അഹം അലിയുന്ന അരങ്ങുകൾ

അഹം അലിയുന്ന അരങ്ങുകൾ
Published on
നര്‍ത്തകനും സന്യാസിയുമാണു ഫാ. ഡോ. സാജു ജോര്‍ജ് എസ് ജെ. ഭരതനാട്യത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി 30 വര്‍ഷത്തിനിടയ്ക്ക് രണ്ടായിരത്തോളം വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കുകയും അനേകര്‍ക്കു നൃത്ത പരിശീലനം നല്‍കുകയും ചെയ്തു. ബൈബിള്‍ പ്രമേയങ്ങള്‍ ഭരതനാട്യമായി അവതരിപ്പിച്ചത് കലാസ്വാദകരുടെയും നിരൂപകരുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പ്രസിദ്ധ നര്‍ത്തകി മേതില്‍ ദേവിക, ഭരതനാട്യത്തില്‍ ഗവേഷണം ചെയ്തു ഡോക്ടറേറ്റ് നേടിയത് ഫാ. സാജു മൂലന്തുരുത്തിലിന്റെ മാര്‍ഗദര്‍ശനത്തിലാണ്. പാലാ രൂപതയിലെ ശാന്തിപുരം സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗമായ അദ്ദേഹം ഈശോസഭയുടെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ അംഗമാണ്. 'കലാഹൃദയ' എന്ന നൃത്തസംഗീതകലാലയം നടത്തുകയും നൃത്തനാടകങ്ങളുടെ രചനയും സംവിധാനവും അവതരണവുമായി മുന്നോട്ടു പോകുകയുമാണ് അദ്ദേഹം. നൃത്തം അഹത്തെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആത്മത്യാഗത്തിന്റെ ഒരു സാധനയാണെന്നും നൃത്തത്തില്‍ ആയിരിക്കുമ്പോള്‍ അതൊരു ആത്മബലിയുടെ അനുഭവമായി മാറുന്നുവെന്നും ഫാ. സാജു പറയുന്നു. അദ്ദേഹവുമായി സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്ത് നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്...
Q

നൃത്തത്തോടുള്ള താല്‍പര്യം എപ്രകാരമാണ് മനസ്സിലുണ്ടാകുന്നത്? ഈശോസഭയില്‍ ചേര്‍ന്ന ശേഷവും നൃത്തം ഒരു പാഷനായി മുന്നോട്ടു കൊണ്ടുപോകാന്‍ കിട്ടിയ പിന്തുണ എപ്രകാരമായിരുന്നു, സഭാധികാരികള്‍ ഇതിനെ എങ്ങനെയാണു കണ്ടത്?

A

പെരുവ ഗവൺമെൻറ് സ്കൂളിൽ പഠിക്കുമ്പോൾ കണ്ട യുവജനോത്സവങ്ങളിലൂടെയാണ്   എനിക്ക് നൃത്തത്തോടും കലകളോടും താൽപര്യം തോന്നിയത്. അവിടെ പഠിക്കുകയായിരുന്ന എൻറെ സഹോദരിയും നൃത്തം ചെയ്യുമായിരുന്നു. 5, 6, 7 ക്ലാസുകളിൽ പഠിക്കുമ്പോൾ എനിക്ക് പറ്റുന്ന രീതിയിൽ ഡാൻസിലും മോണോആക്റ്റിലും ഫാൻസി ഡ്രസിലും ഒക്കെ ഞാൻ പങ്കെടുക്കുമായിരുന്നു. ഏഴു മുതൽ 10 വരെ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ കലാപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിയായി. അവിടെ അധ്യാപകനായിരുന്ന കുര്യൻ സാർ എന്നെ പ്രത്യേകം പ്രോത്സാഹിപ്പിച്ചു. കുറെ സമ്മാനങ്ങൾ കിട്ടി അങ്ങനെ കലക്കു കൂടുതൽ സമയം കൊടുക്കാൻ തുടങ്ങി. സ്പോർട്സിലും പങ്കെടുക്കുമായിരുന്നു. എൻറെ നേതൃത്വത്തിൽ ആൺകുട്ടികളുടെ ഒരു ഒപ്പന ടീം ഒക്കെ ഉണ്ടായിരുന്നു. അമ്പലങ്ങളിലും പള്ളികളിലും ഉള്ള എല്ലാ പരിപാടികളും പോയി കാണുമായിരുന്നു. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാം പോകുന്നയാൾ എന്നായിരുന്നു എന്നെ കുറിച്ചുള്ള വീട്ടുകാരുടെ ഒരു പരാതി. ഇങ്ങനെ സ്കൂളും പള്ളിയും പരിപാടികളും സമ്മാനങ്ങളും ഒക്കെയാണ് കലാരംഗത്തോടുള്ള താൽപര്യം വർധിപ്പിച്ചത്.

നൃത്തവും അതിന് അകമ്പടിയായ സംഗീതവും ഗൗരവതരമായ ഒരു ആധ്യാത്മിക സാധന തന്നെയാണ്. അതിന് സമര്‍പ്പണം ആവശ്യമാണ്, സമ്പൂര്‍ണ്ണമായ പങ്കാളിത്തം ആവശ്യമാണ്, അതൊരു ധ്യാനമാണ്. പൗരോഹിത്യ ജീവിതവും ഒരു സാധനയാണ്. ക്രിസ്തുവിന് തന്നെത്തന്നെ സമര്‍പ്പിക്കുന്ന ഒരു ധ്യാനമാണ്.

Q

നൃത്തത്തോടുള്ള ഇഷ്ടവും ദൈവവിളിയും തമ്മില്‍ എങ്ങനെയാണ് കൂട്ടിമുട്ടിയത്?

A

ഇലഞ്ഞി സെന്റ് പീറ്റേഴ്‌സില്‍ പഠിക്കുമ്പോള്‍ ഒരു ആദ്യ വെള്ളിയാഴ്ചയിലെ കുര്‍ബാനക്കുമുമ്പ് ഒരു ഡോക്യുമെന്ററി കാണിച്ചു. കുഷ്ഠരോഗികളുടെ മധ്യസ്ഥനായ വിശുദ്ധ പീറ്റര്‍ ഡാമിയന്റെ ജീവിതമായിരുന്നു പ്രമേയം. ഡാമിയന്റെ ജീവിതമാണ് ആദ്യമായി എന്നെ ഒരു മിഷണറിയാകാന്‍ പ്രചോദിപ്പിച്ചത്. പ്രീഡിഗ്രി പഠിക്കുമ്പോഴാണ് മദര്‍ തെരേസയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടത്. കേരളത്തില്‍ നിന്ന് പോകണം, രോഗികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം, കല്‍ക്കട്ടയിലെത്തി മദര്‍ തെരേസയെ കാണണം എന്നെല്ലാമുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ ശക്തമായി. പാലാ മിഷന്‍ ഹോമില്‍ ചെന്ന് ഈശോസഭാ വൈദികനായിരുന്ന ഫാദര്‍ ജോസഫ് മാളിയേക്കലിനെ കണ്ടു. കല്‍ക്കത്തയില്‍ പോകണം, മദര്‍ തെരേസായെപ്പോലെ സേവനങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞു. ഉടനെ അദ്ദേഹം എനിക്കൊപ്പം എന്റെ വീട്ടിലേക്ക് വന്നു. വീട്ടുകാര്‍ക്ക് അദ്ഭുതമായി. കാരണം വീട്ടില്‍ ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. വൈകാതെ കല്‍ക്കട്ടയിലേക്ക് പുറപ്പെടുകയും ചെയ്തു. അച്ചനാകാന്‍ ചേരുന്നതോടെ എന്റെ നൃത്തവും പാട്ടും ഒക്കെ അവസാനിക്കും എന്നാണ് ഞാന്‍ കരുതിയത്. ഇനി എക്കാലവും സന്യാസവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഒരു പുരോഹിതനായി ജീവിക്കും എന്നായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.

Q

പിന്നെ എവിടെ വച്ചാണ് നൃത്തം ഗൗരവമായ ഒരു പഠന മേഖലയായി അച്ചന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്?

A

1984-ല്‍ ഞാന്‍ കല്‍ക്കട്ടയില്‍ എത്തി. സെമിനാരിയില്‍ സാംസ്‌കാരിക പരിപാടികള്‍ വല്ലപ്പോഴും ഉണ്ടാകുമ്പോള്‍ ഞാന്‍ നൃത്തമോ പാട്ടോ നാടകമോ ഒക്കെ ചെയ്യുമായിരുന്നു. എന്റെ നോവിസ് മാസ്റ്റര്‍ ഇത് ശ്രദ്ധിച്ചിരുന്നു. കുര്‍ബാനക്കിടയില്‍ ആരതി നടത്താനും പരിപാടികള്‍ക്ക് ഡാന്‍സ് പഠിപ്പിക്കാനും എന്നെ നിയോഗിക്കുമായിരുന്നു. ബംഗാളിയായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്ന ഒരാളായിരുന്നു.

നാലു വർഷം കഴിഞ്ഞ് എല്ലാവരും ഡിഗ്രിക്ക് പഠിക്കാനായി പോവുകയാണ്. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, നിനക്ക് ഈയൊരു കഴിവ് ഉള്ളതിനാൽ ഒരു ഗുരുവിൽ നിന്ന് ശരിയായ നൃത്ത പരിശീലനം നേടണമെന്ന് ആഗ്രഹം ഉണ്ടോ?

തുടർന്നു കൽക്കട്ട സെൻറ് സേവിയേഴ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയായി ചേർന്നു. അവിടെ ഞങ്ങളുടെ ചുമതലയുമായി വന്നത് ഇതേ നോവിസ് മാസ്റ്റർ തന്നെയായിരുന്നു. അദ്ദേഹം ഒരു ദിവസം എന്നെ ഒരു ഗുരുവിന്റെ അടുത്തേക്ക് കൊണ്ടുപോയി. ബംഗാളിലെ കത്തോലിക്കർക്കിടയിൽ പ്രസിദ്ധനായിരുന്ന കത്തോലിക്കാ വിശ്വാസിയായ മൺറോ ഗുരുജി. അദ്ദേഹത്തിൻറെ അച്ഛൻറെ കുടുംബം ഇംഗ്ലണ്ടിൽ നിന്നുള്ള മൺറോ സായിപ്പിന്റേതും അമ്മയുടേത് ഒരു ബെർമിസ് രാജകുടുംബവുമായിരുന്നു. ആന്ധ്രയിൽ കുച്ചിപ്പുടി പഠിച്ച് കൊൽക്കട്ടയിൽ അത് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. 1985 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കൽക്കട്ടയിൽ വന്നപ്പോൾ നടത്തിയ പരിപാടിയിൽ അദ്ദേഹം നൃത്തം അവതരിപ്പിച്ചിരുന്നു. ഞാൻ അദ്ദേഹത്തിൻറെ അടുത്ത് കുച്ചിപ്പുടി പഠിക്കാൻ ആരംഭിച്ചു. കോളേജിലെ പഠന ഭാരത്തിനിടയിൽ ഇടയ്ക്ക് ഈ ക്ലാസുകൾ മുടങ്ങുമായിരുന്നു. അതിനാൽ നൃത്തപഠനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അന്നത്തെ അധികാരികൾ വിമുഖരായി.

A

ആ സമയത്താണ് പിറവംകാരനായ ഫാ. പിസി മാത്യു ഞങ്ങളുടെ പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ടത്. നൃത്തപഠനം ഗൗരവമായി തുടരുന്നതിനുള്ള അനുമതി പ്രൊവിൻഷ്യൽ എന്ന നിലയിൽ അദ്ദേഹം നൽകി. അങ്ങനെ വീണ്ടും ഗുരുവിനുമുമ്പിൽ പരമ്പരാഗത ആചാരപ്രകാരമുള്ള ദക്ഷിണ വച്ച് ശിഷ്യനായി പരിശീലനം ആരംഭിച്ചു. അടുത്ത മൂന്നുവർഷം കുച്ചുപ്പുടി പഠിച്ചു, നിരവധി പരിപാടികളും നടത്തി. അദ്ദേഹം കൽക്കട്ട രവീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നൃത്തത്തിന്റെ പ്രൊഫസർ ആയിരുന്നു. ഞാൻ നന്നായി പഠിക്കുന്നുണ്ടെന്ന് കണ്ട് അദ്ദേഹം യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേരാൻ നിർദ്ദേശിച്ചു. ഞാൻ അനുമതി ചോദിക്കുകയും പ്രൊവിൻഷ്യൽ അതിന് അനുവദിക്കുകയും ചെയ്തു. കുച്ചിപ്പുടിയിൽ എം എ കോഴ്സിന് ചേരാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഞങ്ങളുടെ ഡിഗ്രി റിസൾട്ട് വരാൻ വൈകിയത് കൊണ്ട് ഒരു വർഷം നഷ്ടമാകും എന്ന സ്ഥിതി വന്നു. അങ്ങനെ ഒരു വർഷം നഷ്ടപ്പെടുത്തരുതെന്നും ഫിലോസഫി പഠിക്കാൻ തയ്യാറാകണമെന്നും പ്രൊവിൻഷ്യൽ നിർദേശിച്ചു. ഫിലോസഫി പഠിക്കാൻ പൂനെയാണോ മദ്രാസ് ആണോ ആഗ്രഹം എന്ന് ചോദിച്ചു. ഞാൻ മദ്രാസ് തിരഞ്ഞെടുത്തു. കാരണം അത് ഭരതനാട്യത്തിന്റെ നാടാണ്. അവിടുത്തെ ഭരതനാട്യ കലാക്ഷേത്രം ഞങ്ങളുടെ ഫിലോസഫി കോളേജായ സത്യനിലയത്തിന്റെ അടുത്താണ്. ഫിലോസഫി പിടിക്കുമ്പോൾ അനുമതി തന്നാൽ ഗുരുക്കന്മാരുടെ അടുത്ത് ഭരതനാട്യവും പഠിക്കാം എന്ന് ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ചെന്നൈയിലെ ഫിലോസഫി പഠനത്തിനിടെ രണ്ടു വർഷം ഞാൻ ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചു.  രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നൃത്ത പരിപാടികളുടെ തിരക്ക് കൂടുകയും പഠന ഭാരം വർധിക്കുകയും ചെയ്തപ്പോൾ പ്രശ്നങ്ങളായി. അതിനാൽ  കുച്ചിപ്പുടി ഉപേക്ഷിക്കുകയും ഭരതനാട്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തു. കലാക്ഷേത്രത്തിൽ അന്ന് ഫൈനൽ ഇയർ വിദ്യാർഥിയായി പഠിച്ചിരുന്ന ഒരു രാജ്കുമാർ ഉണ്ടായിരുന്നു. അദ്ദേഹം കത്തോലിക്ക വിശ്വാസിയായിരുന്നു. എൻറെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അദ്ദേഹം വൈകുന്നേരങ്ങളിൽ ഞങ്ങളുടെ സെമിനാരിയിൽ വന്ന് എന്നെ പഠിപ്പിക്കാൻ തുടങ്ങി. ഔപചാരികമായി ഭരതനാട്യത്തിൽ കൂടുതൽ പഠനം നടത്താൻ ആഗ്രഹമുണ്ടെന്ന് ഞാൻ അധികാരികളെ അറിയിച്ചു. ഭരതനാട്യത്തിലാണ് കുച്ചുപ്പുടിയേക്കാൾ കൂടുതൽ സാധ്യതകൾ എന്ന് ഞാൻ കണ്ടിരുന്നു. അങ്ങനെ ഫിലോസഫിക്കുശേഷം കൽക്കട്ടയിൽ തിരിച്ചെത്തിയ ഞാൻ ഭരതനാട്യത്തിൽ എം എ പഠിക്കാൻ ചേർന്നു. മൂന്നുവർഷത്തോളം നീണ്ട പഠനത്തിനുശേഷം എം എ നേടി. ഇടയ്ക്ക് കൂടിയാട്ടം, മണിപൂരി, കഥക് തുടങ്ങിയ നൃത്ത ഇനങ്ങളിൽ ചില ശില്പശാലകളിലൊക്കെ പങ്കെടുക്കുകയും അവയെക്കുറിച്ചും സാമാന്യധാരണ സമ്പാദിക്കുകയും ചെയ്തു. എം എ കഴിഞ്ഞപ്പോൾ അരങ്ങേറ്റം നടത്തണമെന്ന് ഞാൻ അധികാരികളോട് പറഞ്ഞു. കാരണം അരങ്ങേറ്റം കഴിഞ്ഞെങ്കിൽ മാത്രമേ പൊതുവേദികളിൽ ഒരു നർത്തകനായി അംഗീകരിക്കപ്പെടുകയുള്ളൂ. ചെയ്യുന്നത് എന്തായാലും അത് ഏറ്റവും നന്നായി ചെയ്യുക എന്നത് ഇഗ്നേഷ്യൻ ആധ്യാത്മികത ആണല്ലോ. ഈയൊരു ചൈതന്യം നൊവിഷ്യേറ്റ് കാലത്ത് തന്നെ എൻറെ ഉള്ളിൽ വേരൂന്നിയിരുന്നു. എന്ത് ചെയ്താലും അത് ഏറ്റവും നന്നായി ചെയ്യുക എന്ന ഒരു രീതി. ഗുരുക്കന്മാരുടെയും ആസ്വാദകരുടെയും മുമ്പിൽ അരങ്ങേറ്റം നടത്തണം എന്ന് എനിക്ക് തോന്നിയതും അതിൻറെ ഭാഗമാണ്. അന്ന് അത് ധാരാളം പണച്ചെലവുള്ള ഒരു കാര്യമായിരുന്നു. 25 വർഷം മുമ്പ് അമ്പതിനായിരത്തോളം രൂപ എന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ. പക്ഷേ അധികാരികൾ അത് അനുവദിക്കുകയും കൽക്കട്ടയിൽ ശ്രദ്ധേയമായ ഒരു അരങ്ങേറ്റം നടത്തുകയും ചെയ്തു. എൻറെ പ്രൊഫഷണൽ നൃത്ത ജീവിതത്തിന്റെ തുടക്കം എന്നു പറയാവുന്നത് ആ അരങ്ങേറ്റമാണ്. നർത്തകനായ ഒരു പൗരോഹിത്യ വിദ്യാർഥി എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

ശുദ്ധ ശാസ്ത്രീയ കലകളുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യുന്നത് തൊലിപ്പുറമേയുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. ശാസ്ത്രീയമായ നിരവധി കലാരൂപങ്ങള്‍ നൃത്തവും സംഗീതവും ചിത്രകലയും ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്. അവയെ അക്കാദമികമായി പഠിക്കാനോ ആഴത്തില്‍ അറിയാനോ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല.

Q

കല എങ്ങനെയാണ് പൗരോഹിത്യത്തെ അല്ലെങ്കില്‍ പൗരോഹിത്യത്തോടു ബന്ധപ്പെട്ട ആധ്യാത്മികതയെ സ്വാധീനിക്കുന്നത്? അല്ലെങ്കില്‍ പൗരോഹിത്യം എങ്ങനെയാണ് കലാജീവിതത്തെ സ്വാധീനിക്കുന്നത്? ഇതിനെക്കുറിച്ച് എന്താണ് അങ്ങയുടെ നിരീക്ഷണം?

A

നൃത്തത്തിലെ എന്റെ ആദ്യഗുരു മൺറോ കത്തോലിക്കാവിശ്വാസിയാണ് എന്നു പറഞ്ഞല്ലോ.  സെൻറ് സേവിയേഴ്സ് കോളേജിൽ പഠിച്ച അദ്ദേഹത്തിനു കത്തോലിക്കാ പുരോഹിതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.  സാംസ്കാരിക അനുരൂപണം സിദ്ധിച്ച ക്രൈസ്തവികതയുടെ മാർഗത്തിൽ കലയുടെ ആധ്യാത്മികത പറയാൻ അദ്ദേഹം എന്നെ ഒരുക്കുന്നുണ്ടായിരുന്നു. നൃത്തത്തിന് ആധ്യാത്മികതയുണ്ടെന്നും അതൊരു പവിത്ര കർമ്മമാണെന്നും നൃത്തത്തിലൂടെ നമുക്ക് ദൈവത്തെ വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യാമെന്നും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു, ഗൗരവമായി ഉൾക്കൊണ്ടു.

80 കള്‍ ഭാരതസഭയില്‍ ഗൗരവതരമായ സാംസ്‌കാരികാനുരൂപണ ത്തിന്റെ കാലമായിരുന്നു. ക്രൈസ്തവ ആധ്യാത്മികതയെ എങ്ങനെ സാംസ്‌കാരിക അനുരൂപണത്തിന് വിധേയമാക്കാം എന്നതിനെ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടന്നു.

A

നൃത്തവും അതിന് അകമ്പടിയായ സംഗീതവും ഗൗരവതരമായ ഒരു ആധ്യാത്മിക സാധന തന്നെയാണ്. അതിന് സമർപ്പണം ആവശ്യമാണ്, സമ്പൂർണ്ണമായ പങ്കാളിത്തം ആവശ്യമാണ്, അതൊരു ധ്യാനമാണ്. പൗരോഹിത്യജീവിതവും ഒരു സാധനയാണ്. ക്രിസ്തുവിന് തന്നെത്തന്നെ സമർപ്പിക്കുന്ന ഒരു ധ്യാനമാണ്. ഒരു ഈശോസഭാ സന്യാസി എന്നുപറഞ്ഞാൽ ഈശോയെപ്പോലെ ആകുന്നവൻ എന്നാണർത്ഥം. ഏത് പുരോഹിതനെ സംബന്ധിച്ചും ഇത് ശരിയാണ്. ഈശോയെ പോലെ ആവുക. ഈ ആദ്ധ്യാത്മികത എന്നിൽ ആഴപ്പെട്ടു. നൃത്തം എനിക്ക് മറ്റൊരു വേദി തരികയാണ്. ദിവ്യതയുടെ ആഴങ്ങളിലേക്ക് പോകുന്നതിന് വേറൊരു ഇടവും സമയവും സമ്മാനിക്കുകയാണ്. ശാസ്ത്രീയസംഗീതം പറയുന്നത് ദിവ്യതയെ കുറിച്ച് തന്നെയാണ്. നൃത്തത്തിന്റെ തത്ത്വശാസ്ത്രവശം ഹിന്ദുമതത്തിന്റെ വിഭാഗീയതകൾക്കെല്ലാം ഉപരിയാണ്. കൃഷ്ണനെയും രാധയെയും ശിവനെയും കുറിച്ച് ഒക്കെ ആയിരിക്കാം ഇതിൽ പറയുന്നത്. അതെല്ലാം ഹിന്ദു മതത്തിൻറെ അഭേദ്യ ഘടകങ്ങളാണ്. ഞാനത് മനസ്സിലാക്കുന്നു. പക്ഷേ അതിനെല്ലാം അപ്പുറത്ത് ദിവ്യത എന്ന് വിളിക്കാവുന്ന ഒരു ഘടകമുണ്ട്. അവിടെ ബൈബിൾ അധിഷ്ഠിതമായ ആധ്യാത്മികതയ്ക്ക് ഇടമുണ്ട്.

ശിവതാണ്ഡവം എന്നുപറയുന്നത് ഒരർത്ഥത്തിൽ ഉല്പത്തിയാണ്. പഞ്ചഭൂതം, പഞ്ചകൃത്യം, പഞ്ചാക്ഷരം തുടങ്ങിയവയെല്ലാം സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. 80 കളിൽ ഭാരതസഭയിൽ ഗൗരവതരമായ സാംസ്കാരികാനു രൂപണത്തിന്റെ കാലമായിരുന്നു. ക്രൈസ്തവ ആധ്യാത്മികതയെ എങ്ങനെ സാംസ്കാരിക അനുരൂപണത്തിന് വിധേയമാക്കാം എന്നതിനെ സംബന്ധിച്ച ഗൗരവമായ ചർച്ചകൾ നടന്നു. ഇന്ത്യയിൽ ഒരു ക്രൈസ്തവനായിരുന്നുകൊണ്ട് ഇന്ത്യൻ സംസ്കാരത്തെ എങ്ങനെ വിലമതിക്കാം, ജീവിക്കാം എന്ന അന്വേഷണം. ഞാൻ അതിനെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനവേളകളിലെല്ലാം ഇതേക്കുറിച്ച് ഉൾക്കാഴ്ചകൾ പകരുവാൻ കഴിയുന്ന ഈശോ സഭ വൈദികരെ കണ്ടുമുട്ടാനും എനിക്കായി. നൃത്തവും തത്വചിന്തയും, നൃത്തവും ദൈവശാസ്ത്രവും, നൃത്തവും സാംസ്കാരികാനുരൂപണവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതാൻ അവർ പ്രോത്സാഹിപ്പിച്ചു. ഓരോ വർഷം കഴിയുന്തോറും ഈ വിഷയത്തിലേക്ക് ആഴത്തിലേക്ക് ഇറങ്ങാനും മനനം ചെയ്യാനും ബോധ്യങ്ങൾ ആർജ്ജിക്കാനും എനിക്ക് സാധിച്ചു.

Q

നൃത്തം സ്ത്രീകളുടേതാണെന്ന് ഒരു പൊതുബോധം ഉണ്ടല്ലോ. സ്‌ത്രൈണ ഭാവത്തിന്റെ ആഘോഷം എന്ന ഒരു അര്‍ത്ഥം. ഒരു പുരോഹിതനായിരിക്കെ അത്തരത്തില്‍ എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ അല്ലാത്തവരുടെ നൃത്തത്തെ പൊതുസമൂഹം അവഗണിക്കുന്നു എന്ന അഭിപ്രായത്തെ സംബന്ധിച്ച എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടോ?

A

88 ല്‍ ഞാന്‍ ഗൗരവമായി ഒരു ഗുരുവിന് കീഴില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത്തരത്തിലുള്ള ചില അഭിപ്രായങ്ങള്‍ കേള്‍ക്കാനിടയായിട്ടുണ്ട്. ഇത് പെണ്‍കുട്ടികളുടെ പരിപാടിയാണ്, നൃത്തം പഠിച്ചാല്‍ പെണ്‍കുട്ടികളെപ്പോലെ ആകും എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍.

പക്ഷേ ജ്ഞാനികളായിരുന്ന മേലധികാരികള്‍ എന്നോടൊപ്പം നിന്നു. ഇത് വിട്ടിട്ട് പോകാനുള്ള മാനസികമായ സമ്മര്‍ദ്ദങ്ങള്‍ പലതവണ വന്നു. ഇത് ഒരു അച്ചന് പറ്റിയതല്ല എന്ന തോന്നല്‍. പക്ഷേ പിന്നീട് എനിക്കൊരു അവബോധം ഉണ്ടായി. നൃത്തത്തില്‍ പൗരുഷവും ഉണ്ട്. താണ്ഡവവും ലാസ്യവും എല്ലാ മനുഷ്യരിലും ഉള്ളതാണ്. കൂടുതല്‍ തത്വചിന്താപരമായ വിചിന്തനങ്ങള്‍ നടത്തുമ്പോള്‍ എനിക്ക് നൃത്തം ഇഷ്ടമാകാന്‍ തുടങ്ങി.

എനിക്കു സ്ത്രൈണഭാവം ഇല്ലായിരുന്നു. പുരോഹിതൻ എന്ന നിലയിൽ നമ്മൾ ജീവിക്കുന്നത് പുരുഷ സമൂഹത്തിലാണ്. അതിനാൽ തികഞ്ഞ പുരുഷന്മാരെ പോലെ പെരുമാറാതിരിക്കാൻ കഴിയില്ല. അതും എന്നെ സഹായിച്ചു. പക്ഷേ വർഷങ്ങൾക്കുശേഷം ഞാൻ സ്വയം കണ്ടെത്തി, ഞാൻ സംസാരിക്കുമ്പോൾ എന്റെ കൈകൾ ചലിക്കുന്നു. എൻറെ ശരീരം അതിൻറെ ഭാഗമാകുന്നു. കാരണം, പത്തും പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ഒരു ദിവസം ഈ മുദ്രകളും ആംഗ്യങ്ങളും അഭിനയവും ഒക്കെയാണ് പഠിക്കുന്നത്. സ്വാഭാവികമായും ഈ ആംഗ്യങ്ങൾ നമ്മുടെ സംഭാഷണ രീതിയുടെ അഭേദ്യഭാഗങ്ങൾ ആയി മാറുന്നു. അതോടെ നൃത്തം പഠിക്കുകയോ പഠിപ്പിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യാത്ത സന്ദർഭങ്ങളിൽ ഞാൻ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. അത്തരം സന്ദർഭങ്ങളിൽ ഒരു പുരുഷനെപ്പോലെ നടക്കുകയും സംസാരിക്കുകയും നിൽക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ടെന്ന് ഞാൻ ബോധപൂർവ്വം എന്നെ ശീലിപ്പിച്ചു. പക്ഷേ നൃത്തം ചെയ്യുമ്പോൾ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഉൾക്കൊള്ളേണ്ടതുണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നു. രാധയെ, കൃഷ്ണനെ, മഗ്ദലനാ മേരിയെ, പരിശുദ്ധ മറിയത്തെ ഒക്കെ അവതരിപ്പിക്കുമ്പോൾ ഞാൻ അവരെ ഉൾക്കൊള്ളണം. 

നമ്മുടെ സമൂഹത്തിന് പലപ്പോഴും ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയാറില്ല. വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ളവർ അവമതിപ്പോടെ സംസാരിക്കും. പക്ഷേ നാളുകൾ കഴിയുമ്പോൾ അത്തരം നിഷേധാത്മക വിമർശനങ്ങളോടുള്ള ഒരു പ്രതിരോധം നാം സ്വയം പടുത്തുയർത്തും. വർഷങ്ങളിലൂടെ ഇതിനൊക്കെയുള്ള ഒരു തൊലിക്കട്ടി ഞാനാർജിച്ചെടുത്തു എന്ന് പറയാം. കൂടാതെ ഞാൻ കളരിപ്പയറ്റും കരാട്ടെയും പഠിച്ചു. ശരീരചലനങ്ങൾ എപ്പോഴും നർത്തകരുടേത് മാത്രം ആകരുത് എന്ന വിചാരത്തോടെയാണ് അത് ചെയ്തത്. എനിക്കത് ആവശ്യമായിരുന്നു. പുരുഷവിദ്യാർഥികൾ വരുമ്പോൾ ഞാൻ ഇക്കാര്യങ്ങൾ സംസാരിക്കുകയും അവരെയും ഈ രീതിയിൽ പരിശീലിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. വേദിക്ക് പുറത്ത് ഒരു സ്വയം നിയന്ത്രണം ആവശ്യമായി വരുന്നു. പുരുഷന്മാരിൽ, അവർ പൊലീസോ ഡോക്ടറോ ടീച്ചറോ തുടങ്ങി ഏതു രംഗത്തായാലും, സ്ത്രൈണത ഉള്ളവർ അവിടെയെല്ലാം ഉണ്ട്. ഇത് നർത്തകരുടെ മാത്രം പ്രശ്നമല്ല. ഇക്കാര്യത്തിൽ ചില മലയാളം സിനിമകൾ നിഷേധാത്മകമായ ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. പുരുഷനർത്തകരെ വികലമായി അനുകരിച്ചു കൊണ്ടാണ് ഇത് ചെയ്തിട്ടുള്ളത്. കമലഹാസൻ അഭിനയിച്ച സാഗരസംഗമം പോലെയുള്ള സിനിമകളും ഇവിടെയുണ്ട്. പക്ഷേ ഇത്തരം പോസിറ്റീവായ കാര്യങ്ങൾ ആളുകൾ അവഗണിക്കും. പുരുഷ നർത്തകരെ അവമതിക്കുന്ന ഒരു പ്രവണത നമ്മുടെ ആളുകൾക്ക് ഉണ്ട് എന്നുള്ളത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അതിൽ വേദനയുമുണ്ട്.

Q

തിയോളജിയിലോ ഫിലോസഫിയിലോ ഒക്കെ ഡോക്ടറേറ്റ് എടുത്ത ഒരു അച്ചന് കിട്ടുന്ന ഒരു പ്രാധാന്യം സംഗീതത്തില്‍, നൃത്തത്തില്‍ ഡോക്ടറേറ്റ് എടുത്ത ഒരാള്‍ക്ക് കൊടുക്കാന്‍ സഭയ്ക്ക് പറ്റുന്നുണ്ടോ? ഇത്തരം കലാരൂപങ്ങളോടെ അടുപ്പം കാണിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യാന്‍ സഭ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടോ? വിശേഷിച്ചും കേരള സഭയെക്കുറിച്ച് ഇക്കാര്യത്തില്‍ അച്ചന്റെ നിരീക്ഷണം എന്താണ്?

A

നൃത്തത്തിലോ സംഗീതത്തിലോ ഡോക്ടറേറ്റുള്ളവരെ ഇതര വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ളവരെ പോലെ കേരളസഭ അംഗീകരിക്കുന്നില്ല എന്നുള്ളതാണ് എന്റെ ഉത്തരം. ഞാനത് അനുഭവിച്ചിട്ടുണ്ട്. നൃത്തത്തില്‍ ഡോക്ടറേറ്റ് നേടുകയും നൃത്തത്തിലെ പ്രൊഫസറായി രണ്ട് യൂണിവേഴ്‌സിറ്റികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഏക കത്തോലിക്ക പുരോഹിതനാണ് ഞാന്‍. എന്റെ കീഴില്‍ 9 പേര്‍ ഇതിനകം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഏതാനും പേരുടെ ഗവേഷണം തുടരുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കാണുന്നവര്‍ കുറവാണ്. ഏതെങ്കിലും ക്രൈസ്തവ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങളെ അംഗീകാരിക്കാറില്ല. എന്റെ അനുഭവവും എന്റെ ബോധ്യവുമാണത്. നമ്മള്‍ സ്വന്തം കഴിവുകള്‍ മുഴുവനായും സമര്‍പ്പിക്കേണ്ട മറ്റു രംഗങ്ങളും ഉണ്ടെന്ന് ചിന്തിക്കുന്നവര്‍ കുറവാണ്.

ഡാൻസിൽ പിഎച്ച്ഡിയോ, അത് എന്ത് ചെയ്തിട്ടാണ് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. കയ്യും കാലും ഇളക്കുന്നതിനാണോ ഡോക്ടറേറ്റ് എന്നെല്ലാം പരിഹസിക്കുന്നവരുണ്ട്. ഡാൻസിൽ പിഎച്ച്ഡി എടുക്കുന്നവർ എന്തു ചെയ്യുന്നു എന്നാണ് ചോദ്യം. പ്രശസ്ത നർത്തകിയായ മേതിൽ ദേവികയുടെ കാര്യം പറയാം. അഞ്ചുവർഷം അവർ എൻറെ കീഴിൽ ഗവേഷണം ചെയ്തു. രാപ്പകൽ വായനയും പഠനവും എഴുത്തും പ്രവർത്തനവും തന്നെ. അതിനുശേഷം മാത്രമാണ് അവർക്ക് ഡോക്ടറേറ്റ് ലഭിച്ചത്. എളുപ്പമുള്ള കാര്യമല്ല. ഇതൊരു ഉദാഹരണം മാത്രം. നൃത്തത്തിൽ ഡോക്ടറേറ്റ് ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതൻ കൂടിയുണ്ട്. നൃത്തത്തിലെ ഡോക്ടറേറ്റും ഇതര മേഖലകളിൽ ഡോക്ടറേറ്റ് പോലെ തന്നെ ആണ്. 

Q

നൃത്തത്തോടും കലയോടും സഭയ്ക്ക് എത്രത്തോളം സ്‌നേഹമുണ്ട്, അവയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സഭ എന്തൊക്കെ, എത്രത്തോളം ചെയ്യുന്നുണ്ട് എന്നാണ് അച്ചനു തോന്നുന്നത്? കേരള സഭയെക്കുറിച്ചാണ് പ്രത്യേകിച്ചും ചോദിക്കുന്നത്.

A

ശുദ്ധ ശാസ്ത്രീയ കലകളുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യുന്നത് തൊലിപ്പുറമേയുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. ശാസ്ത്രീയമായ നിരവധി കലാരൂപങ്ങള്‍ നൃത്തവും സംഗീതവും ചിത്രകലയും ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്. അവയെ അക്കാദമികമായി പഠിക്കാനോ ആഴത്തില്‍ അറിയാനോ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല. നൃത്തത്തിനും സംഗീതത്തിനും വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്ന നിരവധി അല്‍മായര്‍ നമുക്കുണ്ട്. അവരെ അംഗീകരിക്കാന്‍ നമ്മുടെ സഭ എന്തു ചെയ്തു? അവര്‍ക്ക് പ്രോത്സാഹനവും അവസരങ്ങളും നമ്മള്‍ നല്‍കുന്നുണ്ടോ? പള്ളിയും പള്ളിക്കാരും ഒന്നും നമ്മളെ തിരിഞ്ഞുനോക്കാന്‍ പോകുന്നില്ല എന്ന ബോധത്തോടെയാണ് അവര്‍ നീങ്ങുന്നത്. 15 വര്‍ഷം മുമ്പ് ഞാന്‍ കേരളത്തിലെ രണ്ട് മെത്രാന്മാര്‍ക്ക് എഴുതുകയുണ്ടായി, ഞാന്‍ ഇപ്രകാരം ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ബൈബിള്‍ പ്രമേയങ്ങള്‍ ഭരതനാട്യരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും എനിക്ക് അരങ്ങുകള്‍ തരാമോ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്. പക്ഷേ കത്തുകള്‍ക്കു മറുപടി പോലും കിട്ടിയില്ല.

നൃത്തം അഹത്തെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആത്മത്യാഗത്തിന്റെ ഒരു സാധനയാണ്. അതൊരു ആത്മബലിയാണ്...

Q

കേരളത്തില്‍ നിന്ന് ഏതെങ്കിലും മെത്രാന്മാര്‍ അച്ചനെ വിളിച്ച് നൃത്ത പരിപാടി അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?

A

ഒരിക്കലുമില്ല, ഇന്നുവരെ. ഞാന്‍ കേരളത്തില്‍ അധികം നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുമില്ല. എന്റെ കൂടുതല്‍ നൃത്തങ്ങളും കേരളത്തിന് പുറത്തായിരുന്നു.

നൃത്തത്തിലോ സംഗീതത്തിലോ ഡോക്ടറേറ്റുള്ളവരെ ഇതര വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ളവരെ പോലെ കേരളസഭ അംഗീകരിക്കുന്നില്ല ഞാനത് അനുഭവിച്ചിട്ടുണ്ട്.

Q

ഏതു ഭാഗത്തുള്ള സഭാധികാരികളാണ് പൊതുവേ ഇത്തരം കാര്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതായി തോന്നിയിട്ടുള്ളത്?

A

തമിഴ്‌നാട്ടിലെ മെത്രാന്മാര്‍. വാരണാസി രൂപതയിലെ മെത്രാന്‍ ആരംഭിച്ച നവസാധന ഡാന്‍സ് ആന്‍ഡ് മ്യൂസിക് കോളേജ് ഒരു നല്ല സംരംഭമാണ്. ചില മേഖലകളില്‍ ഇങ്ങനെയെല്ലാം നടക്കുന്നുണ്ട്. വിശേഷിച്ചും കേരളത്തിനു പുറത്ത്. ഭാരതീയമായ ശാസ്ത്രീയ കലാരൂപങ്ങളെ പഠിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ഈ നാട്ടില്‍ വേരൂന്നിയിരിക്കുന്ന നമ്മുടെ അസ്തിത്വത്തിന് തന്നെ പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നവരാണ് അവര്‍.

ഒരു പുരോഹിതന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്നു പറയുന്ന സന്ദേശങ്ങള്‍ ക്രൈസ്തവരില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ട്. നരകത്തില്‍ പോകും എന്നൊക്കെ പറഞ്ഞുകൊണ്ടുള്ളത്. അത്തരം സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. കാരണം എന്റെ പരിപാടി വന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്യുന്നവരെയല്ലാതെ ഇത്തരം മറുപടികളിലൂടെ മറ്റാരെയും ഒന്നും ബോധ്യപ്പെടുത്താന്‍ കഴിയില്ല.

Q

ഭാരതീയകലകള്‍ ക്രൈസ്തവര്‍ അഭ്യസിക്കുന്നതിനോടു ഭൂരിപക്ഷവര്‍ഗീയവാദികള്‍ ഏതെങ്കിലും രീതിയില്‍ എതിര്‍പ്പുയര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? മതംമാറ്റത്തിനുള്ള സൂത്രവിദ്യകളാണ് ഇതെല്ലാമെന്നു പറയുന്ന വര്‍ഗീയവാദികളുണ്ട്. അത്തരം വിമര്‍ശകരോടു എന്താണു മറുപടി പറയാനുള്ളത്?

A

വളരെ ഞെട്ടിക്കുന്നതും നിരാശാജനകവുമായ ഒരു അനുഭവം ഇത്തരക്കാരിൽ നിന്ന് എനിക്കുണ്ടായിട്ടുണ്ട്. 8 വർഷത്തോളമായി. നൃത്തപരിപാടികളുമായി ജർമ്മനിയിൽ ഒരു പര്യടനത്തിലായിരുന്നു ഞാൻ. മ്യൂണിക്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് രണ്ടു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഈ പരിപാടികളുടെ വിവരം അവിടെ പ്രസിദ്ധപ്പെടുത്തി. പരിപാടി അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് അതിൻറെ സംഘാടകർ എനിക്ക് ഫോൺ ചെയ്തു. അവിടെ എന്റെ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുവദിക്കുകയില്ല എന്ന് പറഞ്ഞ് ചില ആളുകൾ അവരെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു സന്ദേശം. ഞാൻ ഇന്ത്യൻ കലയുടെയോ ഇന്ത്യൻ സംസ്കാരത്തിന്റെയോ ഒരു പ്രതിനിധി അല്ലെന്നും മാർപാപ്പയുടെ ഒരു ഏജൻറ് ആണ് എന്നും ഹൈന്ദവ സംസ്കാരത്തെയും ഭരതനാട്യത്തെയും ഞാൻ ദുരുപയോഗം ചെയ്യുകയാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങൾ. പരിപാടി അവതരിപ്പിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്നും സൂചിപ്പിച്ചു. എന്തു ചെയ്യണം എന്ന് സംഘാടകർ എന്നോട് ചോദിച്ചു. പ്രശ്നമുണ്ടാകുമെങ്കിൽ പരിപാടി റദ്ദാക്കുന്നതിനോട് എനിക്ക് വിരോധമില്ലെന്ന് ഞാൻ അറിയിച്ചു. ഉദ്യോഗസ്ഥതലങ്ങളിൽ നിന്നുള്ള എതിർപ്പ് ആയതിനാൽ വിസ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പിന്നീട് ഉണ്ടായേക്കാം എന്ന് തോന്നിയിരുന്നു. പക്ഷേ അതിനകം കുറച്ച് ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നും ആ കാണികൾ വരുമ്പോൾ അവരോട് നേരിട്ട് കാര്യം പറഞ്ഞശേഷം പരിപാടി റദ്ദാക്കാം എന്നുമായിരുന്നു സംഘാടകരുടെ തീരുമാനം. അതനുസരിച്ച് ആളുകൾ വന്നു, ഞാനും അവിടെ ചെന്നു. ഇതാണ് സാഹചര്യം എന്നും ഇതുകൊണ്ട് പരിപാടി റദ്ദാക്കുകയാണ് എന്നും പറഞ്ഞു. ജർമ്മനിയിൽ പോലും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയതിൽ വന്ന ആളുകൾ തികച്ചും അസന്തുഷ്ടരായി, അവർ പ്രതിഷേധിച്ചു.  ഇത് സംബന്ധിച്ച് പത്രങ്ങളിൽ വാർത്തകളും വന്നു. പിന്നെ സാവധാനം അതെല്ലാം കെട്ടടങ്ങി.

അവിടെ ഒരു വനിത നടത്തിയിരുന്ന നൃത്തവിദ്യാലയത്തെയും ഈ കൂട്ടർ ഭീഷണിപ്പെടുത്തി. ഞാനുമായി സഹകരിച്ച് ശില്പശാലകളും മറ്റും ചെയ്യരുത് എന്നായിരുന്നു അവർക്കുള്ള നിർദ്ദേശം. ആ സ്ത്രീ എന്നെ ബന്ധപ്പെട്ട് കാര്യം പറയുകയും ഭീഷണി മൂലം പരിപാടികൾ റദ്ദാക്കുകയാണ് എന്നറിയിക്കുകയും ചെയ്തു. അവരുടെ വിദ്യാർഥികൾ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരും നൃത്തവിദ്യാലയം അവരെ ആശ്രയിച്ചു നടക്കുന്നതായതിനാലും അവർ നിസ്സഹായ ആയിരുന്നു. ഞാനത് സമ്മതിച്ചു.

എനിക്ക് അതേ നഗരത്തിൽ തന്നെ പള്ളിയുമായി ബന്ധപ്പെട്ട് വേറെ ആറോളം പരിപാടികൾ കൂടി ഉണ്ടായിരുന്നു. ഒരു ലൂഥറൻ പള്ളിയിൽ നിശ്ചയിച്ചിരുന്ന എൻറെ നൃത്ത പരിപാടിക്കെതിരെ ഇതേ ആളുകൾ പ്രതിഷേധം അറിയിച്ചെങ്കിലും അവിടുത്തെ പുരോഹിതനും മറ്റുള്ളവരും അതിനെ അവഗണിച്ചു. അവർ ധൈര്യപൂർവ്വം നിൽക്കുകയും പരിപാടിയുമായി മുന്നോട്ടു പോവുകയും ചെയ്തു. പൊലീസ് സംരക്ഷണവും തേടിയിരുന്നു എന്നാണ് പിന്നീട് ഞാൻ മനസ്സിലാക്കിയത്. അവിടെ ഞാൻ നൃത്തം ചെയ്തു. പിന്നീടും അതേ പള്ളിയിൽ എൻറെ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവർഷത്തോളം മുമ്പായിരുന്നു ഇത്. ഇത്തരത്തിൽ ഒരു പരിപാടി റദ്ദാക്കേണ്ടിവന്ന ഏക സന്ദർഭവും ഇതുതന്നെയായിരുന്നു.

ഇന്ത്യയിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ന്യൂജേഴ്സി ആസ്ഥാനമായുള്ള ഒരു സംഘടന ജർമ്മനിയിലെയും മ്യൂണിക്കിലെയും ഇന്ത്യക്കാരെ വിളിച്ച് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. 

Q

ഇത്തരത്തില്‍ ചിന്തിക്കുന്നവരോട്, കലകളെ വര്‍ഗീയ വല്‍ക്കരിക്കുന്നവരോട് അച്ചന് എന്താണ് പറയാനുള്ളത്?

A

തികഞ്ഞ അജ്ഞതയാണ് അവര്‍ കാണിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടി അവര്‍ കണ്ടിരുന്നെങ്കില്‍, ഞാനുമായി സംസാരിച്ചിരുന്നു വെങ്കില്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എനിക്ക് അവരോട് എല്ലാം വിശദീകരിക്കാന്‍ കഴിയുമായിരുന്നു. പരിപാടി കണ്ടുകഴിഞ്ഞാല്‍ ഇത്തരം ആരോപണങ്ങളുമായി അവര്‍ വരികയില്ല എന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടേത് സദുദ്ദേശ്യപ്രേരിതമായ പരിപാടിയാണ്. ഇന്ത്യന്‍ സംസ്‌കാരത്തെയും ഇന്ത്യന്‍ കലകളെയും ഇന്ത്യന്‍ ആധ്യാത്മികതയെയും പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുകയും വളര്‍ത്തുകയുമാണ് അവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കുമായിരുന്നു. അതുകൊണ്ട് അവരോട് സഹതാപം മാത്രമാണ് തോന്നുന്നത്.

Q

ഈ ചോദ്യം ഒന്ന് തിരിച്ചു ചോദിക്കാം. ഭാരതീയ സംസ്‌കാരത്തിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ ആസ്പദമാക്കിയ നൃത്തപരിപാടികള്‍ ഒരു കത്തോലിക്കാ പുരോഹിതന്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന ക്രൈസ്തവരോട് എന്താണ് പറയാനുള്ളത്?

A

അവരോടും ഇതുതന്നെയാണ് പറയാനുള്ളത്. വിദ്യാഭ്യാസത്തിന്റെ കുറവാണത്. അജ്ഞതയില്‍ നിന്നാണ് ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. ഒരു പുരോഹിതന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്നു പറയുന്ന സന്ദേശങ്ങള്‍ ക്രൈസ്തവരില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ട്. നരകത്തില്‍ പോകും എന്നൊക്കെ പറഞ്ഞുകൊണ്ടുള്ളത്. അത്തരം സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. കാരണം എന്റെ പരിപാടി വന്നു കാണു കയും എന്നോട് സംസാരിക്കു കയും ചെയ്യുന്നവരെയല്ലാതെ ഇത്തരം മറുപടികളിലൂടെ മറ്റാരെയും ഒന്നും ബോധ്യപ്പെടുത്താന്‍ കഴിയില്ല.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനത്തിന് അടിത്തറ പാകിയവരിലൊരാളും പട്‌ന രൂപതയുടെ ആദ്യത്തെ വികാര്‍ അപ്പസ്‌തോലിക്കയുമായിരുന്ന ബിഷപ്പ് അനസ്താസിയോസ് ഹാര്‍ട്ട്മാന്‍ എന്ന മഹാനായ സ്വിസ് മിഷനറിയെക്കുറിച്ച്, അദ്ദേഹത്തിന്റെ 200-ാം ജന്മദിനാഘോഷം നടന്ന സന്ദര്‍ഭത്തില്‍ പട്‌ന ബിഷപ്പ് വില്യം ഡിസൂസയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഒരു നൃത്തനാടകം തയ്യാറാക്കി അവതരിപ്പിച്ചു. പാറ്റ്‌നയില്‍ അത് നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. പിന്നീട് ഇതേ നൃത്തനാടകം ബിഷപ്പിന്റെ ജന്മനാടായ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ദേവാലയത്തിലും അവതരിപ്പിക്കപ്പെട്ടു. അന്ന് ദിവ്യബലിക്കിടയില്‍ കാഴ്ചവെപ്പിനും സ്തുതിഗീതത്തിനും ഞങ്ങള്‍ ചിട്ടപ്പെടുത്തിയ ചെറിയ നൃത്തങ്ങള്‍ ഉണ്ടായിരുന്നു. അത് റെക്കോര്‍ഡ് ചെയ്ത ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പൂര്‍ണ്ണരൂപത്തില്‍ അല്ലാതെ ചെറിയ ക്ലിപ്പുകളും ഷോര്‍ട്ടുകളും ഒക്കെയായിട്ടാണ് അതിന്റെ വീഡിയോസ് പ്രചരിച്ചത്. അതില്‍നിന്ന് ചില ഭാഗങ്ങള്‍ മാത്രം എടുത്ത് കേരളത്തിലെ പ്രസിദ്ധനായ ഒരു കരിസ്മാറ്റിക് ധ്യാന പ്രസംഗകന്‍ ഞങ്ങള്‍ ദൈവദൂഷണം നടത്തുകയാണ്, ദേവാലയത്തെയും കൂദാശകളെയും അവഹേളിക്കുകയാണ് എന്ന മട്ടില്‍ പ്രസംഗിച്ചു. ഇതേക്കുറിച്ച് പലരും എന്നോട് ചോദിച്ചു. ഈ ധ്യാനഗുരു എന്റെ നൃത്ത പരിപാടി കാണുകയോ, എന്നോട് സംസാരിക്കുകയോ, എനിക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കുകയോ ചെയ്തിട്ടില്ല. പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരെ ഇത്തരത്തില്‍ അവമതിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇതിനോടൊക്കെ എങ്ങനെയാണ് പ്രതികരിക്കുക അല്ലെങ്കില്‍ പ്രതികരിക്കേണ്ട കാര്യം തന്നെയുണ്ടോ എന്ന് എനിക്കറിയില്ല. അജ്ഞതയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ ജനിക്കുന്നത്.

Q

ഭാരതസഭ സാംസ്‌കാരികാനുരൂപണത്തെ എത്രത്തോളം സ്വീകരിച്ചിട്ടുണ്ട് എന്നാണ് താങ്കള്‍ കരുതുന്നത്? ഇക്കാര്യത്തില്‍ ഭാരതസഭയ്ക്ക് ഇനി എന്തൊക്കെയാണ് ചെയ്യാനുള്ളത്?

A

സാംസ്‌കാരിക അനുരൂപണത്തെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ സെമിനാരിയില്‍ ഞങ്ങള്‍ പഠിച്ചിട്ടുള്ളതാണ്. നൃത്തത്തെ ഒരു കര്‍മ്മരംഗമായി സ്വീകരിക്കാന്‍ എനിക്കു പ്രചോദനമേകിയതും ഈ പ്രബോധനങ്ങള്‍ തന്നെയാണ്. 80-കളിലും 90-കളിലും ആയിരുന്നു എന്റെ വൈദിക പരിശീലനം. 2001-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2003-നോ 2004-നോ ഒക്കെ ശേഷമാണ് കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത്. അതിനുമുമ്പേ, ഭാരതീയശൈലിയിലുള്ള നിരവധി ആശ്രമങ്ങള്‍ തന്നെ ഇന്ത്യയില്‍ കത്തോലിക്കാസഭയ്ക്ക് ഉണ്ടായിരുന്നു. ഞാന്‍ അത്തരം ആശ്രമങ്ങളില്‍ പോവുകയും കാണുകയും സംസാരിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സഭ ശരിക്കും ഒരു ഇന്ത്യന്‍ സഭയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന സന്തോഷം അപ്പോഴെല്ലാം എനിക്കുണ്ടായിരുന്നു. പ്രബന്ധങ്ങളിലൂടെ ബൗദ്ധികതലത്തില്‍ എന്നതിനേക്കാള്‍ നൃത്തം, സംഗീതം, നാടകം തുടങ്ങിയവയിലൂടെ ദൃശ്യശ്രാവ്യ തലത്തില്‍ സാംസ്‌കാരിക അനുരൂപണത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ താല്പര്യപ്പെട്ടത്. ബൗദ്ധികതലത്തില്‍ ഉള്ള രചനകള്‍ നമുക്ക് ധാരാളമുണ്ട് അവയെ ഹൃദയത്തിലെത്തിക്കാനാണ് കലയിലൂടെ ഞാന്‍ ശ്രമിച്ചത്. നമ്മുടെ വിശ്വാസത്തെ മണ്ണിന്റെ മണമുള്ള വിശ്വാസമാക്കി മാറ്റാനായി ശ്രമിച്ചുകൊണ്ടിരിക്കെ, കാര്യങ്ങള്‍ പിന്നോട്ട് പോകുന്നതായി തോന്നാന്‍ തുടങ്ങി. അത് ദുഃഖകരമാണ്.

ഇന്നിപ്പോള്‍ ഒരു ഇന്ത്യന്‍ ക്രിസ്ത്യന്‍ ആശ്രമം ആരംഭിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന് എനിക്ക് സംശയമാണ്. ഒരു തിരിച്ചുപോക്ക് കാണുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇല്ലാതാകുന്നു.

സാംസ്‌കാരിക അനുരൂപണത്തെ കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ സെമിനാരിയില്‍ ഞങ്ങള്‍ പഠിച്ചിട്ടുള്ളതാണ്. നൃത്തത്തെ ഒരു കര്‍മ്മ രംഗമായി സ്വീകരിക്കാന്‍ എനിക്കു പ്രചോദനമേകിയതും ഈ പ്രബോധനങ്ങള്‍ തന്നെയാണ്.

Q

ഇതു സംബന്ധിച്ച് താങ്കളുടെ മനസ്സില്‍ എന്ത് പ്രതീക്ഷയാണ് ബാക്കിനില്‍ക്കുന്നത്? എന്താണ് ഇനി നമുക്ക് ചെയ്യാന്‍ കഴിയുക?

A

നല്ലൊരു വിഭാഗം അല്‍മായവര്‍ക്ക് സാംസ്‌കാരികാനുരൂപണത്തോട് താല്‍പര്യമുണ്ട്. അനേകം വൈദികര്‍ വ്യക്തിപരമായ നിലയിലും അതിനോട് അനുഭാവം പുലര്‍ത്തുന്നു. അവര്‍ക്കെല്ലാം അതു സംബന്ധിച്ച അറിവുമുണ്ട്. സുവിശേഷവല്‍ക്കരണത്തിന് വേണ്ടി മാത്രമല്ല ഇതെല്ലാം പഠിക്കുന്നത്. നമുക്ക് നമ്മുടെ തന്നെ സംസ്‌കാരത്തെക്കുറിച്ച് അറിയാനും അതില്‍ വേരൂന്നി നില്‍ക്കാനും വേണ്ടിയാണ്. ഇപ്പോള്‍ നമ്മുടെ അല്മായര്‍ അവരുടെ മക്കളെ നൃത്തവും സംഗീതവും ഭാരതീയമായ ശാസ്ത്രീയ കലകളും പഠിപ്പിക്കാന്‍ അയയ്ക്കുന്നുണ്ട്. ധാരാളം കത്തോലിക്കര്‍ ഇപ്പോള്‍ ശാസ്ത്രീയ നൃത്തവും സംഗീതവും അഭ്യസിക്കുന്നു. അവരിലാണ് നമ്മുടെ പ്രത്യാശ. ക്രൈസ്തവരിലെ പുതിയ തലമുറയ്ക്ക് ഈ കാര്യങ്ങളോട് കൂടുതല്‍ ആദരവുണ്ട്. നമുക്ക് നമ്മുടെ യാഥാസ്ഥിതികത്വത്തില്‍ കടിച്ചുപിടിച്ചു നില്‍ക്കാനാവില്ല. കാള്‍ റാനര്‍ പറഞ്ഞല്ലോ, ആയിരിക്കുന്ന ഇടത്തെ സംസ്‌കാരവും വികാരവും അനുഭവവുമായി ഒന്നു ചേരുന്നില്ലെങ്കില്‍, ക്രൈസ്തവികത നിലനില്‍ക്കുകയില്ല എന്ന്.

പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരെ ഇത്തരത്തില്‍ അവമതിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇതിനോടൊക്കെ എങ്ങനെയാണ് പ്രതികരിക്കുക അല്ലെങ്കില്‍ പ്രതികരിക്കേണ്ട കാര്യം തന്നെയുണ്ടോ എന്ന് എനിക്കറിയില്ല. അജ്ഞതയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ ജനിക്കുന്നത്.

Q

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈദികരും സിസ്‌റ്റേഴ്‌സും ഡാന്‍സ് കളിക്കുന്ന റീലുകള്‍ ധാരാളം കാണാം, സിനിമാറ്റിക് അഥവാ കണ്ടംപററി ഡാന്‍സുകള്‍ ആണ്. വൈദികരുടെ സംഘങ്ങള്‍ പള്ളി തിരുനാളുകളിലും മറ്റും ഇതവതരിപ്പിക്കുന്നുണ്ട്. ഈയൊരു സംസ്‌കാരത്തെ എങ്ങനെയാണ് കാണുന്നത്?

A

ഇത് ജനപ്രിയ സംസ്‌കാരത്തിന്റെ (പോപ് കള്‍ച്ചര്‍) ഭാഗമാണ്. ജനപ്രിയ മതാത്മകതയുടെ ഭാഗമായിത്തന്നെ വരുന്നതാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ അവരുടെ ജീവിതത്തിലും വിശ്വാസത്തിലും കൂടുതല്‍ ആത്മാവിഷ്‌കാരങ്ങള്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ താളബദ്ധമായ, സജീവമായ, ചലനാത്മകമായ ഒരു ജീവിതം ആഗ്രഹിക്കുന്നു. ശരീരത്തെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ യുവവൈദികരും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കോവിഡിന് ശേഷം ഈ പ്രവണത വര്‍ദ്ധിച്ചു. കോവിഡ് കാലത്തെ അനിശ്ചിതത്വങ്ങള്‍ നീങ്ങിയപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ തുറവി ഉണ്ടായി. ജീവിതത്തിന്റെ മറ്റൊരു വശം ഇപ്പോള്‍ അവര്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെടുന്നു.

Q

ഇതിന് എന്തെങ്കിലും നിഷേധാത്മക വശങ്ങള്‍ ഉണ്ടോ?

A

ഇതിന്റെ ഒരു മറുവശം എന്നത് നേരത്തെ പറഞ്ഞപോലെ നാം ഒരു പോപ്പ് കള്‍ച്ചറിലേക്ക് മാറുന്നു എന്നത് തന്നെയാണ്. നാം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നില്ല. കലയെക്കുറിച്ച് മാത്രമല്ല മറ്റു കാര്യങ്ങളെക്കുറിച്ചും ഇത് ബാധകമാണ്. ഈ നൃത്ത ചുവടുകള്‍ പലതും പാശ്ചാത്യ ചലനങ്ങളെ അനുകരിക്കലാണ്. ബ്രേക്ക് ഡാന്‍സ്, സ്ട്രീറ്റ് ഡാന്‍സ്, അക്രോബാറ്റിക് ഡാന്‍സ് തുടങ്ങിയവയുടെ അനുകരണങ്ങള്‍.

Q

ഇത് വിശ്വാസത്തെ പരിപോഷിപ്പിക്കാന്‍ സാധ്യതയുണ്ടോ?

A

യുവജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുവാന്‍ ഇതിനു സാധിക്കും. ആഴമേറിയ വിശ്വാസം ഇതുകൊണ്ട് രൂപപ്പെടുമോ എന്നെനിക്കറിയില്ല. പക്ഷേ ചുരുങ്ങിയത് യുവജനങ്ങളെ ഒന്നിച്ചു കൂട്ടുന്നു എന്നത് തന്നെ ഒരു നല്ല കാര്യമാണ്. ഒന്നിച്ചു വരാനും സ്വയം ആവിഷ്‌കരിക്കാനും ഒരിടം ഉണ്ടാകുന്നു. പാടാനും പ്രാര്‍ത്ഥിക്കാനും സ്തുതിക്കാനും ഒക്കെ കഴിയുന്നത് നല്ല കാര്യമാണ്. പക്ഷേ ഇതിലൂടെ നമ്മള്‍ നമ്മുടെ സംസ്‌കാരത്തില്‍ ആഴപ്പെടുകയല്ല, പാശ്ചാത്യസംസ്‌കാരത്തെ അനുകരിക്കുകയും അതിന്റെ ഏജന്റുമാരാവുകയുമാണ് എന്ന വിമര്‍ശനം അവശേഷിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുന്നവര്‍ എന്ന ആരോപണം നമ്മെക്കുറിച്ച് ചില രാഷ്ട്രീയക്കാര്‍ ഉന്നയിക്കാറുണ്ട്. നിങ്ങള്‍ പാശ്ചാത്യ നാടുകളിലേക്ക് മടങ്ങി പോകണം എന്ന് പറയാറുണ്ട്. ഈ വിമര്‍ശനങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

Q

അച്ചന്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ള പരിപാടികള്‍, ഏറ്റവും കൂടുതല്‍ അംഗീകാരം കിട്ടിയത് പരിപാടികള്‍ എന്തൊക്കെയാണ് എന്ന് പറയാമോ?

A

യേശുക്രിസ്തുവിന്റെ പീഡാനുഭവം. ഇതിന്റെ വരികള്‍ എഴുതിയതും നൃത്തം രൂപകല്‍പന ചെയ്തതും സംഗീതം ഏറെക്കുറെ ചെയ്തതും ഞാന്‍ തന്നെയാണ്. ഇത് ഒരുപാട് വേദികളില്‍ കളിച്ചിട്ടുണ്ട്. ഒരുപാട് ആളുകള്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കണ്ടു കണ്ണീര്‍ വീഴ്ത്തിയിട്ടുണ്ട്.

അതിനടുത്തു വരുന്നത് ഒരു തമിഴ് കീർത്തനം ആണ്. ഒരു ഈശോസഭാ വൈദികനാണ് എഴുതിയത്. അത് ഞങ്ങൾ നൃത്തമായി രൂപകൽപ്പന ചെയ്തു. ഈശോ അന്ധന് കാഴ്ച കൊടുക്കുന്നതും പാപിനിയായ സ്ത്രീക്ക് മോചനം കൊടുക്കുന്നതും ആണ് ഇതിൻറെ പ്രമേയമായി വരുന്നത്. പഴയ നിയമത്തിൽ നിന്നും സാംസൺ ചെയ്തിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ ആഗമനം ബംഗാളിയിൽ ഒത്തിരിയേറെ തവണ ചെയ്തിട്ടുണ്ട്. വേളാങ്കണ്ണി മാതാവിനെ കുറിച്ചുള്ള ഒരു തില്ലാന ചെയ്തിട്ടുണ്ട്. 

മലയാളത്തിൽ ഞാൻ അധികം ചെയ്യാത്തതിന് കാരണം, കൽക്കട്ടയിൽ ഇരുന്ന് മലയാളത്തിൽ അധികം ചെയ്തിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ്. കൂടുതലും ബംഗാളിയിലാണ്. 

മദർ തെരേസ, ഫ്രാൻസിസ് സേവ്യർ തുടങ്ങിയ വിശുദ്ധരെ കുറിച്ചുള്ള നൃത്ത നാടകങ്ങൾ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയത് സെൻറ് വിൻസെന്റ് ഡി പോളിന്റെ 400 ാം വാർഷികമാണ്. ഫ്രാൻസിസ് അസീസിയുടെ 800 ാം വാർഷികം സംബന്ധിച്ച ഒരു നൃത്ത നാടകം ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. 1.30 - 2. 00 മണിക്കൂർ ദൈർഘ്യമുള്ള 5 നൃത്ത നാടകങ്ങൾ ഇപ്പോൾ ഉണ്ട്. കൂടുതലും ബംഗാളി ഭാഷയിലാണ്. കാരണം എൻറെ കാഴ്ചക്കാരിൽ ഭൂരിപക്ഷവും ബംഗാളികളാണ്. പക്ഷേ ഒരു ക്ലാസിക്കൽ ഡാൻസിനെ സംബന്ധിച്ച് ഭാഷ വലിയൊരു പ്രശ്നമല്ല. മലയാളത്തിൽ ചില രചനകൾ സ്റ്റുഡിയോ മുഖേന ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. 

കേരളത്തിൽ കഴിഞ്ഞവർഷം ആകെ മൂന്നോ നാലോ പരിപാടികളെ അവതരിപ്പിച്ചിട്ടുള്ളൂ.

Q

ഈ രംഗത്ത് അച്ചന്റെ സ്വപ്നങ്ങൾ ഇനിയെന്താണ്?

A

കലാഹൃദയ എന്ന കേന്ദ്രത്തെ ഒരു കോളേജ് ആക്കുക, അവിടെ BA MA തുടങ്ങിയ കോഴ്സുകൾ തുടങ്ങുക എന്നതാണ് ആഗ്രഹം. ഇപ്പോൾ അവിടെ ഭരതനാട്യത്തിലും സംഗീതത്തിലും ഏകവർഷ ഡിപ്ലോമ കോഴ്സുകൾ ഉണ്ട്. ഇടയ്ക്ക് അമ്മമാർക്കും കുട്ടികൾക്കും വേണ്ടി ഒരു ആശുപത്രി തുടങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നൃത്തവും സംഗീതവും വളരെ പ്രധാനപ്പെട്ട കർമ്മ രംഗങ്ങളാണ്, അതിൽ ശ്രദ്ധയൂന്നുക എന്നതാണ് അധികാരികൾ എനിക്ക് നൽകിയിരിക്കുന്ന നിർദേശം.

ഇന്നത്തെ ചെറുപ്പക്കാര്‍ അവരുടെ ജീവിതത്തിലും വിശ്വാസത്തിലും കൂടുതല്‍ ആത്മാവിഷ്‌കാരങ്ങള്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ താളബദ്ധ മായ, സജീവമായ, ചലനാത്മകമായ ഒരു ജീവിതം ആഗ്രഹിക്കുന്നു. ശരീരത്തെ ഉപയോഗ പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ യുവവൈദികരും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.

Q

ഇതുവരെ ആകെ എത്ര വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ടാകും? 

A

30 വർഷങ്ങൾക്കിടയിൽ രണ്ടായിരത്തോളം വേദികൾ എന്നതാണ് ഏകദേശം കണക്ക്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും അധികം അവതരണങ്ങൾ നടത്തിയത് ജർമ്മനിയിലാണ്. യൂറോപ്പിലേക്കും ജർമ്മനിയിലേക്കും വർഷത്തിൽ രണ്ടു തവണയെങ്കിലും യാത്രകൾ ഉണ്ടാകാറുണ്ട്.

പത്മഭൂഷണുകള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള നിരവധി ഹിന്ദു ഗുരുക്കന്മാര്‍ എനിക്കുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ പ്രമേയങ്ങള്‍ ക്ലാസിക്കല്‍ ഡാന്‍സിലേക്ക് കൊണ്ടുവരുന്നതിനെ അവരെല്ലാം അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ശാസ്ത്രീയസംഗീത മേഖലയില്‍ നിന്നുള്ള ആചാര്യന്മാരും ഇതേ സമീപനമാണ് പുലര്‍ത്തിയത്.

Q

ബൈബിള്‍ പ്രമേയങ്ങള്‍ ഭരതനാട്യത്തില്‍ ഉള്‍ചേര്‍ക്കുന്നതിനോടു പരമ്പരാഗത ഭരതനാട്യ ആചാര്യന്മാരുടെ പ്രതികരണം എന്തായിരുന്നു?

A

പത്മഭൂഷണുകള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള നിരവധി ഹിന്ദു ഗുരുക്കന്മാര്‍ എനിക്കുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ പ്രമേയങ്ങള്‍ ക്ലാസിക്കല്‍ ഡാന്‍സിലേക്ക് കൊണ്ടുവരുന്നതിനെ അവരെല്ലാം അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ശാസ്ത്രീയസംഗീത മേഖലയില്‍ നിന്നുള്ള ആചാര്യന്മാരും ഇതേ സമീപനമാണ് പുലര്‍ത്തിയത്.

sajugeosj@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org