
സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലെ സൈക്യാട്രിസ്റ്റ് എന്ന നിലയില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള അസംഖ്യം മനുഷ്യരുടെ മാനസികാരോഗ്യപ്രശ്‌നങ്ങളെ നിരന്തരം അഭിമുഖീകരിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യവിദഗ്ധനാണ് ഡോ. സിറിയക് പി ജെ. കേരളത്തിന്റെ മാനസികാരോഗ്യത്തെ അടുത്തു നിന്നു കാണുന്നയാള്‍. എറണാകുളം ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന അദ്ദേഹം സത്യദീപത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്.
മാനസികരോഗത്തെ ശാരീരികരോഗം പോലെ കരുതി ചികിത്സ തേടാനുള്ള മനോഭാവം മലയാളികളില്‍ വന്നിട്ടുണ്ടോ? ഇക്കാര്യത്തില്‍ ഇനിയും ഉണ്ടാകേണ്ട മാറ്റങ്ങള്‍ എന്തൊക്കെ?
ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ബഹുഭൂരിപക്ഷം ആളുകളിലും മാനസികരോഗത്തോടുള്ള സ്റ്റിഗ്മ നിലനില്‍ക്കുന്നു. 90 ശതമാനം ആളുകളും ശാരീരികരോഗം പോലെ മാനസികരോഗത്തെ കാണുന്നില്ല എന്നതാണു വസ്തുത. ഇതില്‍ കുറെ മാറ്റം വന്നിട്ടുള്ളത് പുതിയ തലമുറയിലാണ്. സോഷ്യല്‍ മീഡിയായുടെ സ്വാധീനമാണതിനു കാരണം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഒ പി യില്‍ കാണാന്‍ വരുന്ന ആളുകളില്‍ നല്ലൊരു ഭാഗം മുപ്പത് വയസ്സിനു താഴെയുള്ളവരാണ്. കൗമാരക്കാരും സൈക്യാട്രി ഒ പി യില്‍ ധാരാളമായി വരുന്നു.
സ്‌ട്രെസ് ഉണ്ടെങ്കിലാണ് നാം കര്‍മ്മനിരതരാകുക. എന്തെങ്കിലും കാര്യം ചെയ്യാനുണ്ട്, അതു നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്ന ബോധമാണ് ഈ നിലയിലുള്ള സ്‌ട്രെസ്. ഈ സ്‌ട്രെസ് ഡിസ്‌ട്രെസാകുമ്പോഴാണ് അതു നമ്മെ ദോഷകരമായി ബാധിക്കുക.
ചെറിയ മാനസികസംഘര്‍ഷങ്ങള്‍, ഉറക്കമില്ലായ്മ, ആകാംക്ഷ, ജോലിയിലെ സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വിദഗ്ധാഭിപ്രായം തേടി അവര്‍ സൈക്യാട്രിസ്റ്റുകളെ സമീപിക്കുന്നു. പഴയ തലമുറയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യത്യാസം കാണുന്നുണ്ട്. പഴയ തലമുറ മാനസികസംഘര്‍ഷം വരുമ്പോള്‍ അത് അടക്കിവയ്ക്കാനാണു നോക്കുക. കുറെയൊക്കെ സ്വയമേവ മാറിപ്പോകും. പക്ഷേ ഒരു വിഭാഗം ആളുകളില്‍ അതു മാനസികരോഗമായിത്തീരും. പുതിയ തലമുറയില്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ട്. ലിംഗഭേദവും ഇതിനില്ല. പുതുതലമുറയിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോല മനോരോഗചികിത്സകരെ തേടി വരുന്നു.
മുപ്പതു വയസ്സിനു മുകളിലുള്ളവരാണല്ലോ നമ്മുടെ ജനസംഖ്യയില്‍ നല്ലൊരു ഭാഗവും. അവര്‍ ഇപ്പോഴും മാനസികാരോഗ്യവിഷയത്തില്‍ ഡോക്ടര്‍മാരെ സമീപിക്കാന്‍ മടിക്കുന്നു എന്നത് നമ്മുടെ സമൂഹത്തെ എപ്രകാരമാണു ബാധിക്കുക?
അതൊരു പ്രശ്‌നം തന്നെയാണ്. നാമെല്ലാവരും സ്‌ട്രെസ് നേരിടുന്നുണ്ട്. സ്‌ട്രെസ് ഉണ്ടെങ്കിലാണ് നാം കര്‍മ്മനിരതരാകുക. എന്തെങ്കിലും കാര്യം ചെയ്യാനുണ്ട്, അതു നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്ന ബോധമാണ് ഈ നിലയിലുള്ള സ്‌ട്രെസ്. ഈ സ്‌ട്രെസ് ഡിസ്‌ട്രെസാകുമ്പോഴാണ് അതു നമ്മെ ദോഷകരമായി ബാധിക്കുക. അതു മാനസികരോഗമായി മാറും.
ഉദാഹരണത്തിനു, ചിലര്‍ക്കു അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍ വരാം. പുതിയതായി ഒരു ജോലിക്കു കയറുമ്പോള്‍ നമ്മളുദ്ദേശിച്ച പോലെയല്ല സാഹചര്യങ്ങള്‍ എന്നു വരുമ്പോള്‍ അതു മനസ്സിനെ ബാധിക്കുന്നത് ഒരുദാഹരണം. പുതിയ സാഹചര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ അതൊരു ഡിസ്‌ട്രെസായി മാറുന്നു. അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍, ഒരു പ്രൊഫഷണല്‍ സഹായം തേടുന്നില്ലെങ്കില്‍ അടുത്ത പടി വിഷാദാവസ്ഥയായിരിക്കാം. അല്ലെങ്കില്‍ ലഹരിമരുന്നുകള്‍ക്ക് അടിപ്പെടാം. മദ്യം, പുകവലി എന്നിവയൊക്കെ ഒരു പടിവാതില്‍ ആകുന്നു. അതു തുറന്ന് കയറുന്നവര്‍ മറ്റു മയക്കുമരുന്നുകളിലേക്കും കടക്കാം.
യഥാര്‍ഥ ലോകവുമായുള്ള ബന്ധം ഗെയിമുകള്‍ മൂലം കുട്ടികള്‍ക്കു നഷ്ടപ്പെടുന്നു. ഇല്ലാത്ത ആളുകളെ സങ്കല്‍പിക്കുക, ശബ്ദങ്ങള്‍ കേള്‍ക്കുക, മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നു കരുതുക തുടങ്ങിയ മാനസികാവസ്ഥകള്‍ കുട്ടികളില്‍ സൃഷ്ടിക്കുകയാണു ഗെയിമുകള്‍.
പ്ലസ് ടു വരെ സമൂഹവുമായി വലിയ ബന്ധം കുട്ടികള്‍ക്കു ഉണ്ടാകുന്നില്ല. അവിടെ നിന്നു പ്രൊഫഷണല്‍ കോളേജുകളിലേക്കു വരുമ്പോള്‍ പൊതുസമൂഹവുമായുള്ള ബന്ധം വര്‍ധിക്കുന്നു. ചില കുട്ടികളില്‍ അത് ഡിപ്രഷനോ അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നമോ ആയി മാറാം. പഠന കാര്യങ്ങളെ ഇതു ബാധിക്കുമ്പോള്‍ പ്രശ്‌നം പിന്നെയും ഗുരുതരമാകുകയും ആത്മഹത്യാപ്രവണതയിലേക്കും മറ്റും നയിക്കുകയും ചെയ്യാം. ഡിസ്‌ട്രെസ് വരുമ്പോള്‍ തന്നെ ഡോക്ടറുടെ സഹായം തേടിയാല്‍ അതു മാനസികരോഗമായി മാറാതെ നോക്കാം. എല്ലാവരുടെയും മനസ്സുകള്‍ ഒരുപോലെയല്ല എന്നതും ഓര്‍ക്കണം. ലോലമായ മനസ്സുള്ളവര്‍ക്ക് ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനു കൗണ്‍സിലിംഗും മറ്റും സഹായിക്കും. ചിലര്‍ക്കു മരുന്നുകളും വേണ്ടി വന്നേക്കാം. കുറച്ചു നാള്‍ കൊണ്ട് ഈ പ്രശ്‌നങ്ങളെ തരണം ചെയ്യാനും പിന്നീട് ജീവിതവിജയം ആര്‍ജിക്കാനും ഇവര്‍ക്കു സാധിക്കും.
ശാരീരിക രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നറിയുന്ന അത്രയും വ്യക്തമായി മാനസികരോഗബാധ തിരിച്ചറിയാന്‍ കഴിയാറില്ലല്ലോ. മാനസികരോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ പ്രസക്തി ഈ പശ്ചാത്തലത്തില്‍ എത്രത്തോളം ഉണ്ട്? ഇക്കാര്യത്തില്‍ നാം ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ട്?
പുതിയ തലമുറയ്ക്ക് ഈ വിഷയത്തില്‍ കുറെക്കൂടി വ്യക്തത ഉണ്ടെന്നു സൂചിപ്പിച്ചല്ലോ. കോളേജ് വിദ്യാര്‍ഥികളായ ധാരാളം പേര്‍ ജനറല്‍ ആശുപത്രിയിലെ മനശ്ശാസ്ത്രവിഭാഗത്തില്‍ വരാറുണ്ട്. വരുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കിട്ടുന്നതായും അവര്‍ക്കനുഭവപ്പെടുന്നുണ്ട്. എന്നാല്‍ മുപ്പതു വയസ്സിനുമുകളിലുള്ളവര്‍ ഇപ്പോഴും മാനസികപ്രശ്‌നങ്ങള്‍ അവരവരില്‍ തന്നെ ഒതുക്കി വയ്ക്കുകയാണ്. അതിന്റെ കുഴപ്പങ്ങളും നമ്മുടെ സമൂഹം നേരിടുന്നു. പക്ഷേ, ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനുള്ള ധാരാളം പരിപാടികള്‍ സര്‍ക്കാരുള്‍പ്പെടെ നടത്തിവരുന്നുണ്ട്.
2017 ല്‍ മാനസികാരോഗ്യനിയമം നടപ്പില്‍ വന്നു. കര്‍ക്കശമായ നിയമമാണത്. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുളളതാണ്
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഒ പി യില്‍ കാണാന്‍ വരുന്ന ആളുകളില്‍ നല്ലൊരു ഭാഗം മുപ്പത് വയസ്സിനു താഴെയുള്ളവരാണ്. കൗമാരക്കാരും സൈക്യാട്രി ഒ പി യില്‍ ധാരാളമായി വരുന്നു. ചെറിയ മാനസികസംഘര്‍ഷങ്ങള്‍, ഉറക്കമില്ലായ്മ, ആകാംക്ഷ, ജോലിയിലെ സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വിദഗ്ധാഭിപ്രായം തേടി അവര്‍ സൈക്യാട്രിസ്റ്റുകളെ സമീപിക്കുന്നു.
ആ നിയമം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നു എന്നതാണ് ഈ നിയമം കൊണ്ടുണ്ടായിരിക്കുന്ന പ്രകടമായ ഒരു മാറ്റം. മുമ്പ് അതുണ്ടായിരുന്നില്ല.
ജില്ലാ മാനസികാരോഗ്യപരിപാടി എന്ന പേരില്‍ എല്ലാ ജില്ലകളിലും സര്‍ക്കാരിന്റെ പദ്ധതി നടന്നു വരുന്നുണ്ട്. സ്‌കൂളുകളിലെ ആരോഗ്യപരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെയും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
കേരളീയ സമൂഹത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന മാനസിക രോഗാവസ്ഥ എന്താണ്?
ലോകത്തിലാകെ നോക്കിയാല്‍ തന്നെ ഏറ്റവുമധികം പേര്‍ നേരിടുന്നതു വിഷാദരോഗമാണ്. നൂറില്‍ പതിനേഴു പേര്‍ക്ക് വിഷാദരോഗാവസ്ഥയുണ്ടെന്നാണ് കണക്ക്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാന മാക്കിയാണ് ഒരാള്‍ക്കു വിഷാദരോഗം ഉണ്ടോ എന്നു നിര്‍ണ്ണയിക്കുന്നത്. അങ്ങനെ നിര്‍ണ്ണയിച്ചിട്ടുള്ളവരുടെ എണ്ണമാണ് ഇത്. കേരളത്തിലെ ശരാശരി ഇതിനേക്കാള്‍ അധികമായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
30 നു താഴെ പ്രായമുള്ളവരില്‍ ക്ഷമയുടെ അപര്യാപ്തത വളരെ പ്രകടമാണ്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
എന്തുകൊണ്ടായിരിക്കും വിഷാദരോഗം ഇത്രയധികം പേര്‍ക്കു വരുന്നത്?
ഒന്ന് ജനിതകകാരണങ്ങളാണ്. അച്ഛനോ അമ്മക്കോ ഈ അസുഖമുണ്ടെങ്കില്‍ മക്കള്‍ക്കു വരാനുള്ള സാധ്യത കൂടുതലാണ്. പാരിസ്ഥിതികസ്വാധീനമാണ് അതിനടുത്തത്. ചുറ്റുമുള്ള ആളുകളും സാഹചര്യവും ഈ രോഗത്തിനു കാരണമായേക്കാം. ജനിതകമായി
ഈ രോഗം വരാനുള്ള സാധ്യതയുണ്ടായിരിക്കുകയും സാഹചര്യങ്ങള്‍ അതിനെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന തരത്തിലാകുകയും ചെയ്യുമ്പോള്‍ രോഗം പ്രകടമാകുന്നു.
ജോലി നഷ്ടപ്പെടുക, ജീവിത പങ്കാളിയോ മക്കളോ മരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും വിഷാദരോഗം പിടിപെടാം. അടുത്തത്, നേരത്തെ സൂചിപ്പിച്ച അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറാണ്. പുതിയൊരു സാഹചര്യം വരുന്നു, അതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല, അതു വിഷാദരോഗം സൃഷ്ടിക്കുന്നു.
ഇതെല്ലാം കൂടിക്കലരുന്ന കാരണമാണ് മദ്യപാനവും ലഹരിയുപയോഗവും കൂടുന്നത്. മദ്യത്തിനും ലഹരിക്കും അടിമകളായവരില്‍ മൂലകാരണമായി വിഷാദരോഗം ഉണ്ടാകാനിടയുണ്ട്.
മൊബൈല്‍ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വന്‍പ്രചാരം മൂലമുണ്ടായിരിക്കുന്ന പുതിയ മാനസികപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വിഷയങ്ങളുമായി ചികിത്സയ്‌ക്കെത്തുന്നവരുണ്ടോ?
കൗമാരക്കാരില്‍ ഈ പ്രശ്‌നം ഉണ്ട്. ഇതിനൊരു പ്രധാന കാരണം കോവിഡ് കാലമാണ്. 2020 ല്‍ കോവിഡ് വന്ന്, എല്ലാവരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നപ്പോള്‍ ആകെയുണ്ടായിരുന്ന വിനോദോപാധി ഫോണും ടി വി യും ആയിരുന്നു. ഇവയുടെ അമിതമായ ഉപയോഗം ഇവരെ ആസക്തിയിലേക്കു (addiction) നയിച്ചു.
നാം ദിനചര്യകള്‍ തെറ്റിച്ചുകൊണ്ട് ഒരു കാര്യം ചെയ്യുമ്പോഴാണ് അത് ആസക്തിയാണ് എന്നു നിര്‍ണ്ണയിക്കപ്പെടുന്നത്. ഫോണ്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. പക്ഷേ ജോലി, ഉറക്കം, ആഹാരം തുടങ്ങിയവയൊക്കെ തടസ്സപ്പെടുത്തി ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ ആസക്തി എന്നു പറയാം.
ഫോണ്‍ അഡിക്ഷന്‍ എന്നതു ഗെയിമുകളുടെയും സോഷ്യല്‍ മീഡിയായുടെയും ഉപയോഗം വഴിയുണ്ടാകുന്നതാണ്. ഇപ്പോള്‍ എല്ലാവരും റീല്‍സ് കാണുന്നവരാണ്. പത്തോ പതിനഞ്ചോ സെക്കന്റാണ് ഒരു റീല്‍ കാണുന്നത്. അതിനപ്പുറത്തേക്കു പോയാല്‍ നമുക്കതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. നാം അടുത്ത റീലിലേക്കു പോകുന്നു. ഇവിടെ നമ്മുടെ ശ്രദ്ധയുടെ അപര്യാപ്തത സംഭവിക്കുന്നു.
കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കാന്‍ സോഷ്യല്‍ മീഡിയ ഇടയാക്കിയിട്ടുണ്ട്. കഞ്ചാവ് പ്രകൃതിദത്തമാണ്, ചെടിയാണ്, അതുകൊണ്ട് അപകടകാരിയല്ല എന്നൊരു സന്ദേശം പരക്കുന്നു. ഈ തെറ്റായ സന്ദേശം ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടതു സോഷ്യല്‍ മീഡിയായിലൂടെയാണ്.
ഇപ്പോള്‍ ഒ ടി ടി യില്‍ ധാരാളം സിനിമകള്‍ വരുന്നുണ്ട്. ഇതില്‍ മുഴുവന്‍ സിനിമയും കാണുന്നവരുടെ എണ്ണം തീരെ കുറഞ്ഞു വരുന്നു. എല്ലാവരും ഫാസ്റ്റ് ഫോര്‍വേഡ് ചെയ്ത് ക്ലൈമാക്‌സ് എന്താണെന്നറിയാന്‍ ശ്രമിക്കുകയാണ്. ഫോണില്‍ വരുന്നതെല്ലാം ഓടിച്ചോടിച്ചു കാണുന്നു. നമുക്കു ക്ഷമയില്ലാതെ വരികയാണ്. ഈ ക്ഷമ എന്ന ഘടകമാണ് ഈ കോവിഡ് കാലം കൊണ്ടു നശിച്ചു പോയത്.
സോഷ്യല്‍ മീഡിയായുടെ ഗുണഫലങ്ങള്‍ നാം നേരത്തെ പറഞ്ഞു. പുതിയ ധാരാളം അറിവുകള്‍ കിട്ടുന്നു. പക്ഷേ ഇതിന്റെ ദോഷം, കിട്ടുന്ന എല്ലാ അറിവുകളും നല്ലതല്ല എന്നതാണ്. കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കാന്‍ സോഷ്യല്‍ മീഡിയ ഇടയാക്കിയിട്ടുണ്ട്. കഞ്ചാവ് പ്രകൃതിദത്തമാണ്, ചെടിയാണ്, അതുകൊണ്ട് അപകടകാരിയല്ല എന്നൊരു സന്ദേശം പരക്കുന്നു.
ഈ തെറ്റായ സന്ദേശം ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടതു സോഷ്യല്‍ മീഡിയായിലൂടെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ തന്നെയാണ്
ഈ പ്രചാരണത്തിനു പിന്നില്‍. പ്രകൃതിദത്തമായ ചെടിയില്‍ നിന്നുള്ളതായതുകൊണ്ട് പ്രശ്‌നങ്ങളില്ല എന്ന തെറ്റിദ്ധാരണ വ്യാപകമായി പരക്കാന്‍ സോഷ്യല്‍ മീഡിയ ഇടയാക്കി. ഇതിന്റെ പ്രശ്‌നങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമേ കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ.
രാസലഹരിമരുന്നുപയോഗം ഗണ്യമായി ഉയര്‍ന്നതും സോഷ്യല്‍ മീഡിയ മൂലമാണ്. മദ്യവും പുകയിലയും ഉള്‍പ്പെടെ എല്ലാ ലഹരിപദാര്‍ഥങ്ങളും അപകടകരമാണ്. അവയില്‍ തന്നെ എം ഡി എം എ പോലെയുള്ള സിന്തറ്റിക് മരുന്നുകള്‍ ഒന്നോ രണ്ടോ കൊല്ലം കൊണ്ടു തന്നെ തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കി, മാനസികരോഗിയാക്കി, അപകടാവസ്ഥയിലെത്തിക്കുന്നു.
വളരുന്ന തലമുറയുടെ മാനസികാരോഗ്യത്തിന്റെ സ്ഥിതി എന്താണ്? രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
രക്ഷിതാക്കളും അധ്യാപകരും ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന തെറ്റായ അറിവുകള്‍ മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ട്. ലൈംഗികചൂഷണത്തെക്കുറിച്ച് ധാരാളം ബോധവല്‍ക്കരണം ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ.
ഗുഡ് ടച്ച്, ബാഡ് ടച്ച് തുടങ്ങിയ മാനദണ്ഡങ്ങള്‍ നല്ല രീതിയില്‍ പ്രചരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഫോണിന്റെയും ഗെയിംസിന്റെയും ഒക്കെ ദോഷഫലങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികള്‍ക്കിടയില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഗെയിമുകളോടുള്ള ആസക്തി കുട്ടികള്‍ക്കിടയില്‍ വളരെ അധികമാണ്. യഥാര്‍ഥ ലോകവുമായുള്ള ബന്ധം ഗെയിമുകള്‍ മൂലം കുട്ടികള്‍ക്കു നഷ്ടപ്പെടുന്നു. ഇല്ലാത്ത ആളുകളെ സങ്കല്‍പിക്കുക, ശബ്ദങ്ങള്‍ കേള്‍ക്കുക, മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നു കരുതുക തുടങ്ങിയ മാനസികാവസ്ഥകള്‍ കുട്ടികളില്‍ സൃഷ്ടിക്കുകയാണു ഗെയിമുകള്‍. തലച്ചോറിനെ ഗെയിമുകള്‍ ദുഃസ്വാധീനത്തിനു വിധേയമാക്കുന്നു. ഇതിനെയാണു നമ്മള്‍ സൈക്കോട്ടിക് അവസ്ഥ എന്നു പറയുന്നത്. ഈ അവസ്ഥയിലെത്തിയാല്‍ മാനസികരോഗിയായി മാറി എന്നാണര്‍ഥം. പിന്നെ കൗണ്‍സിലിംഗ് കൊണ്ടു മാത്രം കാര്യമില്ല. മരുന്നുപയോഗിച്ചുള്ള ചികിത്സ ആവശ്യമായി വരും.
ഇപ്പോള്‍ എല്ലാവരും റീല്‍സ് കാണുന്നവരാണ്. പത്തോ പതിനഞ്ചോ സെക്കന്റാണ് ഒരു റീല്‍ കാണുന്നത്. അതിനപ്പുറത്തേക്കു പോയാല്‍ നമുക്കതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. നാം അടുത്ത റീലിലേക്കു പോകുന്നു. ഇവിടെ നമ്മുടെ ശ്രദ്ധയുടെ അപര്യാപ്തത സംഭവിക്കുന്നു.
കേരളത്തില്‍ ആത്മഹത്യകള്‍ പെരുകുന്നുണ്ടോ? അതിനുള്ള കാരണങ്ങളും പ്രതിരോധമാര്‍ഗങ്ങളും എന്തൊക്കെയാണ്?
സ്ഥിതിവിവരകണക്കുകള്‍ പരിശോധിച്ചാല്‍ ആത്മഹത്യകള്‍ കൂടുതല്‍ നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ദേശീയ കുടുംബാരോഗ്യസര്‍വേയുടെ കണക്കുകള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ വിഷങ്ങളുടെ ലഭ്യത കൂടുതലുണ്ട്. അത് ആത്മഹത്യയ്ക്ക് ഉപയോഗിക്കുന്നു.
കേരളത്തിലെ ആത്മഹത്യ പ്രവണതയും എണ്ണവും കുറവാണ് എന്ന അര്‍ഥത്തിലല്ല ഇതു പറഞ്ഞത്. ആത്മഹത്യാപ്രതിരോധം ശക്തമായി നടത്തേണ്ടതുണ്ട്.
മതവിശ്വാസവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം ആലോചിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. മനസ്സ് എന്നു പറയുന്നതു നമ്മുടെ ചിന്തകളാണ്. നമുക്കുണ്ടാകുന്ന ചിന്തകള്‍ എല്ലാം നമ്മെ സന്തോഷിപ്പിക്കുന്നവയല്ല. നമുക്കൊരു വിഷമം വരുമ്പോള്‍, നമ്മെ താങ്ങാനൊരു ശക്തിയുണ്ട് എന്ന വിശ്വാസം ഗുണപ്രദമാണ്. ആത്മഹത്യ ചെയ്യുന്നവരുടെ മതവിശ്വാസം നോക്കിയാല്‍, ക്രൈസ്തവരുടെ ഇടയില്‍ ആത്മഹത്യ കുറവാണ്. മുസ്ലീങ്ങള്‍ക്കിടയിലും കുറവാണ്. മതവിശ്വാസവും ആത്മഹത്യ പാപമാണെന്ന ചിന്തയുമാണ് ഇതിനു കാരണം.
തലച്ചോറിനെ ഗെയിമുകള്‍ ദുഃസ്വാധീനത്തിനു വിധേയമാക്കുന്നു. ഇതിനെയാണു നമ്മള്‍ സൈക്കോട്ടിക് അവസ്ഥ എന്നു പറയുന്നത്. ഈ അവസ്ഥയിലെത്തിയാല്‍ മാനസികരോഗിയായി മാറി എന്നാണര്‍ഥം. പിന്നെ കൗണ്‍സിലിംഗ് കൊണ്ടു മാത്രം കാര്യമില്ല. മരുന്നുപയോഗിച്ചുള്ള ചികിത്സ ആവശ്യമായി വരും.
ഇന്നത്തെ യുവാക്കള്‍ കൂടുതല്‍ മാനസികസമ്മര്‍ദം നേരിടുന്നുണ്ടോ? അതിനെന്തെങ്കിലും കാരണമുണ്ടോ?
ഉണ്ട്. 30 നു താഴെ പ്രായമുള്ളവരില്‍ ക്ഷമയുടെ അപര്യാപ്തത വളരെ പ്രകടമാണ്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിച്ചാണ് കുട്ടികള്‍ വളരുന്നത്. യാതൊന്നും അവരായിട്ടു സമ്പാദിക്കുന്നതല്ല. മാതാപിതാക്കള്‍ സമ്മാനിക്കുന്നതാണ്. അതെല്ലാം സൗജന്യമായി അനുഭവിച്ചു വളര്‍ന്നു വരുന്ന കുട്ടികള്‍ പുതിയ സാഹചര്യങ്ങളിലേക്കു വരുമ്പോള്‍ നിരാശരാകുന്നു.
നമ്മുടെ ജനനനിരക്കു തന്നെ വളരെയധികം താഴോട്ടു പോയി. ഗണ്യമായൊരു വിഭാഗം മലയാളികള്‍ക്കു കുട്ടികള്‍ ജനിക്കുന്നതു വിദേശരാജ്യങ്ങളിലാണ്. കുടിയേറ്റക്കാരുടെ കുട്ടികള്‍ നാട്ടിലെ കുട്ടികളാകുന്നില്ല. അല്ലാതെയും ജനനനിരക്കു കുത്തനെ താഴ്ന്നിട്ടുണ്ട്. പുതുതലമുറ പഠനാവശ്യത്തിനായി കുടിയേറുകയും ചെയ്യുന്നു. ഇതു നാട്ടിലുള്ളവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രായമായ ദമ്പതിമാര്‍ തനിച്ചു കഴിയുന്ന വീടുകളുടെ എണ്ണം വളരെയേറെ വര്‍ധിച്ചു. അവരില്‍ വാര്‍ധക്യസഹജമായ വിഷാദരോഗവും മറ്റു രോഗാവസ്ഥകളും ഉണ്ടാകുന്നു.
പഠിക്കാനായി ചെറിയ പ്രായത്തില്‍ കുടിയേറുന്ന കുട്ടികളുടെ അവിടത്തെ അവസ്ഥയെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ നമുക്കു ലഭ്യമല്ല. അതുകൊണ്ട് അതേക്കുറിച്ച് അസന്ദിഗ്ധമായി നമുക്കൊന്നും പറയാനാവില്ല. എന്നാല്‍ അവരില്‍ കുറെ പേരെങ്കിലും ഒറ്റയ്ക്കു ജീവിക്കുമ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാനും കുറ്റകൃത്യങ്ങളിലേര്‍പ്പെടാനും സാധ്യതയുണ്ട് എന്ന നിഗമനമാണ് എനിക്കുള്ളത്.