International

മെത്രാന്‍ നിയമനം: ചൈനയുമായുള്ള ധാരണ വത്തിക്കാന്‍ പുതുക്കി

Sathyadeepam

ചൈനയില്‍ കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നതിനായി 2018-ല്‍ ചൈനീസ് സര്‍ക്കാരുമായി രൂപീകരിച്ച ധാരണ രണ്ടു വര്‍ഷത്തേക്കു കൂടി തുടരാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ചൈനയുമായി ആദരപൂര്‍വകവും സൃഷ്ടിപരവുമായ സംഭാഷണം തുടരാന്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വത്തിക്കാന്‍ പ്രസ്താവിച്ചു. കത്തോലിക്കാസഭയുടെ ദൗത്യവും ചൈനീസ് ജനതയുടെ നന്മയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നും വത്തിക്കാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2018 ലാണ് മെത്രാന്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ധാരണ വത്തിക്കാനും ചൈനയും രൂപീകരിച്ചത്. 2020 ല്‍ ഇതു രണ്ടു വര്‍ഷത്തേക്കു പുതുക്കുകയും ചെയ്തു. ധാരണയിലെ വ്യവസ്ഥകള്‍ പരസ്യമല്ല.

ചൈനയുമായി വത്തിക്കാനു പൂര്‍ണതോതിലുള്ള നയതന്ത്രബന്ധമില്ല. ചൈനയില്‍ കത്തോലിക്കാസഭയുടെ ഒരു വിഭാഗത്തെ ഭരണകൂടമാണു നിയന്ത്രിക്കുന്നത്. കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്‍ എന്ന പേരിലുള്ള ഇവരുടെ മെത്രാന്മാരെയും ചൈനയുടെ മതകാര്യവകുപ്പാണ് നിയമിച്ചുകൊണ്ടിരുന്നത്. വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന സഭാവിഭാഗം രഹസ്യമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതുമുതല്‍ ആരംഭിച്ചിരുന്നു. ചൈനയുമായി വത്തിക്കാന്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ധാരണ ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാണെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പറഞ്ഞു.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]