കഥകള്‍ / കവിതകള്‍

കാലം കരുതിവച്ച ചില കൃസൃതികള്‍

ജോസഫ് ആന്റണി പള്ളിശ്ശേരില്‍
ഞങ്ങള്‍ മൂന്നു പേരും നന്നായി പഠിക്കുന്നു എന്നതായിരുന്നു ചാച്ചന്റെ ആകെയുള്ള സന്തോഷവും അഹങ്കാരവും. എന്നെ ബി.എഡിന് വിട്ടതു തന്നെ പള്ളി സ്കൂളില്‍ വരാനിരിക്കുന്ന ഒഴിവിൽ കയറ്റി എന്നെ ഒരു ‘ടീച്ചറായി കാണാനുള്ള ചാച്ചന്റെ വലിയ സ്വപ്നം കൊണ്ടായിരുന്നു.

ഇന്ന് 2025 ജൂണ്‍ 26, വ്യാഴാഴ്ച. ചാച്ചന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം തികയുന്നു. 2015 ജൂണ്‍ 26 ലെ ആ കറുത്ത വെള്ളിയാഴ്ച ഇന്നലെയെന്നോണം എന്റെ മനസ്സിലുണ്ട്. ചാച്ചന്റെ പത്താം ചരമവാര്‍ഷികമായ ഇന്ന്, എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ദിവസം കൂടിയാണ്. ആ വിശേഷം അവ സാനം ഞാൻ പറയാം ട്ടോ...

അമ്മയും ഞങ്ങള്‍ മൂന്നു പെണ്‍മക്കളും അമ്മയുടെ മൂന്നു മരുമക്കളും നാല് കൊച്ചു മക്കളും ഏറെ നാളുകൾക്കു ശേഷം ഒരുമിച്ചുകൂടിയ ദിവസമാണിന്ന്. പള്ളിയില്‍ ചാച്ചനുവേണ്ടി അർപ്പിച്ച കുര്‍ബാന കഴിഞ്ഞു. സെമിത്തേരിയിലെ ഒപ്പീസ് പൊതുവായിട്ടായിരുന്നു. ചാച്ചനെ അടക്കിയ കല്ലറയിലേക്ക് നോക്കിയപ്പോൾ ഉള്ളിലൊരു വിങ്ങല്‍. അവിടെ പിന്നീട് മറ്റാരെയൊക്കെയോ അടക്കിയിരുന്നു. സ്വന്തമായി ഒരു കുടുംബക്കല്ലറ വാങ്ങി ചാച്ചനെ അതില്‍ അടക്കുന്നതിനെക്കുറിച്ച് അന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര ദരിദ്രരായിരുന്നു ഞങ്ങൾ.

ചാച്ചന്റെ മരണം പെട്ടെന്നായിരുന്നു. ഞങ്ങളുടെ അന്നത്തെ ചെറിയ ലോകം ആകെ തകിടം മറിഞ്ഞ നിമിഷം... ഞാന്‍ അന്ന് ബി.എഡിന് പഠിക്കുന്നു. എന്റെ തൊട്ടിളയ കുഞ്ഞുമോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗിനും, ഏറ്റവും ഇളയവൾ റാണി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പ്ലസ് ടുവിനും പഠിക്കുന്നു. ഞങ്ങള്‍ മൂന്നു പേരും നന്നായി പഠിക്കുന്നു എന്നതായിരുന്നു ചാച്ചന്റെ ആകെയുള്ള സന്തോഷവും അഹങ്കാരവും. എന്നെ ബി.എഡിന് വിട്ടതു തന്നെ പള്ളി സ്കൂളില്‍ വരാനിരിക്കുന്ന ഒഴിവിൽ കയറ്റി എന്നെ ഒരു ‘ടീച്ചറായി കാണാനുള്ള ചാച്ചന്റെ വലിയ സ്വപ്നം കൊണ്ടായിരുന്നു. കുര്യാക്കോസ് എന്നായിരുന്നു ചാച്ചന്റെ ഔദ്യോഗിക പേരെങ്കിലും നാട്ടുകാർക്ക് ചാച്ചന്‍ അധ്വാനിയായ ‘കുര്യാപ്പി’യായിരുന്നു.

നാട്ടില്‍ ഏതു പണിക്കും ചാച്ചൻ റെഡിയായിരുന്നു.

കിഴക്കേ അയല്‍വക്കത്തുള്ള കൈമള്‍ സാറിന്റെ വീട്ടില്‍ ഓലമടയുക, മുറ്റമടിക്കുക, പാത്രം കഴുകുക, അരിയിടിക്കുക തുടങ്ങി അമ്മ ചെയ്യുന്ന ജോലികളിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും ചാച്ചന് വലിയ താങ്ങായിരുന്നു.

ഗവണ്‍മെന്റ് സ്കൂൾ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്ത രാമചന്ദ്ര കൈമള്‍ സാറും ഭാര്യ തങ്കമ്മമണി അമ്മാളും വലിയ നന്മയുള്ള മനുഷ്യരായിരുന്നു. അവരുടെ ഒരേയൊരു മകള്‍ സീതാലക്ഷ്മി എന്റെ ഒപ്പം പ്ലസ് ടു വരെ പഠിച്ചവളാണ്; അവളിപ്പോൾ മംഗലാപുരത്ത് എം.ബി.ബി.എസിന് പഠിക്കുന്നു. കൈമള്‍ സാറിന്റെ പറമ്പിലെ കുടികിടപ്പുകാരനാ യിരുന്നു പണ്ട് ചാച്ചന്റെ അപ്പച്ചന്‍, ഞങ്ങളുടെ വല്ല്യച്ചാച്ചന്‍. അങ്ങനെ കിട്ടിയ 10 സെന്റ് ഭൂമിക്ക് പുറമേ, ഞങ്ങളുടെ പറമ്പിനോടു ചേര്‍ന്നുകിടന്ന, തോടും ചിറയുമൊക്കെയുള്ള ഒരു എട്ടു സെന്റു ഭൂമി കൂടി കൈമള്‍ സാര്‍ പിന്നീട് ചാച്ചന് വിലക്കു തന്നു. പല തവണകളിലായി അധ്വാനി ച്ചുണ്ടാക്കിയ പണം ചേർത്തു വെച്ചാണ് ചാച്ചൻ അതിന്റെ വില കൊടുത്തുതീർത്തത്.

ഒരു ദിവസം കൈമള്‍ സാറിന്റെ വീടിന്റെ അടുക്കളയുടെ വടക്കുവശത്ത് തെങ്ങിന്റെ കുറ്റി കീറിക്കൊണ്ടു നില്‍ക്കുമ്പോഴാണ് ചാച്ചന് പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. വല്ലാത്ത ക്ഷീണവും പരവേശവും തോന്നി തങ്കമ്മ അമ്മാളിനോട് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ച്, അവരുടെ വടക്കേ തിണ്ണയിലിരുന്ന ചാച്ചൻ പെട്ടെന്ന് പുറകോട്ടു മറിഞ്ഞു വീണു. പരിഭ്രമിച്ചുപോയ അമ്മാളുഅമ്മ ഉച്ചത്തിൽ നിലവിളിച്ച് എന്റെ അമ്മയെയും റോഡിൽ നിന്നിരുന്ന കൈമൾ സാറിനെയും വിളിച്ചുകൂട്ടി. കൈമള്‍ സാര്‍ ഒട്ടും വൈകാതെ കാറെടുത്ത് ചാച്ചനെ സീറ്റിൽ കിടത്തി അമ്മയുമായി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും, അപ്പോഴേക്കും ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ചന്റെ ജീവൻ ഞങ്ങളെ വിട്ടുപോയിരുന്നു. പിറ്റേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ചാച്ചനെ സെമിത്തേരിയിലെ മണ്ണിലേക്ക് യാത്രയാക്കി.

അവിടെനിന്ന് ഞങ്ങളുടെ ജീവിതം വലിയൊരു ചോദ്യ ചിഹ്നമായി മാറി. എല്ലാ കാര്യങ്ങളും ചാച്ചന്‍ നോക്കിയിരുന്നതുകൊണ്ട് അമ്മയ്ക്ക് പുറംലോകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ കറുത്ത നാളുകളിൽ കൈമള്‍ സാറും കുടുംബവും തന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമായിരുന്നു.

ചാച്ചന്റെ ഒന്നാം ചരമവാർ ഷികത്തിന്റെ തലേന്നാണ് എന്റെ ബി.എഡ് റിസൾട്ട് വന്നത്. ജയിച്ചു...

ഇനി എങ്ങനെയെങ്കിലും ഒരു ജോലി നേടി കുടുംബം പുലർത്തണം എന്നതായിരുന്നു എന്റെ ഒരേയൊരു ചിന്ത. പിറ്റേ ആഴ്ച തന്നെ പള്ളിയോടു ചേര്‍ന്ന് സിസ്റ്റേഴ്സ് നടത്തുന്ന അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറായിരം രൂപ ശമ്പളത്തിന് എനിക്ക് ജോലി കിട്ടി. പിടിത്തമൊക്കെ കഴിഞ്ഞ് കയ്യിൽ കിട്ടുന്നത് 5420 രൂപ. അത് എല്ലാ മാസവും കൃത്യമായി കിട്ടാറില്ലെങ്കിലും ആ അവസ്ഥയിൽ അതൊരു വലിയ അനുഗ്രഹമായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പള്ളി വക എയ്ഡഡ് ഹൈസ്കൂളില്‍ ഫിസിക്കൽ സയൻസിൽ ഒരു ലീവ് വേക്കൻസി വന്നു. ഫിസിക്സില്‍ എം.എസ്സിയും ബി.എഡും ഉള്ള, ഒപ്പം സ്വന്തം ഇടവകക്കാരിയുമായ എനിക്ക് ആ ജോലി കിട്ടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. പക്ഷേ, മാനേജ്‌മെന്റിന്റെ മറുപടി നെഞ്ചു തകർക്കുന്നതായിരുന്നു. ഇടവകക്കാരിയായതു കൊണ്ട് ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നാൽ മതിയത്രേ... ഇരുപത്തയ്യായിരം രൂപ സ്വപ്നത്തില്‍ പോലും കാണാൻ കഴിയാത്ത എനിക്ക്, പള്ളി സ്കൂളിൽ അധ്യാപികയാകുകയെന്ന ചാച്ചന്റെ സ്വപ്നം വെറുമൊരു മരീചികയായി മാറി. ഒരുപക്ഷേ ചാച്ചന്‍ ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ആകെയുള്ള 18 സെന്റ് കിടപ്പാടം വിറ്റിട്ടാണെങ്കിലും എന്നെ ആ ജോലിയിൽ കയറ്റിയേനെ എന്ന് ഞാനോർത്തു.

നേഴ്സിംഗ് പൂര്‍ത്തിയാക്കിയ കുഞ്ഞുമോള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറിയതോടെയാണ് വീട്ടിൽ അല്പം ആശ്വാസമായത്. ഏറ്റവും ഇളയവൾ റാണി ഗവണ്‍മെന്റ് ലോ കോളേജില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നു. എന്തിനും ഏതിനും പെട്ടെന്നു പ്രതികരിക്കുന്ന അവളുടെ തന്റേടമുള്ള സ്വഭാവത്തിന് വക്കീൽ പണി തന്നെയാണ് അനുയോജ്യം.

ഞാൻ സിസ്റ്റേഴ്സിന്റെ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു ആലോചന വരുന്നത്. കൈമള്‍ സാറിന്റെ കൂടെ ജോലി ചെയ്തിരുന്ന സര്‍വ്വീസിലിരിക്കേ മരിച്ചുപോയ ഡേവിഡ് സാറിന്റെ മകനാണ് ചെറുക്കൻ. ആശ്രിത നിയമനം വഴി വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി ഈ അടുത്ത കാലത്താണ് ജോലി കിട്ടിയത്. അത്യാവശ്യം വലിയ ഭൂസ്വത്തുള്ള വീട്ടിലെ ഒരേയൊരു മകൻ. അവർക്ക് സുന്ദരിയല്ലെങ്കിലും അത്യാവശ്യം കാണാൻ കൊള്ളാവുന്ന, വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയെ മതിയായിരുന്നു. ചെറുക്കന്റെ അമ്മ റിട്ടയർ ചെയ്യുമ്പോൾ ആ സ്കൂളിൽ വരുന്ന ഒഴിവിൽ എനിക്ക് ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.

സ്ത്രീധനമായി ഒന്നും കൊടുക്കാനില്ലാത്ത ഞങ്ങ ളോട്, ‘ഒന്നും വേണ്ട, പെണ്ണിനെ മാത്രം മതിയെന്ന്’ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞ പ്പോൾ അമ്മയ്ക്ക് ആശ്വാസമായി. എങ്കിലും ഒരു പെണ്ണിനെ ഇറക്കിവിടുമ്പോൾ അത്യാവശ്യം പൊന്നും പണവും വേണമല്ലോ. അതിനായി ഞങ്ങളുടെ 18 സെന്റ് പുരയിടം സൊസൈറ്റിയില്‍ പണയം വച്ച് 5 ലക്ഷം രൂപ ലോണെടുക്കാനുള്ള നടപടികൾ തുടങ്ങി.

സ്ത്രീധനമായി ഒന്നും കൊടുക്കാനില്ലാത്ത ഞങ്ങളോട്, ‘ഒന്നും വേണ്ട, പെണ്ണിനെ മാത്രം മതിയെന്ന്’ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആശ്വാസമായി.

വിവാഹം ഉറപ്പിക്കുന്നതി നായി ചെറുക്കന്റെ വീട്ടിലേക്ക് ചാച്ചന്റെ ഇളയ സഹോദരി മോളി ആന്റി, തോമാകൊച്ച പ്പന്‍, അമ്മയുടെ ചേച്ചിയും വല്ല്യപ്പച്ചനും, കൊച്ചായൻ, ചാച്ചന്റെ ആത്മമിത്രം പുരുഷന്‍ ചേട്ടൻ ഉള്‍പ്പടെ പത്തുപേരടങ്ങുന്ന ഞങ്ങളുടെ സംഘം പുറപ്പെട്ടു. വലിയൊരു മതിൽ ക്കെട്ടിനുള്ളിലെ ആ ആഡംബര വീട് കണ്ട്, ‘ഡെയ്സിമോളുടെ ഭാഗ്യം’ എന്ന് കൂടെ വന്നവർ പരസ്പരം പറഞ്ഞു. എന്നാൽ, ചെറുക്കന്റെ വീട്ടിലെ ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയിൽ, ചെറുക്കന്റെ അമ്മാവൻ മുന്നോട്ടുവെച്ച ആ ‘നിർദ്ദേശം’ അന്തരീക്ഷമാകെ മാറ്റിമറിച്ചു.

“ഈ കാലത്ത് സ്ത്രീധനമായി ഒന്നും വാങ്ങിയില്ല എന്ന് പറയണ്ടല്ലോ. ആകെ 18 സെന്റ് പുരയിടം മൂന്ന് പെൺമക്കൾക്കുള്ളതല്ലേ? അതിൽ മൂന്നിലൊന്ന് അതായത് 6 സെന്റ് ഡെയ്സിക്ക് അവകാശപ്പെട്ടതാണ്. അത് ചെറുക്കന്റെയും പെണ്ണിന്റെയും പേരിൽ ഇപ്പോൾത്തന്നെ എഴുതിവെക്കണം. ഭാവിയിൽ മറ്റ് മരുമക്കൾ വരുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകരുതല്ലോ...”

കേട്ടപ്പോൾത്തന്നെ കൊച്ചായന് ദേഷ്യം വന്നെങ്കിലും, “ഞങ്ങൾ വീട്ടിൽ ചെന്ന് ആലോചിച്ചിട്ട് പറയാം” എന്ന് മറുപടി നൽകി. ഒടുവിൽ, അവർ ഒരുക്കിവെച്ച ഭക്ഷണം മനസ്സില്ലാമനസ്സോടെ കഴിച്ച് എല്ലാവരും തിരികെ പോന്നു. ‘ഒന്നും വേണ്ട’ എന്ന് പറഞ്ഞ് പെണ്ണുകാണാൻ വന്നവരുടെ ഈ തനിനിറം വീട്ടിൽ ആർക്കും പിടിച്ചില്ല. എന്റെ ഇളയ അനുജത്തി റാണി കടുത്ത വാശിയിലായിരുന്നു: “ചേച്ചി ഒരു കാരണവശാലും ഈ കല്ല്യാണത്തിനു സമ്മതിക്കരുത്!” അവളുടേത് മാത്രമായിരുന്നില്ല, എന്റെയും തീരുമാനമായിരുന്നു അത്. അഭിമാനം പണയം വെച്ചൊരു ജീവിതം എനിക്ക് വേണ്ടായിരുന്നു.

ഇനി എനിക്ക് ഒരു നല്ല സർക്കാർ ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന കടുത്ത പ്രതിജ്ഞയിലായി ഞാൻ. അടുത്ത രണ്ടു വർഷം ഉറക്കമൊഴിഞ്ഞ് ഒട്ടേറെ പരീക്ഷകൾ എഴുതി. ഒടുവിൽ, എന്റെ ചാച്ചന്റെ പ്രാർത്ഥനയും അനുഗ്രഹവും പോലെ ഇടുക്കി ജില്ലയിൽ എനിക്ക് ഹൈസ്കൂൾ അധ്യാപികയായി പി.എസ്.സി നിയമനം ലഭിച്ചു. കൊച്ചായനാണ് എന്നെ ഇടുക്കി ചെറുതോണിക്കടുത്തുള്ള സ്കൂളിൽ കൊണ്ടുപോയി ജോയിൻ ചെയ്യിച്ചത്. അവിടുത്തെ ഒരു കന്യാസ്ത്രീ മഠത്തിലായിരുന്നു താമസം.

ഫയലുകൾ ഒപ്പിട്ട് സെക്ഷൻ ക്ലർക്കിന് കൈമാറാനായി ഞാൻ തലയുയർത്തി നോക്കി. ഫയൽ വാങ്ങാനായി കൈനീട്ടി എന്റെ മുന്നിൽ നിൽക്കുന്ന ആ ക്ലർക്കിന്റെ മുഖം കണ്ടതും ഞാൻ ഒരു നിമിഷം സ്തബ്ധയായിപ്പോയി! എനിക്ക് നല്ല പരിചയമുള്ള മുഖം...

സർക്കാർ ഉദ്യോഗസ്ഥയായതോടെ ധാരാളം ആലോ ചനകൾ വന്നു. എന്നാൽ, കഴിഞ്ഞ വർഷം ഞങ്ങളുടെ സ്കൂളിൽ ജോയിൻ ചെയ്ത സിജോ സാറിന് എന്നെ ഇഷ്ടമായി. സിജോയുടെ കുലീനമായ പെരുമാറ്റവും സ്വഭാവവും എന്നെയും ആകർഷിച്ചു. യാതൊരുവിധ സ്ത്രീധന നിബന്ധനകളുമില്ലാതെ, ചാച്ചൻ മരിച്ച് അഞ്ചാം വർഷം ഞങ്ങളുടെ വിവാഹം നടന്നു. സത്യത്തിൽ സിജോ ഈ കുടുംബത്തിലേക്ക് മൂത്ത മരുമകനായല്ല, ഞങ്ങളുടെ മൂത്ത ജ്യേഷ്ഠനായിട്ടാണ് വന്നുകയറിയത്.

പിന്നീട് സിജോ മുൻകൈയെടുത്താണ് റാണിയെ യുകെയിലേക്ക് നേഴ്സായി അയച്ചത്. അവളിപ്പോൾ അവിടെത്തന്നെ ജോലി ചെയ്യുന്ന, ഇരിങ്ങാലക്കുടക്കാരൻ ജഫിനെ വിവാഹം കഴിച്ച് സന്തുഷ്ടയായി ജീവിക്കുന്നു. ഏറ്റവും ഇളയവൾ കുഞ്ഞുമോൾ എൽ.എൽ.ബി കഴിഞ്ഞ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. അവളോടൊപ്പം പഠിച്ച ബാലചന്ദ്രനുമായി അവൾ പ്രണയത്തിലായിരുന്നു. വീട്ടില്‍ ആദ്യം കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും, സിജോ ഇടപെട്ട് എല്ലാവരെയും ഒന്നിപ്പിച്ച് അവരുടെ വിവാഹവും നടത്തിക്കൊടുത്തു. അവളുടെ മകൻ മനുവാണ് ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ വാവ.

ഇനി ഞാൻ നേരത്തെ മാറ്റിവെച്ച ആ വലിയ വിശേഷം പറയാം.

സിജോയുടെ നിർബന്ധവും പ്രോത്സാഹനവും കൊണ്ട് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ഡയറക്റ്റ് ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ (DEO) തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയിരുന്നു. ഫലം വന്നപ്പോൾ ഞാൻ റാങ്ക് ലിസ്റ്റിൽ മൂന്നാമതും സിജോ ഇരുപത്തി നാലാമതുമായി. എനിക്ക് ആദ്യ ഘട്ടത്തിൽത്തന്നെ ഡി.ഇ.ഓ ആയി നിയമനം ലഭിച്ചു. പരിശീലനമെല്ലാം പൂർത്തിയാക്കി, ഞാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചാർജ് എടുക്കുന്ന ദിവസമാണിന്ന്. “പട്ടാണിപ്പറമ്പിൽ കുര്യന്റെ മകൾ ഡെയ്സി കുര്യൻ ഇന്ന് മുതൽ ജില്ലാ എഡ്യൂക്കേഷൻ ഓഫീസറാണ്...”

ഞാനും സിജോയും റാണിയും ജഫിനും കുട്ടികളുമൊത്താണ് ചുമതല ഏല്‍ക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് കാറിൽ പോയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഞാൻ ഓഫീസിലെത്തി ഔദ്യോഗികമായി ഡി.ഇ.ഓ ആയി ചുമതലയേറ്റു.

അഭിമാനത്തോടെ ഞാനയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നാൽ ആ പുഞ്ചിരിക്ക് മുന്നിൽ മറുപടി നൽകാനാകാതെ, വിളറി വെളുത്ത്, വിയർത്തു കുളിച്ച് അയാൾ അവിടെത്തന്നെ നിന്നുപോയി.

തുടർന്ന്, ഫയലുകൾ ഒപ്പിട്ട് സെക്ഷൻ ക്ലർക്കിന് കൈമാറാനായി ഞാൻ തലയുയർത്തി നോക്കി. ഫയൽ വാങ്ങാനായി കൈനീട്ടി എന്റെ മുന്നിൽ നിൽക്കുന്ന ആ ക്ലർക്കിന്റെ മുഖം കണ്ടതും ഞാൻ ഒരു നിമിഷം സ്തബ്ധയായിപ്പോയി! എനിക്ക് നല്ല പരിചയമുള്ള മുഖം... അതെ, വർഷങ്ങൾക്ക് മുൻപ് ‘ആറു സെന്റ് ഭൂമി’ സ്വന്തം പേരിൽ എഴുതിത്തന്നാലേ കെട്ടൂ എന്ന് ശാഠ്യം പിടിച്ച, എന്റെ ആ പഴയ ആലോചനയിലെ നായകൻ!

അഭിമാനത്തോടെ ഞാനയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നാൽ ആ പുഞ്ചിരിക്ക് മുന്നിൽ മറുപടി നൽകാനാകാതെ, വിളറി വെളുത്ത്, വിയർത്തു കുളിച്ച് അയാൾ അവിടെത്തന്നെ നിന്നുപോയി.

കാലം കാത്തുവെച്ച കാവ്യനീതി പോലെ, എന്റെ ചാച്ചന്റെ അനുഗ്രഹം ആ മുറിയിൽ അപ്പോൾ നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു!

വിശുദ്ധ വില്ലിബ്രോഡ് (658-739) : നവംബര്‍ 7

വചനമനസ്‌കാരം: No.241

ശാന്തി

ബൈബിൾ എന്ന പുസ്തകസംഭവത്തിനു പിന്നിൽ

ശാന്തം-കരുണം-ദീപ്തം=ഉദാത്തം