യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്റെ മഹത്വവും: ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ നൽകുന്ന സന്ദേശം

ഫാ. റോക് വിൻ പിന്റോയുമായി ഫാ. ടോം താടിക്കാരന്റെ അഭിമുഖ സംഭാഷണം (ഒന്നാം ഭാഗം)
യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്റെ മഹത്വവും: ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ നൽകുന്ന സന്ദേശം
Published on
  • ‘Magnifica Humanitas’ ചാക്രികലേഖനത്തെക്കുറിച്ച്

    റോമിലെ അക്കാദമിയ അൽഫോൻസിയാനയിൽ

    ധാർമ്മികശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയായ

    ഫാ. റോക് വിൻ പിന്റോയുമായി ഫാ. ടോം താടിക്കാരൻ

    നടത്തിയ ദീർഘസംഭാഷണം.

എഐ വലിയ അളവിൽ അധികാരം ഉത്പാദിപ്പിക്കുന്നുണ്ട്. ഡാറ്റയുടെയും അൽഗോരിതങ്ങളുടെയും ശക്തി കാരണം ഈ അധികാരം വളരെ ചുരുക്കം ചിലരുടെ കൈകളിലായിരിക്കും.
Q

നിർമ്മിത ബുദ്ധിയെക്കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ഒരു ചാക്രിക ലേഖനം പ്രസിദ്ധീകരിക്കാൻ ഇടയായ സാഹചര്യം എന്താണ്? എന്തൊക്കെയാണ് ഈ വിഷയത്തിൽ സഭ പറയാൻ ആഗ്രഹിക്കുന്നത്?

A

നാമെല്ലാവരും നിർമ്മിതബുദ്ധിയെക്കുറിച്ച് (Artificial Intelligence), അതായത് ഈ പുതിയ തരം ബുദ്ധിശക്തിയെക്കുറിച്ച് സംസാരിക്കുന്ന ഒരു ലോകത്താണ് ഇന്ന് ജീവിക്കുന്നത്. മൃഗങ്ങളുടെ ബുദ്ധിശക്തി, സസ്യങ്ങളുടെ ബുദ്ധിശക്തി എന്നൊക്കെ പറയുന്നതുപോലെ മനുഷ്യന്റെ ബുദ്ധിശക്തിയുമുണ്ട്; ഇന്ന് നമുക്ക് യന്ത്രങ്ങളുടെ ബുദ്ധിശക്തിയുമുണ്ട്. ഇതിനെയാണ് പൊതുവെ നമ്മൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നത്. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമുക്ക് അപരിചിതമായ ഒന്നല്ല; നമ്മുടെ ഫോണുകളിലും ദൈനംദിന പ്രവൃത്തികളിലും ഇതിന്റെ വലിയ പങ്കാളിത്തമുണ്ട്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ, ഡോക്ടറും രോഗിയും തമ്മിൽ, തൊഴിലുടമയും ജീവനക്കാരനും തമ്മിൽ, ഭർത്താവും ഭാര്യയും തമ്മിൽ, മാതാപിതാക്കളും കുട്ടികളും തമ്മിൽ അങ്ങനെ എല്ലാ ബന്ധങ്ങൾക്കിടയിലേക്കും എഐ (AI) കടന്നുവന്നിട്ടുണ്ട്. ഇതൊരു ഭീഷണിയോ അല്ലെങ്കിൽ എപ്പോഴും ഒരു അനുഗ്രഹമോ ആയിട്ടല്ല കടന്നുവരുന്നത്. അവിടെയാണ് സാമൂഹിക ബന്ധങ്ങളിൽ ഈ പുതിയ പ്രതിഭാസം ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നത്; ഇതിനെക്കുറിച്ച് ഒന്നിച്ച് ചിന്തിക്കാനും ചില ഉത്തരങ്ങൾ കണ്ടെത്താനുമാണ് സഭ ആഗ്രഹിക്കുന്നത്.

നമ്മൾ ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതിനാൽ നമ്മൾ മഹിമയുള്ളവരാണ് എന്നാണ് മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് പറയുന്നത്. നമ്മുടെ കഴിവുകൾ കൊണ്ടും സർഗ്ഗാത്മകത കൊണ്ടും നമ്മൾ അത്രമേൽ ശ്രേഷ്ഠരാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാക്രികലേഖനത്തിൽ പ്രശസ്തമായ ചിത്രരചനകൾ, ബീഥോവന്റെ സംഗീതം, ‘ദി ലോർഡ് ഓഫ് ദി റിംഗ്സ്’, ‘ഷിൻഡ്ലേഴ്സ് ലിസ്റ്റ്’ തുടങ്ങിയ സിനിമകൾ എന്നിവയെക്കുറിച്ചെല്ലാം പരാമർശിക്കുന്നത്. മനുഷ്യന്റെ കഴിവുകളും സർഗ്ഗാത്മകതയും എത്രത്തോളം മഹത്തരമാണെന്ന് ഇത് കാണിച്ചുതരുന്നു.

അതോടൊപ്പം തന്നെ, നന്മ ചെയ്യുന്നതിലും മനുഷ്യൻ അത്രമേൽ ശ്രേഷ്ഠനാണ്. കൊൽക്കത്തയിലെ മദർ തെരേസ, ഡൊറോത്തി ഡേ തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ അദ്ദേഹം നൽകുന്നുണ്ട്. മനുഷ്യർ സ്വഭാവേന തിന്മയുള്ളവരല്ലെന്ന് കാട്ടിത്തന്ന മഹത് വ്യക്തികളാണിവർ. മനുഷ്യന് സ്നേഹിക്കാനും സേവിക്കാനും കഴിയും. കേവലം സർഗ്ഗാത്മകവും കഴിവുള്ളതുമായിരിക്കുക മാത്രമല്ല, യഥാർത്ഥ സ്നേഹവും സർഗ്ഗാത്മകതയുമുള്ളതുകൊണ്ടു തന്നെ സർഗ്ഗാത്മകമായ രീതിയിൽ സ്നേഹിക്കാനും ശുശ്രൂഷിക്കാനും പരിപാലിക്കാനും മനുഷ്യന് സാധിക്കും.

മറുവശത്ത്, മഹത്തരമായ ഈ മനുഷ്യത്വത്തിന് ചില പരിമിതികളും സംഭവിച്ചേക്കാം എന്നൊരു വെല്ലുവിളിയുമുണ്ട്. ‘ന്യൂനതയുള്ളത്’ (deficient) എന്ന വാക്ക് മാർപ്പാപ്പ ഉപയോഗിക്കുന്നില്ല. ഈ മഹത്വം ചിലപ്പോൾ അധികാരത്തിലേക്കും മറ്റുള്ളവരെ അടിച്ചമർത്തുന്നതിലേക്കും നയിച്ചേക്കാം എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെയാണ് നമ്മൾ സാധാരണയായി ജന്മപാപം എന്ന് വിളിക്കുന്നത്. അങ്ങനെ ഒരു വശത്ത് മനുഷ്യത്വത്തിന്റെ മഹത്വമുണ്ട്, അതേസമയം തന്നെ മനുഷ്യന്റെ ഉള്ളിൽ തിന്മയുടെ പ്രവണതയുമുണ്ട്. അതുകൊണ്ട് മനുഷ്യൻ പൂർണ്ണമായും നല്ലവനോ പൂർണ്ണമായും ചീത്തയോ അല്ല. ഈ ചാക്രികലേഖനം ഉത്തരം നൽകാൻ ശ്രമിക്കുന്ന ആദ്യത്തെ ചോദ്യം ഇതാണെന്നാണ് ഞാൻ കരുതുന്നത്. എഐ പൂർണ്ണമായും നല്ലതുമല്ല, പൂർണ്ണമായും ചീത്തയുമല്ല. അതിനാൽ, നല്ല കാര്യങ്ങൾ മനസ്സിലാക്കി അത് തുടരാനും, തിന്മയോ ദോഷകരമോ ആയ കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനെ മാറ്റിനിർത്താനും ഒഴിവാക്കാനും നമുക്ക് വ്യക്തമായ ഒരു വിവേചനാധികാരം ആവശ്യമാണ്.

എഐ ഇന്ന് വൈദ്യശാസ്ത്രം, ഗതാഗതം, വിദ്യാഭ്യാസം, എല്ലാവിധ സേവന വ്യവസായങ്ങൾ, അക്കൗണ്ടിംഗ്, ഫിനാൻസ്, ബാങ്കിംഗ്, രാഷ്ട്രീയ ഭരണം തുടങ്ങി എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. എങ്കിലും, മാർപ്പാപ്പ പ്രധാനമായും മൂന്ന് വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: സത്യം, ബന്ധങ്ങൾ (പ്രത്യേകിച്ച് വിദ്യാഭ്യാസം പോലുള്ള മേഖലകളിലെ ബന്ധങ്ങളിലെ സത്യസന്ധത), ജനാധിപത്യം എന്നിവയാണവ. തുടർന്ന് ജോലിയുടെ അന്തസ്സിനെക്കുറിച്ചും, ജോലി നഷ്ടപ്പെടുമെന്ന ഭയത്തെക്കുറിച്ചും, തൊഴിലാളികൾ പൂർണ്ണമായ നിരീക്ഷണത്തിലാകുന്നതു വഴി അവർ ദ്രോഹിക്കപ്പെടുമെന്ന ആശങ്കയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. തൊഴിലാളികൾ മുൻപത്തേക്കാൾ കൂടുതൽ നിരീക്ഷിക്കപ്പെടുന്നു, അവർ പൂർണ്ണമായും നിരീക്ഷണ വലയത്തിലാണ്.

എഐ വലിയ അളവിൽ അധികാരം ഉത്പാദിപ്പിക്കുന്നുണ്ട്, കൂടാതെ ഡാറ്റയുടെയും അൽഗോരിതങ്ങളുടെയും ശക്തി കാരണം ഈ അധികാരം വളരെ ചുരുക്കം ചില ആളുകളുടെ കൈകളിൽ മാത്രമായിരിക്കും. അങ്ങനെ വളരെ കുറച്ചുപേർ മനുഷ്യലോകത്തെ മുഴുവൻ നിയന്ത്രിക്കും.

ഈ അടുത്ത കാലത്ത് ചലച്ചിത്ര മേളകളിൽ അവാർഡുകൾ നേടിയ ‘ഹ്യൂമൻ ഇൻ ദ ലൂപ്പ്’ (Human in the Loop) എന്നൊരു സിനിമയുണ്ടായിരുന്നു; ചിത്രങ്ങൾ ലേബൽ ചെയ്യുന്ന ജോലിക്ക് വേണ്ടി (image labeling) ജാർഖണ്ഡിലെ സ്ത്രീകൾ ഈ എഐ വ്യവസായങ്ങളാൽ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്ന് അത് കാണിച്ചുതന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ മനുഷ്യവ്യക്തിത്വത്തിന്റെ അന്തസ്സിനും മനുഷ്യവിഭവശേഷിക്കും എത്രത്തോളം വിരുദ്ധമായി വരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഒടുവിൽ, ഇത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. തീരുമാനങ്ങൾ എടുക്കാൻ നമ്മളെല്ലാവരും സ്വതന്ത്രരാണോ, അതോ നമ്മൾ സ്വാധീനിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ (manipulated) ചെയ്യുകയാണോ? നമ്മുടെ സ്വന്തം താല്പര്യങ്ങളിൽ നിന്ന് നമ്മൾ വ്യതിചലിപ്പിക്കപ്പെടുകയും നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുകയുമാണോ? ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് നമ്മുടെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും അവരുടെ ലാഭത്തിന് ഗുണകരമാകുന്ന രീതിയിലേക്ക് തിരിച്ചുവിടാൻ സാധിക്കും. ഇതാണ് ഈ ചാക്രിക ലേഖനത്തിന്റെ അടിസ്ഥാന സന്ദേശം.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, മാർപാപ്പ രണ്ട് തലങ്ങളെ മുന്നോട്ട് വെക്കുന്നു എന്നതാണ്: ‘അധികാരത്തിന്റെ സംസ്കാരവും’ ‘സ്നേഹത്തിന്റെ സംസ്കാരവും’. അധികാരത്തിന്റെ സംസ്കാരത്തിൽ ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. കാരണം എഐ വലിയ അളവിൽ അധികാരം ഉത്പാദിപ്പിക്കു ന്നുണ്ട്, കൂടാതെ ഡാറ്റയുടെയും അൽഗോരിതങ്ങളുടെയും ശക്തി കാരണം ഈ അധികാരം വളരെ ചുരുക്കം ചില ആളുകളുടെ കൈകളിൽ മാത്രമായിരിക്കും. അങ്ങനെ വളരെ കുറച്ചുപേർ മനുഷ്യലോകത്തെ മുഴുവൻ നിയന്ത്രിക്കും. ഈ അധികാരം വെറുമൊരു സാങ്കേതിക അധികാരം മാത്രമല്ല എന്ന് നമ്മൾ മനസ്സിലാക്കണം. അത് സാങ്കേതിക അധികാരം മാത്രമല്ല, ഈ സാങ്കേതികവിദ്യകളിലൂടെ കൈവരിക്കാൻ പോകുന്ന സാമ്പത്തിക അധികാരവും രാഷ്ട്രീയ അധികാരവും സാമൂഹിക അധികാരവും കൂടിയാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ കമ്പനികൾ അടിസ്ഥാനപര മായി ഈ നിർമ്മിതബുദ്ധി കൈകാര്യം ചെയ്യുന്നവരാണ്. അവരിൽ ചിലർക്ക് ചില ഗവൺമെന്റുകളെപ്പോലും വില യ്ക്കെടുക്കാൻ തക്കവണ്ണം ശക്തിയുണ്ട്. ചില കമ്പനികളുടെ വിപണി മൂല്യം പല രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതലാണ്; ഗ്രേറ്റ് ബ്രിട്ടൻ പോലുള്ള രാജ്യങ്ങളെപ്പോലും മറികടന്നിരിക്കുന്നു. ഇതാണ് യഥാർത്ഥ ആശങ്ക.

അതുകൊണ്ട് ഒരു വശത്ത് അധികാരത്തിന്റെ സംസ്കാരവും മറുവശത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും സംസ്കാരവുമുണ്ട്. മനുഷ്യൻ തന്റെ മഹത്വം കൊണ്ടോ സർഗ്ഗാത്മകത കൊണ്ടോ എത്രത്തോളം അധികാരം കൈവരിച്ചു എന്നതിലല്ല കാര്യം; മറിച്ച് ആരാണ് ആ അധികാരം കൈയാളുന്നത് എന്നും, അത് കൈവശം വെച്ചിരിക്കുന്ന വ്യക്തി ആ അധികാരം എങ്ങനെ ഉപയോഗിക്കും എന്നതിലു മാണ്. അത് സ്നേഹിക്കാനും, സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്തോഷ ത്തിന്റെയും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഉപയോഗിക്കുമോ; അതോ നന്മയ്ക്ക് പകരം വെറുപ്പിന്റെയും ദേഷ്യത്തിന്റെയും അപമാന ങ്ങളുടെയും തിന്മകളുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിക്കുമോ എന്നതാണ് ചോദ്യം. ഇതാണ് ഒന്നാമത്തെ കാര്യം.

Q

‘സാങ്കേതിക-മേധാവിത്വവീക്ഷണം’ (technocratic paradigm) വികസനമെന്നോ, സൗകര്യമെന്നോ, അനിവാര്യതയെന്നോ ഒക്കെ സ്വയം വിശേഷിപ്പിക്കാറുണ്ട്. അത് മനുഷ്യന്റെ അന്തസ്സിനെ നേരിട്ട് ഇല്ലാതാക്കുകയല്ല ചെയ്യുന്നത്; മറിച്ച്, കാര്യക്ഷമതയെ എല്ലാറ്റിന്റെയും അളവുകോലാക്കിക്കൊണ്ട് മനുഷ്യന്റെ വിലയെ അത് നിശബ്ദമായി മാറ്റി പ്രതിഷ്ഠിക്കുന്നു. അവിടെ സത്യം വെറും വിവരങ്ങളായും അധ്വാനം വെറും ഉൽപ്പാദനക്ഷമതയായും, സ്വാതന്ത്ര്യം വെറും ഉപഭോക്തൃ തിരഞ്ഞെടുപ്പു കളായും ചുരുക്കപ്പെടുന്നു. കൂടാതെ, മനുഷ്യവ്യക്തിയെ ആഗോള വ്യവസ്ഥിതികളുടെ ‘ആധിപത്യത്തിന്റെയും ഡിജിറ്റൽ ശക്തിയുടെയും’ വെറുമൊരു കണ്ണി (node) മാത്രമായി അത് തരം താഴ്ത്തുന്നു. കത്തോലിക്കാ സാമൂഹിക പ്രബോധനത്തിലെ തത്ത്വങ്ങളായ—പൊതുനന്മ (എല്ലാവരുടെയും അഭിവൃദ്ധി), വിഭവങ്ങളുടെ സാർവത്രിക ലക്ഷ്യം (എല്ലാവർക്കും വേണ്ടിയുള്ള വിഭവങ്ങൾ), സബ്സിഡിയാരിറ്റി അഥവാ വികേന്ദ്രീകരണ തത്ത്വം (പ്രാദേശിക ഉത്തരവാദിത്തം), പരസ്പര ഐകമത്യം (solidarity), സാമൂഹിക നീതി എന്നിവ ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടുന്നത്? ഇവ ഈ പ്രതിസന്ധിയെ ശരിക്കും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നുണ്ടോ?

A

ഫ്രാൻസിസ് മാർപാപ്പ തന്റെ ലൗദാത്തോ സി എന്ന പ്രബോധനത്തിൽ ഉപയോഗിച്ച ഒരു പദപ്രയോഗമാണ് ‘സാങ്കേതിക-മേധാവിത്വ വീക്ഷണം’. കാര്യക്ഷമത, നിയന്ത്രണം, ലാഭം എന്നിവ നേടിയെടുക്കാൻ വേണ്ടി സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്ന ഈ രീതിയെക്കുറിച്ചാണ് ഈ വിജ്ഞാപനത്തിന്റെ 92-ാം ഖണ്ഡികയിലും അദ്ദേഹം എടുത്തുപറയുന്നത്. ഇതിനർഥം അവിടെ ഒരു വിപണിയുക്തി അടങ്ങിയിരിക്കുന്നു എന്നാണ്. ലാഭത്തിന്റെ ഈ യുക്തിയെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വിപണിയുടെ യുക്തിയെ സ്നേഹത്തിന്റെ യുക്തിയുമായാണ് താരതമ്യം ചെയ്തത്. നേരത്തെ ‘അധികാരത്തിന്റെ സംസ്കാരത്തെയും’ ‘സ്നേഹത്തിന്റെ സംസ്കാരത്തെയും’ കുറിച്ച് പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ, അല്ലേ? ചുരുക്കത്തിൽ, മറ്റുള്ളവരുടെ മേൽ കൂടുതൽ അധികാരവും ലാഭവും നിയന്ത്രണവും നേടിയെടുക്കാൻ വേണ്ടി സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്ന ഒന്നാണ് ഈ സാങ്കേതിക-മേധാവിത്വ വീക്ഷണം.

റോമാനോ ഗ്വാർഡിനി എന്ന പ്രശസ്ത ദൈവശാസ്ത്രജ്ഞനെ ക്കുറിച്ചും മാർപാപ്പ ഇതിൽ പരാമർശിക്കുന്നുണ്ട്. മനുഷ്യർക്ക് വളരെയേറെ അധികാരമുണ്ടെന്നാണ് ഗ്വാർഡിനി പറഞ്ഞത്. എന്നാൽ, ആ അധികാരം എങ്ങനെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് നമ്മൾ പരിശീലിക്കേണ്ടതുണ്ട് എന്നതാണു പ്രശ്നം. കേവലം അധികാരം കൈവശമുണ്ടായാൽ മാത്രം പോരാ. നിർമിതബുദ്ധി തീർച്ചയായും അധികാര കേന്ദ്രീകൃതമായ ഒന്നാണ്; അതിന് അമിതമായ അധികാരമുണ്ട്. ഷോഷാന സുബോഫ് എന്ന പ്രശസ്ത എഴുത്തുകാരി ‘കണ്ണിലെണ്ണയൊഴിച്ചുള്ള മുതലാളിത്ത നിരീക്ഷണം’ എന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത്, നമ്മൾ എപ്പോഴും ഒരു സ്കാനറിന് കീഴിലാണെന്നതു പോലെയാണ് ജീവിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും നമ്മൾ നിരീക്ഷിക്കപ്പെടുന്നു. ഞാൻ ചെയ്യുന്നതും സംസാരിക്കു ന്നതുമായ എല്ലാ കാര്യങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെ നിരന്തരമായ നിരീക്ഷണത്തിലായതുകൊണ്ട് തന്നെ, നമ്മൾ എപ്പോഴും അവകാശപ്പെടാറുള്ളതു പോലെയുള്ള യഥാർത്ഥ സ്വാതന്ത്ര്യം നമുക്കിന്നില്ല.

ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ കമ്പനികൾ അടിസ്ഥാനപരമായി ഈ നിർമ്മിതബുദ്ധി കൈകാര്യം ചെയ്യുന്നവരാണ്. അവരിൽ ചിലർക്ക് ചില ഗവൺമെന്റുകളെപ്പോലും വിലയ്ക്കെടുക്കാൻ തക്കവണ്ണം ശക്തിയുണ്ട്. ചില കമ്പനികളുടെ വിപണി മൂല്യം പല രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതലാണ്.

സാങ്കേതിക-മേധാവിത്വ വീക്ഷണത്തിന്റെ പ്രധാന വശം ഇതാണ്. ഇത്, പൊതുനന്മ, സബ്സിഡിയാരിറ്റി (വികേന്ദ്രീകരണം), ഐക്യദാർഢ്യം തുടങ്ങിയ സാമൂഹിക പ്രബോധന തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ, സാങ്കേതികവിദ്യ പൊതുനന്മ ഉറപ്പാക്കുകയാണ് വേണ്ടത്. അതായത്, സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങിപ്പോകരുത്. ആഗോളതലത്തിൽ അത് സമത്വവും സുസ്ഥിരതയും വിഭവങ്ങളുടെ തുല്യമായ വിതരണവും ഉറപ്പാക്കണം. കൂടാതെ, ഈ സാങ്കേതിക ശക്തി സബ്സിഡിയാരിറ്റി തത്ത്വം ഉറപ്പാക്കാനും സഹായിക്കേണ്ടതുണ്ട്. സബ്സിഡിയാരിറ്റി എന്നാൽ അധികാരം ഉയർന്ന തലത്തിലുള്ളവരിൽ മാത്രം കേന്ദ്രീകരിക്കപ്പെടാതെ, താഴെത്തട്ടിലുള്ളവർക്ക് കൂടി പങ്കുവെച്ചു നൽകലാണ്. ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന ജനാധിപത്യ പ്രക്രിയയിലും സബ്സിഡിയാരിറ്റിയുടെ ഈ ആശയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അധികാരം പങ്കുവെക്കപ്പെടണം; അത് ഒരിടത്ത് മാത്രം കേന്ദ്രീകരിക്കപ്പെടാൻ പാടില്ല. കാരണം കേന്ദ്രീകൃതമായ അധികാരം കൂടുതൽ അപകടകരമാണ്. നിങ്ങൾക്ക് വലിയ അധികാരമുണ്ടെങ്കിൽ, അതിനൊപ്പം തന്നെ വിനയവും പഠിക്കാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം. അതുകൊണ്ട് നമുക്ക് അധികാരം ഉണ്ട് എന്നതിലല്ല കാര്യം, മറിച്ച് ആ അധികാരം ശരിയായ രീതിയിൽ ഉപയോഗിക്കാൻ നമ്മൾ പ്രാപ്തരാകണം എന്നതാണ്.

ഇത് വിശദീകരിക്കാൻ വേണ്ടി, പഴയ നിയമത്തിൽ നിന്നുള്ള രണ്ട് ബൈബിൾ ചിത്രങ്ങളാണ് മാർപാപ്പ ഉപയോഗിക്കുന്നത്. നിർമിത ബുദ്ധിയെയും അത് സാമൂഹിക ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെയും മാർപാപ്പ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ രണ്ട് ചിത്രങ്ങൾ നമ്മെ ഏറെ സഹായിക്കും. സാധാരണയായി അധികാരം പ്രകടമാകുന്നത് ബന്ധങ്ങളിലൂടെയാണല്ലോ. അതുകൊണ്ട്, എഐ യിലൂടെ ഈ അധികാരത്തിന്റെ ചലനതന്ത്രം എങ്ങനെയാണ് പ്രകടിപ്പിക്കപ്പെടുന്നത് എന്ന് നമ്മൾ ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്.

ഇതിൽ ഒന്നാമത്തെ ചിത്രം ‘ബാബേൽ ഗോപുരത്തിന്റെ’ കഥയാണ്; അവിടെ എല്ലാം മനുഷ്യന്റെ അധികാരത്തിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവിടെ ദൈവമില്ല, ദൈവത്തെ അവർ ചിത്രത്തിൽ നിന്നേ ഒഴിവാക്കി നിർത്തിയിരിക്കുന്നു. അവിടെ മനുഷ്യന്റെ അധികാരം മാത്രമാണുള്ളത്, അതിനെയാണ് ‘ഹ്യൂബ്രിസ്’ (Hubris) അഥവാ അഹങ്കാരം എന്ന് വിളിക്കുന്നത്. മനുഷ്യന്റെ എല്ലാ പ്രവൃത്തികളെയും നിയന്ത്രിക്കുന്നത് ഈ അഹങ്കാരമാണ്. നമുക്കറിയാം, മാരകപാപങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അഹങ്കാരം. അത് വിനയത്തിന് വിരുദ്ധമാണ്. ബാബേൽ ഗോപുരത്തിന്റെ ചിന്താഗതിയോടെ ഈ സാങ്കേതിക-മേധാവിത്വ വീക്ഷണം മുന്നോട്ട് പോകുമ്പോൾ, അത് ഇത്തരമൊരു സാങ്കേതിക ഏകാധിപത്യത്തിലേക്ക് (technocracy) നയിക്കും. ഇന്നതിനെ ‘അൽഗോക്രസി’ (algocracy - അൽഗോരിതങ്ങളുടെ ഭരണം) എന്നും വിളിക്കുന്നുണ്ട്. അതായത്, അൽഗോരിതങ്ങളുടെയോ എഐ യുടെയോ സഹായത്തോടെ മനുഷ്യർ എങ്ങനെ മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കുന്നു എന്നതാണ് ബാബേൽ ഗോപുരം കൊണ്ട് അർത്ഥമാക്കുന്നത്.

മറുവശത്ത്, മാർപാപ്പ നെഹെമിയായുടെ പുസ്തകത്തിൽ നിന്നുള്ള മറ്റൊരു ഉദാഹരണം നൽകുന്നുണ്ട്. ബാബിലോൺ പ്രവാസത്തിന് ശേഷം, പേർഷ്യൻ രാജാവ് ജെറുസലേമിലേക്ക് മടങ്ങാൻ അനുവാദം നൽകിയപ്പോൾ, ജെറുസലേമിന്റെ മതിൽക്കെട്ടുകൾ പുനർനിർമ്മിക്കാൻ നെഹെമിയ തീരുമാനിച്ചു. എസ്രായും നെഹെമിയായുമാണ് ജെറുസലേമിന്റെ മതിലുകൾ പുനർനിർമ്മിക്കാനുള്ള ചുമതല ഏറ്റെടുത്തത്. പ്രത്യേകിച്ച്, നെഹെമിയ ആളുകളെ ഒന്നിപ്പിക്കുകയും ഒപ്പം പ്രാർത്ഥിക്കുകയും ചെയ്ത വ്യക്തിയാണ്. അതായത്, അവിടെ ദൈവവുമായി ഒരു ബന്ധമുണ്ടായിരുന്നു. അദ്ദേഹം അധികാരികളിൽ നിന്ന് അനുവാദം വാങ്ങുകയും ഈ ജോലി ചെയ്യാൻ സ്വയം തീരുമാനിക്കുകയും ചെയ്തു; ആരും അദ്ദേഹത്തെ നിർബന്ധിച്ചതല്ല, അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, മറ്റുള്ളവർ അദ്ദേഹത്തെ സഹായിക്കുകയും സഹകരിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ആ നേതൃത്വം വിജയിക്കുമായിരുന്നില്ല. ഇവിടെയാണ് നമ്മൾ ‘സബ്സിഡിയാരിറ്റി’ (വികേന്ദ്രീകരണ തത്ത്വം) കാണുന്നത്. മറ്റുള്ളവർ അദ്ദേഹത്തോട് സഹകരിച്ചു, അദ്ദേഹത്തിന് മറ്റുള്ളവരുമായി സംവാദത്തിൽ ഏർപ്പെടാൻ കഴിഞ്ഞു, അവരുടെയെല്ലാം സഹായത്തോടെ വലിയ ക്ഷമയോടെ അദ്ദേഹം അത് നിർമ്മിച്ചെടുത്തു.

നമ്മൾ എപ്പോഴും ഒരു സ്കാനറിന് കീഴിലാണെ ന്നതു പോലെയാണ് ജീവിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും നമ്മൾ നിരീക്ഷിക്കപ്പെടുന്നു. ഞാൻ ചെയ്യുന്നതും സംസാരിക്കുന്നതുമായ എല്ലാ കാര്യങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെ നിരന്തരമായ നിരീക്ഷണത്തിലായതു കൊണ്ട് തന്നെ, നമ്മൾ എപ്പോഴും അവകാശ പ്പെടാറുള്ളതുപോലെ യുള്ള യഥാർത്ഥ സ്വാതന്ത്ര്യം നമുക്കിന്നില്ല.

അതുകൊണ്ട്, ദൈവവുമായി ശക്തമായ ഒരു ബന്ധം പുലർത്തുകയും സ്വന്തം പരിമിതികളെ അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ, ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ കാതൽ. നിർമ്മിതബുദ്ധിയുടെ കാര്യത്തിലും നമ്മൾ ഇതുതന്നെ ചെയ്യണമെന്ന് മാർപാപ്പ പറയുന്നു. ദൈവത്തെ ചിത്രത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയല്ല വേണ്ടത്. കാരണം, മഹത്തായ മനുഷ്യത്വം ദൈവത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട്, സഭ തീരുമാനിക്കുകയും മറ്റുള്ളവർ അത് അതേപടി പിന്തുടരുകയും ചെയ്യുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇതൊരു കൂട്ടായ ഉത്തരവാദിത്തമാണ്. സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, തത്ത്വ ചിന്തകർ, ദൈവശാസ്ത്രജ്ഞർ, സാമൂഹിക ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ, നയരൂപകർത്താക്കൾ, അഭിഭാഷകർ, ജഡ്ജിമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി എല്ലാവരുടെയും ഉത്തരവാദിത്വമാണിത്. നിർമ്മിതബുദ്ധി മനുഷ്യനെ ചൂഷണം ചെയ്യാനോ അവരുടെ അവകാശങ്ങൾ ലംഘിക്കാനോ അല്ല, മറിച്ച് മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാൻ ഇവരെല്ലാം ഒന്നിച്ച് സഹകരിക്കണം.

ഇതിലൂടെ രണ്ട് അതിവാദങ്ങളെ (extremes) ഒഴിവാക്കാനാണ് മാർപാപ്പ ശ്രമിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. അതിലൊന്നാണ് അമിതമായ ആവേശം അല്ലെങ്കിൽ ‘എഐ ഹൈപ്പ്’. പലപ്പോഴും എഐ-ക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പോലും അതിന് ചെയ്യാൻ കഴിയുമെന്ന രീതിയിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യബുദ്ധിയെ നമ്മൾ കീഴടക്കിക്കഴിഞ്ഞു എന്നും മനുഷ്യനേക്കാൾ മുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുമെന്നുമൊക്കെയുള്ള വലിയ മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ യഥാർത്ഥ ത്തിൽ ‘ബുദ്ധി’ (intelligence) എന്നാൽ എന്താണെന്നതിന് കൃത്യമായ ഒരു നിർവചനം നൽകാൻ പോലും നമുക്ക് സാധിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, അത് മനുഷ്യനെ മറികടക്കുമെന്ന് എങ്ങനെ പറയാൻ കഴിയും? മനുഷ്യബുദ്ധി എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിന്നും ഘടനാപരമായും ഗുണപരമായും തികച്ചും വ്യത്യസ്തമാണ്. അത് തലച്ചോറിന്റെ ഒരു കൃത്യമായ പകർപ്പല്ല. അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ അനുകരിക്കുന്നുണ്ടെങ്കിലും, നമ്മുടെ തലച്ചോറിൽ നടക്കുന്നതുപോലെ കൃത്യമായ രീതിയിലല്ല അത് സംഭവിക്കുന്നത്. കാരണം, നമ്മുടെ തലച്ചോറിൽ വൈദ്യുത സിഗ്നലുകളോടൊപ്പം പ്രവർത്തിക്കുന്ന ബയോകെമിക്കൽ സംവിധാനങ്ങളുണ്ട് (biochemical mechanism); ഇന്നത്തെ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളിൽ അത് അതേപടി പകർത്താൻ സാധ്യമല്ല.

ഒരു വശത്ത് നമുക്ക് കാര്യവിവര മില്ലാത്ത ആവേശമുണ്ട്. മറുവശത്താകട്ടെ, നമ്മൾ റോബോട്ടുകളുടെ അടിമകളാകുമെന്നും അവ ലോകം കീഴടക്കുമെന്നുമുള്ള അടിസ്ഥാന രഹിതമായ ഭീതികളുമുണ്ട്. ചുരുക്ക ത്തിൽ, ഒന്നുകിൽ അതിരുകടന്ന ഭയം, അല്ലെങ്കിൽ അതിരുകടന്ന ആവേശം - ഇതാണ് ഇന്നത്തെ അവസ്ഥ.

അതുകൊണ്ട്, ഒരു വശത്ത് നമുക്ക് കാര്യവിവരമില്ലാത്ത ആവേശമുണ്ട്. മറുവശത്താകട്ടെ, നമ്മൾ റോബോട്ടുകളുടെ അടിമകളാകുമെന്നും അവ ലോകം കീഴടക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ ഭീതികളുമുണ്ട്. ചുരുക്കത്തിൽ, ഒന്നുകിൽ അതിരുകടന്ന ഭയം, അല്ലെങ്കിൽ അതിരുകടന്ന ആവേശം - ഇതാണ് ഇന്നത്തെ അവസ്ഥ. ആഗോള ഭാഷയിൽ പറഞ്ഞാൽ, ഇവരെ നമുക്ക് ‘ഡൂമേഴ്‌സ്’ (doomers - ലോകാവസാനം പ്രവചിക്കുന്ന ഭീതിവാദികൾ), ‘സൂമേഴ്‌സ്’ (zoomers - സാങ്കേതിക വിദ്യയെ അമിതമായി കൊണ്ടാടുന്നവർ) എന്ന് വിളിക്കാം.

മാർപാപ്പ ഈ രണ്ട് അതിവാദങ്ങളെയും സമന്വയിപ്പി ക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ ഈ ഭീതികൾക്കും ആവേശങ്ങൾക്കും അടിപ്പെടാതെ, കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വിവേകത്തോടെ ചിന്തിക്കണമെന്നുമാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.

  • (തുടരും...)

logo
Sathyadeepam Online
www.sathyadeepam.org