

നേരത്തെ നമ്മൾ സൂചിപ്പിച്ചതുപോലെ കുരിശു യുദ്ധങ്ങൾ സമ്പൂർണ്ണമായ വിജയമായിരുന്നില്ല. കുരിശു യുദ്ധങ്ങളിൽ മുസ്ലീങ്ങളിൽ നിന്ന് തിരിച്ചുപിടിച്ച വിശുദ്ധ സ്ഥലങ്ങൾ വീണ്ടും തുർക്കിഷ് മുസ്ലിം രാജവംശങ്ങൾ യുദ്ധങ്ങളിലൂടെ സ്വന്തമാക്കി. വിശുദ്ധ സ്ഥലങ്ങൾ സ്വന്തമാക്കുക, വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുക എന്ന ലക്ഷ്യങ്ങൾ ശാശ്വതമായി സ്ഥാപിക്കാൻ കുരിശുയുദ്ധങ്ങൾക്ക് സാധിച്ചില്ല.
കുരിശുയുദ്ധത്തിന് അതിന്റേതായ ചില ദോഷങ്ങളും ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും പരാജയമായത് നാലാമത്തെ യുദ്ധമാണ്. വിശുദ്ധ സ്ഥലങ്ങൾക്കായി നടത്തിയ യുദ്ധം യൂറോപ്പിൽ നിന്ന് എത്തിച്ചേർന്നത് കിഴക്കൻ ഓർത്തഡോക്സ് സഭയുടെ കേന്ദ്രമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലാണ്. കിഴക്കൻ റോമാ സാമ്രാജ്യത്തിൽ നിന്ന് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുക്കുകയും ലാറ്റിൻ ഭരണം സ്ഥാപിക്കുകയും ചെയ്തു. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ ഇതിൽ എതിർപ്പ് പ്രകടിപ്പിക്കുകയും സ്വന്തം സഹോദരങ്ങളായ ക്രിസ്ത്യാനികളെ തന്നെ യുദ്ധത്തിൽ നേരിട്ട ഈ കുരിശുയുദ്ധക്കാരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് കല്പന നൽകുകയും ചെയ്തു. എന്നാൽ ഈ ഭീഷണി വിലപ്പോയില്ല. കുരിശുയുദ്ധക്കാർ കോൺസ്റ്റാന്റിനോപ്പിൾ കൊള്ളയടിച്ചു. ഭിന്നിച്ചു നിന്നിരുന്ന ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗത്തെ ഇതിലൂടെ കത്തോലിക്കാ സഭയിലേക്ക് ഒന്നിപ്പിക്കാൻ ആകുമെന്ന മാർപാപ്പയുടെ ആഗ്രഹവും സാധിച്ചില്ല. പിന്നീട് ഈ കിഴക്കൻ ഓർത്തഡോക്സ് സഭകൾ കത്തോലിക്കാ സഭയുമായി പുനരൈക്യപെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കെല്ലാം വിഘാതമായത് 1204-ലെ കോൺസ്റ്റാന്റിനോപ്പിൾ കൊള്ളയാണ്.
കുരിശുയുദ്ധങ്ങളോട് അനുബന്ധിച്ച് ചില പ്രസ്ഥാനങ്ങൾ സഭയിൽ രൂപപ്പെട്ടു. അതിലൊന്ന് ഇതിനായി രൂപപ്പെട്ട സന്യാസ പ്രസ്ഥാനമാണ്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങളോടൊപ്പം വിശുദ്ധ നാടുകൾക്കുള്ള സംരക്ഷണംക്കൂടി ഇവർ വൃതമായി സ്വീകരിച്ചു.
The knights of the Hospitallers, The Templars എന്നീ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടത് കുരിശ് യുദ്ധങ്ങളിൽ പങ്കെടുക്കുന്നവർക്ക് രോഗീശുശ്രൂഷ നൽകുന്നതിന് വേണ്ടിയാണ്. Templars വസ്ത്രത്തിൽ ഉപയോഗിച്ച ചുവന്ന കുരിശ് ഇന്നും കാരുണ്യത്തിന്റെ പ്രതീകമായി ലോകം അംഗീകരിക്കുന്നു.
കുരിശുയുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ധാരാളം പണം ചെലവഴിക്കപ്പെട്ടു. ഇതിനായി പണം കണ്ടെത്താൻ യുദ്ധത്തിൽ പങ്കെടുത്ത രാജാക്കന്മാരും പ്രമുഖന്മാരും ജനങ്ങളുടെ നികുതിഭാരം വർദ്ധിപ്പിച്ചു. ഗ്രീക്ക് സംസ്കാരത്തെയോ പൗരസ്ത്യ സഭകളെ അംഗീകരിക്കാനും മനസ്സിലാക്കാനും പടിഞ്ഞാറ് നിന്ന് വന്ന കുരിശുയുദ്ധകാർക്ക് സാധിച്ചില്ല. കുരിശ് യുദ്ധത്തിൽ പങ്കെടുത്ത രാജാക്കന്മാർക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങളും ഉണ്ടായിരുന്നു. യൂറോപ്പിൽ നിന്ന് വിശുദ്ധ നാടുകളിലേക്കുള്ള സുദീർഘമായ യാത്രയും ഭാഷ - ഭൂമിശാസ്ത്ര വ്യത്യാസങ്ങളും യുദ്ധങ്ങൾ പരാജയപ്പെടുന്നതിന് കാരണമായി.
വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടനം ചർച്ചകളിലൂടെയോ വിലപേശലുകളിലൂടെയോ സാധ്യമാക്കുന്നതിന് പകരം യുദ്ധം എന്ന ക്രിസ്തീയതയ്ക്ക് എതിരായ മാർഗം സ്വീകരിച്ചത് സഭാ ചരിത്രത്തിൽ കറുത്ത അധ്യായമായി അവശേഷിക്കുന്നു.