
ഫാ. സേവി പടിക്കപ്പറമ്പില്‍
റോമാ ചക്രവര്‍ത്തിമാരുടെ കീഴിലെ മതമര്‍ദനങ്ങളെക്കുറിച്ച് നാം ഇവിടെ എഴുതിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റോമാ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷനാണ് മതമര്‍ദനത്തിന് ഈ കാലഘട്ടത്തില്‍ പ്രസിദ്ധനായിട്ടുള്ളത്. പട്ടാള സേവനത്തിലൂടെ കടന്നുവന്ന് ഒടുവില്‍ റോമായുടെ ശക്തനായ ചക്രവര്‍ത്തിയായി ഡയോക്ലീഷന്‍ മാറുകയായിരുന്നു.
ഭരണസൗകര്യാര്‍ഥം അദ്ദേഹം റോമാസാമ്രാജ്യത്തെ നാലായി വിഭജിച്ചു. മാക്‌സിമിയന്‍, കോണ്‍സ്റ്റാന്റിയുസ്, ഡയോക്ലീഷന്‍, ഗലേരിയുസ് എന്നിവരായിരുന്നു ഭരണാധികാരികള്‍. ഈ വിഭജനം ഡയോക്ലീഷന്റെ ഭരണപരിഷ്‌കാരമായ ടെട്രാര്‍ക്കി എന്നറിയപ്പെടുന്നു. സാമ്രാജ്യത്തെ സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിനുള്ള പരിശ്രമമായിരുന്നു ഇത്.
എ ഡി 303 ല്‍ ഡയോക്ലീഷന്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആദ്യ വിളംബരം നടത്തി. ഇതനുസരിച്ച് ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ രാജകീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും സഭാ സ്വത്തുക്കളും വിശുദ്ധ പുസ്തകങ്ങളും കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു.
അഗ്‌നിബാധ, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണക്കാര്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിക്കുകയും അതിന്റെ പേരില്‍ അവരെ പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ പുരോഹിതരെയും ജയിലില്‍ അടയ്ക്കാന്‍ ഡയോക്ലീഷന്‍ കല്‍പ്പന പുറപ്പെടുവിച്ചു. വിജാതീയ ദേവന്മാര്‍ക്ക് ബലിയര്‍പ്പിച്ചാല്‍ പുരോഹിതരെ സ്വതന്ത്രരാക്കാം എന്നും പ്രഖ്യാപിച്ചു.
ഏ ഡി 304 ല്‍ നാലാം വിളംബരത്തില്‍ എല്ലാ ക്രിസ്ത്യാനികളും വിജാതീയ ദേവന്മാരെ ആരാധിക്കണം എന്നും അല്ലെങ്കില്‍ അവരെ പീഡിപ്പിക്കും എന്നും പീഡനങ്ങള്‍ കൊണ്ടും മനസ്സ് മാറിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെ ഡയോക്ലീഷന്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മതമര്‍ദകനായി മാറി. ദേവാലയങ്ങളും ലൈബ്രറികളും രേഖാലയങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടു.
ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മതമര്‍ദനത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷിയാണ് വിശുദ്ധ സെബസ്ത്യാനോസ്. ഏ ഡി 311 വരെ മത മര്‍ദനങ്ങള്‍ തുടര്‍ന്നു.
റോമായുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനും അവസാനത്തേതുമായ മതമര്‍ദകനായിരുന്നു ഡയോക്ലീഷന്‍. തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മതമര്‍ദനങ്ങള്‍ അവസാനിക്കുകയും ക്രിസ്ത്യാനികള്‍ സ്വതന്ത്രരാകുകയും ചെയ്തു.