അതിരുകള്‍ക്കതീതമായ വിശ്വാസപ്രഘോഷണം

അതിരുകള്‍ക്കതീതമായ വിശ്വാസപ്രഘോഷണം
റവ. ഡോ. ജോസഫ് മണവാളന്‍
റവ. ഡോ. ജോസഫ് മണവാളന്‍

മേഘാലയയിലെ ഷില്ലോംഗ് അതിരൂപതയില്‍ മിഷനറിയായി സേവനം ചെയ്യുന്ന റവ. ഡോ. തോമസ് മാഞ്ഞാലി ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനാണ്. എറണാകുളം-അങ്കമാലി അതിരൂപത കാലടി ഇടവകാംഗമാണ്. ഷില്ലോംഗിലെ ഓറിയോണ്‍സ് തിയോളജിക്കല്‍ കോളജില്‍ ബൈബിള്‍ അധ്യാപകനും 2009 മുതല്‍ 2019 വരെ റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ അംഗവുമായിരുന്നു. അദ്ദേഹവുമായി എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന്‍ നടത്തിയ അഭിമുഖം…

മിഷനറി വൈദികനാകാനുള്ള വിളി എങ്ങനെ?

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയാണ് സെമിനാരിയില്‍ പ്രവേശിച്ചത്. മേജര്‍ സെമിനാരി പഠനം പൂന പേപ്പല്‍ സെമിനാരിയിലായിരുന്നു. മിഷനറിയാകണം എന്ന ചിന്ത ഈ കാലഘട്ടത്തിലാണു ശക്തമാകുന്നതും അധികാരികളുടെ അനുവാദത്തോടെ ഷില്ലോംഗ് രൂപതയില്‍ ചേരുന്നതും. പിന്നീട് ബൈബിള്‍ അധ്യാപകന്‍ എന്ന നിലയില്‍ അവിടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ദൈവ നിയോഗമായി കണക്കാക്കുന്നു.

ബൈബിള്‍ വ്യാഖ്യാനത്തില്‍ സ്വീകരിക്കാവുന്ന ഒരു രീതി നിര്‍ദ്ദേശിക്കാമോ?

ഇന്നു ബൈബിള്‍ വ്യാഖ്യാനിക്കുന്ന രീതികള്‍ കൂടുതലായും പാശ്ചാത്യമാണ്. അതിനു അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. എന്നാല്‍ ഈ മേഖലയില്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല രീതി പൗരസ്ത്യമാണ്. ഇവിടെ പ്രകടമായിട്ടുള്ളത് കാഴ്ചപ്പാടുകളുടെ വ്യാഖ്യാനമാണ്. പൗരസ്ത്യ രീതി വ്യാഖ്യാനത്തില്‍ പുലര്‍ത്തുക inclusive സമീപനമാണ്. പാശ്ചാത്യ രീതിപോലെ either… or അല്ല, പക്ഷെ both …and ആണ്. ഇവിടെ ഒന്നിനെയും മാറ്റി നിറുത്താതെ എല്ലാത്തിനെയും ഉള്‍ക്കൊള്ളിക്കുന്ന രീതി ബൈബിള്‍ വ്യാഖ്യാനത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്. കൂടാതെ പാശ്ചാത്യ വ്യാഖ്യാന രീതിയില്‍ പ്രാധാന്യം മനുഷ്യനാണ് (anthropocentric). ഇവിടെ മനുഷ്യനെ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കുന്നു. എന്നാല്‍ പൗരസ്ത്യ രീതിയില്‍ മനുഷ്യനോടൊപ്പം പ്രപഞ്ചത്തിനാകമാനം സ്ഥാനമുണ്ട് (cosmocentric). വ്യാഖ്യാനരീതി നമ്മുടെ മനോഭാവത്തെ സ്വാധീനിക്കാം. മനുഷ്യനാണ് ഈ പ്രപഞ്ചത്തിന്റെ ഏറ്റവും പ്രധാനം എന്ന കാഴ്ചപ്പാട് പ്രകൃതിയെ ചൂഷണം ചെയ്യുന്ന ശൈലിക്ക് പ്രോത്സാഹനമേകുന്നതാണ്. കാരണം, ഈ കാഴ്ചപ്പാട് അനുസരിച്ചു പ്രകൃതി എന്നത് മനുഷ്യനു വേണ്ടി മാത്രമാണ്. ജോബിന്റെ പുസ്തകത്തില്‍ ജോബുമായുള്ള ദൈവത്തിന്റെ സംഭാഷണം ഇത്തരത്തിലുള്ള മനുഷ്യകേന്ദ്രീകൃത കാഴ്ചപ്പാടിനെ തള്ളിക്കളയുന്നതാണ്. 'നീ ആരാണ്? ഈ വലിയ പ്രപഞ്ചത്തില്‍ നിന്റെ സ്ഥാനം എന്ത്? നീ കേവലം ഒരു ബിന്ദു മാത്രം…' എന്നതാണ് ദൈവം ജോബിനോടു പറയുക. ഇവിടെയാണ് പ്രപഞ്ചത്തെ കേന്ദ്രമാക്കിയുള്ള cosmocentric വ്യാഖ്യാന രീതിയുടെ പ്രസക്തി. അതു സഹവര്‍ത്തിത്വവും സമഭാവനയും ആവശ്യപ്പെടുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാഷയും രീതികളും ഈ ദൈവാരാധനയില്‍ ഉള്‍ച്ചേര്‍ക്കുക. കാരണം,
നമ്മള്‍ ആരാധിക്കുന്നത് ഏതെങ്കിലും കാലഘട്ടത്തിലോ ദേശത്തിലോ സംസ്‌ക്കാരത്തിലോ കെട്ടപ്പെട്ട ഒരു ദൈവത്തെയല്ല, മറിച്ച് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ദൈവത്തെയാണ്. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ ആരാധനാ ക്രമത്തില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചത് ഇത്തരം ഒരു സമീപനമാണ്.

ഈ കാലഘട്ടത്തിലെ നവീകരണ, ന്യൂ ഏജ് മുന്നേറ്റങ്ങളില്‍ കാണുന്ന വചന വ്യാഖ്യാനരീതികളെ എങ്ങനെ വിലയിരുത്തന്നു?

പലപ്പോഴും ബൈബിള്‍ വ്യാഖ്യാനത്തിനുപയോഗിക്കുന്ന ശാസ്ത്രീയമായ രീതികള്‍ ഇവരുടെ വ്യാഖ്യാനങ്ങളില്‍ കാണുന്നില്ല. തങ്ങള്‍ക്കുള്ള കേവലമായ അടിസ്ഥാന അറിവില്‍ നിന്നുമാണ് വ്യാഖ്യാനങ്ങള്‍ നടത്തുക. പലപ്പോഴും സംഭവിക്കുക, തങ്ങള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ ലക്ഷ്യം വയ്ക്കുന്ന അര്‍ത്ഥം വചന ഭാഗത്തില്‍ ആരോപിക്കുകയാണ് (eisegesis) ഇവര്‍ ചെയ്യുന്നത്. വചനഭാഗത്തിന്റെ വിശാലവും പൊതുവുമായ പശ്ചാത്തലത്തോട് (context) ചേരുന്നതായിരിക്കണം വ്യാഖ്യാനം. ഈ പശ്ചാത്തല അര്‍ത്ഥമാണ് സമകാലീന സാഹചര്യത്തോട് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടത്.

രണ്ടാമതായി പാപം എന്ന വിഷയമാണ് വ്യാഖ്യാനത്തോടനുബന്ധിച്ചു പരാമര്‍ശിക്കുകയും (overemphasised) ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്. ഈ പ്രവണത വി. ഗ്രന്ഥത്തിന്റെ പൊതു ചൈതന്യത്തിനെതിരാണ്. കാരണം, വി. ഗ്രന്ഥത്തില്‍ പാപം വിവരിക്കപ്പെടുന്നുണ്ടെങ്കിലും വി. ഗ്രന്ഥത്തിന്റെ വിഷയം പാപമല്ല, രക്ഷയാണ്. വി. പൗലോസ് പാപത്തെപ്പറ്റി സംസാരിക്കുമ്പോഴും അതില്‍ തന്നെ അവസാനിപ്പിക്കാതെ ക്രിസ്തുവിലൂടെ സംജാതമാകുന്ന കൃപ എന്ന വലിയ ദാനത്തിലേക്കാണ് ശ്രദ്ധ തിരിക്കുക. ഇത്തരത്തില്‍ സംസാരിക്കുമ്പോഴാണ് വി. ഗ്രന്ഥം സദ്‌വാര്‍ത്തയാകുന്നതും (Good News) സൗഖ്യാനുഭവം ലഭിക്കുന്നതും. അതിനാല്‍ നല്‍കേണ്ടത് യേശുവിനെയാണ്.

യേശുവിന്റെ പ്രബോധനരീതി ഇവിടെ അനുകരണീയമാണ്. യോഹന്നാന്‍ 4-ല്‍ വിവരിക്കുന്ന സമരിയാക്കാരിയുമായുള്ള കൂടിക്കാഴ്ച എപ്രകാരം വ്യക്തിപരമായി ക്രിസ്താനുഭവം കൈമാറണം എന്നതിനു ഉദാഹരണമാണ്. കൂടിക്കാഴ്ചയുടെ അവസാനം അവളില്‍ സംഭവിക്കുന്ന മാനസ്സാന്തരം ശ്രദ്ധേയമാണ്. വ്യക്തിപരമായ ദൈവാനുഭവത്തിലേക്ക് യേശു അവളെ നയിച്ചതുകൊണ്ടാണ് ഇതു സംഭവിക്കുക.

ബൈബിള്‍ അവതരിപ്പി ക്കുന്ന ദൈവസങ്കല്‍പം എന്താണ്?

ഏകദൈവവിശ്വാസമാണ് ബൈബിള്‍ അവതരിപ്പിക്കുക. പക്ഷെ പടികളായിട്ടാണ് ഈ വിശ്വാസത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത് ബഹുദൈവവിശ്വാസത്തില്‍ (polytheism) നിന്നും ആപേക്ഷികമായ ഏകദൈവ വിശ്വാസത്തിലേക്കും (relative mono-theism) അവസാനം പൂര്‍ണമായ ഏകദൈവ വിശ്വാസത്തിലേക്കും വളര്‍ന്നു വികസിക്കുന്നതാണ് ബൈബിളിലെ ദൈവസങ്കല്‍പം. ഒരുപക്ഷെ പടിപടിയായി വികാസം പ്രാപിക്കുന്ന ദൈവസങ്കല്‍പത്തിന്റെ അടിസ്ഥാന കാരണം ക്രമാനുഗതമായി വെളിപ്പെടുത്തപ്പെടുന്ന ദൈവാവിഷ്‌ക്കാരമാണ്. യഹോവയായ ഏകദൈവത്തെ അവതരിപ്പിക്കുന്ന രീതി പലപ്പോഴും വായനക്കാരന് അസ്വസ്ഥതയുളവാക്കുന്ന രീതിയിലാണ്. യുദ്ധം ചെയ്യുന്ന, ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്ന ഒരു ദൈവസങ്കല്‍പമാണ് ഈ അസ്വസ്ഥതയ്ക്കു കാരണം. ദൈവത്തെ മാനവീകരിച്ച് അവതരിപ്പിച്ചതാണ് ഇതിന്റെ കാരണം (anthropomorphic).

ദേശീയതയെ ഊട്ടിയുറപ്പിക്കാനും സ്വത്വബോധം (identity) സൃഷ്ടിക്കുവാനുമാണ് ദൈവത്തെ ഇപ്രകാരം മാനവീകരിച്ച് അവതരിപ്പിച്ചത് എന്നു വേണം അനുമാനിക്കാന്‍. തങ്ങളുടെ ദൈവഭരണത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യം (theocratic nation) എന്ന സങ്കല്‍പം ചിലപ്പോഴെല്ലാം സൃഷ്ടിക്കുക അസഹിഷ്ണുതയും തീവ്രസ്വത്വബോധവുമാണ്. അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായ മതജീവിതം, അതിലൂടെ സംജാതമാകുന്ന സ്വത്വം ഇതെല്ലാം ഇവിടെ പ്രധാനപ്പെട്ടതാണ്.

പലപ്പോഴും ഈ സ്വത്വബോധത്തെ ബലപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ നഷ്ടമാകുന്നത് ദൈവം തന്നെയാണ്. കാരണം ഇവിടെ ദൈവത്തേക്കാള്‍ പ്രാധാന്യം അനുഷ്ഠാനങ്ങള്‍ക്കാണ്. സമറിയാക്കാരി സ്ത്രീ (യോഹ. 4) യേശുവിനോട് പറയുക പ്രധാനമായും അവര്‍ ദൈവാരാധന നടത്തുന്ന ഇടത്തെപ്പറ്റിയാണ്, ദൈവത്തെപ്പറ്റിയല്ല. അതായത് വ്യത്യാസം അടയാളപ്പെടുത്താനുള്ള ശ്രദ്ധയില്‍ മറന്നുപോയത് ദൈവത്തെ തന്നെയാണ്.

സത്യത്തില്‍ സ്വത്വവാദത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ ദൈവശാസ്ത്ര മുന്നേറ്റങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണു ചെയ്യുക. സ്വത്വം എന്ന ഇടുങ്ങിയ ആശയത്തില്‍ ഒതുക്കേണ്ടതല്ല നമ്മുടെ വിശ്വാസവും അന്വേഷണങ്ങളും. അതില്‍നിന്നും ഉയര്‍ന്നു ചിന്തിക്കുമ്പോള്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ.

പാരമ്പര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കു പലപ്പോഴും തോന്നിയത് ഈ പറഞ്ഞ വസ്തുതകളാണ്. നമുക്ക് പാരമ്പര്യങ്ങള്‍ ആവശ്യമാണ്. പക്ഷെ അവയിലെ അനുഷ്ഠാനങ്ങളെയല്ല ഗൗരവത്തിലെടുക്കേണ്ടത്. മറിച്ച് ദൈവാരാധനയാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാഷയും രീതികളും ഈ ദൈവാരാധനയില്‍ ഉള്‍ച്ചേര്‍ക്കുക. കാരണം, നമ്മള്‍ ആരാധിക്കുന്നത് ഏതെങ്കിലും കാലഘട്ടത്തിലോ ദേശത്തിലോ സംസ്‌ക്കാരത്തിലോ കെട്ടപ്പെട്ട ഒരു ദൈവത്തെയല്ല, മറിച്ച് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ദൈവത്തെയാണ്.

ഇന്നത്തെ സഭാനേതൃത്വം എപ്രകാരമായിരിക്കണം?

നേതൃത്വത്തിലുള്ളവര്‍ അവര്‍ക്കു കീഴെയുള്ളവരുമായി ഡയലോഗില്‍ ഏര്‍പ്പെടുക എന്നത് ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരം ഒരു വിശ്വാസമില്ലായ്മ പലപ്പോഴും കാണപ്പെടുന്നു. പലപ്പോഴും സഭയിലെ ദൈവശാസ്ത്രജ്ഞന്മാരും മെത്രാന്മാരുമായുള്ള ബന്ധത്തില്‍ ഇതു തെളിഞ്ഞു കാണാം. പുതിയ ദൈവശാസ്ത്ര ആഭിമുഖ്യങ്ങളെ നിരാകരിക്കുന്നതും ചിലപ്പോള്‍ ഭയത്തോടെ അവയെ കാണുകയും ചെയ്യുന്ന പ്രവണതകളുണ്ട്.

കേരളസഭയെ എങ്ങനെ നോക്കി കാണുന്നു?

Underperforming എന്നതാണ് കേരളസഭയെക്കുറിച്ച് എന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറെ സാധ്യതകളാലും മാനുഷിക വിഭവങ്ങളാലും സമ്പന്നമാണ് കേരള സഭ. ഉദാഹരണമായി, ദൈവശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ള അനേകം വൈദികര്‍ കേരള സഭയിലുണ്ട്. എന്നാല്‍ ഭാരതസഭയ്ക്കു മുഴുവനായി പുതിയ ദൈവ ശാസ്ത്ര ആഭിമുഖ്യങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നു. ഇതിന്റെ ഒരു അടിസ്ഥാന കാരണം ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിത്വം (identity) രൂപപ്പെടുത്തുവാനുള്ള അമിതമായ വ്യഗ്രതയാണ്. സത്യത്തില്‍ സ്വത്വവാദത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ ദൈവശാസ്ത്ര മുന്നേറ്റങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണു ചെയ്യുക. സ്വത്വം എന്ന ഇടുങ്ങിയ ആശയത്തില്‍ ഒതുക്കേണ്ടതല്ല നമ്മുടെ വിശ്വാസവും അന്വേഷണങ്ങളും. അതില്‍നിന്നും ഉയര്‍ന്നു ചിന്തിക്കുമ്പോള്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ.

ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ വികാസത്തിന് ഏറ്റവും നല്ല മാതൃക ആദിമ നൂറ്റാണ്ടിലെ സഭകളാണ്. ഭൂമിശാസ്ത്രപരമായി അതിര്‍ത്തികളെ മറികടക്കുന്നതോടൊപ്പം കാഴ്ചപ്പാടുകളെ വിശാലമാക്കാനും സഭയ്ക്കു സാധിച്ചു. ഇടുങ്ങിയ കാഴ്ചപ്പാടുകളുള്ള ഒരു ഫരിസേയനായി എപ്പോഴും നിലകൊണ്ടവനല്ല വി. പൗലോസ്. ഏഥന്‍സിലേക്കു പോകുന്ന അദ്ദേഹം ( അപ്പ. പ്രവ. 17) തന്റെ കാഴ്ചപ്പാടുകളെ കൂടി വിശാലമാക്കുന്നുണ്ട്.

സീറോ-മലബാര്‍ സഭ അതിരുകള്‍ കടന്ന് വിശാലമാകുന്നതില്‍ വ്യക്തിപരമായി ഞാന്‍ സന്തോഷിക്കുന്നു. ഇവിടെ കേവലം പാരമ്പര്യം പറിച്ചു നടുക എന്നതിനേക്കാള്‍ വികസിതമായ ഒരു ദൈവ ശാസ്ത്ര കാഴ്ചപ്പാട് നല്‍കാന്‍ സാധിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ജെറുസലേമില്‍ നിന്നും വിജാതീയരുടെ ഇടയിലേക്ക് സഭ വ്യാപിച്ചപ്പോള്‍ ഈ ഒരു യാഥാര്‍ത്ഥ്യം ആദിമസഭയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അവള്‍ക്ക് പ്രസക്തി ലഭിച്ചത്. അതിനാല്‍ നമ്മുടെ ശാരീരികമായ സാന്നിധ്യം (physical presence) അല്ല പ്രധാനപ്പെട്ടത് മറിച്ച് theologically relevent ആകുക എന്നുള്ളതാണ് പ്രസക്തം. കാരണം, സഭയെന്നാല്‍ കാലത്തിനും ദേശത്തിനും ഉപരിയായി നിലകൊള്ളേണ്ടവളാണ്. അതിനാല്‍ ചെല്ലുന്നിടത്തെല്ലാം പ്രാദേശികമായ രീതികളും സാധ്യതകളും ഉള്‍പ്പെടുത്തി വേണം അവളുടെ പ്രേഷിതയാത്ര മുന്നേറുവാന്‍.

സഭയില്‍ ഉതപ്പിനു കാര ണമായി നിലനില്‍ക്കുന്ന വിഭാഗീയത, തര്‍ക്കങ്ങള്‍ എന്നിവയെ എങ്ങനെ കാണുന്നു?

സഭയുടെ ആരംഭം മുതല്‍ തര്‍ക്കങ്ങളും, സംഘര്‍ഷങ്ങളും സഭയിലുണ്ട്. ആശയപരമായ തര്‍ക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാന കാരണം അയവില്ലായ്മയാണ് (rigidity). മറ്റു സംസ്‌ക്കാരങ്ങളോടൊത്ത് സഹവസിക്കുമ്പോള്‍ വിശ്വാസം കലര്‍പ്പുള്ളതാകുമോ, പാരമ്പര്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭയമാണ് ഈ അയവില്ലായ്മയ്ക്കു കാരണം.

അധികാരത്തിന്റെ തലത്തിലുള്ള സംഘര്‍ഷങ്ങളും സഭയിലുണ്ട്. ജെറുസലേമിലെ തന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്ന ഭയം പത്രോസ് ശ്ലീഹയുടെ സമൂഹത്തിനുണ്ടായിരുന്നു. അതായത്, സംഘര്‍ഷങ്ങള്‍ മാനുഷികവും സ്വാ ഭാവികവുമാണ്. പക്ഷെ, അവയെ അതിജീവിക്കാനുള്ള വഴികള്‍ തേടുക എന്നുള്ളതാണ് സര്‍വ്വപ്രധാനം. അതു സഭയ്ക്ക് എന്നും സാധിച്ചിട്ടുണ്ട്. അതിനുള്ള എളുപ്പ മാര്‍ഗ്ഗമാണ് സംഭാഷണം (dialogue).

ഫ്രാന്‍സിസ് പാപ്പ ഫ്രത്തെല്ലി തൂത്തിയിലൂടെ നല്‍കുന്ന സന്ദേശമിതാണ്. സാഹോദര്യവും ഐക്യദാര്‍ഢ്യവും സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ സഹായിക്കും. സമറിയാക്കാരന്റെ ഉപമ ഇതു വ്യക്തമാക്കുന്നു. ബലിയര്‍പ്പിക്കുന്ന പുരോഹിതനോ സഹായിയാകുന്ന ലേവായനോ അല്ല ന്യായീകരിക്കപ്പെടുക. മറിച്ചു മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന സമറിയാക്കാരനാണ്. മാനവീകതയിലൂന്നിയ ചിന്തകള്‍ സഭയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമോതും.

ഭാരതീയ പശ്ചാത്തല ത്തില്‍ മാനവീകത എന്ന സന്ദേശത്തെ എങ്ങനെ അവതരിപ്പിക്കാം?

വിവിധ മതങ്ങളും ഭാഷകളും ജാതികളും അധിവസിക്കുന്ന ഭാരതത്തില്‍ മാനവീകത എന്ന ആശയം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹത്തിലെ ബുദ്ധിജീവികളെയും മനുഷ്യസ്‌നേഹികളെയും അവരുടെ മത – ഭാഷാ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ മാനവീകതയുടെ പ്രചാരകരായി അണി നിരത്താന്‍ സഭയ്ക്കു സാധിക്കണം. മത – ഭാഷകള്‍ക്കപ്പുറം ഏവരെയും ഒന്നിപ്പിക്കുന്ന ഒരു പൊതു ഘടകം ഉണ്ടെന്ന തിരിച്ചറിവ് നല്‍കുമ്പോഴാണ് ഈ ഏകീകരണം സംഭവിക്കുക.

പൊതുവിഷയങ്ങളിലുള്ള സഭയുടെ മൗനം ഇതിനു വിരുദ്ധമായ സന്ദേശം നല്‍കുന്നില്ലേ?

തീര്‍ച്ചയായും. സഭയിലെ അമിതമായ സ്ഥാപനവത്കരണമാണ് ഈ മനോഭാവത്തിനു കാരണമെന്നാണ് എന്റെ വിലയിരുത്തല്‍. സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതായി സഭയുടെ പ്രഥമ വ്യഗ്രത. സുവിശേഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സഭയിലെ അംഗമായിരിക്കുക എന്നാല്‍ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുക എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. സന്യാസസഭകളില്‍ ചേരുന്നതുപോലും അവരുടെ സ്വപ്നങ്ങളുടെ പ്രശസ്തിയും മൂല്യവും നോക്കിയാണ് (institutional visibility). പലപ്പോഴും സുവിശേഷ മൂല്യങ്ങള്‍ സമൂലമായി ജീവിക്കുന്നിടത്തേക്ക് അധികം പേര്‍ക്കും പോകാന്‍ താത്പര്യമില്ല. ഇത് ഇന്നു സഭയിലും പൊതുസമൂഹത്തിലും ചെലുത്തുന്ന വിപരീത സ്വാധീനം ആഴത്തിലുള്ളതാണ്.

സ്ഥാപനസംരക്ഷണത്തിനായി ആരോടും സന്ധി ചെയ്യാന്‍ മടിയില്ലാതായിരിക്കുന്നു. കൂടാതെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള വൈമുഖ്യം അവളുടെ ആന്തരീക സത്തയെ ഇല്ലാതാക്കിയിരിക്കുന്നു. ധീരതയോടെ സുവിശേഷം പ്രസംഗിക്കാനുള്ള ദൗത്യമാണ് ഇവിടെ തമസ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്.

കേരളസഭയുടെ ഭാവി ശുഭകരമായിരിക്കുമോ?

കേരളത്തിലെ സഭയുടെ ഭാവിശുഭകരമായിരിക്കും എന്നാണ് എന്റെ ബലമായ വിശ്വാസം. യേശു സാന്നിധ്യം തീര്‍ച്ചയായും സഭയിലുണ്ട്. പക്ഷെ ചിലപ്പോള്‍ നമുക്കു തോന്നും അവന്‍ ഉറങ്ങുകയാണെന്ന്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ വഞ്ചിയില്‍ ഉറങ്ങുന്ന ക്രിസ്തുവിനെ നമുക്കറിയാം. ഭയം ക്രിസ്തുവിനല്ല, നമുക്കാണ്. ഉതപ്പുകളും അപവാദങ്ങളും സഭയില്‍ ഉണ്ടാകുമ്പോള്‍ നാം ഭയപ്പെടുന്നു. പക്ഷെ യാഥാര്‍ത്ഥ്യം സഭ ഇതിനെ അതിജീവിക്കും എന്നതാണ്. ആദിമ സഭയിലും അപവാദങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ കാതലായ വ്യത്യാസം ആദിമസഭ തുറവിയോടും സത്യസന്ധതയോടും കൂടെ തങ്ങളുടെ ബലഹീനതകളെ തുറന്നു വച്ചു. അവര്‍ ഒന്നും മൂടി വയ്ക്കാന്‍ പരിശ്രമിച്ചില്ല. ഈ സത്യസന്ധതയാണ് യൂദാസിനെ ഒറ്റുകാരനായും ശിഷ്യപ്രമുഖനായ പത്രോസിനെ തള്ളിപ്പറയുന്നവനായും സുവിശേഷങ്ങളില്‍ അവതരിപ്പിക്കുന്നതിന്റെ അടിസ്ഥാനം. തങ്ങള്‍ പൂര്‍ണരല്ല എന്ന അവബോധം അവര്‍ക്ക് ഉണ്ടായിരുന്നു എന്നു മാത്രമല്ല, തങ്ങളുടെ അപൂര്‍ണത അംഗീകരിക്കുന്നതിനും അവര്‍ മനസ്സു കാണിച്ചു. അവന്‍ അതേറ്റു പറഞ്ഞ് വിശ്വസ്തത കാണിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ അഭിമാനം കൊണ്ടവരാണ് ആദിസമസഭ. നാം പിന്‍ചെല്ലേണ്ടതും ഈ അനുകരണീയ മാതൃകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org