ഫാ. പോള്‍ മോറേലി
പതിനാലുകാരന്‍ ആഗ്നല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു, മിടുക്കനായിരുന്നു. അള്‍ത്താര സംഘത്തിലെ സജീവ അംഗം. ഇക്കഴിഞ്ഞ ജൂലൈ മാസം ഒരു വെള്ളിയാഴ്ച്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ആഗ്നല്‍ വാതില്‍ തുറക്കാതായതോടെ ഡാഡി വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടത് മഴക്കോട്ടു കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി, വായില്‍ ടേപ്പ് ഒട്ടിച്ച് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
ഇങ്ങനെ ദുരൂഹ സാഹചര്യ ത്തില്‍ മൃതദേഹം കണ്ടതിനാല്‍ ഓണ്‍ലൈന്‍ ഗെയിമാണോ മരണ കാരണമെന്ന അന്വേഷണത്തിലേക്ക് പൊലീസ് തിരിഞ്ഞു. അമ്മയുടെ ഫോണാണ് ആഗ്നല്‍ ഉപയോഗിച്ചിരുന്നത്. അതില്‍ 'ഡെവിള്‍' എന്ന ഓണ്‍ലൈന്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഗെയിമില്‍ നല്‍കിയ ടാസ്‌ക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റ് വീഡിയോകള്‍ക്കും മറ്റും അടിമകളായ കുട്ടികളുടെ രക്ഷയ്ക്കായി കേരളാ പൊലീസ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ് ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ (ഡി ഡാഡ്) കേന്ദ്രങ്ങള്‍. 2023 ഏപ്രില്‍ മുതല്‍ 2024 ജൂലൈ 9 വരെ ഈ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 613 കേസുകളാണ്. ഇതില്‍ 37.5 ശതമാനം പേര്‍ പെണ്‍കുട്ടികളാണ്. മൊബൈല്‍ അഡിക്ഷനില്‍ നിന്നും രക്ഷനേടി പൊലീസിന്റെ തന്നെ 'ചിരി' പദ്ധതിയെ സമീപിച്ചവര്‍ 2421 പേര്‍. ഇതുകൂടാതെ കൗണ്‍സലിങ് സെന്ററുകളിലും ഹോസ്പിറ്റലുകളിലും ആശ്രയം തേടിയ ആയിരങ്ങള്‍ വേറെയുമുണ്ടാകും.
ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയുമൊക്കെ തെറ്റായ ഉപയോഗങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയേയും ഭാവിയേയും തകര്‍ത്തുകളയും. അതിനാല്‍ നമുക്ക് ജാഗ്രതയുള്ളവരാകാം.
ഡിജിറ്റല്‍ ലോകം നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ അഡിക്ഷനും അതിന്റെ ഭാഗമാകും. മൊബൈല്‍ അടിമത്തത്തിന്റെ പ്രധാനകാരണങ്ങള്‍: കുഞ്ഞുനാള്‍ മുതല്‍ മൊബൈല്‍, ടാബ്, ലാപ്‌ടോപ് സ്‌ക്രീനുകളുമായുള്ള പരിചയം, മുതിര്‍ന്നവരുടെ അമിത മൊബൈല്‍ ഉപയോഗം കണ്ടുള്ള ശീലം, മൊബൈല്‍ തുറക്കുന്ന വിശാല ലോകത്തേക്ക് എത്തിയാല്‍ പരിതികളില്ലാതെ ഇഷ്ടമുള്ളതില്‍ മുഴുകാമെന്ന ചിന്ത, സമൂഹമാധ്യമങ്ങളില്‍ (Social Media) കാണുന്ന ഓണ്‍ലൈന്‍ ലോകത്തോടുള്ള അഭിനിവേശം, വായന, കളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ വിനോദങ്ങളും ശീലങ്ങളും ഇല്ലാത്തത്, കളികള്‍, നല്ല ചങ്ങാത്തങ്ങള്‍, ആരോഗ്യകരമായ മൊബൈല്‍ - ഇന്റര്‍നെറ്റ് ഉപയോഗം ശീലമാക്കിയ കുടുംബം എന്നിവയുടെ അഭാവം, ആത്മവിശ്വാസക്കുറവ്, വിഷാദം, ഒറ്റപ്പെടല്‍ എന്നിവയാണ്.
അമേരിക്കന്‍ നയരൂപവല്‍ക്കരണ സ്ഥാപനമായ 'പ്യൂ റിസര്‍ച്ച് സെന്റര്‍' ഏപ്രിലില്‍ നടത്തിയ സര്‍വേ പ്രകാരം മൊബൈല്‍ മൂലമുള്ള അശ്രദ്ധയാണ് ഹൈസ്‌കൂള്‍ അധ്യാപകരില്‍ എഴുപത് ശതമാനത്തിലേറെയും ക്ലാസ് മുറിയില്‍ നേരിടുന്ന വെല്ലുവിളി. ക്ലാസ് സമയങ്ങളിലെ സാമൂഹിക മാധ്യമ ഉപയോഗം, സഹപാഠികളെ ഫോണിലൂടെ ഭീക്ഷണിപ്പെടുത്തല്‍, അവരെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോകള്‍ പങ്കിടല്‍ തുടങ്ങി മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പലതാണ്.
'നൊമോഫോബിയ' (മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമോ, ഇന്റര്‍നെറ്റ് കിട്ടാതാകുമോ എന്നൊക്കെയുള്ള ആശങ്കയും ഭീതിയും) എന്ന വെല്ലുവിളി വേറെ. ഇത്തരത്തില്‍ പഠനത്തേയും സ്വാഭാവരൂപവല്‍ക്കരണത്തേയും ബാധിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ അമേരിക്കയിലെ പത്തിലേറെ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നിരിക്കുന്നു.
ക്ലാസ് സമയത്ത് സ്വന്തം സ്മാര്‍ട്ട്‌ഫോണുകളും മറ്റു വയര്‍ലെസ് ഉപകരണങ്ങളും ഉപയോഗിക്കരുത് എന്ന നിയമം ആദ്യം പാസാക്കിയത് ഫ്‌ളോറിഡയാണ്. ഓര്‍ലാന്‍ഡോയിലെ ഓറഞ്ച് കൗണ്ടി പബ്ലിക് സ്‌കൂള്‍ ഒരു പടികൂടി കടന്ന്, സ്‌കൂളിലായിരിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ തൊടരുത് എന്ന ഉത്തരവിറക്കി. ക്ലാസില്‍ കയറും മുമ്പ് മൊബൈല്‍ ഫോണ്‍ പൂട്ടി സൂക്ഷിക്കാനുള്ള ലോക്കറുകള്‍ വാങ്ങാന്‍ പെന്‍സില്‍വേനിയയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഡോളര്‍ അനുവദിച്ചു.
മൊബൈല്‍ ഫോണ്‍ രഹിത വിദ്യാഭ്യാസ നയരൂപവല്‍ക്കരണ ത്തിന്റെ ഭാഗമായി 'ഗെറ്റ് ഓഫ്‌ലൈന്‍, ഗെറ്റ് ഔട്ട്‌സൈഡ്' പ്രചാരണവുമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോക്കല്‍ സംസ്ഥാനം ചുറ്റുന്നു. ഫോണുകളും കമ്പ്യൂട്ടറുകളും മാറ്റിവച്ച് കുട്ടികളുമായി പുറത്ത് സമയം ചെലവിടൂ എന്നാണ് ഹോക്കല്‍ നല്‍കുന്ന സന്ദേശം. നാഷണല്‍ പേരന്റ്‌സ് യൂണിയന്റെ സര്‍വേ പ്രകാരം ക്ലാസില്‍ മൊബൈല്‍ ഫോണ്‍ വേണ്ട എന്ന അഭിപ്രായമാണ് എഴുപത് ശതമാനം രക്ഷിതാക്കള്‍ക്കുമുള്ളത്.
പ്രീപ്രൈമറി പബ്ലിക്കേഷനുകളിലെ പടം വിവരിച്ചു കഥപറയുന്ന ഗെയിമുകള്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ്. കുട്ടിക്കുകൂടി പങ്കാളിത്തമുള്ള ഗെയിമുകളാണു രക്ഷിതാവുമായി ചേര്‍ന്നു ചെയ്യേണ്ടത്. ഇതു ദിവസവും ഒരേ സമയത്ത്, നിശ്ചിതനേരം മാത്രം.
രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും ടെലിവിഷനോ ഡിജിറ്റല്‍ മീഡിയയോ കാണിക്കരുതെന്ന കര്‍ശന നിര്‍ദേശം അച്ഛനമ്മമാര്‍ക്ക് നല്‍കിയിരിക്കുകയാണ് സ്വീഡിഷ് സര്‍ക്കാര്‍.
രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരു മണിക്കൂര്‍വരെ സ്‌ക്രീനില്‍ നോക്കാന്‍ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 6 മുതല്‍ 12 വയസ്സുവരെ ഉള്ളവര്‍ക്ക് അത് ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ്. 13 മുതല്‍ 18 വരെയുള്ള കൗമാരക്കാര്‍ക്ക് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ സ്‌ക്രീന്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്.
സ്‌കൂള്‍ സമയത്തിന് പുറമേ സ്വീഡനിലെ കൗമാരക്കാര്‍ ശരാശരി ആറു മണിക്കൂര്‍വരെ ഒരു ദിവസം സ്‌ക്രീനിനു മുമ്പില്‍ സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്‌മെഡ് പറഞ്ഞു. കുഞ്ഞുങ്ങള്‍ കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരില്‍ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനം. അമിത മൊബൈല്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം വിഷാദമടക്കമുള്ള മാനസിക പ്രയാസങ്ങളുമുണ്ടാക്കുന്നെന്നും മന്ത്രാലയം പറഞ്ഞു.
കോഴിക്കോട് ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രിക് റിഹാബിലിറ്റേഷന്‍ ഡയറക്ടറായ ഡോ. പി എന്‍ സുരേഷ് കുമാര്‍ ഇങ്ങനെ കുറിക്കുന്നു: 'മൊബൈല്‍ അടിമത്തം എല്ലാ പ്രായക്കാര്‍ക്കുമുണ്ട്. മദ്യം, പുകവലി, ലഹരി അടിമകളില്‍ കാണുന്നതുപോലെ തീവ്രമാണ് മൊബൈല്‍ അടിമത്തത്തിലെ ലക്ഷണങ്ങളും. അഡിക്ഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴുള്ള പിന്‍വലിയല്‍ ലക്ഷണങ്ങളും (withdrawal symptoms) അങ്ങനെ തന്നെ: ദേഷ്യം, അക്രമം, വേവലാതി, വിഷാദം, വിരസത, അസ്വസ്ഥത.'
മറ്റേതു ലഹരിയും പോലെ ആദ്യം കുറഞ്ഞ ഡോസില്‍ തുടങ്ങി കൂടിക്കൂടി വരുന്നതാണ് മൊബൈല്‍ അടിമത്തത്തിന്റെയും രീതി. ഒരേ കാര്യത്തില്‍ പിന്നീടു സന്തോഷം കണ്ടെത്താനാകാതെ വരുമ്പോള്‍ മൊബൈലിലെ അടുത്ത ഇടത്തിലേക്കു തിരിയുന്നു. അങ്ങനെ പല കെണികളില്‍ കുരുങ്ങുന്നു.
മറ്റേതു ലഹരിയും പോലെ ആദ്യം കുറഞ്ഞ ഡോസില്‍ തുടങ്ങി കൂടിക്കൂടി വരുന്നതാണ് മൊബൈല്‍ അടിമത്തത്തിന്റെയും രീതി. ഒരേ കാര്യത്തില്‍ പിന്നീടു സന്തോഷം കണ്ടെത്താനാകാതെ വരുമ്പോള്‍ മൊബൈലിലെ അടുത്ത ഇടത്തിലേക്കു തിരിയുന്നു. അങ്ങനെ പല കെണികളില്‍ കുരുങ്ങുന്നു.
സ്മാര്‍ട്ട് ഫോണ്‍ അടിമത്തത്തില്‍ ഗെയിം, സോഷ്യല്‍ മീഡിയ, ചൂതാട്ടം, ചാറ്റ് അഡിക്ഷനുകള്‍ എന്നിങ്ങനെ പ്രത്യേകമായി തിരിച്ചിരിക്കുന്നു. അശ്ലീല സൈറ്റുകളുടെ ഉപയോഗവും അതുണ്ടാക്കുന്ന അടിമത്തവും മുതിര്‍ന്നവരിലും കുട്ടികളിലും സ്വഭാവ വൈകൃതങ്ങളുണ്ടാക്കും.
വീടും സമൂഹവും വിദ്യാലയവും സര്‍ക്കാരും എല്ലാം ചേര്‍ന്നുള്ള ആരോഗ്യകരമായ പദ്ധതി നമുക്കു മൊബൈല്‍ ഉപയോഗത്തിലുണ്ടാകണം. വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ വിലക്കാന്‍ നിയമം അനിവാര്യമാണ്. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കമാണ് കുട്ടികള്‍ കാണുന്നതെന്ന് ഉറപ്പുവരുത്താനും നിയമ നിര്‍മ്മാണം വേണം.
വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കുന്ന 'ഫാമിലി ടൈം' വീണ്ടെടുക്കണം. കുട്ടികളുമായി കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യണം. മൊബൈലില്‍ അവര്‍ കാണുന്ന വെബ് സീരീസുകള്‍ ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഒരുമിച്ചിരുന്നു കാണുന്ന രീതിയുണ്ടാകണം.
കുട്ടികള്‍ നിയന്ത്രിത മൊബൈല്‍ ഉപയോഗം ശീലിക്കണം. കുട്ടികളെ മൊബൈല്‍ അടിമത്തത്തില്‍ നിന്നും വിമോചിതരാക്കാനുള്ള ചികിത്സാഘട്ടങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ആര്‍. ജയപ്രകാശ് അക്കമിട്ട് നിരത്തുന്നു:
1. സൈക്കോ എജ്യുക്കേഷന്‍ : കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സൈക്കോ എജ്യുക്കേഷന്‍ നല്‍കണം. ഓരോ പ്രായത്തിലുമുള്ള കുട്ടികളുടെ സ്വഭാവരൂപീകരണം വിശദമാക്കണം. ഫോണ്‍ ഉപയോഗമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അച്ഛനും അമ്മയ്ക്കും ഒരേ നിലപാടാണ് വേണ്ടത്. വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ അത് ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുവേണം കുട്ടിയുടെ മുന്നിലെത്താന്‍.
2. അടിതട വേണ്ട : കുട്ടിയെ ഉപദ്രവിച്ചും പേടിപ്പിച്ചും ഈ അവസ്ഥയില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കരുതെന്ന ബോധവല്‍ക്കരണമാണിത്. കുട്ടിയുടെ ശ്രദ്ധ മാറ്റിവിടാം, അവര്‍ക്കിഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ഹോബിയാക്കി വളര്‍ത്തിയെടുക്കാം.
3. കുട്ടിക്കൊപ്പം സമയം : അമ്മയും കുട്ടിയും അല്ലെങ്കില്‍ അച്ഛനും കുട്ടിയും ചേര്‍ന്നുള്ള വണ്‍ ടു വണ്‍ സമയമാണ് (quality time spending) ഏറ്റവും പ്രധാനം. വീട്ടില്‍ രണ്ടു കുട്ടികളുണ്ടെങ്കില്‍ അവര്‍ ഓരോരുത്തര്‍ക്കായും പ്രത്യേകം സമയം കണ്ടെത്തണം. കുട്ടിയുടെ പ്രായത്തിനനുസരിച്ചു വേണം ഈ സമയത്തെ ആക്ടിവിറ്റികള്‍. കൊച്ചു കുട്ടിയാണെങ്കില്‍ കളറിങ്, ചിത്രം ഉപയോഗിച്ചു കഥ പറയല്‍ എന്നിങ്ങനെയുള്ള ആക്ടിവിറ്റികളിലൂടെ സമയം ചെലവഴിക്കാം. കൗമാരക്കാരാണെങ്കില്‍ സ്‌പോര്‍ട്‌സോ വെബ്‌സീരിസോ ഫാഷനോ സിനിമയോ ഒക്കെയാകാം ചര്‍ച്ച.
4. പുസ്തകലോകം : പ്രീപ്രൈമറി പബ്ലിക്കേഷനുകളിലെ പടം വിവരിച്ചു കഥപറയുന്ന ഗെയിമുകള്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ്. കുട്ടിക്കുകൂടി പങ്കാളിത്തമുള്ള ഗെയിമുകളാണു രക്ഷിതാവുമായി ചേര്‍ന്നു ചെയ്യേണ്ടത്. ഇതു ദിവസവും ഒരേ സമയത്ത്, നിശ്ചിതനേരം മാത്രം.
5. ഓടിച്ചാടി കളിക്കുക : കുട്ടിക്ക് ഇഷ്ടമുള്ള കളികളില്‍ പങ്കുചേരാനും, കുട്ടിയുടെ പ്രായത്തിനനുസരിച്ചു കളിയുടെ വിധം മാറാനും അവസരമൊരുക്കണം.
6. നോ മൊബൈല്‍ ടൈം : രണ്ടു വയസ്സുവരെ കുട്ടികള്‍ക്കു മൊബൈല്‍ വേണ്ടേ വേണ്ട.
7. കുട്ടിയുമായി കരാര്‍ : മൊബൈല്‍ അടിമത്തമുള്ള കുട്ടികളില്‍ പൂര്‍ണ്ണവിലക്ക് പലപ്പോഴും ഫലപ്രദമാകില്ല. അതുകൊണ്ട്, ഇത്ര സമയത്തേക്കു മാത്രം മൊബൈല്‍ ഉപയോഗിക്കാമെന്നു കുട്ടിയുമായി കരാര്‍ വയ്ക്കാം, അതു തെറ്റിച്ചാല്‍ പിറ്റേന്നു മൊബൈല്‍ കൊടുക്കില്ലെന്നും ബോധ്യപ്പെടുത്താം.
8. കൗണ്‍സലിംഗ്, ബിഹേവിയര്‍ തെറാപ്പി : കുട്ടിക്കു നിശ്ചിത ഇടവേളകളില്‍ കൗണ്‍സലിങും മികച്ച സ്വഭാവരൂപീകരണം ഉറപ്പാക്കാനുള്ള തെറാപ്പിയും നല്‍കണം. ഇതു കുടുംബത്തിന്റെ മുഴുവന്‍ സഹകരണം ഉണ്ടെങ്കിലേ നടപ്പാക്കാനാകൂ. കുട്ടിയുടെ വാശി അമ്മ അനുവദിച്ചു കൊടുക്കുന്നില്ലെന്നു വയ്ക്കുക, വീട്ടിലെ മറ്റൊരംഗം കുട്ടിയുടെ ഇഷ്ടം സാധിക്കുകയും ചെയ്യുന്നെങ്കില്‍ ബിഹേവിയര്‍ തെറാപ്പി പാളും. ഇഷ്ടം സാധിക്കുന്നയാള്‍ക്കാണു തന്നോടു സ്‌നേഹമെന്നു കുട്ടി തെറ്റിധരിക്കും. സ്വഭാവം വഷളാകും. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കുട്ടി പല തന്ത്രങ്ങളും മെനയുകയും (manipulative) ചെയ്യും.
9. മുതിര്‍ന്ന കുട്ടികള്‍ക്കു കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി : സ്‌ക്രീന്‍ അഡിക്ഷന്‍ മാത്രമുള്ള കുട്ടികള്‍ക്ക് ഇതു വലിയ തോതില്‍ പ്രയോജനപ്പെടും. തെറാപ്പിയിലൂടെ കുട്ടിതന്നെ മൊബൈല്‍ അടിമത്തത്തില്‍നിന്നു രക്ഷപ്പെടാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണം. എന്നാല്‍, സ്വഭാവ വൈകൃതംകൂടി ഉണ്ടെങ്കില്‍ മറ്റു തെറാപ്പികളും മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരും.
10. ഒക്യുപേഷനല്‍ തെറാപ്പി : ഇതിലൂടെ റിലാക്‌സേഷന്‍ തന്ത്രങ്ങള്‍, മറ്റു വിനോദങ്ങള്‍ എന്നിവ എങ്ങനെ വളര്‍ത്തിയെടുക്കാം, വായന ഉള്‍പ്പെടെ എങ്ങനെ ശീലിക്കാം, മൊബൈല്‍ ഉപയോഗത്തെ സ്വയം എങ്ങനെ നിരീക്ഷിക്കാം തുടങ്ങിയവ കുട്ടിയെ പഠിപ്പിക്കുന്നു.
എറണാകുളം ജില്ലാ ശിശുസംരക്ഷണ വിഭാഗം കണ്‍സള്‍റ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. മാത്യു ആര്‍ ജോ കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള ജീവിത നൈപുണ്യങ്ങള്‍ (life skills) വിവരിക്കുന്നു.
1. സാമൂഹികനിപുണത
അവരവരെക്കുറിച്ചുള്ള ധാരണ, മികച്ച ആശയവിനിമയം, നല്ല വ്യക്തിബന്ധങ്ങള്‍, മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള കഴിവ്.
2. ചിന്താനിപുണത
സര്‍ഗാത്മക ചിന്ത, വിമര്‍ശനാത്മകമായ (സ്വയവും) ചിന്ത, തീരുമാനമെടുക്കല്‍, പ്രശ്‌നപരിഹാരം.
3. വൈകാരിക നിപുണത
വികാരങ്ങളുമായും സമ്മര്‍ദങ്ങളുമായുള്ള പൊരുത്തപ്പെടല്‍.
ഇവ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ സ്‌കൂള്‍തലം മുതല്‍ വേണം. മുതിര്‍ന്നവര്‍ക്കുള്‍പ്പെടെ ഇവയില്‍ പരിശീലനം നല്‍കുകയും ചെയ്താല്‍ ലക്ഷ്യബോധവും കാര്യക്ഷമതയുമുള്ള ജീവിതം സ്വായക്തമാക്കാം.
«« സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സ്വന്തമാക്കുന്നതോടെ തട്ടിപ്പുകളും അബദ്ധധാരണകളും ഒരു പരിധിവരെ ഒഴിവാക്കാം. കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം കാര്യക്ഷമതയോടെ നിരീക്ഷിക്കാനുമാകും.
«« ഇപ്പോള്‍ ഡി ക്യൂ (DQ - Digital Quotient) എന്ന ആശയവും ഉയരുന്നുണ്ട്. ബുദ്ധികുശലതയും (IQ - Intelligence Quotient) വൈകാരികക്ഷമതയും (EQ - Emotional Quotient) എന്നതുപോലെ ഇനി ഡിജിറ്റല്‍ കാര്യക്ഷമതയും വേണമെന്നതാണ് ഇതു മുന്നോട്ടുവയ്ക്കുന്നത്.
മൊബൈല്‍ അടിമത്തമുള്ള കുട്ടികളില്‍ പൂര്‍ണ്ണവിലക്ക് പലപ്പോഴും ഫലപ്രദമാകില്ല. അതുകൊണ്ട്, ഇത്ര സമയത്തേക്കു മാത്രം മൊബൈല്‍ ഉപയോഗിക്കാമെന്നു കുട്ടിയുമായി കരാര്‍ വയ്ക്കാം, അതു തെറ്റിച്ചാല്‍ പിറ്റേന്നു മൊബൈല്‍ കൊടുക്കില്ലെന്നും ബോധ്യപ്പെടുത്താം.
«« ഡിജിറ്റല്‍ ലോകത്തെ ഉത്തരവാദിത്തബോധമുള്ള പൗരരാകുക (Responsible Digital Citizenship) എന്നതാണ് ആദ്യപടി. ഡിജിറ്റല്‍ ക്രിയാത്മകത (Digital Creativity) രണ്ടാമത്തേത്. മൊബൈല്‍ നല്‍കുന്ന അവസരങ്ങള്‍, സാധ്യതകള്‍ എന്നിവ പരമാവധി ഉപയോഗപ്പെടുത്തി ഉല്‍പാദനക്ഷമത കൂട്ടാം. പുത്തന്‍ ആശയങ്ങള്‍ കണ്ടെത്താം.
ഡിജിറ്റല്‍ മത്സരക്ഷമത (Digital Competitiveness) വളര്‍ത്തിയെടുക്കാം. ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും തൊഴില്‍ സാധ്യത ഉള്‍പ്പെടെ വര്‍ധിപ്പിക്കാനും പുതിയ കാലത്തിനനുസരിച്ച് തലമുറയെ വാര്‍ത്തെടുക്കാനും അവസരമൊരുക്കുന്ന ഡിജിറ്റല്‍ സംരംഭകത്വം (Digital Entrepreneurship) ആണ് അടുത്തത്.
മൊബൈല്‍ എത്രസമയം ഉപയോഗിക്കാം?
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ചൈല്‍ഡ് ആന്റ് അഡോള്‍സന്റ് മെന്റല്‍ ഹെല്‍ത്തും കുട്ടികളുടെ മൊബൈല്‍ ഉപയോഗം എത്ര സമയമാകാമെന്ന് നിര്‍ദേശിക്കുന്നുണ്ട്:
«« 2 വയസ്സു വരെ
മൊബൈല്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ വേണ്ട.
«« 2 മുതല്‍ 6 വയസ്സു വരെ
ദിവസം പരമാവധി അര മണിക്കൂര്‍. അതും ഒറ്റയടിക്കല്ല. മുതിര്‍ന്നവര്‍ ഒപ്പമിരുന്ന് നല്ല ഉള്ളടക്കങ്ങള്‍ മാത്രം കാണാം (അമിത വേഗത്തിലുള്ള ഒന്നും വേണ്ട).
«« 6 മുതല്‍ 12 വയസ്സു വരെ
പരമാവധി ഒരു മണിക്കൂര്‍ (ടിവിയും മൊബൈലും എല്ലാം ചേര്‍ന്നുള്ള സമയമാണിത്. 20 മിനിറ്റ് മാത്രമേ തുടര്‍ച്ചയായി ഉപയോഗിക്കാവൂ. അതിനുശേഷം ഇടവേള. ഓരോ കുട്ടിയുടെയും പഠനസമയം, ഹോം വര്‍ക്ക് സമയം, കളി സമയം എന്നിവയെല്ലാം വിലയിരുത്തിവേണം മൊബൈല്‍ സമയം തീരുമാനിക്കാന്‍. പരമാവധി ഒരു മണിക്കൂര്‍ എന്നത് ഇതിനനുസരിച്ചു കുറയ്ക്കാം.)
«« 12 മുതല്‍ 18 വരെ
പരമാവധി രണ്ട് മണിക്കൂര്‍ (മുകളില്‍ പറഞ്ഞ നിബന്ധനകള്‍ക്ക് വിധേയമായി).
ഡിജിറ്റല്‍ ലോകം തുറക്കുന്ന മേഖലകള്‍ വിശാലമാണ്. നല്ല രീതിയില്‍ അത് ഉപയോഗിച്ചാല്‍ അറിവിന്റേയും വികാസത്തിന്റേയും വലിയ ഒരു ലോകമാണ് ഒരുവന് അത് തുറന്നുകൊടുക്കുക. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയുമൊക്കെ തെറ്റായ ഉപയോഗങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയേയും ഭാവിയേയും തകര്‍ത്തുകളയും. അതിനാല്‍ നമുക്ക് ജാഗ്രതയുള്ളവരാകാം നമ്മുടെ കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ മാന്ത്രിക വലയത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍.