നീതിമാൻമാർ വിശപ്പ് അനുഭവിക്കാൻ കർത്താവ് അനുവദിക്കുകയില്ല. ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന് നിഷ്ഫലമാക്കുന്നു.സുഭാഷിതങ്ങൾ 10 : 3
പ്രിയ ഭദ്രകീർത്തി,
നിന്നെക്കുറിച്ച് എഴുതാതിരിക്കുന്നത് അപരാധമാകും എന്നതിനാലാണ് ഇത് കുറിക്കുന്നത്. അച്ഛനായിരുന്നു നിന്റെ ഹീറോയെന്ന് വ്യക്തമാണ്. കഷ്ടപ്പെട്ട് വളർത്തുകയും പഠിപ്പിക്കുകയും ചെയ്ത അച്ഛൻ ഒരു ദിവസമെങ്കിലും സ്വസ്ഥമായി വിശ്രമിക്കുന്നത് കാണാനായിരുന്നു നീ ആഗ്രഹിച്ചത്. എന്നാൽ, കോടതിയുടെ ഭാഷയിൽ, ‘നിയമവുമായി തർക്കത്തിലുള്ള കുട്ടി’ മൂലം നിന്റെ അച്ഛൻ പൊടുന്നനെ നിത്യവിശ്രമത്തിലായി. ‘ഇത്തരത്തിലൊരു മരണം അച്ഛൻ അർഹിക്കുന്നില്ല’ എന്ന് നീ പറഞ്ഞത് എത്രയോ സത്യമാണ്. റോഡുകൾ പലർക്കും ഇന്ന് യുദ്ധഭൂമിയും വാഹനങ്ങൾ ആയുധങ്ങളുമാണ്. അഹന്തയും അശ്രദ്ധയും അമിതവേഗവും മൂലം റോഡുകൾ എന്ന കുരുതിക്കളങ്ങളിൽ പൊലിയുന്ന ഒരു മനുഷ്യനും അത്തരത്തിൽ ഒരു മരണം അർഹിക്കുന്നില്ല. എന്നിട്ടും ഒരു ദിവസം പതിനൊന്ന് പേർ എന്ന കണക്കിൽ നമ്മുടെ റോഡുകളിൽ മനുഷ്യർ ഒടുങ്ങുന്നു. അച്ഛന്റെ ചിത എരിഞ്ഞു തീരുന്നതിനു മുൻപേ നീതിക്കുവേണ്ടി പൊലീസ് സ്റ്റേഷനിൽ സമരത്തിനു വരേണ്ടി വന്ന നീ, സമചിത്തതയോടും യുക്തിഭദ്രതയോടും കൂടി പറഞ്ഞ വാക്കുകൾ ഒട്ടേറെ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’ എന്നത് ക്ലീഷേ മാത്രമല്ല, ഇക്കാലത്ത് അശ്ലീലവുമാകാമെന്ന് നിന്റെ വാക്കുകൾ ഓർമ്മിപ്പിക്കുന്നുണ്ട്. നീതിദേവത കണ്ണ് മൂടിക്കെട്ടിയിരിക്കുന്നത് ലജ്ജ കൊണ്ടുമായിരിക്കുമെന്ന് നിന്റെ വാക്കുകളുടെ വിചാരണയിൽ വ്യക്തമാകുന്നുണ്ട്.
സത്യത്തിൽ, തട്ടുകട വെറും തട്ടും കടയുമല്ലെന്നും താത്വികമാനങ്ങളുള്ള ഒരു പ്രസ്ഥാനമാണെന്നും ബോധ്യപ്പെടുത്തിയതിന് നന്ദി. നിന്റെ അച്ഛൻ ജീവിതം ചുട്ടുവിളമ്പിയ ആ തട്ടുമേശ, സത്യത്തിൽ ഒരു പൂജാഗിരിക്കും ബലിപീഠത്തിനും സദൃശ്യമാണ്. അവിടെ സ്നേഹത്തോടെ നിവേദിക്കപ്പെട്ടത് നിന്റെ അച്ഛന്റെ വിയർപ്പും സ്വപ്നങ്ങളുമാണ്. അവിടെ വാത്സല്യത്തോടെ അർച്ചന ചെയ്യപ്പെട്ടത് അമ്മയുടെയും നിങ്ങൾ മൂന്നു മക്കളുടെയും ജീവിതമാണ്. അവിടെ അന്നമായി അവതരിച്ച ബ്രഹ്മത്തെ രുചിച്ചാണ് മനുഷ്യർ യാത്രകൾ തുടർന്നിരുന്നത്. ആ പശ്ചാത്തലമായിരിക്കാം നിന്റെ വാക്കുകൾക്ക് കരുത്തു നൽകിയത്. അതായിരിക്കാം നിനക്ക് ഒരേസമയം ഋഷിയുടേതിന് സമാനമായ മനോനിലയും പോരാളിയുടേതിന് തുല്യമായ മുഖനിലയും നൽകിയത്. ഭദ്രകീർത്തി, തട്ടുകട ഒരു ഭരണഘടനാ സ്ഥാപനമല്ലായിരിക്കാം. എങ്കിലും ഈ രാജ്യത്തെ പല ഭരണഘടനാ സ്ഥാപനങ്ങളും വിതരണം ചെയ്യുന്നതിനേക്കാൾ എത്രയോ അധികം മാനവികമൂല്യങ്ങളാണ് അവിടെ പാകപ്പെടുത്തി വിളമ്പുന്നതെന്ന് നിന്റെ അച്ഛനും നീയും വെളിപ്പെടുത്തുന്നുണ്ട്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും നീതിക്ക് മുഖം നോട്ടമില്ലെന്നുമാണ് സങ്കല്പം. എന്നാൽ, യാഥാർത്ഥ്യം അങ്ങനെയല്ല. നിയമത്തിന്റെ വഴിക്ക് യാത്ര തുടങ്ങുന്ന നിയമം, ചിലപ്പോൾ പെട്ടെന്ന് ഞെട്ടിത്തരിച്ച് നിൽക്കും. ചിലപ്പോൾ കണ്ണും കാതും പൊത്തി പിന്തിരിഞ്ഞോടും. മറ്റു ചിലപ്പോൾ മോഹാലസ്യപ്പെട്ട് വീഴും. എല്ലാം നീ പറഞ്ഞതുപോലെ, ‘ഓപ്പോസിറ്റ്’ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. അധികാരവും പദവിയും പണവും ഉള്ളവരെ മുന്നിൽ കാണുമ്പോഴാണ് നിയമത്തിന്റെ ചങ്കിടിക്കുകയും കൈകാലുകൾ വിറയ്ക്കുകയും തൊണ്ട വരളുകയും ചെയ്യുന്നത്. രണ്ട് കഷ്.ണം റൊട്ടിയോ രണ്ടു തേങ്ങയോ മോഷ്ടിച്ച ‘ജീൻവാൽജീൻ’മാർക്ക് മുന്നിൽ നിയമം താണ്ഡവമാടും. All animals are equal, but some animals are more equal than others എന്ന് അനിമൽ ഫാമിൽ ജോർജ് ഓർവെൽ പറഞ്ഞതു തന്നെ കാര്യം. കൊടിയടയാളങ്ങളും നീലവെളിച്ചവുമുള്ള വാഹനങ്ങൾ ഉള്ളവർ നിയമത്തിന് മുന്നിൽ കൂടുതൽ തുല്യത ഉള്ളവരായിരിക്കും എന്ന് കരുതി പിൻവാങ്ങുകയല്ല; ‘മരിച്ച് വീണാലും പിന്നോട്ടില്ല’ എന്നാണ് നീ തീരുമാനിച്ചത്. ആ നിശ്ചയദാർഢ്യത്തിന് നമോവാകം.
‘ആ പിഞ്ചുകരളുകൾ ചുരന്നെടുത്തല്ലേ നീ പുതിയ ജീവിതരസായനം തീർത്തു’ എന്ന് ‘അഗസ്ത്യഹൃദയ’ത്തിൽ കവി മധുസൂദനൻ നായർ പാടുന്നുണ്ട്. എത്രയോ പാവപ്പെട്ടവരുടെ കരളുകൾ ചുരന്നെടുത്താണ് അധികാരവും പണവും സ്വാധീനവുമുള്ളവർ ഇവിടെ പുതിയ ജീവിതരസായനങ്ങൾ സേവിച്ച് മത്തരായി ജീവിക്കുന്നത്. എത്രപേരെ കൊന്നാലും ‘കേസ് നോക്കുന്ന വാപ്പമാരും’; തട്ടുകടക്കാരനായ നിന്റെ അച്ഛൻ പകർന്ന പേരന്റിംഗ് മൂല്യങ്ങൾ പോലും പകരാൻ കഴിയാത്ത ജഡ്ജിയച്ഛൻമാരും നൽകുന്ന ബലത്തിൽ, ഇനിയും എത്രയോ ‘കുട്ടികൾ’ എത്രയോ പാവപ്പെട്ടവരുടെ കരളുകളും സ്വപ്നങ്ങളും ചവിട്ടിയരയ്ക്കും! നീതിക്കുവേണ്ടിയുള്ള നിന്റെ വിശപ്പ് ഈശ്വരൻ ശമിപ്പിക്കട്ടെ. ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന് നിഷ്ഫലമാക്കട്ടെ.