Editorial

അധികാരംകൊണ്ട് മുറിഞ്ഞവരെ കേട്ടവൾ...

Sathyadeepam
നിയമം കൊണ്ട് ഭരണകൂടങ്ങളുടെ അധികാരത്തിന്റെ അരികുകളും അതിരുകളും മാത്രം കാത്ത കഥകളല്ല നവിയുടേത്, അധികാരം കൊണ്ട് മുറിഞ്ഞവരുടെ മുറിവുണക്കിയ സാന്ത്വന വിധികളും കൂടിയാണ്.

1994-ൽ വംശഹത്യയുടെ തീക്കാറ്റ് അണഞ്ഞപ്പോൾ റുവാണ്ടയിൽ ബാക്കിയായത് അതിജീവിതരുടെ നിലവിളികളും ലൈംഗികാതിക്രമത്തിന്മേൽ നീതി ചോദിക്കാൻ മടിച്ചുനിന്ന ആയിരക്കണക്കിന് സ്ത്രീകളുടെ നിശ്ശബ്ദതകളും ആയിരുന്നു. ഒരു സ്ത്രീയുടെ ശരീരത്തിനു മേൽ നടന്ന അതിക്രമം അവരുടെ സ്വകാര്യ ദുരന്തം മാത്രമല്ല, ഒരു ജനതയെ തന്നെ നശിപ്പിക്കാൻ ആസൂത്രണം ചെയ്യുന്ന വംശഹത്യ എന്ന കുറ്റകൃത്യം ആകാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്, 1998-ൽ അകായേസു കേസ് കൈകാര്യം ചെയ്ത അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ ആയിരുന്നു. നവനീതം പിള്ള (നവി പിള്ള) എന്ന ദക്ഷിണാഫ്രിക്കക്കാരി അതിലെ വിധികർത്താക്കളിൽ ഒരാളും.

ലൈംഗികാതിക്രമത്തെ യുദ്ധത്തിലെ അനിവാര്യമായ അപകടമെന്നോ സ്വകാര്യമായ ദുരന്തമെന്നോ കണ്ട് അവഗണിച്ചിരുന്ന അന്താരാഷ്ട്ര നിയമ പൊതുബോധ ത്തോടുള്ള നിർണായകമായ വെല്ലുവിളിയായിരുന്നു, ബലാത്സംഗം വംശഹത്യയുടെ ഭാഗമായേക്കാം എന്ന ചരിത്രവിധി. 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എത്തിയത് ആരും കേൾക്കാതെ പോയ ഇരകളുടെ നിലവിളി നിരന്തരം കേട്ട ഒരു ന്യായാധിപ യുടെ നീതി നിറഞ്ഞ കേൾവി ശുശ്രൂഷയ്ക്കാണ്. നിയമത്തിന്റെ നീതിക്കപ്പുറം, മുന്നിൽ നിൽക്കുന്ന മനുഷ്യനെ ആഴത്തിൽ കണ്ട കാഴ്ചയ്ക്ക് ആണ്.

നിയമം പലപ്പോഴും സമൂഹത്തിന്റെ നിലവിലുള്ള ധാരണകളെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ സമൂഹത്തിന്റെ ധാരണകളിൽ തന്നെ അനീതിയു ണ്ടെങ്കിൽ നിയമം അതിനെ ചോദ്യം ചെയ്യേണ്ടിവരും എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് നവനീതം പിള്ളയുടെ ജീവിതം.

നവി പിള്ളയുടെ കഥ ആരംഭിക്കുന്നത് അന്താരാഷ്ട്ര കോടതികളുടെ ചില്ലുമേടയിലല്ല. വർണവിവേചനം മനുഷ്യന്റെ അന്തസ്സിനെ നിയമംകൊണ്ടുതന്നെ മുറിവേല്പിച്ച ദക്ഷിണാഫ്രിക്കയിലാണ്. നവിയുടെ മുത്തച്ഛൻ തമിഴ്നാട്ടിൽ നിന്ന് ജോലി തേടി അഭയാർത്ഥിയായി പോയ ആൾ. 1941-ൽ ജനനം. ദരിദ്രരായ ബസ് ഡ്രൈവറുടെ മകളായതിനാൽ പ്രാദേശിക ഇന്ത്യൻ സമൂഹത്തിന്റെ സഹായത്തോടെ വിദ്യാഭ്യാസം നേടിയവർ. വിദ്യാർത്ഥിക്കാലത്തു തന്നെ വർണ്ണ വിവേചനത്തിന്റെ ചൂട് അനുഭവിച്ചവൾ. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചും സ്കൂൾ പഠനകാലത്ത് തന്നെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി സംസാരിച്ചവൾ. 1967-ൽ നാറ്റൽ പ്രവിശ്യയിൽ അഭിഭാഷക സ്ഥാപനം ആരംഭിച്ച ആദ്യ വനിത. നെൽസൺ മണ്ടേല ഉൾപ്പെടെ വർണ്ണ വിവേചനത്തിനെ തിരെ പോരാടുന്നവർക്കായി നിരന്തരം കേസുകൾ ഏറ്റെടുത്തവൾ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ, തടവറയിലെ പീഡനങ്ങൾക്ക് എതിരെ വാദിച്ചവർ. നിയമം ഭരണകൂടത്തിന്റെ അധികാരങ്ങളെ സംരക്ഷിക്കാൻ മാത്രമുള്ളതല്ല എന്ന് അവർ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്ക് എതിരായ കുറ്റങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ നീതിക്ക് മുന്നിൽ എത്തിക്കുന്നതിനു മൗലികമായ വഴികളിൽ സഞ്ചരിച്ച സ്ത്രീ. അതിന് അവർ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങൾ. രാജ്യാന്തര അധികാരങ്ങളുടെ ഇടനാഴികളിലും നയതന്ത്ര പ്രതിനിധികളിലും നിന്നുമുള്ള ഈ സമ്മർദ്ദങ്ങൾക്ക് അപ്പുറത്ത് ഇരകളുടെ അവകാശങ്ങൾക്കു വിധിതീർപ്പുകൾ കൊണ്ട് വിലയിട്ട സ്ത്രീ.

നീതിക്കായുള്ള നിലവിളികളെ വേർതിരിച്ചറിയാൻ കോടതിമുറികളിൽ നിശ്ശബ്ദം കേൾവിയുടെ ധർമ്മയുദ്ധം ചെയ്ത് ജീവിതം കൊണ്ട് ഇവർ തീർപ്പാക്കിയ ഒരു വിധിന്യായമുണ്ട്. അത് നിയമം കൊണ്ട് ഭരണകൂടങ്ങളുടെ അധികാരത്തിന്റെ അരികുകളും അതിരുകളും മാത്രം കാത്ത കഥകളല്ല, അധികാരം കൊണ്ട് മുറിഞ്ഞവരുടെ മുറിവുണക്കിയ സാന്ത്വന വിധികളും കൂടിയാണ്. അധികാരത്തേക്കാൾ നീതിയെ കാത്ത വിധിതീർപ്പുകൾ.

ഈ ദിവസങ്ങളിൽ ഭാരത യുവത്വം തെരുവിലാണ്. മൗലികാവകാശമായ വോട്ടും അതുവഴി ജനാധിപത്യവും മോഷ്ടിക്കപ്പെടുന്നു എന്നതാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തിയ ഫോം 6-ന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടുണ്ടോ എന്നത് ഇപ്പോഴും തീർപ്പായിട്ടില്ലാത്ത അവസ്ഥ!

ഇലക്ഷൻ കമ്മീഷൻ എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും സത്യസന്ധതയും സംശയത്തിന്റെ കരിനിഴലിൽ ആയിരിക്കുന്നു! ഭരണഘടനാസ്ഥാപനങ്ങൾ ജനങ്ങളുടെ അവകാശങ്ങളേക്കാൾ, ഭരണഘടനയേക്കാൾ, അധികാരത്തെ കാത്തുസൂക്ഷിക്കുന്നവർ ആകുന്നുണ്ടോ?

വ്യക്തവും കൃത്യവുമായ വിശദീകരണങ്ങളിലൂടെ ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും അധികാരത്തിന്റെ ബലത്തിൽ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നു, പ്രതിഷേധങ്ങൾ റദ്ദാക്കുന്നു, അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നു!

ഒരു ഭരണഘടന സ്ഥാപനത്തിന്റെ അധികാരം അതിന്റെ സ്വാതന്ത്ര്യത്തിലാണ്; എന്നാൽ ആ സ്വാതന്ത്ര്യ ത്തിന്റെ ധാർമ്മികത അളക്കപ്പെടുന്നത് സുതാര്യതയിലും ജനങ്ങളുടെ അവകാശങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്ന തീരുമാനങ്ങളെ ആശ്രയിച്ചുമാണ്. ഭരണഘടനയേക്കാളും ജനങ്ങളുടെ അവകാശത്തേ ക്കാളും അധികാരത്തിനോ അധികാരികൾക്കോ വിലയിടുമ്പോൾ നിയമവാഴ്ചയും നീതിയും മരണപ്പെടുക യാണ്. ഉക്രെയ്നിലും ഇറാനിലും പലസ്തീനിലും സമാധാനത്തിന് നീതിപൂർവകമായ ഉടമ്പടികൾ തേടുന്ന ഇന്ത്യയുടെ വിശ്വനേതാക്കൾക്ക് തങ്ങളുടെ മൂക്കിന് താഴെ ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് കാണാൻ കഴിയില്ലെന്നുണ്ടോ?

സമാധാനത്തിന് യുദ്ധം ഇല്ലാത്ത അവസ്ഥ എന്ന് മാത്രമാണോ അർത്ഥം? നവി പിള്ളയുടെ നോബൽ അംഗീകാരം സമാധാനത്തിന് പുതിയ പര്യായങ്ങൾ നൽകുന്നുണ്ട്. നീതി ലഭിക്കാതെ ശ്വാസം തൊണ്ടയിൽ കുടുങ്ങിയവരുടെ നിശ്ശബ്ദതകളെ സമാധാനം എന്ന് പേരിട്ടു വിളിക്കാൻ സാധിക്കില്ല. അവകാശങ്ങൾ നഷ്ടപ്പെട്ടവന്റെ നിരാശയും നിർവികാരതയും ഭയവും നാടിന്റെ ‘ക്രമസമാധാന’മായി കണക്കാക്കാനാവില്ല.

അവകാശങ്ങൾക്കുവേണ്ടിയുള്ള നിലവിളികൾ രാജ്യദ്രോഹവും അല്ല. നിയമത്തിന്റെ മുന്നിൽ ശക്തനും ദുർബലനും ഒരുപോലെ ഉത്തരവാദികളാകുകയും ദുർബലന്റെ ശബ്ദം കേൾക്കപ്പെടുകയും ചെയ്യുമ്പോഴാണ് സമാധാനത്തിന് ധാർമ്മികമായ അടിത്തറ ലഭിക്കുന്നത്.

വിവാഹാശീർവാദസന്ദേശങ്ങളെക്കുറിച്ച്...

നാറാത്ത നാണയം!

വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍' (SIR) നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ലഹരി വിമോചന കേരള രക്ഷാ പദയാത്രക്ക് സ്വീകരണം നല്കി

ക്രിസ്തുവിലുള്ള ഐക്യം സുവിശേഷവത്കരണത്തെ ശക്തമാക്കും