ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടി, വിശേഷിച്ചും ദരിദ്രരാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയായിരിക്കും ഏപ്രില്‍ മാസം പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും വൈദികരുടെയും സന്യസ്തരുടെയുമെല്ലാം ആത്മത്യാഗവും മഹാമനസ്‌കതയും നമുക്കു വെളിവാക്കിയ സംഭവമായിരുന്നു കോവിഡ് പകര്‍ച്ചവ്യാധിയെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അനേകം ആരോഗ്യപ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധിക്കാലത്ത് രോഗീസേവനത്തിനിടെ ജീവന്‍ വെടിഞ്ഞു. പൊതുജനാരോഗ്യസംവിധാനത്തിന്റെ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നില്ലെന്നും കോവിഡ് തെളിയിച്ചു. ദരിദ്രരാജ്യങ്ങളിലുള്ളവര്‍ക്ക് അത്യാവശ്യചികിത്സകള്‍ പോലും ലഭിക്കുന്നില്ല. പലപ്പോഴും ഇത് വിഭവസ്രോതസ്സുകളുടെ ശരിയായ കൈകാര്യം ഇല്ലാത്തതു മൂലവും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ള പ്രതിബദ്ധതയില്ലായ്മയും മൂലമാണ്. -മാര്‍പാപ്പ വിശദീകരിച്ചു.