യേശുവിന്റെ ജനനം: സകല ജനത്തിനുവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത

പുല്‍ക്കൂട്ടിലേക്ക് - 03
യേശുവിന്റെ ജനനം: സകല ജനത്തിനുവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത
Published on
  • ആര്‍ച്ചുബിഷപ് ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍

യേശുവിന്റെ മനുഷ്യാവതാര സമയത്ത് കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇടയന്മാരോടു പറഞ്ഞു, ''ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു'' (ലൂക്കാ 2:10-11). ഈ സന്ദേശത്തില്‍ നിന്ന് മൂന്ന് സുപ്രധാനകാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഒന്നാമതായി, യേശുവിന്റെ ജനനം എല്ലാ ജനത്തിനുംവേണ്ടിയാണ്. യേശു ലോകം മുഴുവനും വേണ്ടിയാണ് ഈ ഭൂമിയില്‍ അവതരിച്ചത്. ദൈവം ഒരു വ്യക്തിയെയോ, ഒരു വിഭാഗത്തെയോ മാത്രം സ്‌നേഹിച്ചതു കൊണ്ടല്ല, മറിച്ച് എല്ലാവരെയും, ലോകം മുഴുവനെയും സ്‌നേഹി ച്ചതുകൊണ്ടാണ് തന്റെ ഏകജാതനെ നല്കിയത് (യോഹ. 3:16). അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ നല്കാനായാണ് യേശു വന്നത്. യേശു ലോകം മുഴുവനും വേണ്ടിയാണ് ഈ ലോകത്തിലേക്കു വന്നതെന്നും പാപങ്ങള്‍ക്ക് പരിഹാരബലി യായതെന്നും വി. ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

''അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്'' (1 യോഹ. 2:2). ''ലോകരക്ഷകനാ''യാണ് പിതാവ് തന്റെ പുത്രനെ അയച്ചത് (യോഹ. 3:17, 1 യോഹ. 1:14). കാരണം, ''എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്'' (1 തിമോ. 2:4). എല്ലാവര്‍ക്കും വേണ്ടിയുള്ള ഈ സദ്‌വാര്‍ത്തയില്‍ നിന്ന് ആരെയും ദൈവം മാറ്റിനിര്‍ത്തിയിട്ടില്ല.

രണ്ടാമതായി, ഈ സന്ദേശം, ''വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത''യാണ്. യേശുവിന്റെ ജനനത്തിലൂടെ ദൈവത്തെ കാണുവാനും രക്ഷ അനുഭവിക്കാനും മനുഷ്യവംശത്തിന് സാധിച്ചു. ആരും ഒരിക്കലും കണ്ടിട്ടില്ലായിരുന്ന ദൈവത്തെ (യോഹ. 1:18) കാണുവാന്‍ മനുഷ്യര്‍ക്ക് സാധിച്ചു. കാരണം, യേശുവിനെ കാണുന്നവര്‍ പിതാവിനെ കാണുന്നു (യോഹ. 14:9); യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ് (കൊളോ. 1:15).

ദൈവം ഒരു വ്യക്തിയെയോ, ഒരു വിഭാഗത്തെയോ മാത്രം സ്‌നേഹിച്ചതുകൊണ്ടല്ല, മറിച്ച് എല്ലാവരെയും, ലോകം മുഴുവനെയും സ്‌നേഹിച്ചതുകൊണ്ടാണ് തന്റെ ഏകജാതനെ നല്കിയത്.

യേശു വഴി ലോകം രക്ഷപ്രാപിച്ചു (യോഹ. 3:17); മനുഷ്യര്‍ക്ക് ദൈവമക്കളാകാനുള്ള കഴിവു ലഭിച്ചു (യോഹ. 1:12). ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച യേശു നമ്മെ പുത്രന്മാരായി ദത്തെടുത്തു (ഗലാ. 4:4-5). ഈ ''യേശുക്രിസ്തുവിലുള്ള വിശ്വാസം'' വഴി നാമെല്ലാവരും ദൈവമക്കളാണ് (ഗലാ. 3:26). ചുരുക്കത്തില്‍, ദൈവപുത്രനായ ഈശോ മനുഷ്യനായി അവതരിച്ചതിനാല്‍ മനുഷ്യരായ നമുക്ക് ദൈവമക്കളാകാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് യേശുവിന്റെ മനുഷ്യാവതാര വാര്‍ത്ത വലിയ സന്തോഷത്തിന്റെ വാര്‍ത്തയാണ്.

മൂന്നാമതായി, യേശു നമ്മുടെ രക്ഷകനായിട്ടാണ് ജനിച്ചിരിക്കുന്നത്. കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞത്, ''നിങ്ങള്‍ക്കായി ഒരു രക്ഷകന്‍'' ജനിച്ചിരിക്കുന്നു എന്നാണ്. യേശു എന്ന പേര് കര്‍ത്താവിന്റെ ദൂതന്‍ നിര്‍ദേശിച്ച പേരാണ്. അതിനു കാരണം, ''അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കും'' എന്നതാണ് (മത്താ. 1:21). യേശു ലോകരക്ഷകനാണ് (1 യോഹ. 4:14). നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്താല്‍ നമുക്ക് രക്ഷ കൈവന്നിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (2 തിമോ. 1:9-10). പാപികളും ബലഹീനരും കുറവുകളും പോരായ്മകളും ഉള്ള നമ്മെ രക്ഷിക്കുന്ന രക്ഷകനാണ് യേശു. നമ്മുടെ പാപങ്ങളില്‍ നാം നശിക്കുകയില്ല, മറിച്ച് യേശുവിലൂടെ നമ്മുടെ പാപങ്ങള്‍ക്ക് പൊറുതി ലഭിച്ച് നമ്മള്‍ രക്ഷിക്കപ്പെടും.

രക്ഷയാണ് യേശു ഈ ലോകത്തിനു നല്കുന്ന ഏറ്റവും വലിയ ദാനം. ''അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്ക് ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തം വഴി രക്ഷയും കൈവന്നിരിക്കുന്നു'' (എഫേ. 1:7). മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഏകനാമമാണ് യേശു. ''ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല'' (അപ്പ. പ്രവ. 4:12). ഈ നാമം വഴി നമ്മള്‍ രക്ഷപ്രാപിക്കും (അപ്പ. പ്രവ. 2:21; റോമാ 10:13). യേശു നമ്മുടെ രക്ഷകനാണെന്നും അവനിലൂടെ നമുക്ക് രക്ഷ പ്രാപിക്കാന്‍ കഴിയുമെന്നും കര്‍ത്താവിന്റെ ദൂതന്റെ സന്ദേശത്തില്‍ നിന്നും മനസ്സിലാക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org