പാലക്കാട്: ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സന്ദർശിച്ച 'പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി'യുടെ സുപ്പീരിയർ ജനറൽ വിൻസെന്റ് സെനഷാലിനെ സുൽത്താൻപേട്ട് രൂപത ഊഷ്മളമായി വരവേറ്റു. കാഞ്ഞിക്കോടു നവജ്യോതി ഭവൻ, സഹോദര ഭവൻ, പുരാതനമായ കോവിൽപാളയം പള്ളി, ബിഷപ്പ് ഹൗസ് എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. സുൽത്താൻപേട്ട് സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ വെച്ച്, ഫാ. റാവൽസ് റിലീജിയസ് ആർട്ടിക്കിൾ സ്റ്റാൾ സെനഷാൽ ആശീർവദിച്ച് ഉദ്ഘാടനം ചെയ്യുകയും, 'ദൈവദാസൻ' ജോസഫ് ലൂയിസ് റാവലിന്റെ സ്മാരക പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
അനുമോദന ചടങ്ങിൽ വികാർ ജനറൽ മരിയ ജോസഫ് സ്വാഗതം ആശംസിച്ചു. സുൽത്താൻപേട്ട് ബിഷപ്പ് ആന്റണിസാമി പീറ്റർ അബീർ, പാലക്കാട്ടെ സഭയ്ക്ക് 'പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റി' നൽകിയ സംഭാവനകളെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സംസാരിക്കുകയും സൊസൈറ്റിയുടെ സുപ്പീരിയർ ജനറലിനെ ആദരിക്കുകയും ചെയ്തു. 'ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി'യിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മറുപടി പ്രസംഗത്തിൽ, തനിക്ക് നൽകിയ സ്വീകരണത്തിന് രൂപതയോട് നന്ദി പറഞ്ഞ സെനഷാൽ, പാലക്കാട് സേവനമനുഷ്ഠിച്ചവരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും മിഷനറി പ്രതിബദ്ധതയെയും അനുസ്മരിച്ചു. ജോസഫ് ലൂയിസ് റാവൽ തുടങ്ങിയ മിഷനറിമാരെ പരാമർശിച്ചുകൊണ്ട്, അവരുടെ സ്മാരകങ്ങൾ വർത്തമാനകാല തലമുറയെ അവർ ജീവിച്ച വിശ്വാസത്തെക്കുറിച്ചും സേവിച്ച ജനങ്ങളെക്കുറിച്ചും പകർന്നുനൽകിയ മിഷനറി ചൈതന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ മിഷനറി ചൈതന്യം നിലനിർത്താൻ കുടുംബങ്ങളെയും സമൂഹങ്ങളെയും വൈദികരെയും സന്യാസി-സന്യാസിനിമാരെയും അല്മായ വിശ്വാസികളെയും സെനഷാൽ ആഹ്വാനം ചെയ്തു. ധൈര്യത്തോടും ഉദാരതയോടും സ്നേഹത്തോടും കൂടി സുവിശേഷം ജീവിക്കാനും അത് പങ്കുവെക്കാനും അദ്ദേഹം യുവതലമുറയോട് അഭ്യർത്ഥിച്ചു.
'പാരിസ് ഫോറിൻ മിഷൻസ് സൊസൈറ്റിയും' സുൽത്താൻപേട്ട് രൂപതയും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, അവരുടെ സൗഹൃദവും മിഷനറി സഹകരണവും തുടർന്നും ഫലപ്രദമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.