ദൈവത്തിന്റെ കൃപയാല്‍

ദൈവത്തിന്റെ കൃപയാല്‍
Published on
കൊച്ചി രൂപതാധ്യക്ഷനായി നിയമിതനാകുന്ന ബിഷപ് ആന്റണി കാട്ടിപ്പറമ്പില്‍ രൂപതയിലെ മുണ്ടംവേലി സ്വദേശിയാണ്. റോമില്‍ ഉപരിപഠനം നടത്തുകയും 1998 ല്‍ വൈദികനാകുകയും ചെയ്തു. കൊച്ചി രൂപതയിലും പിന്നീട് ഇറ്റലിയിലെ രൂപതകളിലും അജപാലനസേവനം നിര്‍വഹിച്ചു. കൊച്ചി രൂപത ജുഡീഷ്യല്‍ വികാരിയും വികാരി ജനറാളും ആയിരുന്നു. ബിഷപ് ആന്റണി കാട്ടിപ്പറമ്പില്‍ സത്യദീപത്തിനു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്.
Q

കൊച്ചി രൂപത പുതിയ മെത്രാനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ, ആ പദവി ലഭിക്കാതിരിക്കാന്‍ അങ്ങ് ആഗ്രഹിച്ചു എന്നു പറഞ്ഞിരുന്നല്ലോ. എന്തുകൊണ്ടാണ് മെത്രാന്‍ പദവി വേണ്ട എന്നു തോന്നിയിരുന്നത്?

A

ഒരു വൈദികവിദ്യാര്‍ഥി ആയിരുന്നപ്പോള്‍ തന്നെ ഒരു വൈദികന്‍ ആകാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു വരാറുണ്ട്. സെമിനാരി വിദ്യാഭ്യാസത്തിന്റെ നാലാം വര്‍ഷത്തിലും തിയോളജിയിലേക്ക് പ്രവേശിക്കുന്ന ഏഴാം വര്‍ഷത്തിലും ഈ ചോദ്യം എന്റെ ഉള്ളില്‍ ശക്തമായി ഉയര്‍ന്നുവന്നു. ഇതിനുള്ള അര്‍ഹത എനിക്കില്ലെങ്കില്‍ എന്നെ ഈ വഴിയില്‍നിന്ന് തട്ടിത്തെറിപ്പിച്ചു കളയണേ ദൈവമേ എന്നൊരു പ്രാര്‍ത്ഥന എന്റെ മനസ്സില്‍ അപ്പോഴെല്ലാം ഉണ്ടായിരുന്നു. എന്റെ വ്യക്തിപരമായ ഒരു പ്രാര്‍ഥനയായി രുന്നു അത്. ഒരിക്കലും അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത് എന്ന് അപ്പച്ചന്‍ ചെറുപ്പത്തില്‍ വീട്ടില്‍ ഞങ്ങളോടൊക്കെ പറയുമായിരുന്നു. അതായിരുന്നു ആ പ്രാര്‍ഥനയുടെ ഒരു അടിസ്ഥാനം. അര്‍ഹതയുള്ളത് മാത്രമേ ആഗ്രഹിക്കാവൂ എന്നൊരു ചിന്ത എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

ഒരു ഞെട്ടലോടുകൂടിയാണ് എന്റെ പേര് ലിസ്റ്റില്‍ ഉണ്ട് എന്നത് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ വൈദികനാകുന്നതിനു മുമ്പുണ്ടായിരുന്ന ആ പഴയ ചിന്തയും പ്രാര്‍ഥനയും എന്റെ ഉള്ളില്‍ വീണ്ടും വന്നു. അര്‍ഹതയില്ലെങ്കില്‍ എന്നെ ഒരിക്കലും ആ വഴിയിലേക്ക് നീ കൊണ്ടുവരരുത് എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു.

A

അതിനൊരു ഉറച്ച ബോധ്യം എനിക്ക് കിട്ടുന്നത് കുരീത്തറ പിതാവിന്റെ അനുമതിയോടെ തിയോളജി പഠിക്കാന്‍ റോമില്‍ പഠിക്കാന്‍ പോയപ്പോഴാണ്. അവിടുത്തെ സാഹചര്യങ്ങളും എനിക്ക് ലഭിച്ച മികച്ച അവസരങ്ങളും കണ്ടപ്പോള്‍ ദൈവം ഞാന്‍ വൈദികനാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന ബോധ്യത്തിലേക്ക് കൂടുതലായി കടന്നു വന്നു. ബൈബിള്‍ അക്കാലത്ത് കൂടുതലായി പഠിച്ചു. എന്റെ ആദര്‍ശവാക്യമായി പൗലോസ് അപ്പസ്‌തോലന്റെ വാക്യമായ 'ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്റെ കൃപയാല്‍ ആണ്' എന്നത് സ്വീകരിച്ചു. ഞാന്‍ വൈദികനായത് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ്. എന്റെ കഴിവുകൊണ്ടോ മറ്റൊന്നും കൊണ്ടോ അല്ല. ആ ബോധ്യത്തിലേക്ക് ഞാന്‍ വന്നു. പിന്നീടുള്ള ഇത്രയും കാലത്തെ വൈദിക ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍, ആളുകള്‍ എന്നെക്കുറിച്ച് എന്തെങ്കിലും അഭിനന്ദനവാക്കുകള്‍ പറയുന്നുണ്ടെങ്കില്‍ അതെല്ലാം ദൈവത്തിന്റെ കൃപ കൊണ്ടാണ്. അങ്ങനെയിരിക്കെയാണ് എന്റെ പേരും ലിസ്റ്റിലുണ്ട് എന്ന കാര്യം അറിയുന്നത്. അത് എന്നെ സന്തോഷിപ്പിക്കുകയല്ല ചെയ്തത്. ഒരു ഞെട്ടലോടുകൂടിയാണ് എന്റെ പേര് ലിസ്റ്റില്‍ ഉണ്ട് എന്നത് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ വൈദികനാകുന്നതിനു മുമ്പുണ്ടായിരുന്ന ആ പഴയ ചിന്തയും പ്രാര്‍ഥനയും എന്റെ ഉള്ളില്‍ വീണ്ടും വന്നു. അര്‍ഹതയില്ലെങ്കില്‍ എന്നെ ഒരിക്കലും ആ വഴിയിലേക്ക് നീ കൊണ്ടുവരരുത് എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്വേഷണങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ എന്റെ ഏതെങ്കിലും കുറവുകളുടെയോ പരിമിതികളുടെയോ പേരില്‍ എന്നെ ലിസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന ഒരു പ്രാര്‍ഥന എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ ലിസ്റ്റിനെ ക്കുറിച്ചും എന്റെ പേരിനെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അതൊരു ഭയത്തോടെ കൂടിയാണ് ഞാന്‍ കേട്ടിരുന്നത്. ഒരിക്കലും അതിനെ പിന്തുണയ്ക്കുകയോ അത് ഇഷ്ടപ്പെടുകയോ ചെയ്തില്ല. അങ്ങനെ ചിന്തിക്കാനുള്ള യാതൊരു യോഗ്യതയും എനിക്കില്ല എന്ന ചിന്തയാണ് എപ്പോഴും എനിക്ക് ഉണ്ടായിരുന്നത്. ഈയൊരു സംസാരം വേണ്ട എന്ന് പലരോടും നിര്‍ബന്ധപൂര്‍വം പറഞ്ഞിട്ടുണ്ട്.

Q

എങ്ങനെയാണ് പുതിയ നിയോഗവുമായി പൊരുത്തപ്പെട്ടത്?

A

നിയമനവുമായി പൊരുത്തപ്പെടാന്‍ എനിക്ക് അല്പം സമയം തന്നെ വേണ്ടിവന്നു. ഈ വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ വന്ന നിമിഷം മുതല്‍ ഞാന്‍ വളരെയധികം അസ്വസ്ഥനായിരുന്നു. എന്നെ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യമേ സമയമാണ് ചോദിച്ചത്. ഒരു ദിവസം തരാം എന്ന് മറുപടി കിട്ടി. ആ ദിവസം ഒത്തിരി ഏറെ പ്രാര്‍ത്ഥിച്ചു, പരിശുദ്ധ മാതാവിന്റെ മുമ്പിലും ദിവ്യസക്രാരിയുടെ മുമ്പിലും. ആ പ്രാര്‍ത്ഥനക്കൊടുവില്‍ ദൈവം തന്നെ എനിക്ക് യെസ് പറയാനുള്ള ശക്തി നല്‍കി. പിന്നീട് അതുമായി പൊരുത്തപ്പെട്ട് പോകാനുള്ള ബുദ്ധിമുട്ട് എനിക്കുണ്ടായി. എന്നിരുന്നാലും പ്രഖ്യാപനത്തിന് മുമ്പ് തന്നെ ദൈവം എന്റെ മനസ്സിനെ ശക്തിപ്പെടുത്തി. പ്രഖ്യാപനത്തിന്റെ സമയത്ത് കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ സാധിച്ചു. പിന്നീട് അങ്ങോട്ട് ദൈവം എന്നെ ഒരുക്കുന്നതും എന്നെ ശക്തിപ്പെടുത്തുന്നതും എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ആ ഒരുക്കത്തിലൂടെയും അതിനാവശ്യമുള്ള കാര്യങ്ങളിലൂടെയും ഞാന്‍ മുന്നോട്ടു പോകുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ട് എന്ന് ആശ്വാസവും ബലവും എന്റെ കൂടെയുണ്ട്.

Q

കൊച്ചി രൂപതയുടെ ഭാവിയെക്കുറിച്ച് അങ്ങേക്കുള്ള സ്വപ്നങ്ങളും പദ്ധതികളും എന്തൊക്കെയാണ്?

A

കൊച്ചി രൂപതയെക്കുറിച്ച് എനിക്കുള്ള സ്വപ്നങ്ങളും പദ്ധതികളും എന്നതിനേക്കാള്‍ ഉപരി ഞങ്ങള്‍ക്കുള്ള സ്വപ്നങ്ങളും പദ്ധതികളും എന്നതിനെക്കുറിച്ച് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മാത്രം സ്വപ്നമല്ല, കൊച്ചി രൂപതയിലുള്ള എല്ലാ വൈദികരും സന്യസ്തരും അല്‍മായരും ഒരുമിച്ച് കാണാനാഗ്രഹിക്കുന്ന സ്വപ്നങ്ങളാണ്. അത് എന്തൊക്കെയാണെന്ന് ഒരുമിച്ചുകൂടി തീരുമാനിക്കേണ്ടതാണ്. ഞാന്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോരാ. എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് എന്തൊക്കെയാണ് നമ്മുടെ ആവശ്യം, നമ്മുടെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കണം, ആവശ്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നത് ചര്‍ച്ച ചെയ്തു ഒരുമിച്ച് തീരുമാനിച്ച് ഒന്നിച്ച് നടപ്പാക്കേണ്ട കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ആയിരിക്കും ചെയ്യുക.

Q

പിതാവിന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു? എന്താണ് സെമിനാരിയില്‍ ചേരുമ്പോള്‍ എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍?

A

സെമിനാരിയില്‍ ചേരാനുള്ള സാഹചര്യം എന്റെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. ദിവസവും പള്ളിയില്‍ പോകുന്ന അപ്പച്ചന്‍, കുടുംബപ്രാര്‍ഥന മുടക്കാത്ത സാഹചര്യം എന്നിവയെല്ലാമുണ്ടായിരുന്നു. അപ്പന്റെയും അമ്മയുടെയും സ്വഭാവം വളരെ ക്രിസ്തീയമായിരുന്നു. ഞങ്ങളെ വളര്‍ത്തിയത് ചിട്ടയായും മറ്റുള്ളവര്‍ ആരും കുറ്റപ്പെടുത്താത്ത രീതിയിലുമായിരുന്നു. അത് ബലം പ്രയോഗിച്ചു കൊണ്ടുള്ളതായിരുന്നില്ല. അപ്പനും അമ്മയും നല്ല ജീവിതം നയിക്കുന്നതു കൊണ്ട് ഞങ്ങളും അങ്ങനെയായി മാറി. നല്ലത് ബോധ്യപ്പെടുത്തി തരുകയും തെറ്റ് ചെയ്യാന്‍ പാടില്ലെന്ന് പഠിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പത്താം ക്ലാസ് വരെ ആ പരിശീലനം ചിട്ടയോടെ ഞങ്ങള്‍ക്ക് ലഭിച്ചു. ആ സമയത്ത് ഞാന്‍ അള്‍ത്താര ബാലന്‍ ആയിരുന്നു. വൈദികരെ കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമായിരുന്നു. സെമിനാരിക്കാരുമായും സൗഹൃദം ഉണ്ടായിരുന്നു. ഫാ. ജേക്കബ് കൈയാല, ഫാ. ജോസ്ലിന്‍ ജൂതന്‍പറമ്പില്‍ എന്നിവരൊക്കെ അന്ന് ബ്രദേഴ്‌സ് ആയിരുന്നു. അവരുടെ സെമിനാരി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നു.

യൂറോപ്പില്‍ പ്രാക്ടീസിങ് ക്രിസ്ത്യാനികളുടെ വിശ്വാസം വികാരിമാരുമായി ബന്ധപ്പെട്ടോ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടോ ഒന്നുമല്ല. എന്തെല്ലാം സംഭവിച്ചാലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കുന്നവരാണ് അവിടുത്തെ വിശ്വാസികള്‍.

A

സെമിനാരിയില്‍ ചേര്‍ന്ന ശേഷം ജീവിതം പിന്നീട് ഒരു സുഗമമായ പ്രവാഹം പോലെ മുന്നോട്ടുപോയി. പഠിക്കുക, സെമിനാരി നിയമങ്ങള്‍ പാലിക്കുക എന്നിവ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നും ആയിരുന്നില്ല. വീട്ടിലെ ചിട്ടവട്ടങ്ങള്‍ അനുസരിച്ച് ജീവിച്ച എനിക്ക് അതെല്ലാം എളുപ്പമായിരുന്നു. അതിനിടയ്ക്കാണ് ഓരോ ഘട്ടത്തിലും ഞാനിതിനു യോഗ്യനാണോ എന്ന ചിന്ത എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. ആദ്യവര്‍ഷം സെമിനാരിയില്‍ പഠിച്ച് പിന്നീട് രണ്ടുവര്‍ഷം വീട്ടില്‍ നിന്നാണ് പ്രീഡിഗ്രി പഠിച്ചത്. ആ സമയത്ത് അര്‍ഹതയെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ വന്നിരുന്നു. ഫിലോസഫി മൂന്നാം വര്‍ഷം പഠിക്കുമ്പോഴും ഈ ചിന്ത ശക്തമായിരുന്നു. പഠനം വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്, ആര്‍ക്കുമെന്നെക്കുറിച്ച് പരാതിയൊന്നുമില്ല, പക്ഷേ എന്റെ ഉള്ളില്‍ ഈ ചിന്ത ഉണ്ടായിരുന്നു. ആ സമയത്താണ് കുരീത്തറ പിതാവ് എന്റെ ജീവിതത്തില്‍ അടുത്ത ഒരു ടേണിങ് പോയിന്റുമായി വരുന്നത്. തിയോളജി ഇവിടെ ചെയ്യേണ്ടാ, റോമില്‍ പഠിച്ചാല്‍ മതി എന്ന നിര്‍ദേശം പിതാവ് നല്‍കി. റോമില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ ഉറച്ച ബോധ്യത്തോടെ വൈദിക പഠനത്തില്‍ തുടരാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചു.

Q

ഇറ്റലിയില്‍ കുറേക്കാലം അങ്ങ് സേവനം ചെയ്തുവല്ലോ. എന്താണ് ഇറ്റാലിയന്‍ സഭയില്‍ നിന്നു നമുക്കു പഠിക്കാനുള്ളത്?

A

ഞാന്‍ 12 വര്‍ഷത്തോളം ഇറ്റലിയില്‍ ഉണ്ടായിരുന്നു. പഠനത്തിനായിട്ടും സേവനത്തിന്റെ ഭാഗമായും. പഠനത്തിന്റെ അഞ്ചുവര്‍ഷം പൂര്‍ണ്ണമായും പഠനത്തില്‍ തന്നെ മുഴുകുകയാണ് ചെയ്തത്. അത് എനിക്ക് എന്നെത്തന്നെ രൂപീകരിക്കാനുള്ള വര്‍ഷങ്ങളായിരുന്നു. പിന്നീട് അവിടെ ജോലി ചെയ്യുമ്പോഴാണ് ഇറ്റാലിയന്‍ സഭയെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും ഒക്കെ മനസ്സിലായത്. പഠിക്കുമ്പോള്‍ മനസ്സിലാക്കുന്നതുപോലെയല്ല പ്രായോഗികമായി ഒരു ഇടവകയില്‍ ജോലി ചെയ്യുമ്പോള്‍ മനസ്സിലാക്കുന്നത്. പൊതുവേ നോക്കുമ്പോള്‍ പള്ളികളില്‍ ആളു കുറവാണ്, വിശ്വാസം കുറവാണ് എന്നെല്ലാം കുറ്റപ്പെടുത്തുന്ന രീതിയിലാണ് മിക്കവരും യൂറോപ്പിനെ കുറിച്ചു സംസാരിക്കുക. എന്നാല്‍ ഉള്ള വിശ്വാസം വളരെ ആഴപ്പെട്ടതാണ്. ഏതെങ്കിലും കാര്യങ്ങളെ ആശ്രയിച്ചുള്ള ഒരു വിശ്വാസമല്ല അത്. അടിയുറച്ച വിശ്വാസമാണ്. പള്ളിയില്‍ വരുന്നവര്‍ അക്ഷരാര്‍ഥത്തില്‍ പ്രാക്ടീസിംഗ് ക്രിസ്ത്യാനികളാണ്. ഒരു രീതിയിലുള്ള പ്രതിബന്ധങ്ങളും അവരുടെ വിശ്വാസത്തിന് തടസ്സമായി വരില്ല. അവര്‍ വിശ്വസിക്കുന്നത് എന്താണോ അതുതന്നെ ജീവിക്കുന്നവരാണ്. അവിടെ 99% ക്രിസ്ത്യന്‍സ് ആണെങ്കിലും പ്രാക്ടീസ് ചെയ്യുന്നവര്‍ കുറവായിരിക്കാം. പള്ളിയില്‍ വരുന്നവര്‍ കുറവാണ്. പക്ഷേ അടിസ്ഥാനപരമായ ഒരു കാര്യം വരുമ്പോള്‍ അവരെല്ലാം പള്ളിയില്‍ വരാന്‍ സന്നദ്ധരാണ്. പുതിയ തലമുറയില്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം കുറവാണെങ്കില്‍ പോലും ഒത്തിരി കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനുണ്ട്. പ്രാര്‍ഥനയില്‍ ചോദിച്ചത് കിട്ടാതാകുമ്പോള്‍ പിന്നിലേക്ക് മാറുന്ന, വികാരിയച്ചനുമായി പ്രശ്‌നമുണ്ടാകുമ്പോള്‍ സഭ തന്നെ വിട്ടുപോകുന്ന തരം പ്രവണതകള്‍ നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ അവിടെ പ്രാക്ടീസിങ് ക്രിസ്ത്യാനികളുടെ വിശ്വാസം വികാരിമാരുമായി ബന്ധപ്പെട്ടോ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടോ ഒന്നുമല്ല. എന്തെല്ലാം സംഭവിച്ചാലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കുന്നവരാണ് അവിടുത്തെ വിശ്വാസികള്‍.

Q

സഭയിലെ അല്‍മായ പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ എങ്ങനെ വിലയിരുത്തുന്നു? കേരളസഭയും നമ്മുടെ രൂപത കളും സിനഡാ ലിറ്റിയില്‍ വേണ്ടത്ര വളര്‍ന്നിട്ടുണ്ടോ? അല്‍ായ പങ്കാളിത്തം ഇനിയും വര്‍ധി പ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും?

A

സിനഡാലിറ്റിയുടെ കുറവ് മനസ്സിലാക്കി യിട്ട് തന്നെയായി രിക്കണം പരിശുദ്ധ മാര്‍പാപ്പ ആ വലിയൊരു സന്ദേശം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. അല്മായര്‍ മാത്രമല്ല അവരെ കൂട്ടിയിണക്കേണ്ട വൈദികരെയും ബിഷപ്പുമാരെയും സന്യസ്തരെയും നമ്മള്‍ എങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നത്, എങ്ങനെയാണ് പോകേണ്ടത് എന്നുള്ളത് ഓര്‍മ്മപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിനഡ് വന്നത്. സിനഡാലിറ്റിയുടെ കുറവ് സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായതുകൊണ്ടാണല്ലോ അതേ കുറിച്ചുള്ള സിനഡ് നടത്താന്‍ കാരണമായത്. ആ കുറവ് ഇവിടെയുമുണ്ട്. പുതിയ ലോകത്തിലേക്ക് കടന്നുവരുമ്പോള്‍ നമ്മുടെ കുട്ടികള്‍ വളരെയധികം വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പള്ളിയിലേക്കും യൂണിറ്റ് മീറ്റിംഗിലേക്കും കത്തോലിക്കാ സഭയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും വരാന്‍ പണ്ടുണ്ടായിരുന്ന അത്രയും ആവേശം ഇപ്പോള്‍ ഇല്ല. അതിന് പ്രചോദനം നല്‍കാന്‍ പുരോഹിതന്മാര്‍ വളരെയേറെ പാടുപെടുന്നുണ്ട്. അച്ചന്മാര്‍ക്ക് അവരുടെതായ വെല്ലുവിളികള്‍ ഉണ്ട്. ഒപ്പം ജനങ്ങള്‍ കുറയുന്നതിന്റെ പ്രശ്‌നങ്ങളും കാണാന്‍ സാധിക്കും. അതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് നാമെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ എന്റെ ഭാഗത്തും വലിയൊരു ഉത്തരവാദിത്വമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ കുറവ് നികത്താന്‍ ഞാനും എന്റെ വൈദികരും ജനങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്.

Q

വൈദിക ദൈവവിളികള്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? കൊച്ചി രൂപതയുടെ സ്ഥിതി എന്താണ്?

A

വൈദികരാകാന്‍ ഉള്ള ദൈവവിളികള്‍ തീര്‍ച്ചയായും കുറഞ്ഞിട്ടുണ്ട്. കൊച്ചി രൂപതയുടെ കാര്യത്തില്‍ ആ കുറവ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന് സെമിനാരിയിലേക്ക് ഒരു കുട്ടി വരുന്നത് സെമിനാരിയിലെ ജീവിതം, അവിടെയുള്ള ബുദ്ധിമുട്ടുകള്‍, വൈദികര്‍ ആയതിനു ശേഷമുള്ള ജീവിതം എന്നിവയെ കുറിച്ചൊക്കെ പഠിച്ച ശേഷമാണ്. 13 വര്‍ഷത്തോളം പഠിച്ചും പരിശീലനം നടത്തിയും ആവശ്യമായ അനുഭവ സമ്പത്ത് ആര്‍ജിച്ചുമാണ് ഞങ്ങള്‍ ഓരോരുത്തരും വൈദികര്‍ ആയിട്ടുള്ളത്. സെമിനാരിയില്‍ ചേര്‍ന്ന കുട്ടികള്‍ ഇപ്പോള്‍ തന്നെ അതിനെക്കുറിച്ചെല്ലാം ബോധവാന്മാരാണ്. ഇത്രയും വര്‍ഷം ഇതിനു വേണ്ടിവരും എന്നവര്‍ക്കറിയാം. ഓരോ വൈദികരുടേയും ജീവിതം അവര്‍ കാണുന്നതുമാണ്. അവര്‍ നേരിടുന്ന വെല്ലുവിളികളും കാണുന്നുണ്ട്. ഇതെല്ലാം കണ്ട് ഇഷ്ടപ്പെട്ടു വരുന്നവരുണ്ട്. ഇത് തങ്ങള്‍ക്ക് ചേരുന്നതല്ല എന്ന് കരുതി മാറി നില്‍ക്കുന്നവരുമുണ്ട്. വന്ന് പരീക്ഷിച്ചറിഞ്ഞു പോകുന്നവരും ഉണ്ട്. ഒരു വൈദികന്റേതു പോലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പിത ജീവിതത്തോട് താല്പര്യം ഇല്ലാത്തവരാണ് ഇന്നത്തെ കാലത്ത് ഭൂരിപക്ഷവും. അത് സ്വാഭാവികം. ഇന്ന് സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്ന എല്ലാവരും വൈദികര്‍ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ദൈവവിളി അവര്‍ക്കുണ്ടെങ്കില്‍ മാത്രമേ 12-13 വര്‍ഷം കഴിഞ്ഞ് അവര്‍ വൈദികര്‍ ആവുകയും നല്ല വൈദികരായി തുടര്‍ന്ന് ജീവിക്കുകയും ചെയ്യുകയുള്ളൂ.

പള്ളിയിലേക്കും യൂണിറ്റ് മീറ്റിംഗിലേക്കും കത്തോലിക്കാ സഭയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും വരാന്‍ പണ്ടുണ്ടായിരുന്ന അത്രയും ആവേശം ഇപ്പോള്‍ ഇല്ല. അതിന് പ്രചോദനം നല്‍കാന്‍ പുരോഹിതന്മാര്‍ വളരെയേറെ പാടുപെടുന്നുണ്ട്. അച്ചന്മാര്‍ക്ക് അവരുടെതായ വെല്ലുവിളികള്‍ ഉണ്ട്. ഒപ്പം ജനങ്ങള്‍ കുറയുന്നതിന്റെ പ്രശ്‌നങ്ങളും കാണാന്‍ സാധിക്കും.

A

ഓരോ കുടുംബത്തിലും കുട്ടികളുടെ എണ്ണം വളരെ കുറവാണ് എന്നതും നാം ഓര്‍ക്കണം. ഞാന്‍ എന്റെ കുടുംബത്തിലെ ഏഴാമത്തേതാണ്. ഇന്ന് ഏഴു കുട്ടികളുള്ള കുടുംബങ്ങളെ കണ്ടുപിടിക്കാന്‍ തന്നെ ബുദ്ധിമുട്ടും. ഒന്നോ പരമാവധി രണ്ടോ മാത്രം കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് ഒരാള്‍ വൈദികന്‍ ആകാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ തന്നെ അതിന് നിരുത്സാഹപ്പെടുത്തിയെന്നിരിക്കും. അത്രയും പ്രായോഗികമായി ക്രൈസ്തവരായി ജീവിക്കുന്ന മാതാപിതാക്കള്‍ മാത്രമേ അതിനെ പ്രോത്സാഹിപ്പിക്കാന്‍ സാധ്യതയുള്ളൂ. ഒറ്റ മകനാണെങ്കിലും വരുന്നവരുണ്ട്. അത് വീട്ടില്‍ ആ അന്തരീക്ഷം ഉള്ളതുകൊണ്ടാണ്. പ്രാര്‍ഥനയും പള്ളിയോടു ബന്ധപ്പെട്ടുള്ള ജീവിതവും ഒക്കെയുള്ള വീടുകളില്‍ മാത്രമേ അത് അനുവദിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുകയുള്ളൂ. കുടുംബങ്ങളില്‍ കുട്ടികള്‍ കുറവാണ്. അതിന് അനുപാതികമായി വൈദികരാകാന്‍ വരുന്നവരുടെ എണ്ണവും കുറയുന്നു.

Q

സിസ്റ്റര്‍മാരാകാനുള്ള ദൈവവിളികള്‍ ആശങ്കാജനകമായ വിധത്തില്‍ കുറയുന്നതായിട്ടാണു പറയുന്നത്. എന്തൊക്കെയാകാം അതിനു കാരണങ്ങള്‍? അതിനെ നേരിടാന്‍ എന്തു ചെയ്യാന്‍ കഴിയും?

A

വൈദികരുടെ കാര്യത്തില്‍ പറഞ്ഞത് തന്നെയാണ് ഇവിടെയും പ്രസക്തമായിട്ടുള്ളത്. കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നു. സന്യാസസമൂഹങ്ങളുടെയും മഠങ്ങളുടെയും എണ്ണം പണ്ടത്തേക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നതും എന്നാല്‍ മഠങ്ങളുടെ എണ്ണം കൂടുതലായതും ഈ വിഷയത്തില്‍ കൂട്ടിയോജിപ്പിച്ച് വായിക്കേണ്ടതാണ്.

പള്ളിയിലേക്കും യൂണിറ്റ് മീറ്റിംഗിലേക്കും കത്തോലിക്കാ സഭയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും വരാന്‍ പണ്ടുണ്ടായിരുന്ന അത്രയും ആവേശം ഇപ്പോള്‍ ഇല്ല. അതിന് പ്രചോദനം നല്‍കാന്‍ പുരോഹിതന്മാര്‍ വളരെയേറെ പാടുപെടുന്നുണ്ട്. അച്ചന്മാര്‍ക്ക് അവരുടെതായ വെല്ലുവിളികള്‍ ഉണ്ട്. ഒപ്പം ജനങ്ങള്‍ കുറയുന്നതിന്റെ പ്രശ്‌നങ്ങളും കാണാന്‍ സാധിക്കും.

Q

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള രൂപതകളിലൊന്നാണല്ലോ കൊച്ചി. കേരളസഭയിലും ദക്ഷിണേഷ്യന്‍ സഭയിലാകെയും കൊച്ചി രൂപതയ്ക്കുള്ള പ്രാധാന്യത്തെ എപ്രകാരം വിലയിരുത്തുന്നു?

A

കൊച്ചി രൂപത ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലാണ് എന്നാണ് കാത്തലിക് എന്‍സൈക്ലോപീഡിയ പറഞ്ഞിട്ടുള്ളത്. 1500 ല്‍ പോര്‍ച്ചുഗീസുകാരോടൊപ്പം നാലു മിഷനറിമാര്‍ വന്നതായി നമുക്കറിയാം. ഭാരതത്തില്‍ കത്തോലിക്കാ സഭയുടെ വിശ്വാസപരമായ അടിത്തറയിടുന്നത് ഈ മിഷനറിമാരാണെന്ന് പറയാം. അവരുടെ പ്രവര്‍ത്തനമാണ് പില്‍ക്കാലത്ത് വിശ്വാസപരമായ വേരോട്ടങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി നമ്മുടെ നാടു മാറ്റിയത്. അന്നത്തെ ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ക്ക് ശേഷം ഈശോസഭാ വൈദികര്‍ വരുന്നു, അഗസ്റ്റീനിയന്‍ വൈദികര്‍ വന്നു. അവരിലൂടെയൊക്കെ തന്നെയാണ് സാംസ്‌കാരികവും വിശ്വാസപരവുമായ വളര്‍ച്ച നമ്മുടെ നാട്ടിലുണ്ടായത്. കൊച്ചി രൂപത ഒരു പിള്ളത്തൊട്ടില്‍ മാത്രമല്ല മൂലക്കല്ലുമാണ്. 1500 മുതല്‍ 1530 വരെ പോര്‍ച്ചുഗീസുകാര്‍ കോളനി സ്ഥാപിക്കാനും അവരുടെ വ്യാപാരത്തിനു വേണ്ടിയുമുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവരുടെ ഒപ്പമുള്ള മിഷണറിമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുന്നുണ്ടായിരുന്നു. വിശ്വാസം അവര്‍ ജനങ്ങള്‍ക്ക് പകരുകയും ചെയ്തു.

പഴയ കാര്യങ്ങള്‍ പറയുമ്പോള്‍ അന്നത്തെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം അവയെ മനസ്സിലാക്കാന്‍. ഇന്ന് മാറിനിന്ന് ചിന്തിക്കുമ്പോള്‍ അതൊക്കെ മനുഷ്യാവകാശ ലംഘനങ്ങളായോ കോളനി സ്ഥാപിക്കാനായി ജനങ്ങളെ അടിച്ചമര്‍ത്തുന്നതായോ ഒക്കെ ഇന്നു പറയാമെങ്കിലും അന്നത്തെ കാലത്ത് നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ ആ കാലഘട്ടത്തിന്റെ പ്രത്യേകതകളും സാഹചര്യങ്ങളും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ തെറ്റുപറ്റാം. ആ സാഹചര്യം വളര്‍ന്ന് മുന്നോട്ടു പോകുമ്പോഴാണ് 1557-ല്‍ കൊച്ചി രൂപത സ്ഥാപിക്കപ്പെട്ടത്. അന്ന് കൊച്ചി രൂപതയുടെ പ്രവര്‍ത്തന പരിധി ദക്ഷിണ ഇന്ത്യ മാത്രമായിരുന്നില്ല, ശ്രീലങ്കയും ബര്‍മ്മയും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു. അക്കാലത്ത് ശ്രീലങ്കയിലെ വികാരി ജനറല്‍ ആയിരുന്നു വിശുദ്ധ ജോസഫ് വാസ്. അതുപോലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ വരികയും ഇവിടെ വിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് മധുര മിഷന്‍ കൊച്ചി രൂപയുടെ ഭാഗമായിരുന്നു. മധുര മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വിശുദ്ധ ജോണ്‍ ബ്രിട്ടോ ഇവിടെ വന്നിട്ടുണ്ട്. വിശുദ്ധ ദേവസഹായം കൊച്ചിയുടെ തന്നെ മകനായിരുന്നു. അദ്ദേഹത്തിന്റെ നാമകരണവുമായി ബന്ധപ്പെട്ട് ആദ്യത്തെ കത്തുകള്‍ പോകുന്നത് കൊച്ചി രൂപതാ മെത്രാന്റെ പക്കല്‍ നിന്നാണ്. കൊച്ചി രൂപതയില്‍ ഒത്തിരിയേറെ വിശുദ്ധന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ഇതില്‍ നിന്നെല്ലാമറിയാം. കൂടാതെ എണ്‍പതോളം രൂപതകളുടെ ഉല്‍ഭവം കൊച്ചി രൂപതയില്‍ നിന്നാണ്. അത്രയധികം സമ്പന്നത കൊച്ചി രൂപതയിലുണ്ട്. ഒരു മുത്തശ്ശി രൂപത എന്ന് കൊച്ചിയെ വിളിക്കാം.

Q

പിതാവിന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനാരീതികള്‍ എന്തൊക്കെയാണ്? എന്തിനു വേണ്ടിയാണു പിതാവു പ്രത്യേകമായി പ്രാര്‍ഥിക്കുക പതിവ്?

A

ഒരു സാധാരണ വൈദികനു സഭ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ഥനകള്‍ തന്നെയാണ് എനിക്കുമുള്ളത്. കുര്‍ബാനയും കൊന്തനമസ്‌കാരവും നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. ഒത്തിരിയേറെ വിശുദ്ധന്മാരുടെ മധ്യസ്ഥം തേടുന്നത് കുട്ടിക്കാലം മുതലുള്ള എന്റെ ശീലമാണ്. എന്റെ ഇടവക മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയാണ്. ലൂയിസ് പുണ്യാളനേക്കാള്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ ഏറ്റവും അധികം പ്രാര്‍ഥിക്കാനായി പോയിരുന്നത് യാക്കോബ് ശ്ലീഹായുടെ മുമ്പിലാണ്. അവിടുത്തെ പ്രത്യേക മധ്യസ്ഥന്‍. യാക്കോബ് ശ്ലീഹാ എന്റെ ഹീറോ ആണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇന്നത്തെ കാലത്ത് ഹീമാന്‍, സൂപ്പര്‍മാന്‍ മുതലായ കഥാപാത്രങ്ങള്‍ കുട്ടികള്‍ക്കു ഹീറോയായി ഉണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് അങ്ങനെയൊന്നുമില്ല. അന്ന് വിശുദ്ധരെയാണ് കൂട്ടുപിടിക്കുക. കാവല്‍ മാലാഖമാരെയും. ഹീറോ എന്ന വാക്ക് വരുന്നതും ഇന്നാണ്. കുട്ടിക്കാലത്ത് ആ വാക്കും ഇല്ലായിരുന്നു. പഠനത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം ഞാന്‍ ആശ്രയിച്ചിരുന്നത് യാക്കോബ് ശ്ലീഹായുടെ മധ്യസ്ഥം ആയിരുന്നു. പേടിയോടെ ക്ലാസ്സില്‍ പോകേണ്ട അവസരങ്ങള്‍ എല്ലാം യാക്കോബ് ശ്ലീഹായോടു പ്രാര്‍ഥിച്ചിട്ടാണ് പോവുക. അത്തരം ശീലങ്ങള്‍ അന്നത്തെ എല്ലാ കുട്ടികള്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ ജീവിതത്തില്‍ വളരെ ആഴത്തില്‍ പതിഞ്ഞ ഒരു വിശുദ്ധനാണ് യാക്കോബ് ശ്ലീഹ. മാതാവിനോടുള്ള ഭക്തിയും ഉണ്ടായിരുന്നു. വേളാങ്കണ്ണിയില്‍ പോവുക എന്നത് കുട്ടിക്കാലത്ത് ഒരു സ്വപ്നമായിരുന്നു മുതിര്‍ന്നതിനുശേഷം ആണ് അത് സാധിച്ചത്. പിന്നീട് പോയിട്ടുള്ള ഒരുവിധം എല്ലാ ഇടവകകളിലെയും സ്വര്‍ഗീയ മധ്യസ്ഥരോടും ആദരവ് എനിക്കുണ്ട്.

വി. യൗസേപ്പിതാവ്, വി. ആന്റണി, വി. മാര്‍ട്ടിന്‍ ഡി പോറസ് എന്നിങ്ങനെ മധ്യസ്ഥരുടെ ഒരു നിര തന്നെ എനിക്കുണ്ട്. അതുപോലെ വേളാങ്കണ്ണി മാതാവും കൃപാസന മാതാവും മട്ടാഞ്ചേരിയിലെ നടയും ഒക്കെ വിഷമഘട്ടങ്ങളിലും എന്റെ ഒത്തിരിയേറെ ആവശ്യങ്ങള്‍ നിറവേറാനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാനായി രഹസ്യമായി പോയിരുന്ന സ്ഥലങ്ങളാണ്. എന്നെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വിശുദ്ധന്മാരില്‍ ചിലര്‍ മാത്രമാണ് ഇവരെല്ലാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org