തിരുനാളുകളുടെ ചരിത്രത്തിലേക്ക്

തിരുനാളുകളുടെ ചരിത്രത്തിലേക്ക്
Published on
  • ഫാ. സേവി പടിക്കപ്പറമ്പിൽ

ഈ ലക്കത്തില്‍ നമുക്ക് ക്രിസ്തുവിന്റെ തിരുനാളുകളുടെ ചരിത്രത്തിലേക്ക് കടക്കാം. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട തിരുനാളുകളാണ് ആദിമസഭയില്‍ ആദ്യം ആരംഭിച്ചത്. ക്രിസ്തുവിന്റെ ജനനവും ജീവിതവും പീഡാനുഭവവും ഉത്ഥാനവുമെല്ലാം അനുസ്മരിക്കുവാനും ആഘോഷിക്കുവാനുമുള്ള അവസരങ്ങള്‍ ആയിരുന്നു ഇത്തരത്തിലുള്ള തിരുനാളുകള്‍.

ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത്; റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക വിഭജനത്തോടുകൂടി കിഴക്ക് പടിഞ്ഞാറന്‍ സഭകളില്‍ തിരുനാള്‍ ആഘോഷങ്ങളില്‍ ഈ കാലഘട്ടം മുതല്‍ തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്.

ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്റര്‍ ഞായറാഴ്ചയുടെ ഏകീകരണം നടന്നത് നിഖ്യാ സൂനഹദോസോടുകൂടിയാണ്. കിഴക്കന്‍ സഭകള്‍ റോമന്‍ സഭയുടെ രീതി പിന്തുടരാനായിരുന്നു സൂനഹദോസിന്റെ തീരുമാനം.

മാര്‍ച്ച് 21 കഴിഞ്ഞ് വരുന്ന പൂര്‍ണ്ണ ചന്ദ്രനുശേഷമുള്ള ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി തീരുമാനിച്ചത്. എങ്കിലും ഏതാണ്ട് ഒമ്പതാം നൂറ്റാണ്ട് കൂടി മാത്രമാണ് എല്ലാ സഭകളും പ്രദേശങ്ങളും ഈസ്റ്റര്‍ ദിനം തീരുമാനിക്കുന്നതിന് ഈ രീതി അവലംബിച്ചത്.

നാലാം നൂറ്റാണ്ടു മുതല്‍ ദനഹാ തിരുനാള്‍ ആഘോഷിച്ചിരുന്നു. കിഴക്കന്‍ സഭകളില്‍ ദനഹ ആദ്യം ഈശോയുടെ മാമ്മോദീസയുടെ അനുസ്മരണമായിരുന്നു. പിന്നീട് യേശുവിന്റെ ജനനം, ജ്ഞാനികളുടെ സന്ദര്‍ശനം, കാനായിലെ കല്യാണം തുടങ്ങിയവയും ദനഹാ ആഘോഷത്തിന്റെ ഭാഗമായി.

പടിഞ്ഞാറന്‍ സഭ ദനഹായില്‍ ജ്ഞാനികളുടെ സന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കി. ഇന്നും ജനുവരി മാസം ആറാം തീയതി ഈശോയുടെ ജനനം ആഘോഷിക്കുന്ന കിഴക്കന്‍ സഭകള്‍ ഉണ്ട്.

റോമിലെ വിജാതീയ മതാചാരത്തിന്റെ ഭാഗമായ സൂര്യദേവന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 25 യേശുവിന്റെ ജന്മദിവസമായി കണക്കാക്കി ആചരിക്കുവാന്‍ റോമന്‍ സഭയില്‍ ആരംഭിച്ചു.

നീതിസൂര്യനായ ക്രിസ്തുവിന്റെ ജനനമായിട്ടാണ് ഈ ദിവസത്തെ ക്രിസ്ത്യാനികള്‍ സ്വീകരിച്ചത്. വിജാതീയ ആഘോഷ ദിവസങ്ങള്‍ മറ്റു ചില തിരുനാളുകള്‍ ദിവസങ്ങളായി ക്രിസ്ത്യാനികള്‍ തങ്ങളുടേതായ അനുരൂപണത്തോടെ സ്വീകരിച്ചിട്ടുണ്ട്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളായ ജൂണ്‍ 29, വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളായ ഏപ്രില്‍ 25 എന്നിവ ഉദാഹരണങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org