
കാലംചെയ്ത ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അടുത്ത സുഹൃത്തായിരുന്നു ഡോ. മൈക്കിള്‍ ഹെസെമാന്‍. പാപ്പായുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ എഴുതിയ 'പാപ്പാ, എന്റെ സഹോദരന്‍,'' എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ സഹരചയിതാവു കൂടിയാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പായെക്കുറിച്ച് ചില വ്യക്തിപരമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ അഭിമുഖത്തില്‍ അദ്ദേഹം.
അടുത്തറിയാവുന്ന ഒരാളെന്ന നിലയില്‍, ആരായിരുന്നു ശരിക്കും ബെനഡിക്ട് പതിനാറാമന്‍?
നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകനും താത്വികനുമായിരുന്നു അദ്ദേഹം, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭക്തിയുള്ള, വിശുദ്ധരായ പുരോഹിതന്മാരില്‍ ഒരാള്‍. ഊഷ്മളതയും എളിമയും ഉള്ള ഉജ്വലനായ ഒരു പരിശുദ്ധ പിതാവ്. തന്റെ ആടുകളെ ശരിക്കും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു നല്ല ഇടയനായിരുന്നു അദ്ദേഹം. കൂടാതെ, അഗാധമായ മനുഷ്യത്വമുള്ളയാള്‍: ഒരു അഭിമാനിയായ ബവേറിയന്‍ ആയിരുന്നു, തന്റെ മാതൃരാജ്യത്തോടും മാതാപിതാക്കളോടും അവരുടെ പാരമ്പര്യങ്ങളോടും പ്രത്യേകിച്ച് അവരുടെ ക്രിസ്മസ് പാരമ്പര്യങ്ങളോട് അതിശയകരമായ വികാര വായ്പും സ്‌നേഹവും ഉണ്ടായിരുന്നു.
ക്രിസ്മസ് ആയിരുന്നു ഒരു വര്‍ഷത്തില്‍ അദ്ദേഹത്തിന് എല്ലായ്‌പ്പോഴും ഏറ്റവും പ്രിയപ്പെട്ട സമയം. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം താമസിച്ചിരുന്ന സഭാമാതാ ആശ്രമത്തില്‍ ക്രിസ്മസ് കാലത്തു ചെന്നാല്‍, അത് ക്രിസ്മസിന് ബവേറിയയിലെ ഒരു വീട് അലങ്കരിക്കുന്നതു പോലെ അലങ്കരിച്ചിരിക്കുന്നതു നിങ്ങള്‍ക്കു കാണാമായിരുന്നു. ക്രിസ്മസിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു എന്നത് യാദൃച്ഛികമല്ല, അവസാനമായി ഒരുവട്ടം കൂടി അത് ആഘോഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു; 95-ാം തവണ! ക്രിസ്മസിന്റെ സന്തോഷത്തില്‍ നിന്ന് ആരും വിഷമിക്കാനും വ്യതിചലിക്കാനും അദ്ദേഹം ആഗ്രഹിച്ചുമില്ല.
അദ്ദേഹത്തിന് ഒരു കുട്ടിയുടെ ശുദ്ധമായ ഹൃദയമുണ്ടായിരുന്നു. ഒരു വിശുദ്ധ ബാലന്‍. ബവേറിയന്‍ ഗ്രാമീണരുടെ ലളിതമായ ഭക്തിയും അദ്ദേഹം കാത്തുസൂക്ഷിച്ചു. കൂടാതെ, മധുരമുള്ള എല്ലാറ്റിനോടും ചെറിയ, രഹസ്യമായ അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു: പ്രിയപ്പെട്ട വിഭവം 'കൈസര്‍ഷ്മാര്‍ണ്‍' ആയിരുന്നു, ഒരുതരം കട്ടിയുള്ള പാന്‍കേക്ക് കഷണങ്ങളായി മുറിച്ചത്. ഉണക്കമുന്തിരി, ബദാം, ധാരാളം പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണത്. ഇത്തരം ഇഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ മനുഷ്യത്വത്തിനുദാഹരണമാണ്. അദ്ദേഹത്തെ ശരിക്കും അറിയുകയും സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തവര്‍ അദ്ദേഹത്തിന്റെ സ്വന്തം പട്ടണമായ റീഗന്‍സ്ബര്‍ഗില്‍ നിന്ന് കൈകൊണ്ട് നിര്‍മ്മിച്ച പ്രാലിന്‍സ് കൊണ്ടുവരുമായിരുന്നു.
വളരെ സാധാരണക്കാരനായ ഒരാളെപോലെ തോന്നിപ്പിക്കുന്നു...
2017-ല്‍ ബെനഡിക്ട് പതിനാറാമനു 90 വയസ്സ് തികഞ്ഞതിന്റെ അഭിനന്ദനങ്ങള്‍ നേരാന്‍ വത്തിക്കാന്‍ പൂന്തോട്ടത്തിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ അദ്ദേഹത്തെ കണ്ടു: 'പരിശുദ്ധ പിതാവേ, ദൈവാനുഗ്രഹത്താല്‍ അങ്ങേക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നല്ല ആരോഗ്യവും ശക്തിയും ചൈതന്യവും ഉണ്ടാകട്ടെ!' വലത് ചൂണ്ടുവിരല്‍ ഉയര്‍ത്തി, ഗൗരവമുള്ള ഭാവത്തോടെ അദ്ദേഹം എന്നെ നോക്കി: 'മിസ്റ്റര്‍ ഹെസെമാന്‍, ദയവുചെയ്ത് എനിക്ക് അങ്ങനെ ആശംസിക്കരുത്!' ഞാന്‍ ഞെട്ടിപ്പോയി. 'പക്ഷേ, പരിശുദ്ധ പിതാവേ, ഇവിടെ ഈ മനോഹരമായ വത്തിക്കാന്‍ ഉദ്യാനത്തില്‍ അത്രയും നല്ല ഒരു ജീവിതമാണല്ലോ അങ്ങയുടേത്,' എന്നു ഞാന്‍ പറഞ്ഞു തീരുന്നതിനുമുമ്പ് അദ്ദേഹം പിന്നെയും മുകളിലേക്കു വിരല്‍ ചൂണ്ടി പറഞ്ഞു: 'സ്വര്‍ഗം കൂടുതല്‍ മനോഹരമാണ്.' അതെ, ഇവിടെ ഭൂമിയിലായിരുന്നപ്പോള്‍തന്നെ ഒരു കാല്‍ സ്വര്‍ഗരാജ്യത്തിലും കുത്തി ജീവിച്ചയാളാണ് അദ്ദേഹം!
ബെനഡിക്ട് പാപ്പാ തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നുവോ?
അദ്ദേഹത്തെ 'ദൈവത്തിന്റെ റോട്ട്‌വീലര്‍' എന്ന് വിളിച്ചവരെ ഓര്‍ക്കുകയാണ്. അദ്ദേഹം ഒരിക്കലും ഒരു റോട്ട്‌വീലര്‍ ആയിരുന്നില്ല. ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹത്തോടു ചോദിച്ചു, വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനെന്ന നിലയില്‍ 'ദൈവത്തിന്റെ കാവല്‍നായ' ആണോ എന്ന്. തന്റെ വരണ്ടതും സൂക്ഷ്മവുമായ ബവേറിയന്‍ നര്‍മ്മഭാവത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു: 'വളരെ ഇണക്കമുള്ള കാവല്‍നായ്ക്കളുമുണ്ട്!'
അദ്ദേഹം ഒരിക്കലും വളരെ കര്‍ക്കശക്കാരനായ ഒരു പുരോഹിതമേലധ്യക്ഷന്‍ ആയിരുന്നില്ല. എല്ലായ്‌പ്പോഴും, തന്റെ ഏറ്റവും വലിയ എതിരാളികളോടുപോലും, തുറവിയും അനുകമ്പയും സൗഹൃദവും ഉള്ളയാളായിരുന്നു. ബെനഡിക്ട് പാപ്പാ ദൈവത്തിന്റെ സ്‌നേഹത്തെയും കാരുണ്യത്തെയും കുറിച്ച് സംസാരിക്കുക മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ സ്‌നേഹിക്കുക, മനസ്സിലാക്കുക എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒത്തുതീര്‍പ്പ് എന്നര്‍ത്ഥമാക്കിയിരുന്നില്ല. തെറ്റായ ഒത്തുതീര്‍പ്പിനായി അദ്ദേഹം ഒരിക്കലും സത്യത്തെ ഒറ്റിക്കൊടുത്തില്ല.
2000 വര്‍ഷത്തിനുള്ളില്‍ ആര്‍ക്കും ക്രിസ്തീയ വിശ്വാസത്തിന്റെ സത്യത്തെ ഇത്ര മനോഹരവും ഗംഭീരവും മനസ്സിലാക്കാന്‍ കഴിയുന്നതും വ്യക്തവും ലളിതവുമായ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിഞ്ഞി ട്ടില്ല. ആയിരം വര്‍ഷം കൂടി ക്രിസ്ത്യാനികള്‍ അദ്ദേഹ ത്തിന്റെ രചനകള്‍ വായിക്കും.
അദ്ദേഹത്തിന്റെ എളിയ ജീവിതാരംഭത്തെക്കുറിച്ച് ഞങ്ങളോട് പങ്കുവയ്ക്കാമോ...
അദ്ദേഹത്തിന്റെ പിതാവ് ഗ്രാമത്തിലെ ഒരു പൊലീസുകാരനായിരുന്നു, അമ്മ പാചകക്കാരിയും. അവര്‍ ഒരിക്കലും ധാരാളം പണം ഉള്ളവരായിരുന്നില്ല; നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെ പല പൊലീസ് സ്റ്റേഷനുകളിലേക്കും സ്ഥലം മാറ്റുകയും ഉദ്യോഗം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ അവര്‍ക്ക് ഒരുപാടു സ്ഥലങ്ങളിലേക്കു മാറേണ്ടി വന്നു. പിതാവ് നാസികള്‍ക്ക് എതിരായിരുന്നു. ഒടുവില്‍, നേരത്തെ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു, അപ്പോഴേക്കും ഒരു ചെറിയ ഫാംഹൗസ് അദ്ദേഹം വാങ്ങിയിരുന്നു. യുദ്ധം അവസാനിക്കുകയും ഈ രണ്ട് സഹോദരന്മാരും പുരോഹിതന്മാരാകുകയും ചെയ്യുമ്പോള്‍ ഇവിടെയാണ് ആ കുടുംബം താമസിച്ചിരുന്നത്. ഈ വിനീതമായ തുടക്കം അദ്ദേഹത്തെ എപ്പോഴും മണ്ണില്‍ ഉറപ്പിച്ചു നിറുത്തി.
അപ്പോഴും, ഇത്രയും സാധാരണമായ ഒരു ഗ്രാമീണ കുടുംബം പ്രതിഭാശാലികളായി തീര്‍ന്ന രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തിയത് എങ്ങനെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം: ഒരാള്‍, ലോകപ്രശസ്ത സംഗീതജ്ഞന്‍, ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്തമായ ഗായകസംഘത്തിന്റെ പ്രശസ്ത സംവിധായകന്‍, പ്രഗത്ഭനായ സംഗീതസംവിധായകന്‍ ജോര്‍ജ് റാറ്റ്‌സിംഗര്‍. അടുത്തയാള്‍ അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനും ഒടുവില്‍ വി. പത്രോസിന്റെ 265-ാമത്തെ പിന്‍ഗാമിയുമായ ജോസഫ് റാറ്റ്‌സിംഗര്‍. 'റാറ്റ്‌സിംഗര്‍ കുടുംബ രഹസ്യം' എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന ഉത്തരം ഇതാണ്: 'ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു കുടുംബം ഒരുമിച്ചു നില്‍ക്കുന്നു' എന്നു പറയാറുണ്ടല്ലോ. ഇവിടെ അത് അതിലും മേലെയായിരുന്നു: പരുക്കനായ അടുക്കളത്തറയില്‍ കുട്ടികളുമൊത്തു മുട്ടുകുത്തി ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച, ദിവസവും ദിവ്യബലിയില്‍ സംബന്ധിച്ചിരുന്ന മാതാപിതാക്കളുടെ ആഴത്തിലുള്ള ആത്മീയതയും വിശ്വാസവും. അതെ, അദ്ദേഹത്തിന്റെ ദൈവവിളി കുട്ടിക്കാലത്ത് തന്നെ വ്യക്തമായിരുന്നു.
കുട്ടിയായിരുന്നപ്പോള്‍തന്നെ വൈദികനാകണമെന്നായിരുന്നു ആഗ്രഹം. അക്കാലത്ത് കുട്ടികള്‍ക്കുള്ള അള്‍ത്താരകളുടെ ചെറിയ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം അവന്റെ അമ്മാവന്മാരില്‍ ഒരാള്‍ ക്രിസ്മസിന് ഒന്ന് കൊണ്ടുവന്നു. കൊച്ചു ജോസഫിന് ആഹ്ലാദം അടക്കാനായില്ല. അമ്മ അവനുവേണ്ടി 'തിരുവസ്ത്രങ്ങള്‍' തുന്നാന്‍ തുടങ്ങി, അവയണിഞ്ഞ് അവന്‍ സഹോദരനോടൊപ്പം സമ്പൂര്‍ണ്ണ ഗൗരവത്തോടെ അവരുടെ വീട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പൗരോഹിത്യ സേവനത്തിനുള്ള അത്ഭുതകരമായ ഒരുക്കമായിരുന്നു അത്. ഈ കളിപ്പാട്ട ബലിപീഠം ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, റീഗന്‍സ്ബര്‍ഗിലെ അദ്ദേഹത്തിന്റെ സ്വ കാര്യവസതിയില്‍ നിങ്ങള്‍ക്കതു കാണാം.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്‌നേഹിക്കപ്പെടുകയും മഹത്തായ ഒരു പൈതൃകം അവശേഷിപ്പിക്കുകയും ചെയ്തു. എന്നിട്ടും, കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് നാലാമത്തെ വോട്ടില്‍ റാറ്റ്‌സിംഗര്‍ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണു സഭയെ നയിക്കേണ്ടതെന്ന് കര്‍ദിനാള്‍ സംഘത്തിന് ഇത്രമാത്രം ബോധ്യം വന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ജോണ്‍ പോള്‍ രണ്ടാമന്റെ പൈതൃകം അദ്ദേഹം ഏറ്റെടുത്ത് വിപുലീകരിച്ചത്?
ഒന്നാമതായി, വളരെ വലിയ ഒരു മഹാ പുരുഷനാണ് ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തിലൂടെ കടന്നുപോയത്. ഒരു തലമുറയുടെ മുഴുവന്‍ പിതാവ്. മറ്റേതൊരു പാപ്പായേക്കാളുമുപരിയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയെ രൂപപ്പെടുത്തിയയാള്‍. അതിനാല്‍, പ്രയോഗക്ഷമമായ ഏക പരിഹാരം അതിന്റെ തുടര്‍ച്ചയായിരിക്കുമെന്ന് കര്‍ദിനാള്‍മാര്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനുമായ റാറ്റ്‌സിംഗറിനേക്കാള്‍ കൂടുതല്‍ തുടര്‍ച്ച ആരാണ് ഉറപ്പ് നല്‍കുന്നത്? പാപ്പാ ആകുവാന്‍ റാറ്റ്‌സിംഗര്‍ ഒരിക്കലും ആഗ്രഹിച്ചില്ല എന്നതായിരുന്നു പ്രശ്‌നം.
അതെന്തുകൊണ്ടായിരുന്നു?
യഥാര്‍ത്ഥത്തില്‍, വിരമിച്ച്, തന്റെ പ്രിയപ്പെട്ട ബവേറിയയിലെ റീഗന്‍സ്ബര്‍ഗില്‍ സഹോദരന്റെ ഒപ്പം താമസിക്കുകയും കൂടുതല്‍ പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഏഴു വര്‍ഷം മുമ്പു തന്നെ, 70 വയസ്സ് തികഞ്ഞപ്പോള്‍, അദ്ദേഹം അത് ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ചുമതലയില്‍ തുടരാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള കൂറു കാരണം കണ്ണീരോടെ റാറ്റ്‌സിംഗര്‍ അതു സമ്മതിച്ചു. ജോണ്‍ പോള്‍ രണ്ടാമന്റെ തന്ത്രം അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ കോളേജിന്റെ ഡീന്‍ ആക്കുകയായിരുന്നു, അങ്ങനെ റാറ്റ്‌സിംഗറിന് കോണ്‍ക്ലേവിന്റെ ഉദ്ഘാടന കുര്‍ബാനയില്‍ പ്രസംഗിക്കേണ്ടിവന്നു.
റാറ്റ്‌സിംഗര്‍ തന്റെ ആത്മീയ ഉടമ്പടി അവതരിപ്പിക്കാന്‍ ആ അവസരം വിനിയോഗിച്ചു, നമ്മുടെ ഈ പ്രശ്‌നകാലത്തെ ആപേക്ഷികതയുടെ സ്വേച്ഛാധിപത്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, എന്നാല്‍ ബുദ്ധിപരവും സ്ഫടികതുല്യം വ്യക്തവുമായ വിശകലനത്തില്‍ ആകൃഷ്ടരായ കര്‍ദിനാള്‍മാര്‍ മനസ്സിലാക്കി: ഇതാണ് പ്രശ്‌നം കാണുകയും അതു തിരിച്ചറിയുകയും പരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നയാള്‍. റാറ്റ്‌സിംഗറിന് വോട്ട് ചെയ്യാനുള്ള അവരുടെ അന്തിമ സ്ഥിരീകരണമായിരുന്നു ഇത്. ആദ്യത്തേത് ജോണ്‍ പോള്‍ രണ്ടാമന്റെ മൃത സംസ്‌കാരവേളയിലായിരുന്നു. അവിടെ റാറ്റ്‌സിംഗര്‍ പ്രസംഗിക്കുകയും അതെല്ലാവരുടെയും ഹദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്തിരുന്നു. നിര്യാതനായ പാപ്പായെ അഭിസംബോധന ചെയ്ത് 'പിതാവിന്റെ ഭവനത്തിന്റെ ജനലിലൂടെ നോക്കി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കണ്ണീരണിഞ്ഞു. ആ നിമിഷം ഞാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ബാല്‍ക്കണിയില്‍ കൂടെയുള്ളവരുടെ നേരെ തിരിഞ്ഞു, റാറ്റ്‌സിംഗറിനെ ചൂണ്ടി പറഞ്ഞു: 'ഇതാ നമുക്കൊരു പാപ്പാ ഉണ്ടായിരിക്കുന്നു (ഹബേമുസ് പാപ്പാം).'
അദ്ദേഹം ഒരിക്കലും വളരെ കര്‍ക്കശക്കാരനായ ഒരു പുരോഹിതമേലധ്യക്ഷന്‍ ആയിരുന്നില്ല. എല്ലായ്‌പ്പോഴും, തന്റെ ഏറ്റവും വലിയ എതിരാളികളോടുപോലും, തുറവിയും അനുകമ്പയും സൗഹൃദവും ഉള്ളയാളായിരുന്നു. ബെനഡിക്ട് പാപ്പാ ദൈവത്തിന്റെ സ്‌നേഹത്തെയും കാരുണ്യത്തെയും കുറിച്ച് സംസാരിക്കുക മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാനത്യാഗം പ്രധാ നമായത്?
തന്റെ രാജിയോടെ അദ്ദേഹം സഭാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കുകയും ഒരു പുതിയ പദവി സൃഷ്ടിക്കുകയും ചെയ്തു, പോപ് എമിരറ്റസ്. അദ്ദേഹത്തിന്റെ രാജിക്കു മുമ്പ് ഞാന്‍ അദ്ദേഹത്തെ പലതവണ കാണുകയും അപ്പോഴെല്ലാം വളരെയധികം ആശങ്കപ്പെടുകയും ചെയ്തിരുന്നു. കാരണം അദ്ദേഹത്തിന്റെ ആരോഗ്യവും ശക്തിയും വളരെ പ്രകടമായ വിധത്തില്‍ കുറഞ്ഞു വരുന്നതു കാണാമായിരുന്നു. 2013 അദ്ദേഹത്തിന്റെ പാപ്പാശുശ്രൂഷയുടെ അവസാനവര്‍ഷമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, സ്വാഭാവിക കാരണങ്ങളാലാണ് ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നതെങ്കിലും. തന്റെ രാജിയിലൂടെ അ ദ്ദേഹം ഞങ്ങളെ എല്ലാവരെയും അമ്പരപ്പിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ കാരണം തികച്ചും ശരിയായിരുന്നുവെന്ന് എനിക്കു മനസ്സിലായി. അദ്ദേഹം പൂര്‍ണ്ണമായും ക്ഷീണിതനായിരുന്നു, ശരീരം തീര്‍ത്തും ക്ഷയിച്ചിരുന്നു. സഭയോടുള്ള ഉത്തരവാദിത്വത്തിന്റെയും സ്‌നേഹത്തിന്റെയും അഗാധമായ വികാരത്തില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. രോഗിയും അവശനും, ഒരുപക്ഷേ അന്ധനും ശബ്ദമില്ലാത്തവനും ആയ ഒരു ദുര്‍ബലനായ പാപ്പയായിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. വി. പത്രോസിന്റെ നൗകയെ കൂടുതല്‍ കരുത്തുറ്റ കൈകളുള്ള ഒരു കപ്പിത്താനു കൈമാറാന്‍ അദ്ദേഹം ആഗ്രഹിച്ചു.'
എന്താണ് അദ്ദേഹത്തിന്റെ പാപ്പാശുശ്രൂഷയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കിയത്?
എല്ലാവരെയും ശ്രവിക്കുകയും ജനങ്ങളോട് അടുത്തു നില്‍ക്കുകയും ചെയ്ത വിജ്ഞാനിയും വിനീതനും പ്രഗത്ഭനുമായ ഒരിടയന്‍ സഭയെ നയിച്ച അന്ധകാരത്തിലെ തിളങ്ങുന്ന പ്രകാശമായിരുന്നു ബെനഡിക്ട് പതിനാറാമന്റെ പാപ്പാശുശ്രൂഷ. ആ എട്ട് വര്‍ഷങ്ങള്‍ പത്രോസ് ശ്ലീഹായുടെ നൗകയെ സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ എത്തിച്ചു. സഭയുടെ സന്ദേശം വ്യക്തതയിലും വിശുദ്ധിയിലും സത്യസന്ധതയിലും അവതരിപ്പിച്ചു. അതു നമ്മുടെ കാലത്തിനെതിരെ സംസാരിച്ചു, അതുകൊണ്ട്, അനേകര്‍ അതിനെ അവഗണിക്കുകയും പുറം തിരിഞ്ഞു പോകുകയും ചെയ്തു, ഒരുപക്ഷേ ദൈവികകരുണയുടെ അവസാന അവസരവും നഷ്ടപ്പെടുത്തിക്കൊണ്ട്.'
എന്ത് പൈതൃകമാണ് അദ്ദേഹത്തിന്റെ പാപ്പാശുശ്രൂഷ അ വശേഷിപ്പിക്കുക?
അദ്ദേഹത്തിന്റെ പൈതൃകം, പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍, സുവിശേഷപ്രസംഗങ്ങള്‍ എന്നിവയെല്ലാം ചേരുന്നതാണ് അദ്ദേഹത്തിന്റെ ദൈവശാസ്ത്രം. 2000 വര്‍ഷത്തിനുള്ളില്‍ ആര്‍ക്കും ക്രിസ്തീയ വിശ്വാസത്തിന്റെ സത്യത്തെ ഇത്ര മനോഹരവും ഗംഭീരവും മനസ്സിലാക്കാന്‍ കഴിയുന്നതും വ്യക്തവും ലളിതവുമായ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയിരം വര്‍ഷം കൂടി ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്റെ രചനകള്‍ വായിക്കും. സഭയുടെ ഏറ്റവും വലിയ പ്രതിസന്ധിയായ യൂറോപ്യന്‍ വിശ്വാസ ത്യാഗത്തിന്റെ കാലത്ത് സത്യത്തെ പ്രതിരോധിക്കാനും സഭയെ ശുദ്ധീകരിക്കാനുമുള്ള കടമയില്‍ മുഴുകിയ മാര്‍പാപ്പയായി മാറിയ സഭയുടെ ഗുരുവായി അദ്ദേഹം ഓര്‍മ്മിക്കപ്പെടും.'
വത്തിക്കാനില്‍ ഒന്നിച്ചു കഴിഞ്ഞ ബെനഡിക്ടിന്റെയും ഫ്രാന്‍സിസിന്റെയും ബന്ധത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും?
രണ്ടുപേരും അവരുടെ ശൈലിയിലും വ്യക്തിഗത സംസ്‌കാരത്തിലും വളരെ വ്യത്യസ്തരാണെങ്കിലും, അവരുടെ ബന്ധം എല്ലായ്‌പ്പോഴും വളരെ ഊഷ്മളവും സൗ ഹൃദപരവുമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബെനഡിക്ട് പതിനാറാമനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു, വിരമിച്ച പാപ്പയാകട്ടെ തന്റെ പിന്‍ഗാമിയെ വളരെയധികം ഇഷ്ടപ്പെടുകയും അഗാധമായ വിശ്വാസവും അഗാധമായ ആത്മീയതയും ഊഷ്മളതയുമുള്ള ഉദാരമനസ്‌കനായ ഒരു മനുഷ്യനായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. 'മാര്‍പാപ്പമാരുടെ യുദ്ധം' എന്ന മാധ്യമ തലക്കെട്ടുകള്‍ വെറും വ്യാജ വാര്‍ത്തയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍, പാപ്പാശുശ്രൂഷ ഉപേക്ഷിക്കണമെന്നു തോന്നിയപ്പോഴല്ലാതെ, പ്രതിസന്ധിയുടെ സമയങ്ങളിലൊന്നും സ്ഥാനത്യാഗത്തിനു ബെനഡിക്ട് പാപ്പാ ഒരിക്കലും തയ്യാറായില്ല. സാധ്യമായിരുന്നിട്ടും, വിശ്രമിക്കാനായി ജര്‍മ്മനിയിലേക്കു പോയുമില്ല.'
വിരമിച്ച പാപ്പായുടെ ജീവിതത്തിലെ അവസാന ഘട്ടത്തെ എങ്ങനെ കാണുന്നു?
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, തന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഒരു നീണ്ട തീര്‍ത്ഥാടനമായിരുന്നു അത്.താനും നമ്മുടെ കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയിലേക്കുള്ളത്. ഈ അവസാനയാമത്തിന്റെ നിരന്തര പ്രതീക്ഷയില്‍ 'പോപ്പ് എമിരിറ്റസ്' ആയി അദ്ദേഹം തന്റെ അവസാന ദശകം ജീവിച്ചു, ദുര്‍ബലശരീരം ഇവിടെ ഭൂമിയിലും ആത്മാവ് ഇതിനകം സ്വര്‍ഗത്തിലുമെന്ന നിലയില്‍. ഉജ്ജ്വലമായ അദ്ദേഹത്തിന്റെ മനസ്സ്, നമുക്കെല്ലാം സ്വര്‍ഗീയസത്യം വിനിമയം ചെയ്യുന്നതിനുള്ള ഉപാധിയായി, ഇടനിലക്കാരനായി വര്‍ത്തിച്ചു.
ഈ വിശുദ്ധ മനുഷ്യന്‍ ഇപ്പോള്‍ തീര്‍ച്ചയായും സ്വര്‍ഗത്തിലാണെന്നും അവിടെ നമ്മുടെ വക്താവ് ആയിരിക്കുമെന്നും നമുക്ക് ഉറപ്പിക്കാം. മാത്രമല്ല വിശുദ്ധിയുടെ ഒരു മാതൃകയും ദൈവം ഉദ്ദേശിച്ചതുപോലെ സഭയെ കണ്ട ഒരു വഴികാട്ടിയും ദീര്‍ഘദര്‍ശിയുമായി അദ്ദേഹം നിലകൊള്ളും. അദ്ദേഹത്തിന്റെ എഴുത്തുകള്‍ വരുംതലമുറകള്‍ക്കുള്ള വിളക്കുമാടവുമായിരിക്കും. കൂട്ടായ ആശയക്കുഴപ്പത്തിന്റെ പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ നമ്മുടെ സഭയ്ക്ക് എന്നത്തേക്കാളും ആവശ്യമുള്ള മാര്‍ഗദര്‍ശനമാണിത്. അതിനാല്‍ വിലാപത്തിനുപകരം, അദ്ദേഹം നമ്മുടെ ഇടയിലുണ്ടായിരുന്നതിനും അവന്റെ നിരന്തരമായ പ്രചോദനത്താല്‍ ക്രിസ്തുമതത്തെ വീണ്ടും കണ്ടെത്താനുള്ള അവസരം നമുക്കെല്ലാവര്‍ക്കും ലഭിച്ചതിനും ദൈവത്തിന് നന്ദി പറയേണ്ട സമയമാണിത്, അതുപോലെ നമ്മുടെ കുട്ടികളും വരും തലമുറകളും.
പരിശുദ്ധ പിതാവേ, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ!