Kerala

കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെ സി ബി സി അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

Sathyadeepam

കൊച്ചി: കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെ സി ബി സി അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടിയാണു ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകും.

മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ ബി കോശി റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും ആശാസമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്കുട്ടി, ട്രഷറല്‍ ബിജു കുണ്ടുകുളം, ബിജു പറയനിലം, ജോസുകുട്ടി ഒഴുകയില്‍, ഭാരവാഹികളായ ജയ്‌മോന്‍ തോട്ടുപുറം, ധര്‍മ്മരാജ് പി, ടെസ്സി ബിജു, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ എന്നിവര്‍ പ്രസംഗിച്ചു.

കെ സി എഫ് പ്രസിദ്ധീകരണമായ കാത്തലിക് വോയ്‌സ് എഡിറ്ററായി തോമസ് തുണ്ടിയത്തിനെ (പത്തനംതിട്ട) സമ്മേളനം തിരഞ്ഞെടുത്തു.

വിശുദ്ധരായ ഏലിയാസും ഫ്‌ളാവിയനും  (518)  : ജൂലൈ 20

ഗില്‍ബൊവാ : വില്ലൊടിച്ച മല

വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍

സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്