സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരകളിൽ നിന്നും ഉൽഭവിച്ച് ലീഹ്സ്റ്റെൻസ്റ്റൈൻ, ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി അറ്റ്ലാൻറിക് മഹാസമുദ്രത്തിന്റെ ഭാഗമായ നോർത്ത് കടലിൽ പതിക്കുന്ന നദിയാണ് റൈൻ നദി. ഡാന്യൂബ് കഴിഞ്ഞാൽ മധ്യ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും നീളമുള്ള (1233 കിലോമീറ്റർ) ഈ നദി പ്രാചീന റോമാക്കാരുടെ കാലം മുതൽ യൂറോപ്പിലെ ഏറ്റവും തിരക്കുള്ള ജലപാതകളിൽ ഒന്നുമായിരുന്നു. റൈനിന്റെ പോഷക നദികളിൽ ഏറ്റവും നീളമുള്ള (525 കിലോമീറ്റർ) നദിയായ മൈൻ നദി റൈൻ നദിയിൽ ചേരുന്ന ചരിത്ര നഗരമാണ് മൈൻസ്. ഭൂമിശാസ്ത്രപരമായി യൂറോപ്പിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ക്രിസ്തുവിനും (ബി സി ഒന്നാം നൂറ്റാണ്ടിൽ) മുൻപ് റോമാക്കാരാൽ സ്ഥാപിതമായതാണ്.
ഡാന്യൂബിന്റെയും റൈനിന്റെയും തീരങ്ങളിൽ തന്ത്രപ്രധാനമായ കോട്ടകളും നഗരങ്ങളും സ്ഥാപിച്ചു മുന്നേറിയ റോമാക്കാർ തങ്ങളുടെ ഒരു പ്രധാന ഭരണപ്രവിശ്യ ആയിരുന്ന Germania Superior ന്റെ തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരമായിരുന്നു ലത്തീനിൽ മഗോൻസിയാക്കും (Castrum Magontiacum) എന്നറിയപ്പെട്ടിരുന്ന മൈൻസ്. റോമൻ സാന്നിധ്യത്തിന്റെ ചരിത്രാവശേഷിപ്പുകൾ ആയി റോഡുകളും അക്വേഡക്ടുകളും തിയേറ്ററും ക്ഷേത്രങ്ങളും നിലനിൽക്കുന്ന നഗരം! റോമൻ പട്ടാളത്തിന്റെ കവാത്തുകൾക്കും ക്രൈസ്തവ ആത്മീയ ഘോഷയാത്രകൾക്കും സാക്ഷ്യം വഹിച്ച ഇതേ നഗരത്തിൽ നിന്നാണ് അറിവിനെ അനശ്വരമാക്കിയ (verba volant, scripta manent എന്നാണല്ലോ പറയാറുള്ളത്!) അച്ചടി ഉത്ഭവിച്ചതും. (അച്ചടിയന്ത്രം കണ്ടുപിടിച്ച യൊഹാന്നസ് ഗുട്ടൻബർഗിന്റെ ജന്മ നഗരവും ഇതുതന്നെ!).
ഏ ഡി നാലാം നൂറ്റാണ്ടിൽ തന്നെ ഒരു പ്രബലമായ ക്രൈസ്തവ സമൂഹം നിലനിന്നിരുന്ന നഗരമാണ് മൈൻസ്. ജർമ്മനിയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ബോനിഫാസ്യൂസ് ഏ ഡി 746-ൽ മൈൻസ് ഒരു മെത്രോപ്പോലീത്തൻ സിംഹാസനം ആണെന്ന് പ്രഖ്യാപിച്ചതോടെ ഇന്നത്തെ ജർമ്മനിയുടെ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസികൾ മൈൻസ് മെത്രോപ്പോലീത്തയുടെ അധികാരത്തിനു കീഴിലായി (അന്ന് ഏകീകൃത ജർമ്മനി ഇല്ല. പകരം പല നാട്ടുരാജ്യങ്ങൾ ആയിരുന്നു). മൈൻസ് മെത്രോപ്പോലീത്തക്ക് Primate of Germany എന്ന വലിയ സ്ഥാനം ലഭിക്കുകയും ചെയ്തു. സാമൂഹ്യതലത്തിലും രാഷ്ട്രീയതലത്തിലും സഭാതലത്തിലും മൈൻസ് മെത്രോപ്പോലീത്തയുടെ സ്വാധീനം ക്രമേണ വർദ്ധിക്കുകയും ആൽപ്സിന് വടക്കുള്ള ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമായി മൈൻസ് മാറുകയും ചെയ്തു. മധ്യ കാലഘട്ടം മുതൽ പത്തൊമ്പതാം നൂറ്റാണ്ടു വരെ യൂറോപ്പിന്റെ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ (holy Roman empire) ചക്രവർത്തിയെ (കൈസർ എന്ന സ്ഥാനപ്പേരാണ് ഈ ചക്രവർത്തിക്ക് നൽകിയിരുന്നത്.
പ്രാചീന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയുടെ ഔദ്യോഗിക പേരായ സീസറിന്റെ ജർമ്മൻ പതിപ്പാണ് കൈസർ) തെരഞ്ഞെടുത്തിരുന്നത് ഏഴ് രാജാക്കന്മാർ (prince electors/ Kurfürsten) ചേർന്നായിരുന്നു. ആ ഏഴ് പേരിൽ മൂന്നുപേർ ഒരേസമയം രാജാക്കന്മാരും മെത്രാന്മാരും ആയിരുന്നു. ട്രീയർ, കൊളോൺ, മൈൻസ് (Trier, Köln, Mainz) എന്നിവിടങ്ങളിലെ മെത്രാന്മാർ ഒരേ സമയം രാജാക്കന്മാരും മെത്രാന്മാരും ആയിരുന്നു. അവയിൽ തന്നെ ഏറ്റവും മുന്തിയ പദവി അലങ്കരിച്ചിരുന്നത് മൈൻസ് ആയിരുന്നു എന്ന് പറയാം. കാരണം ചക്രവർത്തിയുടെ ആർച്ച് ചാൻസിലർ സ്ഥാനം വഹിച്ചിരുന്നത് മൈൻസ് മെത്രോപ്പോലീത്തയായി രുന്നു. റോമിനു പുറമേ പരിശുദ്ധ സിംഹാസനം (Heiliger Stuhl / Sancta Sedes Moguntina) എന്ന് മെത്രാന്റെ സിംഹാസനത്തെ വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏക രൂപതയും മൈൻസ് ആണ്.
ആധുനിക കാലഘട്ടത്തിൽ, പ്രത്യേകിച്ച് നെപ്പോളിയന്റെ യൂറോപ്യൻ പടയോട്ടത്തിന് ശേഷം, മൈൻസ് മെത്രാന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞെങ്കിലും യൂറോപ്യൻ സഭയിലെ, പ്രത്യേകിച്ച് ആൽപ്പ്സിന് വടക്കുള്ള സഭയിലെ, അനന്യമായ ഒരു രൂപതയാണ് മൈൻസ്. മാർട്ടിൻ ലൂഥറുടെ നവീകരണ പ്രസ്ഥാനത്തിന് വഴിമരുന്നിട്ട വിവാദപ്രസംഗകനായിരുന്ന യോഹാൻ ടെറ്റ്സൽ എന്ന ഡൊമിനിക്കൻ ദൈവശാസ്ത്രജ്ഞന് മാൻഡേറ്റ് നൽകിയത് അന്നത്തെ മൈൻസ് മെത്രാൻ ആയിരുന്ന ആൽബ്രെഹ്റ്റ് ഫോൺ ബ്രാണ്ടൻബുർഗ് ആയിരുന്നു. അതുകൊണ്ടുതന്നെ ലൂഥറൻ നവീകരണത്തിനെതിരായ കത്തോലിക്ക പ്രതിനവീകരണം ഏറ്റവും ശക്തമായി നടന്ന കേന്ദ്രങ്ങളിൽ ഒന്ന് മൈൻസ് ആയിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സ്വാധീനിച്ച ഏറ്റവും വലിയ ദൈവ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ റൊമാനോ ഗ്വാർദീനി ആകട്ടെ മൈൻസ് രൂപതയിലെ വൈദികനുമായിരുന്നു!
മൈൻസ് എന്ന രൂപതയുടെ ഗരിമയും ആഗോള കത്തോലിക്കാസഭാചരിത്രത്തിലെ സ്ഥാനവും അനന്യമെന്നർഥം. വിശുദ്ധ ബോനിഫാസിയൂസും വില്ലിഗീസും വിൽഹെലം എമ്മാനുവേൽ ഫോൺ കെറ്റെലറും അടുത്തകാലത്ത് അന്തരിച്ച കർദിനാൾ കാൾ ലേമാനും ഉൾപ്പെടെ ഡസൻ കണക്കിന് മഹാരഥന്മാർ നയിച്ച രൂപതയാണ് മൈൻസ്. അതുപോലെതന്നെ പുകൾപെറ്റ ധാരാളം സഹായമെത്രാന്മാരും മൈൻസ് രൂപതയെ നയിച്ചിട്ടുണ്ട്. ആ ഗണത്തിലേക്കാണ് കേരളത്തിലെ കോതമംഗലം രൂപതയിൽപ്പെട്ട മീങ്കുന്നം ഇടവകയിലെ പൊട്ടക്കൽ ജോർജ്, ഏലിയാമ്മ ദമ്പതികളുടെ
മൂന്ന് ആൺമക്കളിൽ രണ്ടാമനായി 1977 ഏപ്രിൽ മുപ്പതാം തീയതി ജനിച്ച, കർമ്മലീത്ത സഭാംഗമായ ഫാദർ ജോഷി പൊട്ടക്കൽ ഈ മാർച്ച് പതിനഞ്ചാം തീയതി മെത്രാഭിഷേകത്തിലൂടെ ഉയർത്തപ്പെടുന്നത്. ഫ്രൈബുർഗ് ആർച്ചുബിഷപ്പായ സ്റ്റെഫാൻ ബുർഗർ, ബ്രസീലിൽ നിന്നുള്ള ബിഷപ്പ് വിൽമാർ സാൻറ്റിൻ O.Carm എന്നിവർ ഈ ചടങ്ങിൽ സഹകാർമ്മികരായി പങ്കെടുക്കും. മൈൻസ് രൂപതയുടെ കത്തീഡ്രലായ സെന്റ് മാർട്ടിൻസ് ഡോമിൽ വച്ച് (മൈൻസ് ഡോം, സ്പയർ ഡോം, വോംസ് ഡോം എന്നീ മൂന്ന് ഡോമുകൾ കൈസർ ഡോമുകൾ എന്ന മുന്തിയ പദവി അലങ്കരിക്കുന്ന കത്തീഡ്രലുകളാണ്) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മൈൻസ് മെത്രാനായ പീറ്റർ കോൾഗ്രാഫ് പിതാവിൽ നിന്നും മെത്രാഭിഷേകം സ്വീകരിക്കും.