ചിന്താജാലകം

മൗലികതയുടെ ഉറവിടം

വേരു പിടിച്ചു നില്ക്കുന്ന ചെടി. അതിന്‍റെ ഒരു ഭാഗം മാത്രമേ നമുക്കു കാണാനാവൂ. അതു നല്ല പച്ചപ്പു ലോകത്തിനു നല്കുന്നു. അതു നവീനമാണ്, പുതുമയാണ്, മൗലികതയാണ്. പക്ഷേ, അതിന്‍റെ ഇലകളും പൂക്കളും ഫലങ്ങളും വേരില്‍നിന്നു പോഷിപ്പിക്കപ്പെടുന്നു. വേരുകളോ, മണ്ണിനടിയില്‍ നമ്മില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു, അത് ഇരുട്ടിലാണ്. ചെടി വളര്‍ന്നുപൊങ്ങുന്നതു ഇരുട്ടിന്‍റെ ഗുഹയില്‍ നിന്നാണ് – അതിന്‍റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തലമാണു മൗലികതയുടെ ആധാരം.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ വേര് അവന്‍റെ ആന്തരികതയാണ്. ആര്‍ക്കും പ്രവേശനമില്ലാത്ത ഇരുട്ടിന്‍റെ വേദി. എല്ലാം പൊട്ടിമുളയ്ക്കുന്നത് ആന്തരികതയുടെ ഇരുട്ടില്‍ നിന്നാണ്. ഈ ആന്തരികതയലേക്ക് ആര്‍ക്കും പ്രവേശനമല്ല. വ്യക്തിക്കുപോലും അകത്തു മറഞ്ഞിരിക്കുന്നതു കാണാനാവില്ല. ഒരു വ്യക്തി മാത്രമായുള്ള ഒരാത്മാവ്. അതുകൊണ്ട് ഏതു കലാകാരനും ഏതു മനുഷ്യനും തന്നോടുതന്നെയുള്ള ഉത്തരവാദിത്വമാണു നിറവേറ്റേണ്ടത്. അതു തന്നിലേക്കുതന്നെ തിരിയലാണ്. നമ്മില്‍ നിന്നു കോരിയെടുക്കുക, തന്‍റെ തന്നെ അകത്തേയ്ക്കു നോക്കി കാണുക, കേള്‍ക്കുക, അതുണ്ടാക്കുക, എഴുതുക, വരയ്ക്കുക. അതു തന്നെത്തന്നെ കേട്ട് എഴുതലും പറയലും ചെയ്യലുമാണ്. തന്നില്‍ നിന്നു വരുന്നതു ഒരു പരിധിയില്‍ കൂടുതല്‍ വിശദീകരിക്കന്‍ അയാള്‍ക്കു കഴിയുകയില്ല.

തന്‍റെതന്നെ അന്തര്‍ചോദനയ്ക്ക് അയാള്‍ വിധേയനാകുകയാണ്. ആ ചോദനായാല്‍ എഴുതുകയും പ്രവര്‍ത്തിക്കുകയുമല്ല, എഴുതപ്പെടുകയും പ്രവര്‍ത്തിച്ചുപോകുകയുമാണ്. വാക്കുകളും രൂപകങ്ങളും ഉപമകളും വന്നത് എങ്ങനെയെന്നു വിശദീകരിക്കാനാവില്ല. ആന്തരികതയുടെ ഈ വെളിപാടുകള്‍ അവന്‍റെ പോലുമല്ല. പിന്നെ ആരുടെ? അവന്‍ കൈകള്‍ ഉയര്‍ത്തുന്നു; മുകളിലേക്കു നോക്കുന്നു!