തീര്‍ത്ഥാടനം

ചാവുകടല്‍ : ദുഷിപ്പിക്കുന്ന സ്വാര്‍ത്ഥത

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റം താഴ്ന്ന പ്രദേശമാണ് ചാവുകടല്‍. കാനാന്‍ദേശത്തിന്റെ തെക്കുകിഴക്കെ അതിര്‍ത്തിയിലാണിതു സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കിഴക്കുഭാഗം ഇന്ന് ജോര്‍ദാന്‍ രാജ്യത്തിന്റെയും പടിഞ്ഞാറുഭാഗം ഇസ്രായേലിന്റെയും അധീനതയിലാണ്. മധ്യധരണ്യാഴിയുടെ നിരപ്പില്‍നിന്ന് 400 മീറ്റര്‍ താഴെയാണ് ചാവുകടലിന്റെ ഉപരിതലം. ഏറ്റം ആഴംകൂടിയ പ്രദേശത്ത് കടലിന് 400 മീറ്ററോളം ആഴമുണ്ട്. തെക്കുഭാഗത്ത് പ്രായേണ ആഴം കുറവാണ്. നാവുപോലെ തള്ളിനില്‍ക്കുന്ന ഉപദ്വീപിനു തെക്ക് ഏകദേശം ഇരുപതു മീറ്ററില്‍താഴെയേ ആഴമുള്ളൂ. ബൈബിളില്‍ പരാമര്‍ശിക്കുന്ന സോദാം- ഗോമോറാ നഗരങ്ങള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശമാണ് ഇതെന്ന് കരുതാന്‍ തക്കതായ കാരണമുണ്ട്.

വളരെയേറെ ലവണങ്ങള്‍ കലര്‍ന്ന് അതിസാന്ദ്രമാണ് ചാവുകടലിലെ ജലം. ജലത്തിന്റെ 25% ലവണങ്ങളാണ്. ഇത് സാധാരണ കടല്‍ജലത്തിന്റെ അഞ്ചിരട്ടി വരും. സാന്ദ്രത കൂടിയതിനാല്‍ ഈ കടലില്‍ മനുഷ്യശരീരം താഴില്ല. നിവര്‍ന്നുകിടന്ന് പത്രം വായിക്കുന്ന വിനോദസഞ്ചാരികളെ ചാവുകടലില്‍ കാണാം.

'കടല്‍' എന്നു പറയുന്നെങ്കിലും ഇതും ഒരു ഉള്‍നാടന്‍ തടാകമാണ്. ഏകദേശം 90 കിലോമീറ്റര്‍ നീളവും ഏറ്റവും കൂടിയത് 16 കിലോമീറ്റര്‍ വീതിയുമുണ്ട് തടാകത്തിന്. തെക്കുഭാഗത്തുള്ള ഉപദ്വീപിനടുത്ത് വെറും 3 കി മീ വീതിയേയുള്ളൂ. അനേകം പേരുകളില്‍ ഈ തടാകം അറിയപ്പെടുന്നുണ്ട്. ചാവുകടല്‍ എന്നത് പ്രായേണ പുതിയ പേരാണ്. ഉപ്പുകടല്‍ (ഉല്‍പ 14,3) അറാബാക്കടല്‍ (ജോഷ്വാ 18,18-20) കിഴക്കെകടല്‍ (സഖ 14,8) എന്നൊക്കെ ബൈബിളില്‍ ഇത് അറിയപ്പെടുന്നു. തടാകതീരത്ത് ധാരാളം ഉപ്പു വിളഞ്ഞുകിടക്കുന്നതു കാണാം. പലേടത്തും, പ്രത്യേകിച്ച് തെക്കു പടിഞ്ഞാറുഭാഗത്ത്, ഉപ്പമലകളും ഉപ്പുതൂണുകളും ദൃശ്യമാണ്. ഇവയില്‍ ഒന്ന് ലോത്തിന്റെ ഭാര്യയായി വ്യാഖ്യാനിക്കപ്പെടുന്നു (ഉല്‍പ 19,26).

വളരെക്കുറച്ചു മാത്രം മഴ പെയ്യുന്ന ഒരു പ്രദേശമാണിത്. ചുറ്റിലും മരുഭൂമി. ആള്‍പ്പാര്‍പ്പുള്ള സ്ഥലം വിരളം. ജോര്‍ദാന്‍ നദി ചാവുകടലില്‍ പതിക്കുന്നതിന്റെ വടക്കുപടിഞ്ഞാറ് ഏകദേശം 15 കി.മീ. അകലെയാണ് ജെറിക്കോനഗരം. ചാവുകടലിന്റെ പടിഞ്ഞാറേതീരത്തുള്ള ഖുമ്‌റാന്‍ എന്ന സ്ഥലത്ത് പുതിയനിയമകാലത്ത് എസ്സേന്‍ സന്യാസികള്‍ ഒരു സമൂഹമായി വസിച്ചിരുന്നു. അവരുടെ ഗ്രന്ഥങ്ങളാണ് ചാവുകടല്‍ ചുരുളുകള്‍ എന്നും ഖുമ്‌റാന്‍ ലിഖിതങ്ങള്‍ എന്നും അറിയപ്പെടുന്നത്. ഖുമ്‌റാനില്‍നിന്നും ഏകദേശം 20 കി.മീ. തെക്ക്, മക്കബായരുടെ കാലത്ത് ആരംഭിക്കുകയും ഹേറോദേസ് മഹാരാജാവ് പൂര്‍ത്തിയാക്കുകയും ചെയ്ത മസാദാ കോട്ടയുണ്ട്. വളരെ ഉയര്‍ന്ന പാറക്കെട്ടുകള്‍ക്കു മുകളില്‍ പണിതിരുന്ന ഈ കോട്ടയിലാണ് യഹൂദരുടെ അവസാനത്തെ ചെറുത്തുനില്പുണ്ടായത്. റോമന്‍ സൈന്യം രണ്ടുവര്‍ഷമെടുത്തു അത് കീഴടക്കാന്‍. എ.ഡി. 72 ലാണ് അത് സംഭവിച്ചത്.

ചാവുകടല്‍ ഒരു പ്രതീകവുംകൂടിയാണ്. അനേകം നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം ഒരുതുള്ളിപോലും ഒഴുകിപ്പോകുന്നില്ല. പോകാന്‍ വഴിയില്ല. വലിയ ഉഷ്ണത്തില്‍ ജലം നീരാവിയായിത്തീരുകയാണ്. കെട്ടിക്കിടന്ന് ദുഷിക്കുകയും ലവണസാന്ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ജീവനുള്ള ഒന്നും ഈ ജലത്തിലില്ല. നദികളിലൂടെ ഒഴുകിവരുന്ന മത്സ്യങ്ങളെല്ലാം ചാവുകടലില്‍ വീഴുന്ന സമയംതന്നെ ചത്തുപോകുന്നു. പങ്കുവയ്ക്കാന്‍ തയ്യാറാവാതെ സ്വത്തും കഴിവുകളും സ്വന്തമായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു സംഭവിക്കുന്ന ദുരന്തത്തിന്റെ പ്രതീകമാണ് ചാവുകടല്‍.

എന്നാലും ചാവുകടല്‍ത്തീരത്ത് ഇന്ന് വിനോദസഞ്ചാര - ആരോഗ്യ - വ്യവസായം ശക്തിപ്പെടുന്നുണ്ട്. തീരത്തെ മണ്ണിന് ഔഷധശക്തിയുള്ളതിനാല്‍ അതു ധാരാളമായി കയറ്റി അയയ്ക്കുന്നുണ്ട്. ജലത്തിലെ ലവണങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കുന്ന വ്യവസായവുമുണ്ട്. ഗലീലി തടാകത്തില്‍നിന്നു കുഴലുകള്‍ വഴി കൊണ്ടുവരുന്ന ശുദ്ധജലം ഉപയോഗിച്ച് ചാവുകടലിന്റെ പടിഞ്ഞാറുള്ള സമതലത്തില്‍ ഇസ്രായേല്‍ക്കാര്‍ വിദഗ്ധമായി കൃഷിചെയ്ത് ഈന്തപ്പനത്തോട്ടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു, ചാവുകടല്‍ ശുദ്ധജലം കൊണ്ടു നിറയുമെന്നും എല്ലാത്തരം മത്സ്യങ്ങളും അതില്‍ നിറയുമെന്നുമുള്ള പ്രവചനങ്ങള്‍ (എസെ 47,1-12; സഖ 14,8) പൂര്‍ത്തിയാവുന്നതുപോലെ.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ