മിഷനെ സഹായിക്കുക, സ്വയം നവീകരിക്കപ്പെടുക

[രണ്ടാം ഭാഗം]
മിഷനെ സഹായിക്കുക, സ്വയം നവീകരിക്കപ്പെടുക
ഒഡീഷയിലെ ബാലേശ്വര്‍ രൂപതാധ്യക്ഷനും എത്യോപ്യായിലെ നെകെംതെ രൂപതയുടെ മുന്‍ അധ്യക്ഷനുമായ ബിഷപ് വര്‍ഗീസ് തോട്ടങ്കര സി എം എത്യോപ്യായിലെയും ഒഡിഷയിലെയും തന്റെ മിഷന്‍ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നു...
Q

പിതാവിന്റെ ഡോക്ടറല്‍ പഠനം എത്യോപ്യായുടെ ധാര്‍മ്മികമൂല്യങ്ങളെ കുറിച്ചായിരുന്നു എന്നു പറഞ്ഞല്ലോ. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ പോലും പരസ്പരം പോരാടുന്ന ഗോത്രശത്രുത പുലര്‍ത്തുന്ന ഒരു ജനതയില്‍ നിന്ന് നമുക്കു സ്വീകരിക്കാവുന്ന ധാര്‍മ്മികമൂല്യങ്ങള്‍ എന്താണുള്ളത്?

A

നമ്മള്‍ പഴയ നിയമത്തില്‍ പഠിച്ചിട്ടുണ്ടല്ലോ, കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന നിയമമുണ്ടായിരുന്നു എന്ന്. പിന്നീട് യേശു പറ ഞ്ഞു, തിരിച്ചടി വേണ്ട, ക്ഷമിക്കുക എന്ന്. പല്ലിനു പല്ല്, കണ്ണിനു കണ്ണ് എന്ന പഴയ നിയമത്തിന്റെ പ്രസക്തി നമുക്കു മനസ്സിലാകുന്നത് ഇവിടെ വരുമ്പോഴാണ്. കാരണം, ഒരു ഗോത്രവര്‍ഗത്തില്‍ പെട്ട ഒരാളുടെ ഒരു പല്ലു മറ്റൊരു ഗോത്രക്കാരന്‍ കളഞ്ഞാല്‍, തിരികെ പത്തു പല്ലു കളഞ്ഞിരിക്കണം. ഒരാളെ കൊന്നാല്‍ ആ ഗോത്രത്തിലെ പത്തു പേരെ പകരം കൊല്ലണം. പതിന്മടങ്ങു പ്രതികാരം. ഒന്നിനു പകരം പത്ത് എന്നതിനെ നിയന്ത്രിച്ചുകൊണ്ടാണ് മോശ നിര്‍ദേശിക്കുന്നത്, ഒന്നിനു പകരം ഒന്നു മാത്രമേ പാടുള്ളൂ എന്ന്. അതായത്, അവരുടെ കാടത്തത്തെ മോശ നിയന്ത്രിക്കുകയാണു ചെയ്തത്. അവിടെ തിരിച്ചടിക്കരുത്, ക്ഷമിക്കുക എന്നു പറഞ്ഞാല്‍ അത് ഒരു തരത്തിലും സ്വീകാര്യമാകുമായിരുന്നില്ല. അവരെ പരമാവധി നിയന്ത്രിക്കുകയാണു ചെയ്തത്. അതില്‍ നിന്ന് ഉദാത്തമായ നിലയിലേക്ക് ഉയരാന്‍ വേണ്ടി യേശു പ്രതികാരം പാടില്ല എന്ന പാഠം നല്‍കുന്നു.

ആഫ്രിക്കയുടെ സംസ്‌കാരമിതാണ്. മറ്റൊരു ഗ്രാമത്തില്‍ അഥവാ ഗോത്രത്തില്‍ നിന്നു ഉപദ്രവം നേരിട്ടാല്‍ ആദ്യം സ്ത്രീകളാണു രംഗത്തു വരിക. നമ്മുടെ ഗ്രാമത്തില്‍ ആണുങ്ങളാരുമില്ലേടാ പകരം ചോദിക്കാനായിട്ട്, പോയി പത്തു പേരുടെ തല വെട്ടിക്കൊണ്ടു വരിക എന്നു പറയുന്നത് സ്ത്രീകളായിരിക്കും. ഉടനെ ചെറുപ്പക്കാരായ പുരുഷന്മാര്‍ യുദ്ധസജ്ജരായി പോയി, പ്രതികാരം ചെയ്തിട്ടു വരുന്നു.

ഞാനിതേക്കുറിച്ചു പഠിക്കുമ്പോള്‍ അന്വേഷിച്ചത് ഈ സംസ്‌കാരത്തിന്റെ ഉറവിടം എന്താണ് എന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള രീതികള്‍ ഇവിടെയുണ്ടായത് എന്നത് അവരെ ബോ ധ്യപ്പെടുത്താന്‍ അതാവശ്യമായിരുന്നു. ആ ആചാരരീതികള്‍ ഇപ്പോള്‍ നല്ലതാണോ, പിന്തുടരേണ്ടതാണോ എന്ന ചിന്ത അവരിലുണ്ടാക്കുക. അതില്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്ന ചി ന്താഗതിയിലേക്ക് അവരെ കൊ ണ്ടുവരിക. അല്ലാതെ, വെറുതെ ചെന്ന് ഇതെല്ലാം തിരുത്തണം എ ന്നവരോട് ആവശ്യപ്പെടാന്‍ കഴിയില്ലായിരുന്നു. അതവര്‍ അംഗീകരിക്കുകയില്ല. അവരെ അതു ബോ ധ്യപ്പെടുത്തുകയാണു വേണ്ടത്.

അതേസമയം നല്ല മൂല്യങ്ങള്‍ ധാരാളമുണ്ട്. ഉദാഹരണം, അവരുടെ ആതിഥ്യമര്യാദകള്‍. ഏത് അപരിചിതനായാലും അവിടെ ചെന്നാല്‍ അവര്‍ സ്വീകരിക്കും. ഒരു യാത്രയ്ക്കിടയില്‍ നാമൊരു വീട്ടില്‍ കയറിച്ചെന്നാല്‍, പഴയ നിയമത്തില്‍ കാണുന്നതുപോലെ അവര്‍ ഭക്ഷണം തരും, താമസിക്കാനിടം തരും. അതിഥികളായി ബഹുമാനിക്കും. മുതിര്‍ന്നവരോടുള്ള ബഹുമാനം ഉണ്ട്. അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ശ്രദ്ധയുള്ളവരാണ്. ഇങ്ങനെ ധാരാളം മൂല്യങ്ങള്‍ സുവിശേഷമൂല്യങ്ങള്‍ പോലെ തന്നെ അവര്‍ക്കിടയിലുണ്ട്. ഇവയെല്ലാം ശ്രേഷ്ഠമായ മൂല്യങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തുക. തിന്മകളെ തിന്മകളാണെന്നു തിരിച്ചറിയാന്‍ സാഹചര്യമൊരുക്കുക. ഉദാഹരണത്തിനു ബഹുഭാര്യാത്വം. അബ്രാഹത്തിന്റെ കാര്യത്തില്‍ കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് അത് അനുവദിക്കപ്പെട്ടത്. ഇവിടെയും അതായിരുന്നു സാഹചര്യം. കുട്ടികള്‍ക്കു വേണ്ടിയാണു പ്രധാനമായും. എന്നാല്‍ ഇന്ന് കുട്ടികള്‍ ജനിക്കാത്തത് സ്ത്രീകളുടെ മാത്രം കുഴപ്പം കൊണ്ടല്ല എന്നു നമുക്കറിയാം. മാത്രമല്ല, വന്ധ്യതയുടെ കാരണം കണ്ടെത്താനും പരിഹരിക്കാനും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്കുവേണ്ടിയുള്ള ബഹുഭാര്യാത്വത്തിന് ഇന്നു പ്രസക്തിയില്ല. ഇതു പറയുമ്പോള്‍ അവര്‍ക്കു മനസ്സിലാകുന്നു. അപ്പോള്‍ ബഹുഭാര്യാത്വത്തിനു മാറ്റം വരുന്നു. അവരിലെ നന്മകളെ നാം അംഗീകരിക്കുന്നു. തിന്മയായ കാര്യങ്ങള്‍ അവര്‍ക്കു തന്നെ ബോധ്യപ്പെടുകയും അവരില്‍ നിന്നു തന്നെ തിരുത്തലുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

Q

പ്രൊവിന്‍ഷ്യലായും അസി. ജനറലായും സേവനം ചെയ്തല്ലോ. സി എം സന്യാസ സമൂഹത്തെക്കുറിച്ച്?

A

പാരീസില്‍ 1625 ല്‍ വി. വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച സമൂഹമാണിത്. രണ്ടു വര്‍ഷം കൂടി കഴിയുമ്പോള്‍ നാനൂറു വര്‍ഷം തികയും. 90 രാജ്യങ്ങളില്‍ പ്രവര്‍ ത്തിക്കുന്നു. അമ്പതിനുമേല്‍ പ്രൊ വിന്‍സുകളിലായി മൂവായിരത്തിലധികം അംഗങ്ങളുണ്ട്. ഒരു കാലത്ത് ആറായിരത്തിലധികമായിരുന്നു അംഗസംഖ്യ. ഇന്ത്യയിലേക്കു വന്നത് നൂറു വര്‍ഷം മുമ്പാണ്. ഒഡിഷയിലായിരുന്നു ആരംഭം. മാര്‍പാപ്പ ഔദ്യോഗികമായി ഏല്‍പിച്ചത് ഒഡിഷയിലെ സേവനമാണ്. അതിനാല്‍ കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ അക്കാലത്തു കാര്യമായി പ്രവര്‍ ത്തിച്ചിട്ടില്ല. കേരളത്തിലാകട്ടെ വി.വിന്‍സെന്റ് ഡി പോളിന്റെ ചൈതന്യത്തില്‍, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വി സി) ആരംഭിക്കുകയും ചെയ്തു. ഒഡിഷയില്‍ സേവനമാരംഭിച്ച് അവിടെ സഭ വളരുകയും പല രൂപതകളാകുകയും അവയ്ക്ക് സ്വന്തമായ മെത്രാന്മാര്‍ വന്ന് സ്വയംപര്യാപ്തമാകുകയും ചെയ്തതോടെയാണ് ഞങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ആന്ധ്രായിലും പ. ബംഗാളിലും ആണ് ആദ്യം ചെന്നത്. കേരളത്തിലെ ലത്തീന്‍ രൂപതകളിലും ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ രണ്ടു പ്രോവിന്‍സുകളിലായി നാനൂറോളം വൈദികരാണ് ഇപ്പോഴുള്ളത്. അതില്‍ പകുതിയോളം പേര്‍ മലയാളികളാണ്. ദക്ഷിണേന്ത്യന്‍ പ്രൊവിന്‍ സ് ടാന്‍സാനിയായില്‍ മിഷന്‍ ആരംഭിച്ചു. അതിപ്പോള്‍ റീജിയണ്‍ ആയി ഉയര്‍ന്നു. അവിടെ ഇരുപത്തഞ്ചോളം വൈദികരുള്ളതില്‍, ആറേഴു മലയാളികളൊഴികെ ബാ ക്കിയെല്ലാവരും ടാന്‍സാനിയക്കാരാണ്. മറ്റൊരാഫ്രിക്കന്‍ രാജ്യമായ മലാവിയിലും ഈ പ്രൊവിന്‍ സ് മിഷന്‍ തുടങ്ങി. ഇപ്പോള്‍ ശ്രീലങ്കയിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നേപ്പാളിലും ഉണ്ട്.

Q

അസി. ജനറലെന്ന പദവിയില്‍ സി എം സഭയില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നു വരുന്നത് ആദ്യമായിട്ടായിരിക്കുമല്ലോ...

A

അതെ. പാശ്ചാത്യരായിരുന്നു ഇതുവരെ എല്ലാ അധികാരികളും. മിഷന്റെ ഉത്തരവാദിത്വമുള്ള അസി. ജനറലായിട്ടാണു ഞാന്‍ പ്രവര്‍ത്തിച്ചത്. ഏഷ്യ, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിക്കുകയും മിഷണറിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്റെ പ്രത്യേക ചുമതലയായിരുന്നു. അക്കാലത്ത് മുപ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു. ആസ്‌ത്രേലിയ, ഇന്‍ഡോനേഷ്യ, ഫിജി, സോളമന്‍ ഐലന്‍ഡ്‌സ്, ഫിലിപ്പീന്‍സ്, തായ്‌വാന്‍, തായ്‌ലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെല്ലാം പോയിരുന്നു.

Q

എങ്ങനെയാണ് ആ അനുഭവങ്ങള്‍ വ്യക്തിപരമായി സ്വാധീനിച്ചത്?

A

മിഷന്‍ പ്രവര്‍ത്തനങ്ങളും മിഷണറിമാര്‍ നേരിടുന്ന വെല്ലുവിളികളും എല്ലാം മനസ്സിലാക്കാന്‍ സാധിച്ചു. അസി. ജനറലാകുന്നതിനു മുമ്പു തന്നെ ഞാന്‍ കേരളത്തിലുള്ള വൈദികരോടു പറയുമായിരുന്നു, കേരളത്തിലുള്ള സഭയെ മാത്രം കണ്ടും കേട്ടും പൊട്ടക്കിണറ്റിലെ തവളയെ പോലെ ഇതാണു സഭ എന്നു കരുതി കഴിയുകയാണു നാം. അതേസമയം ഒന്നു പുറത്തേക്കിറങ്ങി നോക്കുക. സഭയെക്കുറിച്ചുള്ള വിശാലമായ ഒരു കാഴ്ചപ്പാടു നമുക്കു ലഭിക്കും.

അവധിക്കു കേരളത്തില്‍ വരുമ്പോള്‍ എന്നെ വിഷമിപ്പിക്കുന്ന കാഴ്ചകളുണ്ട്. എത്യോപ്യായില്‍ ഞാന്‍ സേവനം ചെയ്ത നെകെംതെ രൂപത ഒരു ലക്ഷം ച. കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ്. ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് 700 കി. മീറ്ററുണ്ട്. 92 പള്ളികളും. ആകെ 33 അച്ചന്മാരാണുള്ളത്. വൈദികരുടെ ആവശ്യം വലിയ തോതിലുണ്ട്. അവിടേക്ക് സേവനത്തിന് വൈദികരെ ചോദിച്ചാല്‍ ത രാന്‍ ഇവിടെയാര്‍ക്കും താത്പര്യമില്ല. ഇവിടെ ഒരു രൂപതയില്‍ തന്നെ നാനൂറും അഞ്ഞൂറും അച്ചന്മാരുണ്ടാകും, ഒരിടവകയില്‍ തന്നെ മൂന്നും നാലും അച്ചന്മാരുണ്ടാകും. അച്ചന്മാരുടേതല്ലാത്ത ജോലികളിലേക്ക് അവരുടെ ശ്രദ്ധ തിരിയുന്നു. ഇവരൊക്കെ മിഷനുകളില്‍ പോയിരുന്നെങ്കില്‍, അവിടത്തെ ആവശ്യങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്. കേരളസഭയിലെ ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ ചിലപ്പോഴെങ്കിലും ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, കേരളത്തിലൊരാളെ മെത്രാനാക്കണമെങ്കില്‍, ആഫ്രിക്കയില്‍ അഞ്ചു വര്‍ഷമെങ്കിലും സേവനം ചെയ്തിരിക്കണമെന്ന ഒരു വ്യവസ്ഥ വേണമെന്ന്. കാരണം, ആ വിധത്തിലാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍. ആരേയും ചെറുതാക്കി കാണിക്കുകയല്ല. ഇവിടെ അജപാലനപരമായ ജോലികള്‍ ഒരുപാടുണ്ടെന്ന് അറിയാതെയുമല്ല. എന്നിട്ടും ആളുകള്‍ സഭ വിട്ടു പോകുന്നുണ്ടല്ലോ. പുട്ടിനു തേങ്ങാപീര പോലെ മുഴത്തിനു മുഴം പള്ളികളും കോണ്‍വെന്റുകളുമുണ്ട്, എവിടെ ചെന്നാലും അച്ചന്മാരെയും സിസ്റ്റര്‍മാരെയും കാണാം, എന്നിട്ടും കേരളത്തിന്റെ ധാര്‍മ്മികത എന്തുകൊണ്ട് ഇങ്ങനെ? ക്രൈസ്തവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മേന്മ എന്താണുള്ളത്? കുറ്റകൃത്യങ്ങളിലൊന്നും യാതൊരു കുറവുമില്ല. നമ്മുടെ സാന്നിധ്യം ഇത്രയധികമുണ്ടായിരുന്നിട്ടും ഈ സമൂഹത്തിന്റെ മനസാക്ഷിയെ പുളിപ്പിക്കാന്‍ നമുക്കു സാധിച്ചില്ല എന്നല്ലേ ഇതിനര്‍ത്ഥം? എല്ലാവരും കുറച്ചു നാള്‍ പുറത്തു പോയി പ്രവര്‍ത്തിച്ച് മിഷണറിമാരായി പ്രവര്‍ത്തിച്ചാല്‍ മാറ്റം വരും എന്നാണു തോന്നുന്നത്.

Q

ഇതിന് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ വല്ലതും കൊടുക്കാനുണ്ടോ?

A

ബാലേശ്വര്‍ രൂപതയില്‍ ചില രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നും വൈദികരെ മൂന്നോ നാലോ വര്‍ഷത്തേക്ക് സേവനത്തിനും അനുഭവസമ്പത്താര്‍ജിക്കുന്നതിനും വേണ്ടി പറഞ്ഞു വിടുന്നുണ്ട്. ഉദാഹരണത്തിന് ആന്ധ്രയിലെ ഏലൂര്‍ രൂപത. അവിടത്തെ പുതിയ അച്ചന്മാരെ ഞങ്ങളുടെ രൂപതയിലേക്കു വിടുന്ന രീതി ഇപ്പോഴുണ്ട്. രണ്ടോ മൂന്നോ വര്‍ഷം മിഷനില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് അവരെ സ്വന്തം രൂപതയിലേക്ക് തിരികെ കൊണ്ടു പോകുന്നത്. ചില സന്യാസസമൂഹങ്ങളും ഇതു ചെയ്യുന്നുണ്ട്. കേരളത്തിലെ രൂപതകളും അങ്ങനെയൊരു തീരുമാനമെടുക്കണം. പട്ടം കിട്ടുന്ന അച്ചന്മാര്‍ ആദ്യം രണ്ടോ മൂന്നോ വര്‍ഷം ഒരു മിഷന്‍ രൂപതയില്‍ പോയി ജോലി ചെയ്യണം. എന്നിട്ടു മാത്രമേ സ്വന്തം രൂപതയില്‍ സേവനം ആരംഭിക്കേണ്ടതുള്ളൂ. ഇങ്ങനെയൊരു തീരുമാനം വലിയ മാറ്റങ്ങള്‍ വരുത്തും.

കേരളത്തിലെ പ്രധാന ഇടവകകളെല്ലാം മിഷനിലുള്ള ഓരോ ഇടവകകളെ ദത്തെടുക്കുക. മിഷന്‍ ഇടവകകളിലേക്ക് ദത്തെടുത്തിരിക്കുന്ന ഇടവകകളുടെ പ്രതിനിധികള്‍ പോകണം, പ്രവര്‍ത്തനങ്ങള്‍ കാണണം, വിലയിരുത്തണം. അച്ചന്മാരും സിസ്റ്റര്‍മാരും അവരുടെ ജീവിതത്തില്‍ നിന്നു കുറച്ചു വര്‍ഷങ്ങളെങ്കിലും മിഷനുവേണ്ടി മാറ്റി വയ്ക്കണം. മിഷനു മാത്രമല്ല കേരളസഭയ്ക്കും അതൊരു പുതുജീവന്‍ നല്‍കും.

Q

ഇത്തരത്തില്‍ വൈദികരെ ആവശ്യമുണ്ടെന്ന അഭ്യര്‍ത്ഥന ഏതെങ്കിലും രൂപതകളുടെ മുമ്പില്‍ വച്ചിട്ടുണ്ടോ?

A

പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നതാണിത്. ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളില്‍ എപ്പോഴും പറയുന്നതാണല്ലോ.

Q

കേരളസഭ എപ്പോഴും സ്വയം ഒരു മിഷണറി സഭയാണ് എന്ന് അഭിമാനം കൊള്ളുന്നുണ്ട്. അതില്‍ വല്ല കാര്യവുമുണ്ടോ?

A

ഇവിടെ നിന്നു ധാരാളം പേര്‍ മിഷനിലേക്കു പോയിട്ടുണ്ട്. പക്ഷേ പോയവര്‍ക്ക്, അവര്‍ സഭയുടെ ഒരു ദൗത്യത്തിനു പോയിരിക്കുന്നവരാണെന്ന ബഹുമാനം പോലും കൊടുക്കുന്നില്ല. നാട്ടിലെ സഭയെ ഉപേക്ഷിച്ചു പോയവരാണെന്ന ചിന്തയാണു പലര്‍ക്കും. ഞങ്ങളുടെ പേരില്‍ പോയി, ഞ ങ്ങളേക്കാള്‍ മോശമായ സാഹചര്യത്തില്‍ ഞങ്ങളുടെ മിഷന്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നവരാണെന്നു ചിന്തിച്ച് അവരെ ആദരിക്കാനോ പരിഗണിക്കാനോ ശ്രമിക്കുന്നില്ല. എത്യോപ്യായില്‍ മെത്രാനായതിനുശേഷം നാട്ടിലെ ഇടവകകളില്‍ നിന്നു ധനസമാഹരണത്തിനു ശ്രമിച്ചിരുന്നു. പക്ഷേ മിക്കപ്പോഴും വികാരിമാര്‍ക്ക് താത്പര്യമുണ്ടാകാറില്ല. ഇവിടെ പല പിരിവുകളും വേറെ നടക്കുന്നുണ്ട് എന്നാണ് എല്ലാവരും പറയുക. നമ്മുടെ മിഷനാണ് പുറത്തു നടക്കുന്നത് എന്നാരും ചിന്തിക്കാറില്ല.

എത്യോപ്യായിലെ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ ഞാന്‍ വൈമനസ്യം പ്രകടമാക്കിയിരുന്നു. അന്ന് മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് എന്നോടു പറഞ്ഞു, ''ഇനി ലോകത്തില്‍ മിഷനുവേണ്ടി യൂറോപ്പിനെ മാത്രം ആശ്രയിക്കാനാവില്ല. ഭാരതസഭ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാരതസഭയ്ക്ക് മിഷണറിമാരെ അയയ്ക്കാനുള്ള പ്രാപ്തി ഉണ്ടെന്നു മാത്രമല്ല, മിഷണറിമാരെ സാമ്പത്തികമായി സഹായിക്കാന്‍ പോലും കഴിയും.''

ചിലപ്പോഴൊക്കെ എനിക്കു നാണക്കേടു തോന്നിയിട്ടുണ്ട്, ഇത്രയും വളര്‍ന്ന കേരളസഭ ഇപ്പോഴും വിദേശത്തുനിന്നു സഹായം തേ ടുന്നതില്‍. എത്യോപ്യാക്കുവേണ്ടി ഫണ്ട് ശേഖരണത്തിനുവേണ്ടി പാശ്ചാത്യരാജ്യങ്ങളിലേക്കു പോകുമ്പോള്‍ ഞാനിതു കണ്ടിട്ടുണ്ട്. അവിടത്തെ ചില വികാരിയച്ചന്മാര്‍ പറയും, കഴിഞ്ഞയാഴ്ച്ച കേരളത്തില്‍ നിന്ന് ഒരു മെത്രാന്‍ വന്നിരുന്നു. അടുത്തയാഴ്ച്ച മറ്റൊരു മെത്രാന്‍ വരും. ഇപ്പോഴും കേരളത്തില്‍ നിന്നുപോയി അവിടെ നിന്നു പണം ശേഖരിച്ചുകൊണ്ടുവരുന്നു.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും സഭയെ ഉദാരമായി സഹായിക്കുന്നുണ്ട്. എന്തിനുവേണ്ടി? ഉള്ള ഒരു പള്ളി പൊളിച്ച് പുതി യതു പണിയാന്‍. അല്ലെങ്കില്‍ പാരിഷ് ഹാള്‍ പണിയാന്‍. എന്നാല്‍ ഞങ്ങള്‍ വളര്‍ന്നു, ഇനി മറ്റുള്ളവരെ വളര്‍ത്തേണ്ടതു ഞങ്ങളാണ് എന്നു മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല.

Q

എന്തൊക്കെയാണു മിഷനു വേണ്ടി കേരളസഭയ്ക്കു ചെയ്യാനാകുക?

A

കഴിയുമെങ്കില്‍ കേരളത്തിലെ പ്രധാന ഇടവകകളെല്ലാം മിഷനിലുള്ള ഓരോ ഇടവകകളെ ദത്തെടുക്കുക. മിഷനിലെ ഒത്തിരി പ്രവര്‍ത്തനങ്ങള്‍ പുറമെ നിന്നുള്ള ധനസഹായത്തെ ആശ്രയിച്ചാണു നില്‍ക്കുന്നത്. കത്തോലിക്കര്‍ക്ക് വിദ്യാഭ്യാസം കൊടുത്ത് മികച്ച ജോലിക്കാരാക്കി മാറ്റണം. സഭയ്ക്കു മുന്നോട്ടു പോകാനും മറ്റുള്ള വരെ സഹായിക്കാനും ഇതാവശ്യമാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണം, അതിനു സഹായമാവശ്യമുണ്ട്. സ്‌കൂളുകളെ പിന്തുണയ്ക്കണം, വൈദ്യസഹായങ്ങള്‍ വേണം, ദൈവവിളി പ്രോത്സാഹനം നടത്തണം, അജപാലനപ്രവര്‍ത്തനങ്ങള്‍ നടത്തണം. ആള്‍സഹായവും ധനസഹായവും ആവശ്യമുണ്ട്. ഒരു മിഷണറിയെ അയയ്ക്കുമ്പോള്‍ ആ മിഷണറിയുടെ ചെലവുകള്‍ വഹിക്കാനും അയയ്ക്കുന്നവര്‍ തയ്യാറാകണം. മിഷന്‍ ഇടവകകളിലേക്ക് ദത്തെടുത്തിരിക്കുന്ന ഇടവകകളുടെ പ്രതിനിധികള്‍ പോകണം, പ്രവര്‍ത്തനങ്ങള്‍ കാണണം, വിലയിരുത്തണം. അച്ചന്മാരും സിസ്റ്റര്‍മാരും അവരുടെ ജീവിതത്തില്‍ നിന്നു കുറച്ചു വര്‍ഷങ്ങളെങ്കിലും മിഷനുവേണ്ടി മാറ്റി വയ്ക്കണം. മിഷനു മാത്രമല്ല കേരളസഭയ്ക്കും അതൊരു പുതുജീവന്‍ നല്‍കും.

Q

ബാലേശ്വര്‍ രൂപതയെക്കുറിച്ച്...

A

മോണ്‍. ജേക്കബ് വടക്കേവീട്ടില്‍ എന്ന മലയാളി മിഷണറിയാണ് ബാലേശ്വറിലെ സഭയെ വളര്‍ ത്തുന്നതില്‍ വലിയ സംഭാവനകള്‍ ചെയ്തത്. കൊല്‍ക്കത്ത രൂപതയുടെ കീഴിലായിരുന്നു ബാലേശ്വര്‍. പിന്നീട് പ്രീഫെക്ടായി ഉയര്‍ത്തുകയും മോണ്‍. ജേക്കബ് വടക്കേവീട്ടിലിനെ അപ്പസ്‌തോലിക് പ്രീഫെക്ചറായി നിയമിക്കുകയും ചെയ്തു. രൂപതയായി ഉയര്‍ത്തിയപ്പോള്‍ മലയാളിയായ ബിഷപ് തോമസ് തിരുതാളില്‍ ആദ്യ മെത്രാനായി. അദ്ദേഹം അതിനു മുമ്പ് ബെറാംപൂര്‍ ബിഷപ്പായിരുന്നു. അദ്ദേഹം പ്രാദേശിക ദൈവവിളികള്‍ പ്രോത്സാഹിപ്പിച്ചു. നാട്ടുകാരായ ധാരാളം വൈദികരുണ്ടായി. രണ്ടാമത്തെ ബിഷപ്പും സി എം സന്യാസി തന്നെയായ ബിഷപ് സൈമണ്‍ കായിപ്പുറം ആയിരുന്നു. മെത്രാനായി 5 വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു. തുടര്‍ന്നു നാലു വര്‍ഷത്തോളമായി മെത്രാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

രൂപതാവൈദികര്‍ 55 പേരുണ്ട്. മറ്റു വൈദികര്‍ പത്തു പേരോളമുണ്ട്. പതിനെട്ടോളം സന്യാസസമൂഹങ്ങളില്‍ നിന്നുള്ള 136 സിസ്റ്റര്‍മാരും പ്രവര്‍ത്തിക്കുന്നു. വിദ്യാലയങ്ങളും ആരോഗ്യപരിചരണസേവനങ്ങളും സുവിശേഷപ്രഘോഷണവും നടക്കുന്നു. ഈ രൂപതയില്‍ ഒഡിയ ഭാഷ സംസാരിക്കുന്നവര്‍ക്കു പുറമെ സന്താളി, ഹോ എന്നീ ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ള വിശ്വാസികളുണ്ട്. ഖനികള്‍ ഉള്ള ഒരു പ്രദേശത്ത് ഹിന്ദി സംസാരിക്കുന്ന വിശ്വാസികളും കുറെയുണ്ട്. അതുകൊണ്ട് നാലു ഭാഷകളിലുള്ള അജപാലനം ഇവിടെ നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org