അമ്മവീടുകളുടെ അമ്മ

അമ്മവീടുകളുടെ അമ്മ
പൂനയിലെ ഹോളിക്രോസ് മഠത്തില്‍ ഒരു വൈകുന്നേരം ഒരു ഗര്‍ഭിണി, സി. ലൂസി കുര്യനെ കാണാനെത്തി. മദ്യപനായ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുന്നു, അയാളെ പേടിയാണ്, രാത്രി തങ്ങാന്‍ ഒരിടം വേണം. ഇതായിരുന്നു ആ സ്ത്രീയുടെ ആവശ്യം. പക്ഷേ അപരിചിതരായ സ്ത്രീകളെ രാത്രി മഠത്തില്‍ താമസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പിറ്റേന്ന് വരിക, എന്തെങ്കിലും സൗകര്യം ഏര്‍പ്പാടാക്കാം എന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു. അന്ന് രാത്രി കുടിച്ച് എത്തിയ ഭര്‍ത്താവ് ആ സ്ത്രീയുടെമേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, അമ്മയും ഉദരസ്ഥശിശുവും തീയില്‍ വെന്തു മരിച്ചു. ഈ ദുരന്തം സി. ലൂസിയെ വൈകാരികമായി തകര്‍ത്തുക്കളഞ്ഞു. ഇത്തരം സ്ത്രീകളെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ അവരുടെ മഠത്തിന് ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ - ആതുരസേവന രംഗത്തായിരുന്നു അവര്‍ സേവനമനുഷ്ഠിച്ചിരുന്നത്. അധ്യാപകരും നേഴ്‌സുമാരുമായിരുന്നു മിക്ക കന്യാസ്ത്രീകളും. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അദമ്യമായ ആഗ്രഹത്തെ തുടര്‍ന്ന് സ്വന്തം നിലയില്‍ സി. ലൂസി ഒരു പ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു; 'മാഹെര്‍' എന്നായിരുന്നു അതിന്റെ പേര്. മറാത്ത ഭാഷയില്‍ ''അമ്മവീട്.'' ആത്മീയ ഉപദേശകനായിരുന്ന ഫാ. ഫ്രാന്‍സിസ് ഡി സാ എസ് ജെ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. അദ്ദേഹം സമാഹരിച്ച് നല്‍കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് 1997 ല്‍ പുന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ അല്പം സ്ഥലം വാങ്ങി, ഒരു ഭവനം നിര്‍മ്മിച്ചു. അതാണ് 'മാഹെര്‍' എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. ഇന്ന് 60 ലേറെ ഭവനങ്ങളിലായി ആയിരത്തോളം കുട്ടികള്‍ക്കും 500 ഓളം സ്ത്രീകള്‍ക്കും അഗതികളായ കുറെ പുരുഷന്മാര്‍ക്കും മാഹെര്‍ പ്രസ്ഥാനം അഭയമേകുന്നു. മഹാരാഷ്ട്രയ്ക്കു പുറമേ കേരളത്തിലും കര്‍ണ്ണാടകയിലും ആന്ധ്രയിലും പ. ബംഗാളിലും ജാര്‍ഖണ്ഡിലും ഭവനങ്ങളുണ്ട്. പില്‍ക്കാലത്ത് ഒരു മതാന്തര സംഘടനയ്ക്കും സി. ലൂസി കുര്യന്‍ രൂപം നല്‍കി. ജീവകാരുണ്യ - പരിസ്ഥിതിസംരക്ഷണ രംഗങ്ങളില്‍ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പത്തു രാജ്യങ്ങളില്‍ അതിനു പ്രവര്‍ത്തകരുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവകാശങ്ങള്‍ നേടിയെടുക്കാനും സ്വന്തം കരുത്ത് കണ്ടെത്താനും സ്വയാശ്രിതരായി നില്‍ക്കാനും സ്ത്രീകളെ പ്രാപ്തരാക്കുക എന്നതു തന്നെ മുഖ്യമായ ലക്ഷ്യം. കണ്ണൂര്‍ കോളയാട് സ്വദേശിയായ സി. ലൂസി കുര്യന്‍ സ്ഥാപിച്ച 'മാഹെര്‍ ഫൗണ്ടേഷന്‍' ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ 10 സന്നദ്ധ സംഘടനകളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ വനിതാ ശാക്തീകരണത്തിനുള്ള നാരീശക്തി അവാര്‍ഡ് ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. നൂറുകണക്കിന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മുഖത്ത് വിരിഞ്ഞ ആത്മവിശ്വാസത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരികള്‍ ഈ അംഗീകാരങ്ങള്‍ക്കെല്ലാം മുകളില്‍ നില്‍ക്കുന്നു.
  • എറണാകുളം സെന്റ് തെരേസാസ് കോളജ് നല്‍കിയ മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്‌കാരം സ്വീകരിക്കാന്‍ കേരളത്തിലെത്തിയ

  • സി. ലൂസി കുര്യന്‍

  • സത്യദീപത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്....

Q

ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടു ന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌ന ങ്ങള്‍ എന്തൊക്കെയാണ്?

A

ഗ്രാമങ്ങളില്‍ വിദ്യാഭ്യാസത്തിലെ വലിയ അസമത്വം. കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതി ഉണ്ടായിരിക്കാം. സ്ത്രീധന സമ്പ്രദായം ഇപ്പോഴും വളരെ ശക്തമായി നിലനില്‍ക്കുന്നു. ലൈംഗികാക്രമണ ഭീഷണി ഒരു പതിവുരീതിയാണ് പലയിടങ്ങളിലും. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനുള്ള സ്വാതന്ത്ര്യം വളരെ കുറവാണ്. സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്ന ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ഇന്ത്യയിലില്ല

Q

'മാഹെര്‍' തുടങ്ങിയ കാലത്തില്‍ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഇന്ന് എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട്?

A

'മാഹെറു'മായി ബന്ധപ്പെട്ടു ധാരാളം ബോധവല്‍ക്കരണം നടന്നിട്ടുണ്ട്. ഓരോ വ്യക്തിയുടെയും അവകാശത്തിനുവേണ്ടി മാഹെര്‍ നിലകൊള്ളും. ഒരു സ്ത്രീക്ക് അനീതി നേരിടേണ്ടി വന്നാല്‍ യാതൊരു സഹിഷ്ണുതയും അതിനോടു ഞങ്ങള്‍ കാണിക്കില്ല. യുവാക്കളെയും ഗ്രാമീണരെയും ഞങ്ങള്‍ ഇതുതന്നെ പഠിപ്പിക്കുന്നു.

Q

യഥാര്‍ത്ഥത്തിലുള്ള സ്ത്രീവിമോചനത്തിനായി ഇന്ത്യയില്‍ ഇനി എന്തൊക്കെയാണ് ചെയ്യാനുള്ളത്?

A

വളരെ സാവധാനത്തില്‍ മാത്രം പുരോഗമിക്കുന്ന പ്രക്രിയയാണത്. പക്ഷേ ധാരാളം മാറ്റങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവകര്‍ക്കു മാത്രമേ ഈ മാറ്റങ്ങള്‍ മനസ്സിലാക്കാനാകൂ.

Q

മദര്‍ തെരേസയുടെ വിളിക്കുള്ളിലെ വിളിക്കു സമാനമായിരുന്നല്ലോ താങ്കളുടെയും നിയോഗം. മദര്‍ തെരേസ വലിയ പ്രചോദനവും ആയിരുന്നു. മദറിനെപ്പോലെ മറ്റൊരു സന്യാസമൂഹം സ്ഥാപിക്കുന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

A

ഒരു മതാന്തര സംഘടന ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യരാശിക്കും പ്രകൃതിക്കും വേണ്ടിയുള്ള മതാന്തര സംഘടന എന്നാണതിന്റെ പേര്. ജീവകാരുണ്യ, വികസന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും മതത്തിനുള്ളിലേക്കു ചുരുക്കാന്‍ പാടില്ല. മതങ്ങളുടെയും ജാതികളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് അവ വളരണം.

ഒരു സ്ത്രീക്ക് അനീതി നേരിടേണ്ടി വന്നാല്‍ യാതൊരു സഹിഷ്ണുതയും അതിനോടു ഞങ്ങള്‍ കാണിക്കില്ല. യുവാക്കളെയും ഗ്രാമീണരെയും ഞങ്ങള്‍ ഇതുതന്നെ പഠിപ്പിക്കുന്നു.

Q

ഹോളിക്രോസ് സന്യാസസമൂഹ വുമായുള്ള ബന്ധം എങ്ങനെയാണ്? ആ സന്യാസമൂഹത്തിലെ പരിശീലനം, പിന്നീടുള്ള സാമൂഹ്യസേവനത്തിന് എത്രത്തോളം സഹായകരമായി?

A

ഞാനിപ്പോഴും ഹോളിക്രോസ് സന്യാസസമൂഹത്തില്‍ അംഗമാണ് (സിസ്റ്റേഴ്‌സ് ഓഫ് ഹോളിക്രോസ് ഓഫ് ഷാവനോദ്). ഞാന്‍ ചെയ്യുന്ന സേവനസംരംഭങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സന്യാസസമൂഹം സന്നദ്ധമാകുന്നില്ല എന്നേയുള്ളൂ. വലിയ സാമ്പത്തിക ബാധ്യതകള്‍ വന്നേക്കാമെന്നുള്ളതുകൊണ്ടാണത്. ഒരാളുടെ സംരംഭം അങ്ങനെ ഏറ്റെടുത്താല്‍ കൂടുതല്‍ സിസ്റ്റര്‍മാര്‍ ഇത്തരം സംരംഭങ്ങളുമായി മുന്നിട്ടിറങ്ങിയേക്കാമെന്ന സാധ്യതയും സന്യാസസമൂഹത്തെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നു.

സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ധാരാളം അനുഭവപരിചയം ലഭിക്കാന്‍ ഇടയാക്കിയതിനു വ്യക്തിപരമായി എന്റെ സന്യാസസമൂഹത്തോടു വളരെ നന്ദിയുള്ളവളാണു ഞാന്‍. സന്യാസസമൂഹത്തിലെ അംഗമെന്ന നിലയില്‍, വലിയ സ്വാതന്ത്ര്യവും അവര്‍ എനിക്കു നല്‍കി. സമൂഹത്തിനു ഗുണകരമെന്നു ഞാന്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തോട് ഉത്തരവാദിത്വം ഉള്ളവളാണു ഞാന്‍. സന്യാസസമൂഹത്തിലെ അംഗമായ സി. നോയല്ലൈന്റെ കൂടെയാണു ഞാന്‍ താമസിക്കുന്നത്. മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകയായ അവര്‍ എന്നെ ധാരാളം സഹായിച്ചിട്ടുമുണ്ട്.

Q

ഇന്ത്യയിലെ കത്തോലിക്ക സന്യാസിനി സമൂഹങ്ങളുടെ സേവനങ്ങളെ എപ്രകാരം വിലയിരുത്തുന്നു? താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സേവനം ചെയ്യുന്നതിന് സന്യാസ സമൂഹങ്ങളില്‍ നിന്ന് പുറത്തു വരേണ്ട ഒരു സാഹചര്യം ഉണ്ടോ?

A

ക്രിസ്തുവിന്റെയും ഞങ്ങളുടെ സമൂഹത്തിന്റെ സ്ഥാപകയുടെയും പ്രബോധനങ്ങള്‍ മഹത്തരങ്ങളും മനോഹരങ്ങളുമാണ്. പക്ഷേ, അവ മഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുകൊണ്ടു പ്രയോജനമില്ല.

പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും വേരൂന്നിനിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ പുറത്തേക്കു പ്രവഹിക്കണം. മനുഷ്യരോടുള്ള സ്‌നേഹത്തിലും പ്രകൃതിയോടുള്ള ആദരവിലും അധിഷ്ഠിതമായ പ്രവൃത്തികളുണ്ടാകണം. നമ്മുടെ അന്തരംഗം ആവശ്യപ്പെടുന്നതുപോലുള്ള സേവനം ജനങ്ങള്‍ക്കു നല്‍കാനുള്ള സ്വാതന്ത്ര്യം നമുക്കില്ലെങ്കില്‍ നാം ജനങ്ങള്‍ക്കിടയിലേക്കിറങ്ങണം. പക്ഷേ അപ്പോഴും ക്രിസ്തുവിന്റെയും സന്യാസസമൂഹസ്ഥാപകയുടെയും പ്രബോധനങ്ങള്‍ക്കു നാം സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ഞാന്‍ സാക്ഷ്യം വഹിക്കുന്നുണ്ടോ എന്നതാണ് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം.

Q

സന്യാസിനി ആകണമെ ന്ന ആഗ്രഹം മനസ്സില്‍ ഉണര്‍ന്നത് എപ്പോള്‍? എന്തായിരുന്നു അതിനുള്ള പ്രചോദനം? ഹോളിക്രോസ് സന്യാസ സമൂഹത്തെ അന്നു തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

A

മുംബൈയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ട ചേരികളിലെ ദാരിദ്ര്യവും പാവപ്പെട്ട മനുഷ്യരുടെ ജീവിതവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതേത്തുടര്‍ന്നു മദര്‍ തെരേസായുടെ സന്യാസസമൂഹത്തില്‍ ചേര്‍ന്നു സേവനം ചെയ്യാന്‍ ഞാനാഗ്രഹിച്ചു. അവരുടെ സേവനങ്ങള്‍ ഞാന്‍ കണ്ടു പരിചയപ്പെട്ടിരുന്നു. പക്ഷേ ആ സമയത്ത് മാതാപിതാക്കള്‍ ആ ആഗ്രഹത്തെ ശക്തിയായി എതിര്‍ക്കുകയാണു ചെയ്തത്. മദര്‍ തെരേസായുടെ കൂടെ ചേര്‍ന്നാല്‍ കുഷ്ഠരോഗവും മറ്റും എനിക്കു പകര്‍ന്നേക്കുമോ എന്നായിരുന്നു അവരുടെ ഭയം. പിന്നീട് 1975 ല്‍ ഞാന്‍ ഹോളി ക്രോസ് സന്യാസസമൂഹത്തിലെ ഒരു സിസ്റ്ററെ പരിചയപ്പെട്ടു. അത്യന്തം സന്തോഷവതിയായ ഒരു സന്യാസിനി. അവരോട് ഞാനെന്റെ ആഗ്രഹത്തെ കുറിച്ചു പറഞ്ഞു. അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു, എന്റെ മാതാപിതാക്കളെ കാണാന്‍ വന്നു. ഉദ്യോഗസ്ഥ എന്ന നിലയില്‍ അന്ന് ഞാന്‍ എന്റെ ശമ്പളം വീട്ടില്‍ കൊടുക്കുന്ന കാലവുമാണ്. ഏതായാലും ആ സിസ്റ്ററുടെ ഇടപെടലിനെ തുടര്‍ന്നു മാതാപിതാക്കള്‍ എന്റെ ആഗ്രഹത്തിനു സമ്മതം നല്‍കി. അങ്ങനെയാണു ഞാന്‍ ഹോളി ക്രോസ് സമൂഹത്തില്‍ ഒരു സന്യാസിനിയായി ചേരുന്നത്.

Q

സന്യാസിനിയായിട്ടുള്ള അനുഭവം എങ്ങനെയായിരുന്നു?

A

18 വയസ്സുള്ളപ്പോള്‍ ദിവ്യബലിക്കിടെ സ്ഥിരം പാടിയിരുന്ന ഒരു ഗാനം ഓര്‍ക്കുന്നു. കാലങ്ങളായി ഞാന്‍ കാത്തിരിക്കുന്നു, ഇപ്പോഴും ഞാന്‍ കാത്തിരിക്കുന്നു. സന്യാസസമൂഹത്തില്‍ ചേര്‍ന്നതോടെ ഞാന്‍ വളരെയേറെ സന്തുഷ്ടയായി. പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല. ആ പാട്ടു ഞാന്‍ വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു. എന്റെ സന്യാസജീവിതത്തെയും ദൈവവിളിയെയും ഞാന്‍ സ്‌നേഹിക്കുന്നു.

Q

അറുപതോളം മാഹെര്‍ ഭവനങ്ങള്‍ ഇപ്പോള്‍ ഉണ്ടല്ലോ. അവ നടത്തുന്നതില്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികള്‍ എന്താണ്?

A

ഏഴു സംസ്ഥാനങ്ങളിലായി 68 ശാഖകളാണ് ഇപ്പോള്‍ മാഹെറിനുള്ളത്. ആളുകളുടെ വിചാരം ഞാന്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ മതംമാറ്റം നടത്താന്‍ വരുന്നതാണെന്നാണ്. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. ഗ്രാമങ്ങളില്‍ അവിവാഹിതയായ ഒരു സ്ത്രീയായി കഴിയുക, അതും ക്രിസ്ത്യാനിയായിരിക്കുക എന്നതു വലിയ പ്രശ്‌നമാണ്. ഓരോ മാസവും 70 ലക്ഷം രൂപ കണ്ടെത്തണം. അതും വലിയൊരു വെല്ലുവിളിയാണ്. പാവങ്ങളില്‍ പാവങ്ങളായ മനുഷ്യരോട് ആത്മാര്‍ത്ഥമായ സ്‌നേഹവും അവരെ സേവിക്കാന്‍ താത്പ ര്യവും ഉള്ള ആളുകളെ കണ്ടെത്തുക എന്നതും വെല്ലുവിളി തന്നെ.

Q

നിരവധി അംഗീകാരങ്ങള്‍ താങ്കളുടെ സേവനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടല്ലോ. അതില്‍ ഏറ്റവും വിലമതിക്കുന്നത് എന്താണ് ?

A

മാഹെറിന് ഇതുവരെ 271 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗുരു ദത്ത സേവാസമിതി നല്‍കിയതാണ് ഇവയില്‍ ഏറ്റവും ഇഷ്ടമായത്. അന്ധനായ ഒരാള്‍ സംഘടിപ്പിച്ചിരിക്കുന്ന ഒരു അവാര്‍ഡാണിത്. ഒരു അമ്പലത്തിനുള്ളില്‍ വച്ചാണ് ഈ അവാര്‍ഡ് എനിക്കു സമ്മാനിക്കപ്പെട്ടത്. ഒരു കത്തോലിക്ക കന്യാസ്ത്രീക്ക് ഒരു അമ്പലത്തിനുള്ളില്‍ വച്ച് അവാര്‍ഡു നല്‍കുക. അതിനെ ഞാന്‍ വളരെയേറെ വിലമതിക്കുന്നു. ഞാന്‍ ക്രിസ്ത്യാനിയായതുകൊണ്ട് എന്നെ ഗ്രാമത്തിനു പുറത്താക്കണമെന്നു അവിടത്തെ ആളുകള്‍ ശഠിക്കുന്ന സമയത്തായിരുന്നു അത്. ക്രൈസ്തവര്‍ ഒരാള്‍ പോലുമില്ലാതിരുന്ന ഒരു ഗ്രാമം. ആ മനുഷ്യന്‍ അന്ധനായിരുന്നെങ്കിലും എനിക്കു നേരെയുള്ളത് അന്ധമായ വിരോധമാണെന്നു കാണാനുള്ള ഉള്‍ക്കണ്ണ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടു വട്ടം നേരില്‍ കാണാനും ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനും കഴിഞ്ഞതും ഞാന്‍ വളരെയേറെ വിലമതിക്കുന്നു. വനിത വുമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും വളരെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു.

Q

സാമൂഹ്യപ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

A

ബോധ്യത്തോടെ ചെയ്യുക, ചെയ്യാനാഗ്രഹിക്കുന്നതെന്തും. ഒരിക്കലും പിന്തിരിഞ്ഞു നോക്കാതിരിക്കുക. ദൈവത്തില്‍ ശക്തമായ വിശ്വാസം പുലര്‍ത്തുക. ജനങ്ങള്‍ക്കു മാതൃകയായിരിക്കുക. നിങ്ങളുടെ ജീവിതം തന്നെയാകട്ടെ നിങ്ങളുടെ സന്ദേശം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org