianum ആണ് റോമന്‍ രക്തസാക്ഷികളുടെ തിരുനാളുകളുടെ അടിസ്ഥാനമായി കണക്കാക്കുന്നത്. ഈ ലിസ്റ്റ് തയ്യാറാക്കിയതായി കണക്കാക്ക പ്പെടുന്നത് വിശുദ്ധ ജെറോം ആണ്. സിറിയക് മര്‍ത്തീരിയോളജി, കലണ്ടര്‍ ഓഫ് കര്‍ത്തേജ് തുടങ്ങിയ ധാരാളം ലിസ്റ്റുകള്‍ ഉണ്ട്.
ചില വിശുദ്ധരുടെ തിരുനാളുകള്‍ ഓരോ സഭയും വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഉദാഹരണമായി വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ പശ്ചാത്യസഭ ഏപ്രില്‍ 23 നും പൗരസ്ത്യസഭ ഏപ്രില്‍ 24 നുമാണ് ആചരിക്കുന്നത്. ഓരോ സഭയും പിന്തുടരുന്ന മര്‍ത്തീരിയോളജി യുടെ വ്യത്യാസമാണ് തിരുനാളുകള്‍ വ്യത്യസ്ത ദിവസങ്ങള്‍ ആകുന്നതിനു കാരണം. മതമര്‍ദ്ദനത്തിനുശേഷം രക്തസാക്ഷികള്‍ ഇല്ലാതാകുന്നതോടുകൂടിയാണ് വിശുദ്ധ ജീവിതം നയിച്ച വ്യക്തികളെ വിശുദ്ധരായി കണക്കാക്കുകയും അവരുടെ തിരുനാളുകളും ആഘോഷിക്കുവാന്‍ ആരംഭിക്കുകയും ചെയ്തത്.
സഭ ഔദ്യോഗികമായി വിശുദ്ധരെ പ്രഖ്യാപിക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഓരോ പ്രാദേശിക സഭകളും രക്തസാക്ഷികളുടെയും മറ്റ് വിശുദ്ധരുടെയും തിരുനാളുകള്‍ ആഘോഷിക്കുവാന്‍ ആരംഭിച്ചിരുന്നു. കാലക്രമത്തില്‍ സഭ വിശുദ്ധരെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് അവരുടെ തിരുനാളുകള്‍ ആഘോഷിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഇന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ അച്ചന്റെയുമൊക്കെ തിരുനാളുകള്‍ ഈ രീതിയിലാണ് നാം ആചരിക്കുന്നത്. വിശുദ്ധരുടെ നാമകരണ നടപടികളുടെ ചരിത്രം മറ്റൊരു അവസരത്തില്‍ നമുക്ക് പഠിക്കാം.