വലിയ രൂപതയുടെ കൊച്ചു പിതാവ്

വലിയ രൂപതയുടെ കൊച്ചു പിതാവ്
  • ബിഷപ് ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപറമ്പില്‍

  • സഹായമെത്രാന്‍, വിജയപുരം രൂപത

  • എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനേഷന്‍: ഫെബ്രുവരി 12, 2024

  • വിമലഗിരി കത്തീഡ്രല്‍ ഉച്ചയ്ക്ക് 2.30 ന്

വിജയപുരം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയാണ് ബിഷപ് ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപറമ്പില്‍.
അഞ്ചുവര്‍ഷമായി രൂപത വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. രൂപതയിലെ പാമ്പനാര്‍ തിരുഹൃദയ ഇടവകാംഗമാണ്. ഇടവകയിലെ കപ്യാരായി ജോലി ചെയ്യുന്ന അലക്‌സാണ്ടറും പരേതയായ തെരേസയും ആണ് മാതാപിതാക്കള്‍.
ആലുവ സെമിനാരിയില്‍ വൈദീക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ നിന്ന് ലിറ്റര്‍ജിയില്‍ ലൈസന്‍ഷ്യേറ്റും ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. വൈദീകനായതിനുശേഷം 11 വര്‍ഷം ഇറ്റലിയില്‍ സേവനം ചെയ്തു.
1930 ലാണ് വരാപ്പുഴ അതിരൂപത വിഭജിച്ച് വിജയപുരം രൂപത സ്ഥാപിതമായത്. 1971 ല്‍ സ്ഥാനമേറ്റ ആര്‍ച്ചുബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലാണ് വിജയപുരം രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാന്‍. കോട്ടയം, ഇടുക്കി ജില്ലകള്‍ മുഴുവനായും ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയില്‍ ഉള്‍പ്പെടുന്നു. സ്ഥലവിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ രൂപത. ബിഷപ്പ് ഡോക്ടര്‍ സെബാസ്റ്റ്യന്‍ തെക്കെതെച്ചേരില്‍ ആണ് ഇപ്പോള്‍ രൂപതയുടെ അധ്യക്ഷന്‍.
  • ബിഷപ് മഠത്തിപറമ്പില്‍, സത്യദീപത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

Q

കേരളത്തിലെ ഏറ്റവും വലിയ രൂപതയാണല്ലോ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ വിജയപുരം രൂപത, വികാരി ജനറാളായി രൂപതയെ അങ്ങ് അടുത്തറിയുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെയാണ് വിജയപുരം രൂപതയുടെ സാധ്യതകള്‍, എന്തൊക്കെയാണ് വെല്ലുവിളികള്‍ ?

A

ബാല്യകൗമാരദിശകള്‍ പിന്നിട്ട് യൗവ്വനത്തിന്റെ പൂര്‍ണ്ണ പ്രസരിപ്പും ഊര്‍ജവും ഉള്‍ക്കൊണ്ടിരിക്കുന്ന കാലയളവിലൂടെയാണ് വിജയപുരം രൂപത ഇപ്പോള്‍ അജപാലനശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള പുരോഗതിയുടെയും വളര്‍ച്ചയുടെയും അവസ്ഥയെ കൂടുതല്‍ ചലനാത്മകമായി മുന്നോട്ടു നയിക്കാനാണ് രൂപത പരിശ്രമിക്കുന്നത്.

പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു വരുന്നുണ്ടെങ്കിലും രൂപതാംഗങ്ങളുടെ സാമൂഹികസാമ്പത്തികവിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടരുന്നുവെന്നത് ഒരു വെല്ലുവിളിയാണ്. കൂട്ടായ പരിശ്രമത്തിലൂടെ 840 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും ഭൂരഹിതരും ഭവനരഹിതരുമായി ഇനിയും ജനങ്ങളുണ്ട്. അതുപോലെ ദളിത് ക്രൈസ്തവരുള്‍പ്പെടെയുള്ള ലത്തീന്‍ സമൂഹം അവഗ ണിക്കപ്പെടുന്നതും പുറംന്തള്ളപ്പെടുന്നതും വേദനാജനകമായ ഒരു അവസ്ഥയാണ്. എല്ലാ മേഖലകളിലും സമഗ്രമായ മുന്നേറ്റത്തിന്റെ അനന്തസാധ്യതകള്‍ രൂപത തിരിച്ചറിയുന്നുണ്ട്.

Q

വിജയപുരം രൂപത വിദേശമിഷണറിമാരുടെ സേവനം ധാരാളം സ്വീകരിച്ചിട്ടുണ്ട്. കൊര്‍ണേലിയൂസ് പിതാവിന്റെ കാലം വരെ മെത്രാന്മാരായും അവര്‍ ഉണ്ടായിരുന്നു. ഇന്ന് മിഷണറിമാരുടെ സേവനം തിരികെ വിദേശരാജ്യങ്ങള്‍ക്കു നല്‍കാന്‍ രൂപത വളര്‍ന്നിട്ടുണ്ടോ?

A

മിഷന്‍ ചൈതന്യത്തെ നെഞ്ചിലേറ്റി ജീവിക്കുന്നവരാണ് രൂപതയിലെ വൈദീക സന്യസ്തഗണവും അല്‍മായരും. മിഷനറിമാരുടെ ത്യാഗത്താല്‍ പടുത്തുയര്‍ത്തപ്പെട്ട ഈ രൂപതയിലെ വൈദീകര്‍ സ്‌പെയിനിലും യൂറോപ്പിലുമൊക്കെ അജപാലനശുശ്രൂഷ ചെയ്യുന്നുവെന്നത് സന്തോഷകരമാണ്.

Q

വികാരി ജനറാള്‍ എന്ന വിധത്തിലുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

A

ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് പരിശുദ്ധ വിമലഗിരി മാതാവിന്റെ തിരുസ്വരൂപ പ്രയാണം 84 ഇടവകകളിലൂടെ നടത്തിയതും എല്ലായിടത്തും ദിവ്യബലിയര്‍പ്പിച്ച് അവരോടൊപ്പമായിരുന്നതും വികാരി ജനറലായി സ്ഥാനമേറ്റതിനുശേഷമുള്ള ആദ്യ ദൈവാനുഭവമായിരുന്നു. തുടര്‍ന്ന് 2018 ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരി കാലത്തും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൊറ്റിയോടൊപ്പം ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതും സ്മരണയില്‍ വരുന്നുണ്ട്.

Q

മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ? ഈ സ്ഥാനത്തേക്കു ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു മനസ്സിലെ ആദ്യ പ്രതികരണം?

A

വികാരി ജനറാളായി അഭിവന്ദ്യ പിതാവിനോടൊപ്പം ശുശ്രൂഷ ചെയ്യുമ്പോള്‍ ഈ നിയോഗം ഒരിക്കലും പ്രതീക്ഷിക്കുകയില്ല. ഏതു വൈദീകനും മെത്രാന്‍ പദവിയിലേക്കു പരിശുദ്ധാത്മാവിന്റെ ഇംഗിതമനുസരിച്ച് വിളിക്കപ്പെടാവുന്നതാണ്. നിയോഗമറിഞ്ഞപ്പോള്‍ ഒരു ഉള്‍ഭയവും ആശങ്കയും അനുഭവപ്പെട്ടു.

Q

മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?

A

'To encounter the other in Love' 'സ്‌നേഹത്തില്‍ അപരനെ കണ്ടുമുട്ടുവാന്‍' എന്നതാണ് ആപ്തവാക്യം. 'നമ്മുടെ കര്‍ത്താവ് എല്ലാവരെയും സ്‌നേഹത്തോടെയാണല്ലോ കണ്ടുമുട്ടിയത്. പ്രായം കുറവാണെങ്കിലും മറ്റുള്ളവര്‍ക്ക് പിതൃതുല്യമായ സ്‌നേഹവും വാത്സല്യവും പകര്‍ന്നു നല്‍കാന്‍ കഴിയണം' എന്ന അഭിവന്ദ്യ സെ ബാസ്റ്റ്യന്‍ പിതാവിന്റെ പ്രഥമനിര്‍ദേശവും എന്നെ സ്വാധീനിച്ചു.

Q

അങ്ങയുടെ പിതാവ് ദൈവാലയശുശ്രൂഷിയായി സേവനം ചെയ്യുന്നയാളാണല്ലോ. കുടുംബം, അങ്ങയുടെ പൗരോഹിത്യത്തിലേക്കുള്ള വിളിയെ എങ്ങനെയാണു സ്വാധീനിച്ചത്? സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍, ലക്ഷ്യങ്ങള്‍?

A

ഇടവക ദൈവാലയത്തോട് ഏറ്റം സമീപത്തുള്ള ആദ്യത്തെ ഭവനമാണ് ഞങ്ങളുടേത്. സ്വാഭാവി കമായും എല്ലാ വൈദീകരുമായും സന്യസ്തരുമായും ഗാഢബന്ധം പുലര്‍ത്തിയത് എന്റെ പൗരോഹിത്യ ദൈവവിളിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ അമ്മ മുണ്ടക്കയം മൈക്കോളജി സി എസ് എസ് റ്റി സമൂഹത്തിലെ ഒരു അന്തേവാസിയായിരുന്നതുകൊണ്ട് സന്യസ്തരോടും വലിയ ബന്ധം സൂക്ഷിച്ചിരുന്നു. ഇതൊക്കെ സ്വാധീനത്തിന്റെ ഘടകങ്ങളായി തീര്‍ന്നിട്ടുണ്ട്. അപ്പന്‍ കത്തിച്ച തിരികളുടെ വെളിച്ചവും തെളിച്ചവും സ്വര്‍ഗത്തിലിരുന്നുകൊണ്ടുള്ള അമ്മയുടെ പ്രാര്‍ത്ഥനകളുമൊക്കെയാണ് എന്റെ പൗരോഹിത്യ ജീവിതത്തിനു ശക്തി പകരുന്നത്.

ഒരു വൈദീകനാകണമെന്നു മാത്രമായിരുന്നു സെമിനാരിയില്‍ ചേരുമ്പോള്‍ ആശിച്ചിരുന്നത്. ഒരു വിശുദ്ധനായ വൈദീകനാകണമെന്ന സ്വപ്‌നമാണ് പിന്നീടു ഉണ്ടായത്.

Q

സഭയിലെ അല്‍മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? അല്‍മായ പങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?

A

അല്‍മായര്‍ ജ്ഞാനസ്‌നാനത്തിലൂടെ പൊതു പൗരോഹിത്യത്തില്‍ പങ്കാളികളാവുന്നതിന്റെ ബലം തിരിച്ചറിയണം. സഭയോടുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി വിശ്വാസത്തിന്റെ ഉജ്ജ്വല പോരാളികളാകണം. ക്രിസ്തീയ ധര്‍മ്മങ്ങള്‍ സ്വീകരിച്ച് ശുശ്രൂഷാ നേതൃത്വത്തിലേക്കു അവര്‍ കടന്നുവരണം.

Q

സിനഡാലിറ്റിയാണല്ലോ ആഗോളസഭയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. കേരളസഭയും നമ്മുടെ രൂപതകളും സിനഡാലിറ്റിയില്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടോ? അതിനായി എന്തൊക്കെ ചെയ്യേണ്ടതുണ്ട് ?

A

സിനഡാലിറ്റി എന്ന പുതിയ ആശയം ആഴത്തില്‍ പഠനവിഷയമാക്കേണ്ടതുണ്ട്. ഒരുമിച്ചുള്ള മുന്നേറ്റവും തീര്‍ത്ഥാടനവും ഒരുമിച്ചിരുന്നു സംവദിക്കാനുള്ള തുറവിയും ഇനിയുമുണ്ടാകാനുണ്ട്.

Q

വൈദീക ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? വിജയപുരം രൂപതയുടെ സ്ഥിതി എന്താണ്?

A

ദൈവവിളിയുടെ കാര്യത്തില്‍ പൊതുവേ ഏറ്റക്കുറച്ചിലുകള്‍ കാണാം. എന്നാല്‍ രൂപതയ്ക്ക് ഇക്കാ ര്യത്തില്‍ ഇതുവരെ ഒരു സന്തുലിതാവസ്ഥ സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 5 രൂപതാ വൈദീകരും 3 സന്യസ്തവൈദീകരും പൗരോഹിത്യാഭിഷേകം സ്വീകരിച്ചുവെന്നത് വലിയ ദൈവകൃപയാണ്.

Q

സിസ്റ്റര്‍മാരാകാനുള്ള ദൈവവിളികള്‍ ആശങ്കാജനകമായ വിധത്തില്‍ കുറയുന്നതായിട്ടാണ് പറയുന്നത്. എന്തൊക്കെയാകാം അതിനു കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയും?

A

ആഗോള സഭയില്‍ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണിത്. കുടുംബങ്ങളില്‍ സംഭവിച്ചുകൊ ണ്ടിരിക്കുന്ന ആത്മീയജീവിതശോഷണം ഒരു പ്രധാനകാരണമായി തോന്നുന്നു. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ബലക്കുറവും പുതിയ തലമുറയില്‍ ദൃശ്യമാണ്.

Q

മെത്രാനെന്നെ നിലയില്‍ താങ്കള്‍ ഭാരതസഭയുടെയും കേരളസഭയുടെയും നേതൃനിരയിലേക്കും വരികയാണ്. ഭാരതസഭ ഇന്നു പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ, അതിനെ എങ്ങനെ കാണുന്നു?

A

ക്രിസ്തുശിഷ്യത്വത്തിന്റെ വഴി സഹനത്തിന്റെയും കുരിശിന്റെയുമാണല്ലോ. പീഢിതനായ കര്‍ത്താ വിനോട് ചേര്‍ന്നാണ് സഭ എന്നും ജീവിക്കുന്നത്. വെല്ലുവിളികളും പ്രതിസന്ധികളും സഭ എക്കാലവും നേരിട്ടിട്ടുണ്ടല്ലോ. ഉറങ്ങിപ്പോയ സഭയെക്കാളും ഉണര്‍ന്നിരിക്കുന്ന സഭയ്ക്കാണ് തെളിച്ചവും വെളിച്ചവും ഉള്ളത്.

Q

ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ഗ്രസിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ക്രൈസ്തവസമൂഹത്തിന്റെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലുവിളിക ളോടു പ്രതികരിക്കേണ്ടത്?

A

സഭ രക്തസാക്ഷികളുടേതാണ്, പ്രഭുക്കന്മാരുടെയോ രാജാക്കന്മാരുടെയോ അല്ല. കൊടുങ്കാറ്റുകളും പ്രതിസന്ധികളും അതിജീവിച്ച് മുറിവേറ്റ സഭ പാപ്പായുടെ നേതൃത്വത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്. കാരണം പരിശുദ്ധാത്മാവിനാലാണല്ലോ സഭ ശക്തി സംഭരിക്കുന്നത്.

Q

കേരള ക്രൈസ്തവരില്‍ വര്‍ഗീയചിന്ത വര്‍ധിക്കുന്നതായി വിമര്‍ശനമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയോടു ക്രൈസ്തവരില്‍ ചിലര്‍ പക്ഷം ചേരുന്നതായും ആരോപണമുണ്ട്. ഈ വിമര്‍ശനങ്ങ ളോട് എങ്ങനെ പ്രതികരിക്കുന്നു ?

A

ക്രിസ്തുവിനോടു പക്ഷം ചേരാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്. മറ്റാരുടേയും പക്ഷം ചേരാനല്ല. മതസ്പര്‍ദ്ദ ഒഴിവാക്കി മതസൗഹാര്‍ ദം എന്നും സംരക്ഷിക്കുക എന്നതാണ് സഭയുടെ എക്കാലത്തെയും നയം.

Q

ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങള്‍ നേരിടുന്ന വെല്ലുവിളികളോടു കേരളസഭ നിസംഗത പുലര്‍ത്തുന്നുണ്ടോ? എന്തായിരിക്കണം കേരളത്തിനു പുറത്തെ ക്രൈസ്തവരുടെ സഹന ത്തോടുള്ള നമ്മുടെ മനോഭാവം?

A

ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ ഏതെങ്കിലും അവയവം വേദനിച്ചാല്‍, മറ്റു അവയവങ്ങളിലേക്കും ആ വേദന പടരുമല്ലോ. അനേകം വൈദീകരും സന്യസ്തരും നിസ്വാര്‍ത്ഥസേവനം ചെയ്യുന്ന ഉത്തരേന്ത്യന്‍ സഭയുടെ മുറിവുകള്‍ ആഗോള സഭയുടെ മുറിവുകള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ കേരളസഭ വളരെ ക്രിയാത്മകമായ നിലപാടെടുത്തു എന്നാണ് എന്റെ അഭിപ്രായം. അക്രമവും കൊലപാതകവും വിധ്വംസക പ്രവര്‍ത്തനങ്ങളും സഭയുടെ കാഴ്ടപ്പാടിനു വിരുദ്ധം തന്നെയാണ്.

Q

പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനാ രീതികള്‍ എന്തൊക്കെയാണ്? എന്തിനുവേണ്ടിയാണ് പിതാവു പ്രത്യേകമായി പ്രാര്‍ത്ഥിക്കുക പതിവ് ?

A

വിശുദ്ധ കുര്‍ബാനയും കൂദാശകളും ഒരുക്കത്തോടെ അര്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. യാമപ്രാര്‍ത്ഥനകളും ഒരുക്ക പ്രാര്‍ത്ഥനകളും ഒരു ശക്തിയാണ്. രൂപതയിലെ വൈദീകര്‍ക്കും വിശ്വാസി സമൂഹത്തിനും രൂപതയുടെ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org