ന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ആശങ്കയുണ്ട്

ആര്‍ രാജഗോപാല്‍ [എഡിറ്റര്‍ അറ്റ് ലാര്‍ജ്, ദ ടെലഗ്രാഫ്]
ന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ആശങ്കയുണ്ട്
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ദ ടെലഗ്രാഫ്' എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആണ് മലയാളിയായ ആര്‍ രാജഗോപാല്‍. പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് എഡി റ്റര്‍ അറ്റ് ലാര്‍ജ് ആയി അദ്ദേഹം ചുമതല മാറിയത്. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളെ അടുത്തു നിന്നു വീക്ഷിക്കുകയും നിശിതമായി വിലയിരുത്തുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പത്രാധിപരാണ് രാജഗോപാല്‍. മാധ്യമങ്ങളെ ഭരണകൂടം വിലക്കെടുക്കുകയും മാധ്യമപ്രവര്‍ത്തകരെ അടിമകളാക്കുകയും ചെയ്യുന്ന കാലത്ത്, ടെലഗ്രാഫിന്റെ വ്യത്യസ്തമായ വാര്‍ത്താവതരണങ്ങള്‍ രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഒരായിരം വാക്കുകളേക്കാള്‍ പ്രഹരശേഷിയുള്ളവയായിരുന്നു ടെലഗ്രാഫിന്റെ ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ടുള്ള തലക്കെട്ടുകള്‍. ഐ സി പി എ വജ്രജൂബിലി സമ്മേളനത്തില്‍ പ്രഭാഷകനായി കൊച്ചിയിലെത്തിയ രാജഗോപാല്‍ സത്യദീപത്തോടു സംസാരിക്കുന്നു. (എഡിറ്റര്‍ ആയിരിക്കെ കഴിഞ്ഞ സെ പ്തംബര്‍ 23-ന് നടത്തിയ സംഭാഷണമാണിത്.)
Q

2024 ല്‍ ഇന്ത്യയെ ഒരു ഹിന്ദു മതരാഷ്ട്രമായി പ്രഖ്യാപിക്കുമോ?

A

ഒരു ഹിന്ദു മതരാഷ്ട്രമാകുന്നതിന് ഇനി ബാക്കിയെന്താണുള്ളത്? എന്തെങ്കിലും അത്ഭുതം സംഭവിച്ച്, 2024 ല്‍ ബി ജെ പി അധികാരത്തില്‍ വരുന്നില്ലെങ്കില്‍, വരുന്നവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയെ എത്രത്തോളം മുന്‍സ്ഥിതിയിലേക്കു മാറ്റാന്‍ കഴിയും എന്നതാണു നാം ചോദിക്കേണ്ടത്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത്, പുതിയൊരു ഭരണകൂടം ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ പോലും അമ്പതു ശതമാനമേ മാറ്റാന്‍ കഴിയൂ എന്നതാണ്. ബാക്കി അമ്പതു ശതമാനം ഇപ്പോഴുള്ളതു പോലെ തന്നെ നില്‍ക്കും. അതുതന്നെ വളരെ അപകടകരമല്ലേ? അത്രത്തോളം മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു.

Q

2024 ല്‍ പ്രതിപക്ഷത്തെ 'ഇന്ത്യ മുന്നണി'യുടെ സാധ്യതകളെ കുറിച്ച് എന്തു കരുതുന്നു?

A

ഇപ്പോള്‍ വലിയ പ്രതീക്ഷയൊന്നും എനിക്കില്ല. 2014 ല്‍ സംഭവിച്ചത് പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ഒരു പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായിരുന്നു അത്. പെട്ടെന്നൊരു ദിവസം അതിനെ എതിര്‍ത്തു തോല്‍പിക്കുക എളുപ്പമല്ല. പ്രത്യേകിച്ചു ജനാധിപത്യരീതിയില്‍. ജനാധിപത്യം പ്രതിരോധത്തിലാകുമ്പോള്‍ ജനാധിപത്യരീതിയില്‍ തന്നെ പ്രതികരിക്കണമെന്നതാണ് ജനാധിപത്യത്തിന്റെ ഒരു പരിമിതി. മാറ്റം വരണമെങ്കില്‍ വളരെ നാടകീയമായ എന്തെങ്കിലും സംഭവങ്ങളുണ്ടാകണം. അങ്ങനെ ഉണ്ടാകുമെന്നു നാം പ്രതീക്ഷിക്കാന്‍ പാടില്ല. ഉണ്ടായാല്‍ കൊള്ളാമെന്നല്ലാതെ യുക്തിപരമായി ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു സാധ്യത കാണുന്നില്ല. മോദിക്കു വേണ്ടി വോട്ട് ചെയ്ത ആളുകള്‍ക്ക് ഇപ്പോഴും മോദിയോടു വിരോധമില്ല. അവരുടെ അഭിലാഷങ്ങള്‍ തന്നെയാണു മോദി നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

എങ്കിലും, ഇന്ത്യ എന്നൊരു മുന്നണി ശക്തമായി വരുന്നതു വലിയൊരു നേട്ടം തന്നെയാണ്. ആരും ചോദിക്കാനില്ല എന്ന സ്ഥിതിയില്‍ നിന്ന് ആരെങ്കിലും ചോദിക്കാനുണ്ട് എന്നു വരുന്നതു തന്നെ മാറ്റങ്ങളുണ്ടാക്കും. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ജയിക്കുക എന്നതൊരു വലിയ വെല്ലുവിളിയാണ്. പക്ഷേ അതിനേക്കാല്‍ വലിയ വെല്ലുവിളിയാണ് ജയിച്ചില്ലെങ്കിലും അവര്‍ ഇതേപോലെ ഒരു മുന്നണിയായി തുടരുമോയെന്നുള്ളത്. ഈ മുന്നണി തുടര്‍ന്നും ശക്തമായ പ്രതിപക്ഷമായി നില്‍ക്കുകയാണെങ്കില്‍ അതു തന്നെ വലിയൊരു നേട്ടമാണ്.

ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി ബി ജെ പി അല്ല. യു എ പി എ നിയമം കൊണ്ടു വന്നത് കോണ്‍ഗ്രസാണ്, ബി ജെ പി അല്ല. പക്ഷേ അത് ഇത്ര ഭയങ്കരമായ രീതിയില്‍ ദുരുപയോഗിച്ചത് ബി ജെ പി ആണെന്നു മാത്രം. അതുകൊണ്ട്, പലതും തിരുത്തേണ്ടി വരും. പഴയ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത് വലിയൊരു കാര്യമാണ്.

Q

2014 ല്‍ ബി ജെ പി അധികാരത്തിലെത്തിയത് ആര്‍ എസ് എസ് ഉണ്ടായ കാലം മുതല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നല്ലേ ഉദ്ദേശിച്ചത്?

A

എന്നല്ല. പലരും അങ്ങനെ പറയുന്നുണ്ടെങ്കിലും അതെനിക്കത്ര ബോധ്യപ്പെട്ടിട്ടില്ല. അത്ര കഴിവുള്ളവരൊന്നുമല്ല ആ സംഘടനയെ നയിച്ചുകൊണ്ടിരുന്നത്. ഞാന്‍ കരുതുന്നത് 2014 ല്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് ഒരു കോര്‍പറേറ്റ് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ്. അവര്‍ ആര്‍ എസ് എസിനെ മുന്നില്‍ നിറുത്തുകയായിരുന്നു. നാം ടു ജി സ്‌കാം എന്ന് ആവര്‍ത്തിച്ചു പറയാറുണ്ടല്ലോ. അതില്‍ അഴിമതി ഇല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ അതില്‍ നടന്ന ഒരു കാര്യം ടെലഫോണ്‍ മേഖലയിലെ കുത്തകകള്‍ തകര്‍ന്നു എന്നുള്ളതാണ്. അത്തരം നീക്കങ്ങളില്‍ ഭയപ്പെട്ട കോര്‍പറേറ്റുകളുണ്ട്. അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സര്‍ക്കാരിനെ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നാണു ഞാന്‍ കരുതുന്നത്.

ആര്‍ എസ് എസ് സ്ഥാപിതമായിട്ട് നൂറു വര്‍ഷമാകുമ്പോള്‍ മതരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം നടന്നതെന്നു പറയുന്നവരുണ്ട്.

അങ്ങനെ പലരും പറയുന്നുണ്ട്. പക്ഷേ അതു തീയതിയിലെ സാമ്യം വച്ചുള്ള ഒരു കൗതുകമെന്നേ ഞാന്‍ കരുതുന്നുള്ളൂ. കോര്‍പറേറ്റുകളുടെ നീക്കമാണ് പ്രധാനമായും ഈ ഭരണത്തില്‍ കലാശിച്ചതെന്നാണു ഞാന്‍ കരുതുന്നത്.

Q

രാജ്യത്തിന്റെ പേരു ഭാരതമെന്നു മാറ്റാന്‍ ശ്രമിക്കുന്നത് 'ഇന്ത്യ' മുന്നണി വന്നതുകൊണ്ടു മാത്രമാണോ?

A

തീര്‍ച്ചയായും. അത് ഇന്ത്യ മുന്നണി വന്നതുകൊണ്ടു തന്നെയാണ്. പക്ഷേ അപ്പോഴും ഈ വാര്‍ത്തകള്‍ക്ക് അനാവശ്യമായ പ്രാധാന്യം നാം നല്‍കേണ്ടതില്ല. ഭാരതമെന്ന പേര് ഭരണഘടനയില്‍ തന്നെ പറയുന്നതാണല്ലോ. അത്തരം ചര്‍ച്ചകള്‍ക്ക് അമിതപ്രാധാന്യം നല്‍കുമ്പോള്‍ പ്രസക്തമായ വിഷയങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്.

ഈ സര്‍ക്കാരിന്റെ അപ്രവചനീയതയാണ് ഏറ്റവും അപകടകരമായിരിക്കുന്നത്. കോര്‍പറേറ്റുകളെ സംബന്ധിച്ച് ഇത്തരം അനിശ്ചിതത്വം ഒട്ടും നല്ലതല്ല. എന്നിട്ടും അവര്‍ ഈ സര്‍ക്കാരിനെ പിന്തുണക്കുന്നു. അതെന്തുകൊണ്ടാണെന്നു ചിന്തിക്കേണ്ടതാണ്. തീര്‍ച്ചയായും 'അലമാരയില്‍ അസ്ഥികൂടങ്ങള്‍' ഒരുപാടുണ്ടാകാം, അതുപയോഗിച്ചു സ്വാധീനിക്കുന്നുണ്ടാകാം. അതിനേക്കാളുപരിയായി എനിക്കു തോന്നുന്നത് കോര്‍പറേറ്റുകളും വര്‍ഗീയമായി ചിന്തിക്കുന്നു എന്നാണ്. വര്‍ഗീയത കോര്‍പറേറ്റ് മേധാവികളുടെ മനസ്സിലും ഉണ്ടായിരിക്കുന്നു.

Q

ഇങ്ങനെയുള്ള ഒരു രാജ്യത്ത് എന്തായിരിക്കും ന്യൂനപക്ഷങ്ങളുടെ ഭാവി? അവര്‍ക്കെന്താണു പ്രതീക്ഷിക്കാനുള്ളത്?

A

ഇപ്പോള്‍ തന്നെ എന്താണവസ്ഥ? സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടല്ലോ. ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണ്. പത്രപ്രവര്‍ത്തനരംഗമെടുക്കൂ. എത്ര ന്യൂനപക്ഷാംഗങ്ങളുണ്ട് ആ രംഗത്ത്? മുസ്ലീങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. പക്ഷേ അങ്ങനെയായിരിക്കുമ്പോഴും ഒരു സുരക്ഷ ന്യൂനപക്ഷങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനു നേരെയും ഭീഷണി ഉണ്ടായിരിക്കുന്നു. ഇതേ രീതിയില്‍ പോകുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി വളരെ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

Q

എന്നിട്ടും ചില ന്യൂന പക്ഷാംഗങ്ങള്‍ തന്നെ ബി ജെ പി യെ പിന്തുണക്കുന്നു. ഉദാഹരണത്തിന്, കേരളത്തിലെ ക്രിസംഘികളെ കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ...

A

എന്തു പറയാനാണ്? അത്രയും മണ്ടന്മാരാകാനും ഇവിടെ ആളുണ്ടെന്നു മാത്രം പറയാം. പക്ഷേ അവര്‍ അത്രയധികം എണ്ണമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പ്രചാരണങ്ങള്‍ കൊണ്ട് അങ്ങനെയൊരു പ്രതീതി ഉണ്ടായിരിക്കുവെന്നേയുള്ളൂ.

ബി ജെ പി യോടുളള താത്പര്യത്തേക്കാള്‍ മുസ്ലീം വിരോധവും ഇതിലൊരു ഘടകമാകുന്നുണ്ട്. മുസ്‌ലീങ്ങള്‍ കേരളത്തില്‍ വളരുന്നു. സ്ഥലങ്ങള്‍ വാങ്ങുന്നു, സ്ഥാപനങ്ങള്‍ തുടങ്ങുന്നു എന്നതൊക്കെ പരാതിയായി പറയുകയാണ്. വാസ്തവത്തില്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് അവരെ അനുമോദിക്കുകയാണു വേണ്ടത്.

Q

ടെലഗ്രാഫിനെയും താങ്കളെയും കുറിച്ചു പറയുമ്പോള്‍ ധീരമായ ജേണലിസം എന്നു സാധാരണ വിശേഷിപ്പിക്കാറുണ്ട്. എന്താണ് ധീരമായ ജേണലിസം?

A

ഇല്ല. അങ്ങനെയൊരു ജേണലിസമില്ല. ഞങ്ങള്‍ അങ്ങനെ പ്രത്യേകിച്ചൊരു ധൈര്യം കാണിക്കുന്നുമില്ല. തലക്കെട്ടുകളുടെ കാര്യത്തിലാണെങ്കില്‍ പലതും എഴുതി നോക്കി, അവയില്‍ ഏറ്റവും ശക്തി കുറഞ്ഞതാണ് കൊടുക്കാറുള്ളത്. പല മുന്‍കരുതലുകളും എടുക്കാറുമുണ്ട്. കേസ് വരാതിരിക്കാനും അതിനായി പേരുകളൊഴിവാക്കാനും ഒക്കെയുള്ള ബോധപൂര്‍വകമായ ശ്രമങ്ങള്‍ നടത്താറുണ്ട്. പത്രം ഇല്ലാതാകരുത് എന്ന താത്പര്യമുണ്ട്.

വ്യക്തിപരമായി എനിക്കു പേടിയില്ല. കാരണം, തൊഴില്‍ ജീവിതത്തിന്റെ വിരാമത്തോടടുക്കുന്ന പ്രായമാണ് എന്റേത്. എന്നാല്‍ സഹപ്രവര്‍ത്തകരുണ്ടല്ലോ. അവര്‍ക്കു ജോലിയും ജോലി ചെയ്യാന്‍ സ്ഥാപനവും ഉണ്ടാകണമെന്നു തന്നെയാണ് എനിക്കാഗ്രഹം.

Q

ധീരമായ ജേണലിസം എന്നതൊരു ക്ലീഷേ ആണ്. ശക്തനായ നേതാവ് എന്നു ചിലര്‍ പറയും. എന്താണത്? ഭാരമെടുക്കാനുള്ള ശക്തിയാണോ, ഒരു ദിവസം മുഴുവന്‍ കിളയ്ക്കാനുള്ള കഴിവാണോ?

A

പുല്‍വാമയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചു, ശക്തമായ തീരുമാനം എന്നു നാം പറഞ്ഞു. അപ്പോള്‍ ചൈനക്കെതിരെയോ? ആ സമയത്ത് ദുര്‍ബലനായ നേതാവ് എന്നാരും പറയുന്നതു കേട്ടില്ല. ധീരത, ശക്തി തുടങ്ങിയ വാക്കുകള്‍ ക്ലീഷേ ആയിട്ടുണ്ട്.

Q

എങ്കിലും ടെലഗ്രാഫും താങ്കളും ചെയ്യുന്നത് ധീരമായ ജേണലിസം എന്നു പറയുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. മറ്റാരും ചെയ്യാത്തത് നിങ്ങള്‍ ചെയ്യുന്നുണ്ടല്ലോ

A

പതിവുരീതി വിട്ട് സിനിമയെടുക്കുന്നതുകൊണ്ട് ഒരാളെ ധീരനായ ചലച്ചിത്രകാരന്‍ എന്നല്ല വിളിക്കേണ്ടത്. അതു ക്രാഫ്റ്റ് ആണ്. ഞങ്ങളും ചെയ്യുന്നത് അതു മാത്രമാണ്. ടെക്സ്റ്റ്ബുക് ജേണലിസത്തില്‍ നിന്നു മാറി, വ്യത്യസ്തമായ ശൈലി പരീക്ഷിക്കുന്നു. അതിനെ ധൈര്യമെന്നല്ല പറയേണ്ടത്. പറയാനുള്ളത്, മറ്റുള്ളവര്‍ പറയുന്നതില്‍ നിന്നു വ്യത്യസ്തമായി പറയുന്നു. ഞങ്ങള്‍ കൊടുത്ത വാര്‍ത്തകളെല്ലാം അതേ പ്രാധാന്യത്തോടെ തന്നെ കൊടുത്ത മറ്റു പത്രങ്ങളുമുണ്ട്. പക്ഷേ അതിനെയൊന്നും ധൈര്യമെന്നു വിളിക്കുന്നില്ല.

Q

സോഷ്യല്‍ മീഡിയായില്‍ സ്‌ക്രോള്‍ ചെയ്തു പോകുകയും സെക്കന്റുകള്‍ മാത്രമുള്ള റീല്‍സ് കാണുകയും ചെയ്യുന്ന പുതിയ തലമുറയെ ആകര്‍ഷിക്കാനാണോ തലക്കെട്ടുകളില്‍ വൈവിധ്യം കൊണ്ടുവന്നത്?

A

അതിനുവേണ്ടി മനപൂര്‍വം ചെയ്തതല്ല. പുതിയ തലമുറയിലെ വായനക്കാര്‍ ഞങ്ങള്‍ക്കു പ്രത്യേകമായി കൂടിയിട്ടുണ്ടെന്നും തോന്നുന്നില്ല.

Q

ഏതെങ്കിലും തലക്കെട്ടുകള്‍ വലിയ പ്രതിഷേധമുണ്ടാക്കുകയോ ഭീഷണികള്‍ വരികയോ ചെയ്തിട്ടുണ്ടോ?

A

അങ്ങനെയില്ല. ഒരു നേതാവ് വിളിച്ചു ഭീഷണിപ്പെടുത്തിയ കാര്യം വാര്‍ത്തയാക്കിയിരുന്നല്ലോ. അതു മാത്രമേ കാര്യമായി ഉള്ളൂ. തെറ്റായ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. പിന്നെ, പ. ബംഗാളില്‍ ഒരുപാടു പേര്‍ക്കൊന്നും എന്നെ വ്യക്തിപരമായി അറിയുകയുമില്ല.

ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണ്. പത്രപ്രവര്‍ത്തനരംഗമെടുക്കൂ. എത്ര ന്യൂനപക്ഷാംഗങ്ങളുണ്ട് ആ രംഗത്ത്? മുസ്ലീങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. പക്ഷേ അങ്ങനെയായിരിക്കുമ്പോഴും ഒരു സുരക്ഷ ന്യൂനപക്ഷങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനു നേരെയും ഭീഷണി ഉണ്ടായിരിക്കുന്നു. ഇതേ രീതിയില്‍ പോകുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി വളരെ പ്രശ്‌നസങ്കീര്‍ ണ്ണമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

Q

ഭീഷണിപ്പെടുത്താന്‍ വിളിച്ച നേതാവിനോടു താങ്കള്‍ പറഞ്ഞത്, അയാം നോട്ട് എ ജെന്റില്‍മാന്‍, അയാം എ ജേണലിസ്റ്റ് എന്നായിരുന്നല്ലോ..

A

അങ്ങനെയല്ല. അതൊരു പ്രസ്താവനയായി പറഞ്ഞതല്ല. നിങ്ങള്‍ ഒരു ജെന്റില്‍മാനാണെന്നു വിചാരിച്ചു എന്ന് അദ്ദേഹം എന്നോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അതിനു മറുപടിയായി പറഞ്ഞെന്നേയുള്ളൂ!

Q

വാര്‍ത്തകള്‍ കൊടുത്തതുമായി ബന്ധപ്പെട്ടു കേസുകള്‍ ഉണ്ടായിട്ടുണ്ടോ?

A

കേസുകളുണ്ട്. അതൊക്കെ നടക്കുന്നുണ്ട്.

Q

'ഇന്ത്യ' മുന്നണി ഇപ്പോള്‍ കുറെ പ്രമുഖ ടെലവിഷന്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ച് എന്തു പറയുന്നു?

A

അതു നല്ല കാര്യം എന്നാണ് എന്റെ അഭിപ്രായം. അവര്‍ ജേണലിസ്റ്റുകള്‍ അല്ല, അതുകൊണ്ട് അവരെ ബഹിഷ്‌കരിക്കാം എന്നു പറയുന്ന ചിലരുണ്ട്. അവര്‍ ജേണലിസ്റ്റുകള്‍ അല്ല എന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, അവരുടെ ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ അവര്‍ക്ക് ഇല്ലാത്ത പ്രാമാണികത നല്‍കുകയാണു നാം ചെയ്യുന്നത്. ചാനലുകളെയല്ലല്ലോ ബഹിഷ്‌കരിക്കുന്നത്. ഏതാനും ചില അവതാരകരെയാണ്. ആ അവതാരകരുടെ നിലപാടുകളോടു യോജിക്കുന്നില്ല എന്നു പറയുന്നത് നല്ലതാണെന്നു ഞാന്‍ കരുതുന്നു.

Q

ഇന്ത്യയില്‍ മാധ്യമരംഗത്തെ ഭാവി എന്തായിരിക്കും?

A

തൊഴില്‍പരമായി നോക്കിയാല്‍ അത്ര ശോഭനമായ ഭാവിയായിരിക്കും എന്നു പറയാനാവില്ല. പക്ഷേ താത്പര്യമുള്ളവര്‍ക്കു കടന്നു ചെല്ലാവുന്ന മേഖല തന്നെയാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാനും അനുഭവങ്ങളാര്‍ജിക്കാനും ധാരാളം അവസരങ്ങളുള്ള ഒരു തൊഴില്‍മേഖലയായി അതു നിലനില്‍ക്കും.

Q

അടിയന്തിരാവസ്ഥയില്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ മാധ്യമങ്ങള്‍ ഇപ്പോള്‍ ഒന്നും പറയാതെ തന്നെ ഭരണകൂടത്തിന്റെ ഇംഗിതം നിറവേറ്റുകയാണ് എന്നു പറയുന്നുണ്ടല്ലോ. എന്താവാം അതിനു കാരണം?

A

മാധ്യമപ്രവര്‍ത്തകരുടെ മനസ്സില്‍ അന്തര്‍ലീനമായ വര്‍ഗീയത തന്നെ പ്രധാന കാരണം. അതിലെനിക്കു യാതൊരു സംശയവുമില്ല. കേരളത്തിലെ ചില മാധ്യമങ്ങള്‍ കേന്ദ്രഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്നതെന്തിനാണെന്നു പക്ഷേ എനിക്കു മനസ്സിലായിട്ടില്ല. വായനക്കാരുടെ സമ്മര്‍ദം കൊണ്ടാകാം. മറ്റു വാണിജ്യതാത്പര്യങ്ങള്‍ ഉണ്ടാകാം. അല്ലാതെ അതിലൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org