കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രൈസ്തവ താത്പര്യം : ഒരു വിലയിരുത്തല്‍

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രൈസ്തവ താത്പര്യം : ഒരു വിലയിരുത്തല്‍
Published on
  • സേവി പടിക്കപ്പറമ്പില്‍

എന്തുകൊണ്ടാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത് എന്ന ചോദ്യത്തോടെയാണ് നമ്മള്‍ കഴിഞ്ഞ ലക്കം പഠനം അവസാനിപ്പിച്ചത്. റോമാ ചക്രവര്‍ത്തിമാരെല്ലാം ക്രിസ്തുമതത്തെ പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ മാത്രം ക്രിസ്ത്യാനികളുടെ രക്ഷികനായി?

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ക്രൈസ്തവ താല്‍പര്യത്തെ വിമര്‍ശന വിധേയമായി മനസ്സിലാക്കുന്ന ചരിത്രകാരന്മാരുണ്ട്. ചക്രവര്‍ത്തിയുടെ താല്‍പര്യം തികച്ചും രാഷ്ട്രീയമായിരുന്നു എന്നതാണ് അവരുടെ അഭിപ്രായം. റോമാ സാമ്രാജ്യം സുസ്ഥിരമായ സാമ്രാജ്യമായിരുന്നില്ല. പലപ്പോഴും രാജാക്കന്മാര്‍ കൊല്ലപ്പെടുകയും മറ്റ് രാജാക്കന്മാരും പ്രഭുക്കളും യോദ്ധാക്കളും അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സാമ്രാജ്യം വളരെ വിശാലവുമായിരുന്നു.

അതിനാല്‍ ഈ സാമ്രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുക എന്നത് ചക്രവര്‍ത്തിമാരുടെ ആവശ്യമായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സാമ്രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിച്ച ആയുധമാണ് (unifying tool) ക്രിസ്തുമതം. ഹിന്ദുത്വ അജണ്ട ഇന്ന് രാജ്യത്തു നടപ്പിലാക്കുന്നതു പോലെ. ക്രിസ്ത്യാനികളുടെ എണ്ണം സാമ്രാജ്യത്തില്‍ ഭൂരിപക്ഷം ആയിരുന്നില്ല. എങ്കിലും മത മര്‍ദനത്തിലും തളരാതെ വളര്‍ന്നുവന്ന ക്രിസ്തുമതത്തെ സാമ്രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ആയുധമായി അദ്ദേഹം സ്വീകരിച്ചു.

കോണ്‍സ്റ്റന്റൈന് എതിരെയുള്ള ഈ ആരോപണം എങ്ങനെ തെളിയിക്കാന്‍ സാധിക്കും? പൂര്‍ണ്ണമായ തെളിവുകളൊന്നും ചക്രവര്‍ത്തിക്കെതിരെ നല്‍കാനില്ല. പ്രധാന തെളിവ് 'സോള്‍ ഇന്‍വിക്ക്തുസ്' എന്ന റോമന്‍ ചിഹ്നം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി മിലാന്‍ വിളംബരത്തിനുശേഷവും നാണയങ്ങളിലും രേഖകളിലും ഉപയോഗിച്ചിരുന്നു എന്നതാണ്. അതായത് കുരിശ് ചിഹ്നമായി സ്വീകരിച്ചു യുദ്ധം ജയിച്ചു എന്നു പറയപ്പെടുന്നതിനുശേഷവും ഈ വിജാതീയ ചിഹ്നം അദ്ദേഹം ഉപയോഗിച്ചിരുന്നു. സൂര്യാരാധനയുടെ ചിഹ്നമാണ് ഈ 'സോള്‍ ഇന്‍വിക്ക്തുസ്'. ക്രൈസ്തവ മതം സ്വീകരിച്ച ചക്രവര്‍ത്തി എന്തുകൊണ്ടാണ് ഈ വിജാതീയ ചിഹ്നം തുടര്‍ന്നും ഉപയോഗിച്ചത്?

കോണ്‍സ്റ്റന്റൈനെതിരെയുള്ള മറ്റൊരു ആരോപണം അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലാണ് മാമ്മോദീസ സ്വീകരിച്ചത് എന്നാണ്. അത് ശരിയുമാണ്. വിശുദ്ധിയോടെ മരിക്കുന്നതിന്, മരണത്തിനു മുമ്പ് മാമ്മോദീസ സ്വീകരിക്കുന്ന ഒരു പാരമ്പര്യം അന്ന് നിലവില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചക്രവര്‍ത്തി മാമ്മോദീസ സ്വീകരിക്കാന്‍ വൈകിയത് എന്നും പറയപ്പെടുന്നു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് നിഖ്യ സൂനഹദോസ് വിളിച്ചുചേര്‍ത്തത് എന്ന് നാം കഴിഞ്ഞ ലക്കത്തില്‍ പഠിച്ചു. എന്താണ് ഈ സൂനഹദോസ് വിളിച്ചു ചേര്‍ക്കാന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചത് എന്നു കൂടെ അറിയേണ്ടെ? ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരു വിഭജനം ഉണ്ടാകാതിരിക്കുക എന്നത് ചക്രവര്‍ത്തിയുടെ കൂടെ ആവശ്യമായിരുന്നു.

വിശ്വാസസംബന്ധമായ ആശയവ്യത്യാസം ക്രിസ്ത്യാനികളുടെയിടയില്‍ ഭിന്നത സൃഷ്ടിക്കാതിരിക്കാനും ഒരു സമൂഹമായി നിലനില്‍ക്കാനും കൗണ്‍സില്‍ സഹായിച്ചു. പിന്നീട് റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെടുന്നത് നൈസയന്‍ ക്രിസ്തുമതമാണ്. അടുത്ത ലക്കത്തില്‍ നിഖ്യ സൂനഹദോസിനെ നമ്മുടെ പഠനവിഷയമാക്കാം.

ചുരുക്കത്തില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ചില പൗരസ്ത്യ സഭകള്‍ കോണ്‍സ്റ്റന്റൈനെ വിശുദ്ധനായി കണക്കാക്കുന്നു. എന്നാല്‍ ശക്തനായ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന് രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടായിരുന്നു എന്നത് തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org