
ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാന്‍ മലയാളം റേഡിയോ വാര്‍ത്താ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാദര്‍ വില്യം നെല്ലിക്കല്‍ 12 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുകയാണ്. നൂതന സംഗീതാവിഷ്‌ക്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാന്‍ റേഡിയോയുടെ മലയാള വിഭാഗത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഫാദര്‍ വില്യം പങ്കുവഹിച്ചിട്ടുണ്ട്. നേരത്തെ കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായും കൊച്ചിന്‍ സിഎസി ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2009 മുതല്‍ വത്തിക്കാന്‍ മാധ്യമ വിഭാഗത്തില്‍ സേവനം ചെയ്തു വന്നിരുന്ന ഇദ്ദേഹം വരാപ്പുഴ അതിരൂപതാംഗമാണ്. ഫാദര്‍ വില്യം നെല്ലിക്കലുമായി സത്യദീപം നടത്തിയ അഭിമുഖം….
? വത്തിക്കാന്‍ റേഡിയോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?
റേഡിയോ തരംഗങ്ങള്‍ കണ്ടുപിടിച്ച മാര്‍ക്കോണി തന്നെ 1931-ല്‍ പതിനൊന്നാം പീയൂസ് പാപ്പായുടെ ആഗ്രഹപ്രകാരം സ്ഥാപിച്ചതാണ് വത്തിക്കാന്‍ റേഡിയോ. ഇറ്റലിയില്‍ നിന്നു വത്തിക്കാന്‍ റേഡിയോ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കു പോകുന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷമാണ്. മാധ്യമങ്ങളിലൂടെ വചനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തണം എന്ന കാഴ്ചപ്പാടായിരുന്നു അതിനു പിന്നില്‍. ആ വിധത്തില്‍ അതു മറ്റു രാജ്യങ്ങളിലേക്കും മറ്റു ഭാഷകളിലേക്കും എത്തിപ്പെട്ടു. ഇന്ത്യയില്‍ ആദ്യം വന്നത് ദേശീയ ഭാഷയായ ഹിന്ദിയിലാണ്. തൊട്ടുപിന്നാലെ തമിഴിലും മലയാളത്തിലും വന്നു. പിന്നീട് ഉറുദു ഭാഷയിലും പ്രക്ഷേപണം ആരംഭിച്ചു. കേരളത്തില്‍ ഇന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് ശ്രോതാക്കളുണ്ട്. എന്റെ പിതാവ് മരണം വരെ അതു കേള്‍ക്കുമായിരുന്നു. കേരളത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് ഒരു റൂട്ട് ഉണ്ട്. പി.ഒ.സിയില്‍ കേരള സഭയുടെ ആസ്ഥാനത്ത് വത്തിക്കാന്‍ റേഡിയോയുടെ ഓഫീസുണ്ടായിരുന്നു. പ്ലാച്ചിക്കലച്ചന്റെ കാലത്താണ് അതു തുടങ്ങിയത്. അച്ചനാണ് കെ.സി.ബി.സിയുടെ പ്രഥമ മീഡിയ ഡയറക്ടര്‍. പി.ഒ.സിയിലെ വത്തിക്കാന്‍ റേഡിയോ ഓഫീസ് ശ്രോതാക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അവരുമായി ബന്ധപ്പെടുക, അവരുടെ എഴുത്തുകുത്തുകള്‍ വത്തിക്കാനിലേക്ക് അയച്ചു കൊടുക്കുക എന്ന രീതിയായിരുന്നു. പിന്നീട് അവര്‍ക്ക് വത്തിക്കാന്‍ തരംഗം എന്നൊരു ചെറിയ ലഘുലേഖ അയച്ചുകൊടുത്തിരുന്നു. അതു പിന്നീടു ബുക്‌ലെറ്റാക്കി. അതു രജിസ്റ്റര്‍ ചെയ്തു മാസിക രൂപത്തില്‍ പ്രസിദ്ധീകരിച്ചു പോന്നു. അക്കാലത്ത് പതിനായിരത്തോളം ശ്രോതാക്കള്‍ ഉണ്ടായിരുന്നു. അന്നു റേഡിയോ ലിസണേഴ്‌സ് ക്ലബ്ബും ഉണ്ടാക്കി. കേരളത്തില്‍ ഇന്നും വത്തിക്കാന്‍ റേഡിയോ സജീവമാണ്.
വത്തിക്കാന്റെ മാധ്യമ പ്രവര്‍ത്തനങ്ങളിലേയ്ക്കു ഞാന്‍ വരുന്നത് 2009-ലാണ്. ഇവിടെ വെബ്‌സൈറ്റ് തുടങ്ങുമ്പോഴായിരുന്നു അത്. മലയാളത്തില്‍ ഒരു വൈദികന്‍ വേണം, കുറേ സൂക്ഷ്മത വേണം എന്ന പരിഗണനയിലാണ് എന്നെ വിളിക്കുന്നത്. അന്ന് എറണാകുളത്ത് സി.എ.സിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് എന്നെ വത്തിക്കാനിലേയ്ക്കു വിളിച്ചത്.
? പരി. പിതാവ് വത്തിക്കാനിലെ മീഡിയാ വിഭാഗം പുതുക്കി പണിയുകയുണ്ടായല്ലോ? അതിനു പിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ? ആ നവീകരണം എപ്രകാരമാണ് വത്തിക്കാന്‍ റേഡിയോയ്ക്കു ബാധകമായത്?
വത്തിക്കാന്‍ റേഡിയോയുടെ നവീകരണം, വാസ്തവത്തില്‍ വത്തിക്കാന്‍ മീഡിയയുടെ നവീകരണം കൂടിയായിരുന്നു. ആറു വര്‍ഷത്തോളം ആ നവീകരണത്തിനു പഴക്കമുണ്ട്. ബിബിസിയുടെ ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ പാറ്റേണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷനായിരുന്നു അതിനു പിന്നില്‍. നവീകരണം എന്നത്, റേഡിയോയെ വിലയിരുത്തി, അതിന്റെ നേട്ടവും കോട്ടവുമൊക്കെ പഠിച്ചു. അപ്പോഴുള്ള നിലവാരത്തില്‍ നിന്നും അതു ഫലപ്രദമാക്കാന്‍ ക്രമീകരണങ്ങള്‍ കൊണ്ടുവന്നു. നവീകരണം ഒരു ഏകീകരണം കൂടിയായിരുന്നു. വത്തിക്കാന്റെ മറ്റു മാധ്യമങ്ങളും, പത്രം, ടെലിവിഷന്‍, പ്രസിദ്ധീകരണം, ഇന്റര്‍നെറ്റ് എന്നിവ ഒരു കുടക്കീഴിലാക്കി.
വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കായി മുടക്കുന്ന പണം ഗുണകരവും ഫലപ്രദവുമായിരിക്കണം എന്നു മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. അഴിമതിയില്ലാത്ത സുതാര്യമായ ഒരു സംവിധാനമാണ് മാര്‍പാപ്പ ലക്ഷ്യം വച്ചത്. അതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി വത്തിക്കാന്റെ എല്ലാ കാര്യാലയങ്ങളിലും ഓഡിറ്റിംഗ് സംവിധാനം കൊണ്ടുവന്നു.
? മാധ്യമപ്രവര്‍ത്തകരോടുള്ള മാര്‍പാപ്പയുടെ സമീപനവും ശൈലികളും എങ്ങനെയാണ്?
ഏറെ മാധ്യമ സൗഹാര്‍ദ്ദതയുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പാ. മാധ്യമങ്ങളോടു വളരെ തുറവിയുള്ളയാള്‍. സ്ഥാനമേറ്റശേഷം അദ്ദേഹം പല പത്രങ്ങള്‍ക്കും നേരിട്ടു തന്നെ അഭിമുഖങ്ങള്‍ നല്‍കിയതു നാം കണ്ടതാണ്. അത്രമാത്രം സുതാര്യമാണ് അദ്ദേഹത്തിന്റെ സമീപനം. വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്റെ നവീകരണത്തിനു ശേഷം അടുത്തിടെയാണ് മാര്‍പാപ്പ മാധ്യമവിഭാഗത്തിലേക്ക് സന്ദര്‍ശനം നടത്തിയത്. 80 വര്‍ഷക്കാലം ഈശോസഭാംഗങ്ങളാണ് വത്തിക്കാന്‍ മാധ്യമങ്ങളുടെ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ നവീകരണത്തിനു ശേഷം തല്‍സ്ഥാനത്ത് അല്മായരാണ് തലപ്പത്ത്. ഇപ്പോള്‍ പുതിയ ഭരണസമിതിയാണ് വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്റേത്. അല്മായരാണു മുഖ്യമായും അതിനു നേതൃത്വം നല്‍കുന്നത്.
? വ്യാജവാര്‍ത്തകളുടെ കാലമാണല്ലോ ഇത്. വത്തിക്കാനെയും മാര്‍പാപ്പയെയും കുറിച്ചൊക്കെ ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നാം എങ്ങനെയാണു പ്രതിരോധിക്കുന്നത്?
പലപ്പോഴും മാര്‍പാപ്പ പറയുന്നത് വളച്ചൊടിക്കപ്പെടുന്നുണ്ട്. വത്തിക്കാന്‍ മീഡിയ ഒരു ആദ്ധ്യാത്മീക മാധ്യമമാണ്. മറുവശത്തുള്ളത് സെക്കുലര്‍ മാധ്യമങ്ങളും. മാര്‍പാപ്പയുടെ വാര്‍ത്തകള്‍ വത്തിക്കാന്‍ മീഡിയ കവര്‍ ചെയ്യുന്നതിനു ഒരു നിലവാരവും ഒരു ഘടനയുമുണ്ട്. അതു പക്ഷെ സെക്കുലര്‍ മീഡിയയില്‍ പ്രതീക്ഷിക്കാനാവില്ല. വത്തിക്കാനില്‍ ഇപ്പോള്‍ തന്നെ ബിബിസി, സിഎന്‍എന്‍ തുടങ്ങിയ 60-ല്‍ അധികം സെക്കുലര്‍ അക്രഡിറ്റഡ് ഏജന്‍സികളുണ്ട്. പക്ഷെ ബിബിസിയും മറ്റുമൊക്കെ അവരുടെ താത്പര്യമനുസരിച്ചാണു പാപ്പായുടെ പ്രഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിലെ ആത്മീയമൂല്യം അവര്‍ എടുക്കണമെന്നില്ല. ഉദാഹരണത്തിന് ത്രികാല പ്രാര്‍ത്ഥനാ പരിപാടി. അതിന്റെ മുഖ്യഭാഗവും സുവിശേഷ സന്ദേശമായിരിക്കും. എന്നാല്‍ സെക്കുലര്‍ മീഡിയകള്‍ അതിനുശേഷമുള്ള കാര്യങ്ങള്‍ എടുത്തു പ്രാധാന്യം നല്‍കും.
വ്യാജവാര്‍ത്തകള്‍ വളരെ സാധാരണമാണ്. ഉദാഹരണത്തിനൊരു സംഭവം പറയാം. മാര്‍പാപ്പ ജനറല്‍ ഓഡിയന്‍സില്‍ ഒരു കാര്യം പറഞ്ഞു: പരിശുദ്ധ കുര്‍ബാന അ മൂല്യമാണ്. അതില്‍ നമുക്കൊരു പണം ഫിക്‌സ് ചെയ്യാന്‍ പറ്റില്ല എന്ന്. എന്നാല്‍ അതേപ്പറ്റി, കുര്‍ബാനയ്ക്കു പണം വാങ്ങരുതെന്നു മാര്‍പാപ്പ പറഞ്ഞു എന്നാണ് പല മാധ്യമങ്ങളും വാര്‍ത്തയിറക്കിയത്.
? വത്തിക്കാനെതിരായോ മാര്‍പാപ്പയ്‌ക്കെതിരായോ ഒരു അസത്യവാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നമ്മള്‍ എന്തെങ്കിലും പ്രതിരോധമോ തന്ത്രമോ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നു തോന്നുന്നുണ്ടോ?
നമുക്ക് അത്തരത്തിലൊരു വി ഭാഗമോ അതിനെ ചെറുക്കാനുള്ള ഉപാധികളോ ഇല്ല. വത്തിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു ആ വാര്‍ത്തയോ സംഭവമോ സത്യസന്ധമായും പൂര്‍ണമായും നല്‍കുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും അതു പരിശോധിക്കാം. 47 ഭാഷകളിലുള്ള വത്തിക്കാന്റെ വെബ് സൈറ്റുകളിലും അതു നല്‍കും. മാര്‍പാപ്പയുടെ തന്നെ വെബ്‌സൈറ്റുണ്ട് – ംംം.്മശേരമി.്മ. അതില്‍ നിന്നെല്ലാം വസ്തുതകള്‍ ആര്‍ക്കും മനസ്സിലാക്കാം. അത്തരത്തില്‍ സഭാകാര്യങ്ങള്‍ സുതാര്യവും സത്യസന്ധവുമായും അറിയാന്‍ സംവിധാനങ്ങള്‍ ഉണ്ട്.
? സോഷ്യല്‍ മീഡിയ വന്നശേഷം കേരളത്തില്‍ യുട്യൂബ് ചാനലുകളും വാര്‍ത്താ പോര്‍ട്ടലുകളും ഒക്കെയായി കത്തോലിക്കാ വാര്‍ത്തകളും മറ്റു പരിപാടികളും വ്യാപകമാണ്. മാര്‍പാപ്പയുടെ വീക്ഷണം മറ്റുള്ളവരുമായി സൗഹാര്‍ദ്ദതയിലാകുക, തുറവിയുള്ളവരാകുക, സംഭാഷണങ്ങള്‍ നടത്തുക എന്നുള്ളതാണ്. ഈ വീക്ഷണത്തിന്റെ പശ്ചാത്തലത്തിലുള്ളതാണോ കേരളത്തിലെ ഔദ്യോഗികസഭയുടെ യും അല്ലാതെയുള്ള മീഡി യകളുടെയും സമീപനങ്ങള്‍?
സഭയുടെ മാധ്യമപ്രവര്‍ത്തനം സുവിശേഷമൂല്യങ്ങളുടെ നിരന്തര സ്രോതസ്സായി മാറണം. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ പലതും വേണ്ടത്ര ഗൗരവത്തില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയമാണ്. ഇതിനൊരു ഉദാഹരണം പറയാം. മാര്‍പാപ്പ തന്റെ സ്വന്തം അധികാരത്തില്‍ കാലുകഴുകല്‍ ശുശ്രൂഷയ്ക്കു പുതിയ വ്യാഖ്യാനം നല്‍കി. ആദിമസഭയില്‍ ആ സഭകളില്‍ പ്രാതിനിധ്യം ഉള്ളവരുടെ കാലുകളാണു കഴുകിയിരുന്നത്. കാലഘട്ടം മാറി വന്നപ്പോള്‍ പള്ളികളിലെ പുരുഷ വിഭാഗത്തിന്റെ മാത്രം കാലുകള്‍ കഴുകുന്ന വിധത്തില്‍ പുരുഷന്മാരുടെ കുത്തകയായി അതു മാറി. എന്നാല്‍ തന്റെ അജപാലന ശു ശ്രൂഷയിലെ നീണ്ട അനുഭവവും ആത്മീയതയും പ്രാര്‍ത്ഥനയും ഒക്കെ കൂട്ടിയിണക്കി പ്രാദേശിക സഭയുടെ പ്രാതിനിധ്യ സ്വഭാവത്തില്‍ കാലുകഴുകല്‍ ശുശ്രൂഷ അര്‍ത്ഥസമ്പുഷ്ടമാകണം എന്നാണു പാപ്പ അഭിലഷിച്ചത്. ഇടവകയില്‍ വയോജനങ്ങളുണ്ട്, കുട്ടികളുണ്ട്, അംഗവൈകല്യമുള്ളവരുണ്ട്, രോഗികള്‍, യുവാക്കള്‍. സ്ത്രീകള്‍, പുരുഷന്മാര്‍… എല്ലാവരുമുണ്ട്. നമ്മുടെ കേരള സഭയില്‍ അതിനോടു പ്രതികരണം വന്നത്, അതേപ്പറ്റി ആലോചിക്കാന്‍ സമയം വേണം. സ്ത്രീകളുടെ കാലുകഴുകല്‍ പ്രശ്‌നമാണ്… എന്നൊക്കെയാണ്. സ്ത്രീകളുടെ കാലുകഴുകാന്‍ മാര്‍പാപ്പ പറഞ്ഞു എന്നായിരുന്നു ആദ്യ പ്രചാരണം. അതിനോടാണ് അലര്‍ജി. മാര്‍പാപ്പ എന്താണു പറഞ്ഞതെന്നു വ്യക്തമായി മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് അവസരം കൊടുക്കണം.
? കേരള സഭയിലെ മൂന്നു റീത്തുകളും ഉള്‍പ്പെടുന്ന കേന്ദ്രീകൃത സ്വഭാവത്തോടെയുള്ള ഒരു ഔദ്യോഗിക മാധ്യമം ഇന്നു നിലവിലുണ്ടെന്നു പറയാമോ? അച്ചന്‍ സൂചിപ്പിച്ചപോലെ ആഗോളസഭയുടെ വാര്‍ത്തകള്‍ ഔദ്യോഗികമായിത്തന്നെ കേരള സഭയില്‍ നല്‍കാന്‍ സാധ്യമായ ഒരു പ്രത്യേക സംവേദന ഇടമുണ്ടോ?
ഇല്ല. നമുക്ക് അങ്ങനെയൊരു ഫോറം ഇല്ല. മാര്‍പാപ്പയുടെ പ്രബോധനങ്ങളും മറ്റും കൃത്യമായും തുടര്‍ച്ചയായും എത്തിക്കാനുള്ള സംവിധാനമില്ല. വിവാദങ്ങളോടും പ്രതിസന്ധികളോടുമുള്ള പ്രതികരണമായി മാധ്യമപ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നുണ്ടോ എന്നു സംശയിക്കണം.
വൈദികപരിശീലനത്തില്‍ തന്നെ അതു കുറവാണ്. ചില ക്രാഷ് കോഴ്‌സ് പോലെ നമ്മള്‍ മീഡിയാ കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും അതു വേണ്ടത്ര കിട്ടുന്നില്ല. അത്തരത്തില്‍ ഒരു പരിശീലനം കിട്ടിയാല്‍ അതിലൂടെ വളരാന്‍ കഴിയും. അതുപോലെ തന്നെയാണ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ കാര്യവും. ഫോര്‍മേഷന്‍ കാലയളവില്‍ അതെല്ലാം കൃത്യമായി പറഞ്ഞു കൊടുക്കാനാകണം. മീഡിയ ഫോര്‍മേഷന്‍ പാര്‍ട് ടൈം ആക്കാതെ റെഗുലറാക്കണം, ഇന്നത്തെ കാലഘട്ടത്തില്‍.
? അച്ചന്റെ വീക്ഷണത്തില്‍ ഒരു മീഡിയ എക്‌സ്പര്‍ട്ടിനു വേണ്ട ഗുണങ്ങള്‍ എന്തായിരിക്കണം?
മീഡിയ എക്‌സ്പര്‍ട്ട് എന്നു പറഞ്ഞാല്‍ സാങ്കേതിക പരിജ്ഞാനമായിട്ടാണു പലരും തെറ്റിദ്ധരിക്കുന്നത്. അതൊരിക്കലും സാങ്കേതിക പരിശീലനമാകുന്നില്ല. അതു മാധ്യമാവബോധം ആര്‍ജ്ജിക്കലാണ്. മാധ്യമ പഠനം, വിമര്‍ശനം, സാമൂഹ്യ ജീവിതവും മാധ്യമവും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള തുറവി അതെല്ലാം അതില്‍ വരുന്നതാണ്.
? വത്തിക്കാനിലെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ അച്ചനു പ്രതിസന്ധി നേരിടേണ്ടി വന്ന ഏതെങ്കിലും സംഭവമോ വിഷയങ്ങളോ ഉണ്ടായിട്ടുണ്ടോ?
ഇവിടേക്കു വരുമെന്നു ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മീഡിയയില്‍ എനിക്കു പരിശീലനം കിട്ടി. എന്റെ പഠനകാലത്ത് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട കോഴ്‌സുകളൊന്നും അധികം ഉണ്ടായിരുന്നില്ല. മദ്രാസില്‍ ഗ്രാഫിക് ആര്‍ട്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. അതിന്റെ ആദ്യകാലബാച്ചില്‍ മൂന്നു വര്‍ഷം പഠിച്ചിട്ടുണ്ട്. കാത്തലിക് ഏജന്‍സികളുടെ വിവിധ കോഴ്‌സുകളിലും ഞാന്‍ പങ്കെടുത്തിരുന്നു. ഞാനിവിടെ വരുമ്പോള്‍ ഇന്ത്യന്‍ വിഭാഗത്തില്‍ പ്രൊഫഷണലിസത്തിന്റെ കുറവ് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാനൊരു പ്രൊഫഷനലായതുകൊണ്ടല്ല, മീഡിയ അവബോധം ഉണ്ടായതുകൊണ്ടാകാം. കമ്യൂണിക്കേഷനില്‍ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. എഴുത്തിലും ചിത്രം ഇടുന്നതിലുമൊക്കെ അതു പാലിക്കപ്പെടണം. അതുകൊണ്ട് ഇന്ത്യന്‍ വിഭാഗത്തെ ഹാന്റികാപ്ഡ് സെക്ഷന്‍ എന്നു ഞാന്‍ പറയുമായിരുന്നു. പ്രൊഫഷണലിസം അനിവാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. ഈ ഡിജിറ്റല്‍ കാലത്ത് അതില്ലെങ്കില്‍ നാം ചവറായിപ്പോകും. ഇതൊക്കെയാണ് എന്നെ വിഷമിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എന്നെ സംബന്ധിച്ച് ഇതൊരു മിഷനാണ്. യഥാര്‍ത്ഥത്തില്‍ കമ്യൂണിക്കേഷന്‍ നമ്മെ സംബന്ധിച്ചു സുവിശേഷവത്കരണമാണ്.
? വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാമുകളെക്കുറിച്ചും അതിന്റെ പ്രസിദ്ധിയെക്കുറിച്ചും എങ്ങനെ നമുക്കു വിലയിരുത്താനാകും?
കേരളത്തില്‍ എത്രപേര്‍ ഇതു ശ്രവിക്കുന്നുണ്ടെന്നുള്ളതിന്റെ കണക്ക് പിഒസിയിലെ ലിസണേഴ്‌സ് ക്ലബ്ബില്‍ നോക്കിയാല്‍ മനസ്സിലാക്കാം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സെക്ഷനില്‍ തന്നെ അത്തരത്തിലുള്ള ആശയവിനമയങ്ങള്‍ കുറവാണ്. അതിനൊരു കാരണം, ഡിജിറ്റല്‍ മീഡിയയുടെ കടന്നുകയറ്റമാണ്. അതേസമയം ഒരു റേഡിയോ സംസ്‌ക്കാരം നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രോത്സാഹിപ്പിച്ചാല്‍ മെച്ചപ്പെടും. വത്തിക്കാന്‍ അതു നേരിട്ടു ചെയ്യാന്‍ സാധിക്കില്ല. പ്രാദേശിക സഭകള്‍ക്ക് അതേറ്റെടുക്കാം. പ്രാദേശിക റേഡിയോകള്‍ സഭകള്‍ വളര്‍ത്തുമ്പോഴും മാര്‍പാപ്പയ്ക്ക് അതില്‍ ഒരു ഫോറമുണ്ടെങ്കില്‍ അതിനെ വത്തിക്കാന്‍ റേഡിയോ പിന്തുണയ്ക്കും. സാമ്പത്തികമായ പിന്തുണയല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇത്തരത്തില്‍ തലശ്ശേരി അതിരൂപതയുടെ റേഡിയോ, മാര്‍പാപ്പയുടെ ചില പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.