Coverstory

ശാന്തി

തവിട്ടുപാത 18

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ
യുദ്ധങ്ങളെ നീതികരിക്കുന്ന വിശ്വാസിയെയാണ് മോശയുടെ കല്പലകകളിലെ sheqer എന്ന പദം വിചാരണ ചെയ്യുന്നത്. അവരുടെ എണ്ണം പെരുകുകയാണ്. ദൈവസത്തയ്ക്ക് നിരയ്ക്കാത്ത വ്യര്‍ത്ഥഭാഷണങ്ങളിലേക്ക് അവിടുത്തെ നാമം എത്ര തന്ത്രപരമായാണ് വലിച്ചിഴയ്ക്കപ്പെടുന്നത്...

വല്ലാത്തൊരു വിൽപത്രം എഴുതിയിട്ടാണ് അച്ഛൻ മരിച്ചത്. അവർക്ക് പതിനൊന്ന് ഒട്ടകമുണ്ട്.

മൂന്ന് മക്കളാണ്. മൂത്തയാൾക്ക് പകുതി, രണ്ടാമത്തെയാൾക്ക് കാൽഭാഗം, ഒടുവിലത്തെയാൾക്ക് ആറിലൊന്ന്. അച്ഛനാഗ്രഹിക്കുന്ന രീതിയിൽ നടക്കണമെങ്കിൽ ഒരൊട്ടകത്തെ കൊന്നേ തീരൂ.

ജ്ഞാനിയായ ഒരു മനുഷ്യൻ ഇടപെടുകയാണ്.

അയാൾക്ക് ഒരു ഒട്ടകമുണ്ട്. അതയാൾ അവർക്ക് സമ്മാനിച്ചു. അതും കൂടി ചേർത്ത് അവരതിനെ വിഭജിക്കുകയാണ്.

കാര്യങ്ങൾ എളുപ്പമാവുകയാണ്.

പന്ത്രണ്ടിന്റെ പാതി ആറ്, കാൽ മൂന്ന്, ആറിലൊന്ന് രണ്ട്.

കൂട്ടിയെടുക്കുമ്പോൾ പതിനൊന്ന്.

പന്ത്രണ്ടാമത്തെ ഒട്ടകം ഉപകാരിക്ക് തിരിച്ചു കിട്ടുകയും ചെയ്തു!

The woman who makes fuss എന്ന പുസ്തകത്തിൽ പറയുന്ന ഈ പന്ത്രണ്ടാമത്തെ ഒട്ടകത്തിന്റെ കഥയിലെ ജ്ഞാനി സ്ത്രീകൾക്ക് മാത്രം സഹജമായ അനുകമ്പയുടെയും സമാധാനത്തിന്റെയും രൂപകമാണ്. ജോസ് സുരേഷിൽ നിന്നാണ് ആദ്യം ഈ കഥ കേൾക്കുന്നത്. ചോര പൊടിയാതെയും ചില സമവായങ്ങൾ സാധ്യമാണ്. സംഗീതം കൊണ്ടും സംഭാഷണം കൊണ്ടുമൊക്കെ പിഞ്ഞിയ ഒരു ലോകത്തെ നമുക്ക് നെയ്തെടുക്കാവുന്നതേയുള്ളൂ.

അതിലേക്കാണ് ഫ്രാൻസിസ് ഒടുവിൽ തുഴഞ്ഞെത്തുന്നത്.

കുതിരയെ വിറ്റുകളഞ്ഞാണ് ഫ്രാൻസിസിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. അതിന്റെ ഒടുവിൽ അയാൾ തന്റെ സഹോദരൻമാർക്ക് വേണ്ടി ഇങ്ങനെ നിയമാവലി തയ്യാറാക്കും.

I decree to all my brothers, whether cleric or lay, that when they go about in the world or stay in a place, they should have absolutely no animals... Neither are they permitted to ride horses unless driven to it by sickness or great necessity.

അവർക്ക് രോഗം പോലെ ഗൗരവകരമായ ചില സാഹചര്യങ്ങളില്ലെങ്കിൽ കുതിരയെ ഉപയോഗിക്കാൻ അനുവാദമില്ലെന്ന്! ദാരിദ്രത്തോടുളള ആഭിമുഖ്യം കൊണ്ട് മാത്രമല്ലയത്. കുതിര പടപുറപ്പാടിന്റെ പ്രതീകം തന്നെയാണ്. കുതിരയെ ഓടിച്ച് പോകുന്ന പുണ്യവാൻമാരുടെ ശിൽപ്പങ്ങൾ നഗരചത്വരങ്ങളിലെ നിത്യകാഴ്ചയായിരുന്നു. അയാളുടെ ബോധത്തിൽ നിന്ന് കുളമ്പടി ഒച്ച മെല്ലെ മെല്ലെ മാഞ്ഞു പോവുകയാണ്.

അഷ്‌ടഭാഗ്യങ്ങളിലെ മറ്റെല്ലാ വാഴ്ത്തുപോലെ ഈ അനുഗ്രഹവും അയാൾക്ക് അവകാശപ്പെട്ടതാണ്:

Blessed are the peacemakers,for they will be called children of God.

സമാധാനദ്വേഷികളോടു കൂടെയുള്ള വാസം എനിക്കു മടുത്തു. ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവർ യുദ്ധത്തിനൊരുങ്ങുന്നു എന്ന സങ്കീർത്തനം ഹൃദയഭാരത്തോടെ അയാൾ ഉറക്കെപ്പാടും. പോകുന്നിടത്തൊക്കെ അയാളുടെ സ്‌നേഹിതർ ഓരോരോ വാതിലുകളിൽ കൊട്ടി ശാന്തിയും നന്മയുമെന്നും പറഞ്ഞ് മനുഷ്യരെ ആലിംഗനം ചെയ്യും. പുതിയ ആകാശവും പുതിയ ഭൂമിയും വരാൻ കാലമായെന്ന് മന്ത്രിക്കും.

ഫ്രാൻസ് യേഗർസ്റ്റാറ്റർ തുടങ്ങിയ മനുഷ്യർ തളിർക്കുന്നത് ഈ ഫ്രാൻസിസ്‌ക്കൻ ബോധത്തിൽ നിന്നാണ്. സെക്കുലർ ഫ്രാൻസിസ്ക്കൻ അംഗമായിരുന്നു അയാൾ. 1943 ആഗസ്റ്റ് 9 ന് ഇദ്ദേഹത്തെ നാസി ജർമ്മനി തൂക്കിലേറ്റി. യുദ്ധത്തിനെതിരെ നിലകൊണ്ടു എന്നതായിരുന്നു കർഷകനായ അയാൾക്കെതിരെ ഉയർന്ന ആരോപണം. സഭ ഫ്രാൻസിനെ സമാധാനത്തിന്റെ രക്ത സാക്ഷിയായി പരിഗണിച്ച് വിശുദ്ധാത്മാക്കളുടെ പട്ടികയിൽ ചേർത്തു.

ടെറൻസ് മാലിക്ക് ഫ്രാൻസിന്റെ ജീവിതം ‘ദി ഹിഡൺ ലൈഫ്’ എന്ന എപ്പിക് സിനിമയാക്കി. കണ്ടു നോക്കൂ, മൂന്ന് മണിക്കൂർ വെറുതെയാവില്ല.

1945 ഓഗസ്റ്റ് 6 പുലരിയിലാണ് ന്യൂക്ലിയർ യുഗം ആരംഭിച്ചത്. അനന്തരം 125000 -ഓളം മനുഷ്യർ മത്സരപരീക്ഷകളിൽ നിങ്ങൾ ഓർക്കേണ്ട വെറും അക്കമായി.

ദൈവത്തിന് നന്ദി പറയാനാണ് അമേരിക്കൻ പ്രസിഡന്റ് ട്രൂമാൻ അപ്പോഴും ശ്രദ്ധിച്ചത്: we thank god that it has come to us... and we pray that he may guide us to use it in his ways and for his purpose.

പള്ളികളിൽ അന്ന് യേശുവിന്റെ രൂപാന്തരീകരണത്തിരു നാളായിരുന്നു.

ഈശ്വരനാമം വൃഥാ ഉച്ചരിക്കരുത് എന്നത് മോശയ്ക്ക് ലഭിച്ച പത്ത് കല്പനകളുടെ (Decalogue) കല്പാളിയില്‍ കൊത്തിയിട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന ഹീബ്രു പദം sheqer ആണ്. അതിന്റെ അര്‍ത്ഥം (all that associate god’s name to anything that is deceptive for false).

നോക്കൂ, യുദ്ധങ്ങളെ നീതികരിക്കുന്ന വിശ്വാസിയെയാണ് ആ പദം വിചാരണ ചെയ്യുന്നത്. അവരുടെ എണ്ണം പെരുകുകയാണ്. ദൈവസത്തയ്ക്ക് നിരയ്ക്കാത്ത വ്യര്‍ത്ഥഭാഷണങ്ങളിലേക്ക് അവിടുത്തെ നാമം എത്ര തന്ത്രപരമായി വലിച്ചിഴയ്ക്കപ്പെടുന്നത്...

ബൈബിളിലെ സ്ഥലനാമങ്ങള്‍ ആത്മീയ രൂപകങ്ങള്‍ മാത്രമാണെന്ന ദൈവശാസ്ത്രത്തിലെ പ്രാഥമിക പാഠം മാത്രം മതി അതിന്. അയോധ്യ ഏതാനും ഏക്കറുഭൂമിയുടെ തീറാധരമല്ലെന്നും അകക്കാമ്പിലെ യുദ്ധമില്ലാത്ത ഭാസുരദേശമാണെന്നും ഒരാള്‍ക്ക് പിടുത്തം കിട്ടുന്നതു പോലെ അത്രയും സിമ്പിളാണത്!

ദാവീദ് ഒരിക്കല്‍ ദേവാലയം പണി ആരംഭിച്ചതാണ്. കൈകളില്‍ ചോരക്കറയുള്ളതു കൊണ്ട് അയാള്‍ക്ക് അതിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് ദൈവം അയാളെ വിലക്കി. ചോരയുമായി തെളിഞ്ഞോ മറഞ്ഞോ എന്തെങ്കിലും ഇടപാട് ഉള്ളവര്‍ക്ക് ദൈവവുമായി ഒരു കൂട്ടവകാശവുമില്ലയെന്ന സാമാന്യയുക്തിപോലും പകയുടെ ഈ കമ്പോളത്തില്‍ ഇപ്പോള്‍ കൈമാറാനാവുന്നില്ല.

ആചാര്യന്മാരെയും അവരുടെ ധര്‍മ്മത്തെയും തിണ്ണബലം കൊണ്ട് പ്രതിരോധിക്കാമെന്ന ആ ഹുങ്കിനെയാണ് അവസാനനിമിഷവും യേശു തിരുത്താന്‍ ശ്രമിച്ചത്. തന്നെ കൈയാമം വയ്ക്കാന്‍ ഓങ്ങിയ ഒരു പട്ടാളക്കാരനു നേരെ വാളു ചുഴറ്റി പത്രോസ്. ‘നിന്റെ വാള്‍ ഉറയിലിടുക, വാളെടുത്തവര്‍ ഒടുങ്ങിയത് വാള്‍മുനയില്‍ത്തന്നെ യായിരുന്നു’ എന്നു പറഞ്ഞ് പരിക്കേറ്റ സൈനികനെ സൗഖ്യപ്പെടുത്തിയാണ് സ്വന്തം വിധിയിലേക്ക് അവന്‍ തലയെടുപ്പോടെ നടന്നുപോയത്.

ഉല്പത്തിയായാലും പരിണാമമായാലും കാട്ടില്‍ നിന്ന് പൊടിച്ചതായിരുന്നു നരന്‍. സ്വാഭാവികമായി അയാളുടെ ഉറയില്‍ വന്യതയുടെ ഒഴിവാക്കാനാവാത്ത മുദ്രകളുണ്ട്. പക വീട്ടാനുള്ളതല്ലത്. അതിനെ മെരുക്കാന്‍ അഭ്യസിക്കുകയാണ് പ്രധാനം. മെരുങ്ങിയ ഈ പകയെ സൃഷ്ടിപരവുമാക്കാവു ന്നതാണ്, ഏശയ്യായുടെ പുസ്തകത്തിലെന്നപോലെ, “they shall beat their swords into plowshares,” വാളുകള്‍ കലപ്പകളാകുമെന്ന്. റിച്ചാര്‍ഡ് നിക്സന്‍ രണ്ടാവര്‍ത്തി അമേരിക്കയുടെ അധികാരം ഏറ്റെടുത്തപ്പോഴും ബൈബിള്‍ തൊട്ട് സത്യം ചെയ്യാനായി തുറന്നുവച്ച ഭാഗം ഇതായിരുന്നു: അത്രയെങ്കിലും! ക്ഷോഭത്തോളം ശക്തമായ ഒരു ഊര്‍ജ്ജമില്ല. അതിനെ ജീവിതത്തിന്റെ ചൂടും പ്രകാശവുമൊക്കെ ആക്കാനുള്ള - ഒറ്റ വാക്കില്‍, സൃഷ്ടിപരമാക്കാനുള്ള- ക്ഷണമാണത്.

യുണൈറ്റഡ് നേഷന്‍സിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സിലെ നോര്‍ത്തേണ്‍ ഗാര്‍ഡനില്‍ ഈ തിരു വചനത്തെ ആധാരമാക്കി സൃഷ്ടിച്ച ഒരു ശില്പം വച്ചിട്ടുണ്ട്. യെവ്ഗേനി വ്യൂചേറ്റിച് (Yevgeny Vuchetich) എന്ന റഷ്യന്‍ ശില്പിയുടേതാണത്. കരുത്തനായ ഒരു മനുഷ്യന്‍ വാളിനെ ചുറ്റികകൊണ്ട് അടിച്ചടിച്ച് കലപ്പയിലേക്കു പരിവര്‍ത്തിപ്പിക്കുന്നു. ആ ശില്പത്തിലുണ്ട് ലോകത്തോട് യു. എന്‍. പറയാന്‍ ശ്രമിക്കുന്ന സുവിശേഷത്തിന്റെ കാതല്‍.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതിനെ ഗൗരവമായി എടുത്തവരുണ്ട് ന്യൂക്ലിയര്‍ ആയുധങ്ങളെ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടി വൈകാതെ അവർ ജ്ഞാനസ്നാനപ്പെടുത്തി. റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍ മനുഷ്യരുടെ രക്ഷയ്ക്കെത്തി. രാസായുധമായ നൈട്രജന്‍ മസ്റ്റാഡ് കീമോതെറാപ്പിയുടെ ആദ്യപരീക്ഷണങ്ങള്‍ക്ക് സ്പ്രിങ് ബോര്‍ഡായി. ടാങ്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബുള്‍ഡോസറുകളും ട്രാക്ടറുകളുമായി. കാര്‍ഷിക മ്യൂസിയങ്ങളില്‍ ഇപ്പോഴും അതിന്റെ ശേഷിപ്പുകളുണ്ട് യുദ്ധവിരുദ്ധ ഗീതങ്ങള്‍ക്കായി പടക്കോപ്പുകള്‍ കൊണ്ടു തന്നെ ഗായകര്‍ വാദ്യോപകരണങ്ങള്‍ സൃഷ്ടിച്ചെടുത്തു.

Plowshares Movement -കലപ്പക്കാരുടെ മുന്നേറ്റം-എന്നൊരു സമാധാനപ്രസ്ഥാനം തന്നെയുണ്ടായി. ആണവശക്തിയെ നിര്‍വീര്യമാക്കാനോ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളില്‍ ഒരു തരം മിലിറ്റന്റ് വാശിയോടെ അവര്‍ ഇടപെട്ടു.

അന്തര്‍ദേശീയ ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ. ചെറിയ അനുപാതങ്ങളെങ്കിലും വാളുകളെ ഗാര്‍ഹികപരിസരങ്ങളുടെ കലപ്പയാക്കണ്ടേ? പള്ളിക്കൂടം വിട്ട് വൈകിയെത്തുന്ന ഉഴപ്പന്‍ മക്കളെ ശകാരിക്കാതെ, അവര്‍ക്കിഷ്ടമുള്ള നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തുകൂടേ?

നിങ്ങളെന്തിനാണ് ഉറക്കെ സംസാരിക്കുന്നത്.

പരമാവധി ഹോണ്‍ മുഴക്കാതെ യാത്ര ചെയ്ത് വീട്ടിലേക്കു മടങ്ങുമെന്ന് തീരുമാനിച്ചുകൂടേ? കാരണം, അവിടെയാണിപ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ കട്ടക്കലിപ്പ്. Road rage അതില്‍ത്തന്നെ ഒരു വിഷയമാണ്. പണ്ടൊരിക്കൽ സദാ ദേഷ്യത്തിലായിരുന്ന ഒരു മകന് അപ്പൻ ഒരു ടാസ്ക് കൊടുത്തു. കലി തോന്നുമ്പോൾ ഭിത്തിയിൽ ഓരോ ആണി തറക്കുക. ഒരു ദിവസം അതെല്ലാം പിഴുതെടുക്കുക.

തീര്‍ന്നല്ലോ? ഇല്ല, തീര്‍ന്നില്ല. ഭിത്തി നിറയെ സുഷിരങ്ങളാണിപ്പോള്‍. അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ല നിങ്ങളുടെ വൈരത്തിന്റെ വ്രണങ്ങള്‍.

സമാധാന പ്രേമികൾക്കല്ല സമാധാന പാലകർക്കാണ് വാഴ്‌ത്ത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

പിയാനിസ്റ്റ് ഒരു must watch പടമാണ്. നാസി ഭീകരതയെ അതിജീവിച്ച പോളീഷ് ജൂതനായ Wladyslaw Zpilman എന്ന സംഗീതജ്ഞന്റെ അതേ പേരിലുള്ള ആത്മകഥയില്‍ നിന്നാണ് ആ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

വാഴ്സ റേഡിയോയില്‍ തന്റെ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കു മ്പോഴാണ് കാര്യങ്ങളെല്ലാം തകിടം മറിയുന്നത്. നിരത്തുകളില്‍ മൃതശരീരങ്ങള്‍ തട്ടി വീഴുന്ന വിധത്തില്‍ പക അതിന്റെ രൗദ്രതയാടുകയായിരുന്നു. കുടുംബം ചിതറപ്പെടുന്നു. തകര്‍ന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഒളിച്ചു പാര്‍ക്കുകയായിരുന്നു അയാളുടെ വിധി.

ഉടഞ്ഞുപോയൊരു വീടിന്റെ കബോര്‍ഡില്‍ നിന്ന് ഒരു അച്ചാര്‍ഭരണി തുറക്കാനുള്ള ശ്രമത്തിനിടയില്‍ അയാളെ ഒരു മിലിട്ടറി ഓഫീസര്‍ കണ്ടെത്തുന്നു. അനുഭാവത്തിന്റെ ചില കണികകള്‍ അയാളിലിനിയും ശേഷിച്ചിരുന്നു. ഒരു പിയാനിസ്റ്റാണ് അയാളെന്ന് മനസ്സിലാക്കിയ ആ ഓഫീസര്‍ ഒരു പിയാനോ കാട്ടിക്കൊടുക്കുന്നു. അവിടെ അയാള്‍ എല്ലാം മറന്ന് തന്റെ മാന്ത്രിക സംഗീതം വായിക്കുകയാണ്. അവിടെ ഒളിച്ചു പാര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ആ ജര്‍മന്‍ ഓഫീസര്‍ ഒരുക്കുന്നു.

കഥ കുറേക്കൂടി മുന്‍പോട്ടു പോകണം. കാഴ്ചയെ പ്രാർത്ഥനയാക്കുന്നത് പോര്‍വിമാനങ്ങള്‍ തലയ്ക്ക് മുകളിലൂടെയും ടാങ്കറുകള്‍ നിരത്തിലൂടെയും പാഞ്ഞു പോകുമ്പോള്‍, ജാലകത്തിന് വെളിയില്‍ മൃതശരീരങ്ങൾ അട്ടിയായി കിടക്കുമ്പോള്‍, അതിനിടയില്‍ നിന്ന് സംഗീതത്തിന്റെ സാന്ത്വനം സൃഷ്ടിക്കുന്ന അയാളുടെ ദൃശ്യമാണ്. ഇത് പഴഞ്ചൊല്ലിലെ നീറോയുടെ വീണവായനയല്ല. മറിച്ച് മറ്റൊരു ലോകത്തിന് വേണ്ടിയുള്ള ഒരാളുടെ ഗീതാഞ്ജലിയാണ്.

പൂപ്പാത്രം പോലെ ചിതറിയ ലോകത്തിന് ഒരു വീണ്ടെടുപ്പ് സാധ്യമാണ്. ദുഃഖവും രോഗവും അനീതിയും യുദ്ധവുമെല്ലാം കടന്നുപോകുന്ന ഒരു നാള്‍ വരും. അങ്ങ് ആദിയില്‍ വിഭാവനം ചെയ്ത ആ ലോകത്തിലേക്ക് ഞങ്ങള്‍ കൈകോര്‍ത്ത് തിരികെ നടക്കും. മുന്‍പോട്ടുള്ള ചുവട്, അഗാധ ഗര്‍ത്തമാണ്.

സമാധാന പ്രഭു എന്നൊരു വിശേഷണവും യേശുവിന് ചാർത്തിക്കിട്ടിയിട്ടുണ്ട്. സമാധാനത്തിന്റെ ഉപകരണമായി ഞങ്ങളെ മാറ്റണമേ എന്നൊരു പ്രാർത്ഥന ഫ്രാൻസിസിന്റെ പേരിൽ നമുക്ക് ലഭിച്ചിട്ടുണ്ട്. ഫ്രാൻസിസ് പഠിപ്പിച്ച പ്രാർത്ഥനയായി ചിലരെങ്കിലും അതിനെ കരുതുന്നുണ്ട്. അതങ്ങനെയല്ല. ഫ്രാൻസിസിനുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് അത് രൂപപ്പെട്ടത്. 1912 ഡിസംബറിൽ ഫ്രാൻസിൽ പുറത്തിറങ്ങിയ ‘ലാ ക്ലോഷെറ്റ്’ (La Clochette) എന്ന ഒരു ചെറിയ കത്തോലിക്കാ മാസികയിലാണ് ഈ പ്രാർത്ഥന ആദ്യമായി അച്ചടിച്ചു വരുന്നത്. ‘കുർബാന സമയത്ത് ചൊല്ലാൻ മനോഹരമായൊരു പ്രാർത്ഥന’ എന്ന പേരിൽ പേര് വെയ്ക്കാതെയാണ് ഇത് പ്രസിദ്ധീകരിച്ചത്.

ഒന്നാം ലോകമഹായുദ്ധ കാലത്ത് (ഏകദേശം 1918-ൽ) ഒരു ഫ്രഞ്ച് ഫ്രാൻസിസ്കൻ പുരോഹിതൻ ഫ്രാൻസിസ് അസീസിയുടെ ചിത്രം അടങ്ങിയ ഒരു ഭക്തികാർഡിന്റെ (Holy Card) മറുപുറത്ത് ഈ പ്രാർത്ഥന അച്ചടിച്ചു വിതരണം ചെയ്തു. പ്രാർത്ഥനയുടെ താഴെ രചയിതാവിന്റെ പേര് വെയ്ക്കാതിരുന്നതിനാൽ, ചിത്രത്തിലുള്ള വിശുദ്ധ ഫ്രാൻസിസ് അസീസി തന്നെയാണ് ഇത് എഴുതിയതെന്ന് ആളുകൾ വിചാരിച്ചു.

അതു കൊണ്ടു കുഴപ്പം വല്ലതുമുണ്ടോ- അയാൾ ആ പ്രാർത്ഥനയിൽ കവിഞ്ഞൊഴുകുന്നുണ്ട്.

ബൈബിൾ എന്ന പുസ്തകസംഭവത്തിനു പിന്നിൽ

ശാന്തം-കരുണം-ദീപ്തം=ഉദാത്തം

യുദ്ധം തകർത്ത സിറിയയിൽ ക്രിസ്തുവിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്ന സിസ്റ്റർ ആനിക്ക് ധീരതാ പുരസ്കാരം

നാടകത്തിൽ നടനും പ്രേക്ഷകനും കാലാതീതമായി നിലനിൽക്കും : ടി. എം. എബ്രഹാം

യുവജനപ്രക്ഷോഭങ്ങൾക്ക് ഉത്തരമുണ്ടോ?