ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത്, ക്രിസ്തുവുമായുള്ള ഐക്യത്തിലുള്ള ജീവിതമാണ്. സത്യസന്ധമായ സുവിശേഷവല്ക്കരണം ഈ ആത്മീയബന്ധത്തില് നിന്നാണ് നേരിട്ട് ഉടലെടുക്കുന്നത്. നാം ക്രിസ്തുവില് എത്രത്തോളം ഐക്യപ്പെടുന്നുവോ, അത്രത്തോളം നന്നായി അവിടുന്ന് നമ്മെ ഏല്പിക്കുന്ന ദൗത്യം നിർവഹിക്കാന് നമുക്ക് സാധിക്കും. ഈ ആത്മീയതയാണ് മിഷണറി ശിഷ്യത്വത്തിന്റെ ദൈനംദിന പ്രവര്ത്തനം സാധ്യമാക്കുന്നത്.
ഐക്യമാണ് ദൗത്യത്തിന്റെ വ്യവസ്ഥയെങ്കില്, സ്നേഹമാണ് അതിന്റെ കാതല്. സ്നേഹത്തിന്റെ പ്രവൃത്തിയായ സുവിശേഷവല്ക്കരണത്തിന്റെ മഹത്തായ ദൗത്യത്തിന് സംഭാവന നല്കാന് നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
ഭയമില്ലാതെ സുവിശേഷം പ്രഘോഷിക്കാനും മിഷണറിമാരാകാനും കത്തോലിക്കര്ക്കു സാധിക്കണം. എല്ലാ കത്തോലിക്കരുടെയും ഉത്തരവാദിത്തമാണ് മിഷന് പ്രവര്ത്തനങ്ങളെ പിന്തുണയ്ക്കുക എന്നത്.
മിഷണറിമാര്ക്കായി പ്രാര്ത്ഥനയും പിന്തുണയും ഏകോപിപ്പിക്കുന്നതിനായി 200 വര്ഷങ്ങള്ക്കു മുമ്പ് ‘ലിവിങ് റോസറി അസോസിയേഷന്’ സ്ഥാപിച്ച വാഴ്ത്തപ്പെട്ട പോളിന് മേരി ജാരികോട്ട് ഉള്പ്പെടെയുള്ള വിശ്വാസത്തിന്റെ ചരിത്രപുരുഷന്മാരെ നമുക്ക് ഓർമ്മിക്കാം. കൊച്ചുത്രേസ്യാ പുണ്യവതിയുടെ തീക്ഷ്ണതയില് നിന്ന് നാം പ്രചോദനം ഉള്ക്കൊള്ളണം.
(ലോക മിഷന് ദിനത്തിന്റെ നൂറാം വാര്ഷികദിനാചരണത്തിനു നല്കിയ സന്ദേശത്തില് നിന്ന്. ഒക്ടോബര് 18 നായിരുന്നു ദിനാചരണം.)