'മുംബൈ : 'എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്' (Ecumenical Catholic Church of Christ) എന്ന സംവിധാനം കത്തോലിക്കാ സഭയുമായോ വിശുദ്ധ സിംഹാസനവുമായോ പൂര്‍ണ ഐക്യത്തിലല്ലെന്ന് ബോംബെ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ റോഡ്രിഗസ് വ്യക്തമാക്കി. പ്രസ്തുത സംവിധാനത്തെ സംബന്ധിച്ച സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസ്തുത സഭ നടത്തുന്ന ആരാധനാ, പ്രാര്‍ഥനാ, കൂദാശാ ശുശ്രൂഷകളില്‍ കത്തോലിക്കാ വിശ്വാസികള്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ചു. അത്തരം പങ്കാളിത്തം ആത്മീയമായ ആശയക്കുഴപ്പങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ അച്ചടക്കത്തിനും സഭൈക്യത്തിനും വിരുദ്ധമായ സാഹചര്യങ്ങള്‍ക്കും ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനന്‍ നിയമസംഹിതയിലെ 205-ാം കാനന്‍ പ്രകാരം കത്തോലിക്കാ സഭയുമായുള്ള പൂര്‍ണ ഐക്യത്തിനുള്ള വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയ ആര്‍ച്ച്ബിഷപ്, 'എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്' കത്തോലിക്കാ സഭയുമായോ ലെയോ പതിനാലാമന്‍ പാപ്പായുമായോ സഭൈക്യത്തില്‍ അല്ലെന്ന് വ്യക്തമാക്കി.
'കാത്തലിക്' എന്ന പദം ഈ സഭയുടെ പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അത് കത്തോലിക്കാ സഭയുമായി ഐക്യത്തിലുള്ള സ്ഥാപനമാണെന്ന ധാരണ വിശ്വാസികളില്‍ ഉണ്ടാകരുതെന്നും ഇടയലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.തെറ്റായ വിവരങ്ങളും ആശയക്കുഴപ്പങ്ങളും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും, സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ തങ്ങളുടെ ഇടവക വികാരിയെയോ ആര്‍ച്ച്ബിഷപ് ഹൗസിനെയോ സമീപിക്കണമെന്നും ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നു.